DCBOOKS
Malayalam News Literature Website

‘ജീവിതക്കാഴ്ചകള്‍’; സ്‌നേഹത്തിന്റെയും നന്മയുടെയും വലിയ ഇടയന്റെ ജീവിതം!

വിടവാങ്ങിയ മലങ്കരസഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ജീവിതവും കാഴ്ച്ചപ്പാടുകളുമാണ് ഡിസി ബുക്സ് പ്രസിദ്ധീകരിച്ചജീവിതക്കാഴ്ചകള്‍ എന്ന പുസ്തകം.

പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിനാണ്  അദ്ദേഹത്തിന്റെ ജീവിത ക്കാഴ്ചകളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്. സ്‌നേഹത്തിന്റെയും നന്മയുടെയും വലിയ ഇടയനെ ഒരു സര്‍ഗ്ഗാത്മക സാഹിത്യകാരന്‍ അക്ഷരങ്ങളിലൂടെ അവതരിപ്പിക്കുന്നു എന്നതാണ് ഈ കൃതിയുടെ പ്രധാന സവിശേഷത. അധികമാരുമറിയാത്ത തിരുമേനിയുടെ ഐഹികജീവിതത്തിന്റെ നാനാതരം അനുഭവങ്ങള്‍ നാം തൊട്ടറിയുന്നു.

 

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ

പഴഞ്ഞി മങ്ങാട് കൊള്ളന്നൂർ കെ.ഐ. ഐപ്പിന്റെ മകനായി 1946 ഓഗസ്റ്റ് 30-ന് ജനിച്ചു. തൃശൂർ സെന്റ് തോമസ് കോളജിൽനിന്ന് ബി.എസ്സി.യും ഓർത്തഡോക്സ് സെമിനാരിയിൽനിന്ന് ജി.എസ്.ടി.യും സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽനിന്ന് ബി.ഡി.യും കോട്ടയം സി.എം.എസ്. Textകോളജിൽനിന്ന് എം എയും കരസ്ഥമാക്കി. 1973 മെയ് 31-ന് ശെമ്മാശപട്ടവും 1973 ജൂൺ 2-ന് വൈദിക പട്ടവും സ്വീകരിച്ചു. 1982 ഡിസംബർ 28-ന് തിരുവല്ലയിൽ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ മേൽപട്ടസ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. 1983 മെയ് 14-ന് പരുമലയിൽ വച്ച് നിയുക്ത കാതോലിക്കാ മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ റമ്പാൻ സ്ഥാനം നൽകി. 1985 മെയ് 15-ന് പുതിയകാവ് സെന്റ് മേരീസ് പള്ളിയിൽ വച്ച് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവാ പൗലോസ് മാർ മിലിത്തിയോസ് എന്ന നാമത്തിൽ എപ്പിസ്കോപ്പയായി വാഴിച്ചു. പുതിയതായി രൂപീകരിച്ച കുന്നംകുളം മെത്രാസനാധിപനായി 1985 ഓഗസ്റ്റ് ഒന്നിനു ചുമതലയേറ്റു. 2006-ൽ പരുമലയിൽ ചേർന്ന മലങ്കര അസോസിയേഷൻ പൗരസ്ത്യ കാതോലിക്കാബാവയുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിൻഗാമിയായി തെരഞ്ഞെടുത്തു. 2010 നവംബർ മാസം 1-ാം തിയതി മുൻഗാമിയായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ എന്ന പേരിൽ മലങ്കര സഭാ അദ്ധ്യക്ഷനായി അഭിഷേകം ചെയ്യപ്പെട്ടു.

വചനം വിടരുന്നു, വിനയസ്ഥിതം, നിഷ്കളങ്കതയുടെ സൗന്ദര്യം, അനുഭവങ്ങൾ ധ്യാനങ്ങൾ എന്നിവ കൃതികൾ.

ജനനം, ബാല്യം (ജീവിതക്കാഴ്ചകള്‍ എന്ന പുസ്തകത്തില്‍ നിന്നും)

ഒരു നിർദ്ധന കർഷകകുടുംബത്തിൽ പിറന്ന എന്റെ ബാല്യകാലം ധാരാളം കഷ്ടാരിഷ്ടതകളിൽ ആമഗ്നമായിരുന്നു. ഏതാണ്ട് ആറു വയസ്സുവരെ ചൊറിയും ചിരങ്ങും ബാധിച്ച് വേദനയും നിലവിളിയും കൊണ്ടു പൊറുതിമുട്ടി. ഒന്നാം ക്ലാസ്സിൽ ഏതാനും ദിവസങ്ങൾ മാത്രമേ സ്കൂളിൽ പോകാൻ കഴിഞ്ഞിട്ടുളളൂ. സ്കൂളിന്റെ സമീപമായിരുന്നു എന്റെ ഭവനം. സ്കൂളിലെ അദ്ധ്യാപികമാർ പലപ്പോഴും എന്നെ സന്ദർശിച്ച് എന്നെ ആശ്വസിപ്പിച്ചിരുന്നതും ഓറഞ്ചും മിഠായിയും തന്നിരുന്നതും ഞാൻ ഓർക്കുന്നു. ഒന്നാം ക്ലാസ്സിൽ പരീക്ഷ എഴുതിയില്ലെന്നാണ് ഓർമ്മ. എന്നാലും രണ്ടാം ക്ലാസ്സിലേക്ക് എനിക്ക് പ്രവേശനം ലഭിച്ചു. എന്നെ പഠിപ്പിച്ച അദ്ധ്യാപികമാർ എനിക്ക് രണ്ടു സർട്ടിഫിക്കറ്റ് നൽകി. ഒന്ന് നല്ല കുട്ടി. രണ്ട്, പഠിക്കാൻ സമർത്ഥൻ, ഒരുപക്ഷേ, എന്നെ പ്രോത്സാഹിപ്പിക്കാനായിരിക്കാം അപ്രകാരമുള്ള സമ്മാനമുദ്രകൾ എനിക്ക് ചാർത്തിത്തന്നത്.
ദാരിദ്ര്യം വീട്ടിലെ സ്ഥിരമായ വിരുന്നുകാരനായിരുന്നെങ്കിലും സന്തോഷവും സമാധാനവും നിറഞ്ഞുനിന്നിരുന്നു. മാതാപിതാക്കൾ വിദ്യാ സമ്പന്നരല്ലെങ്കിലും ദൈവഭയമുള്ളവരും വിവേകികളും ആയിരുന്നു. രണ്ടുനേരം നമസ്കാരം നിർബന്ധമാണ് വീട്ടിൽ സഭയോടുള്ള സ്നേഹവും ഭക്തിയും ഏറെ കാത്തുസൂക്ഷിച്ചു വീട്ടിൽ ആരും ദേഷ്യപ്പെടുന്നത് ഒരിക്കൽപോലും മക്കളായ ഞങ്ങൾ കണ്ടിട്ടില്ല. മൂത്ത സഹോദരനും ഞാനുമാണ് മക്കൾ. പള്ളിയാരാധന, സൺഡേസ്കൂൾ, വായനയോഗം എന്നിവയിൽ മക്കളായ ഞങ്ങൾ പങ്കെടുത്തു. ശനിയാഴ്ച സന്ധ്യമുതൽ ഞായറാഴ്ച സന്ധ്യവരെ സ്കൂൾ പാഠങ്ങൾ പഠിക്കാൻ അനുവാദമില്ല. ആരാധന ഗീതങ്ങൾ, വേദവായന സൺഡേ സ്കൂൾ പാഠങ്ങൾ ഇവയൊക്കെ വേണം അന്ന് പഠിക്കുവാൻ ആരുടെയും വസ്തുക്കൾ ആഗ്രഹിക്കാനോ ചോദിക്കാനോ പാടില്ല. ചീത്ത വാക്കുകൾ പറയാൻ പാടില്ല. നുണപറയാൻ ഒട്ടും അനുവാദമില്ല. അന്നത്തെ സൺഡേസ്കൂൾ അദ്ധ്യാപകർ വീട്ടിൽ വന്ന് മക്കളായ ഞങ്ങളെക്കുറിച്ച് നല്ലത് പറയുന്നത് ഒളിച്ചുനിന്ന് കേട്ടിട്ടുണ്ട്.

 

തുടര്‍ന്നു വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.