(ജീവൻ) മരണ രാഷ്ട്രീയത്തിന്റെ കാർണിവൽ
ഡോ. ഉമർ തറമേൽ
മനുഷ്യശരീരത്തെ കൂട്ടക്കുരുതിയിലൂടെ അവമതിക്കുന്ന പുതിയൊരുതരം രാഷ്ട്രീയം ഉടലെടുത്തിരിക്കുന്നു. ഇസ്രായേൽ ആണ് അത് ഏറ്റവും തന്മയത്വപൂർവ്വം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ ശത്രുവിനെതിരേ ദയാഭരിതമായ ഏതൊരു സങ്കല്പനത്തെയും ഇത് നിരോധിക്കുന്നു. സ്വയം പ്രതിരോധം എടുത്തുകാട്ടി അപരരുടെ എല്ലാ സാമൂഹ്യ നിലനിൽപ്പിനെയും അവകാശങ്ങളെയും ഇതു നിരാകരിക്കുകയും ചെയ്യുന്നു. അത്യുത്തമ മാതൃകയായി കരുതപ്പെടുന്ന സമൂഹങ്ങളുടെ ജീവിതാവസ്ഥയ്ക്കുമേൽ മരണത്തെ വാരിവിതച്ചുകൊണ്ട് എന്തും സംഗതമാക്കുന്ന നവഫാഷിസ്റ്റ് രാഷ്ട്രീയരീതിയാണിത്.
ഖലീൽ ജിബ്രാൻ ലബനോണിലെ കവിയാണെന്ന കാര്യം വിസ്‌മരിക്കുന്നൊരു കാലം വരും; മഹമൂദ് ദാർവിഷ് ഫലസ്തീൻ്റെയും. യാസിർ അറഫാത്ത് ഒരു കൈയിൽ ഒലിവും മറുകൈയിൽ തോക്കുമേന്തിയിരുന്നു എന്ന കാര്യം വിസ്മരിക്കുന്ന കാലംവന്നേക്കും. മാത്രമോ, എദ്വാർദ് സയ്ദ് ഇൻതിഫാദയിൽ പങ്കെടുത്തില്ല എന്നും ‘ഓറിയെന്റലിസം’ എന്നപേരിൽ കൃതി എഴുതിയില്ല എന്നുപോലും സർവകലാശാല പ്രൊഫസർമാർതന്നെ പറഞ്ഞേക്കും. കാരണം, ചരിത്രം ഡിജിറ്റൽ കടലാസ്സിൽപോലും പിടിച്ചുകെട്ടാൻ പറ്റാത്ത പൊയ്ക്കുതിരകളായി രൂപം പ്രാപിക്കുന്ന കാലം വിദൂരമല്ലാത്ത പോലെ, ഫാഷിസം അതിന്റെ അശ്വമേധം ആരംഭിച്ചുകഴിഞ്ഞു. അതറിഞ്ഞുകൊണ്ടുതന്നെയാവണം മാനുഷികതയ്ക്കെതിരേ കലാപവും ബോംബുകളും തിളയ്ക്കുന്ന പശ്ചിമേഷ്യൻ ഡയസ്പൊറയിൽനിന്നുകൊണ്ടെഴുതിയ ഒരു നോവൽ ( ആ നദിയോട് പേരു ചോദിക്കരുത് ) മലയാളത്തിൽ വായനായോഗ്യമാവുന്നത്.
മാമുനിമാരുടെയും മഹാനദികളുടെയും ഉത്ഭവമന്വേഷിക്കേണ്ട എന്ന ഉക്തിയെ ഫലസ്തീൻ ചരിത്രത്തിന്റെയും ജീവിതത്തിന്റെയും നെരിപ്പോടിൽ തിരിച്ചുവായിച്ചാൽ ദാർവിഷിന്റെ ഈ വരികൾപോലിരിക്കും.
Don’t ask the trees for their names
Don’t ask the valleys
who their mother is
From my forehead bursts
the sward of light
And from my hand springs the
water of the river,
All the hearts of people
are my identity
So take away my passport…
എല്ലാ കാരുണ്യവും വറ്റുമ്പോൾ ഞങ്ങളും ഉണ്ടെന്ന് കാണിക്കാൻ പാസ്സ്പോർട്ട് മാത്രം ബാക്കിയാവുന്നു, അവരുടെ രേഖാമൂലമുള്ള അവസാനത്തെ തെളിവ്. പാസ്പോർട്ട് ഇന്ന് ഡയസ്പൊറസാഹിത്യത്തിലെയും കലയിലെയും മുഖ്യരൂപകമായിരിക്കുന്നു.
പൂര്‍ണ്ണരൂപം 2025 ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്