DCBOOKS
Malayalam News Literature Website

കെ.അരവിന്ദാക്ഷന്റെ ജീവഗാഥ നോവലിനെ കുറിച്ച് ബെന്നി ഡൊമിനിക് എഴുതുന്നു

 

 

വിയറ്റ്‌നാമിലെ ബുദ്ധ സംന്യാസിയും പണ്ഡിത ശ്രേഷ്ഠനുമായ തിച്‌നാത് ഹാന്‍ (Thich Nhat Hanh ) രചിച്ച പഴയ പാത വെളുത്ത മേഘങ്ങള്‍ (Old path White Clouds) എന്ന ഗ്രന്ഥം ബുദ്ധ ചൈതന്യത്തിന്റെ വിസ്തൃത സ്ഥലികളെ മനസ്സിലേക്ക് ആവഹിക്കാന്‍ പോന്നതായിരുന്നു. ബുദ്ധ കാരുണ്യത്തിന്റെ, ദര്‍ശനത്തിന്റെ ആന്തരദീപ്തിയാല്‍ പ്രശോഭിതമായിരുന്നു ആ മഹിത ഗ്രന്ഥം. ജീവിതത്തിന്റെ സങ്കീര്‍ണ്ണങ്ങളായ ഒട്ടേറെ സമസ്യകള്‍ക്ക് വിമല ശുഭ്രങ്ങളായ ഉത്തരങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു ആ പുസ്തകം. ശ്രീ.കെ.അരവിന്ദാക്ഷന്‍ ഈ കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ളത് ഓര്‍ക്കുന്നു. ബുദ്ധ പാതയില്‍ ആകൃഷ്ടനായിട്ടുള്ള ഒരു എഴുത്തുകാരനാണ് അദ്ദേഹം.

ബുദ്ധ ദര്‍ശനം വിഷയമായി വരുന്ന രണ്ടു മൂന്നു നോവലുകളെങ്കിലും മലയാളത്തിലുണ്ട്.ഇ.എം.ഹാഷിമിന്റെ ‘ബുദ്ധ മാനസം ‘ , കെ.അരവിന്ദാക്ഷന്റെ ‘കുശി നാരയിലേക്ക് ‘ ,രാജേന്ദ്രന്‍ എടത്തുംകരയുടെ ‘ഞാനും ബുദ്ധനും ‘ തുടങ്ങിയവ ഓര്‍മ്മയിലെത്തുന്നു.അരവിന്ദാക്ഷന്റെ തന്നെ ജീവഗാഥ എന്ന നോവല്‍ ഈ ഗണത്തില്‍ വരുന്ന ശ്രദ്ധേയ കൃതിയാണ്.മലയാള ഭാവന ബുദ്ധ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നതിന്റെ ആഹ്‌ളാദകരമായ സാക്ഷ്യപത്രങ്ങളാണ് മേല്പറഞ്ഞ നോവലുകള്‍ .

ബുദ്ധന്‍ സംയമനത്തിന്റെ ശമനതാളമാണ്. അഗാധമായ ജാഗ്രതയും ജാഗ്രതയുംകാരുണ്യവും ബുദ്ധദര്‍ശനത്തിന്റെ പൊരുളാണ്. ആത്മാവും ശരീരവും തമ്മിലുള്ള (between the flesh and spirit ) സംഘര്‍ഷം വലിയ എഴുത്തുകാരെ പ്രലോഭിപ്പിച്ചിട്ടുള്ള വിഷയമാണ്. നികോസ് ക സാന്ദ് സാക്കിസിന്റെ ക്രിസ്തുവില്‍ ഇതു നാം കാണുന്നുണ്ട്. ഹെര്‍മന്‍ ഹെസ്സെയുടെ നാര്‍സ്സിസസ്സും ഗോള്‍ഡ്മണ്ടും എന്ന നോവല്‍ (Narcissus and Goldmund) ഈ ആത്മ ശരീരങ്ങളുടെ ഏറ്റുമുട്ടല്‍ ഒരളവോളം ചിത്രീകരിക്കുന്നുണ്ട്. ജീവഗാഥയുടെ സംഘര്‍ഷ കേന്ദ്രവും പ്രത്യക്ഷത്തില്‍ ഇതുതന്നെയാണു്. മുപ്പതു കൊല്ലമായി ബുദ്ധ പാതയിലൂടെ സഞ്ചരിക്കുന്ന സുധാകരന്‍ ബുദ്ധഭിക്ഷുവായ സുധിനന്റെ കഥ പറയുകയാണ്. ബുദ്ധ സംഘത്തില്‍ ആദ്യമായി ബ്രഹ്മചര്യ നിയമം ലംഘിച്ചത് സുധിനനാണ്. സുധാകരനോട് ആരോ മന്ത്രിക്കുന്നു : നീ ഗോതമ ബുദ്ധന്റെ കാലത്തെ സുധിനനാണ്.

കാമമാണ് ഭൂമിയുടെ ന്യൂക്ലിയസ്സ് എന്നു ചിന്തിക്കുന്നയാളാണ് സുധാകരന്‍ .ആസക്തിയുടെ ചൂട് അയാളെ ചുട്ടുപൊള്ളിക്കുന്നുണ്ട്. ബുദ്ധ ദര്‍ശനത്തിന്റെ കോട്ടകളില്‍ അക്കാലത്തു തന്നെ ഉണ്ടായ വിള്ളലുകള്‍ മാത്രമല്ല എല്ലാക്കാലത്തും മനുഷ്യന്‍ നേരിട്ടു കൊണ്ടിരിക്കുന്ന ഒരു പ്രശ്‌നമാണ് സുധി നന്റെ കഥയിലൂടെ അരവിന്ദാക്ഷന്‍ അവതരിപ്പിക്കുന്നത്. ശമനമില്ലാത്ത ആസക്തി കേവലമൊരു വ്യക്തിപരമായ പ്രശ്‌നം മാത്രമാണോ? അതിനൊരു സാമൂഹികവശമില്ലേ?എന്തായാലും കാമമെന്ന ഉഗ്ര യാഥാര്‍ത്ഥ്യത്തിന്റെ മുഖത്ത് ഉറ്റുനോക്കാന്‍ തയ്യാറാവുകയാണ് നോവലിസ്റ്റ്. രക്തിയും വിരക്തിയുമാണ് നോവലിന് ആധാരഭൂതമായ കേന്ദ്ര പ്രമേയം.

പെണ്ണുടലിന്റെ വശ്യത ആരെയാണു മോഹിപ്പിക്കാത്തത്? പെണ്ണുടലിന്റെ നഗ്‌നതയാണ് സുധിനനെ മോഹാവേശത്തിലേക്കു് വലിച്ചാഴ്ത്തുന്നത്.സ്ത്രീ അവളുടെ നേര്‍ത്ത ചുണ്ടിലെ ഈര്‍പ്പം ,കവിളിലെ നുണക്കുഴി ,നെറ്റിയിലേക്കു വീണു കിടക്കുന്ന കാമനാഗങ്ങള്‍ ,മാറിടത്തിന്റെ മര്‍ദ്ദവം ,സ്‌നിഗ്ദ്ധത ,ഉയര്‍ച്ചതാഴ്ചകള്‍ ഇവയൊക്കെ സുധിനന്റെ മനസ്സില്‍ കാമത്തിന്റെ കര്‍പ്പൂര മഴ പെയ്യിക്കയാണ്. വൃദ്ധന്‍ നാതുവിന്റെ മകള്‍ യശോയുടെ നിറഞ്ഞ മാറും നിതംബവും ചലിക്കുന്നത് സുധിനന്റെ നെഞ്ചിനുള്ളിലാണ്.പൊയ്കയില്‍ നിന്ന് കുളിച്ചു കേറുന്ന പെണ്‍കുട്ടിയുടെയും പുഴയില്‍ കുളിക്കുന്ന യുവതിയുടെയും നഗ്‌നശരീരങ്ങള്‍ അവന്റെ മനസ്സില്‍ നിറയും രാത്രികളില്‍ . ഒരു ആവേശത്തിന് യശോയെ പ്രാപിക്കാന്‍ അവന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവള്‍ വഴങ്ങുന്നില്ല. ഈ യശോയില്‍ നിന്നാണ് സുധിനന്‍ ഗോതമ ബുദ്ധനെക്കുറിച്ചറിയുന്നത്.നിരഞ്ജനദിയുടെ കരയിലുള്ള ഉരുവേല ഗ്രാമത്തില്‍ ധ്യാനനിമഗ്‌നനായി ഗോതമന്‍ ഇരിപ്പുണ്ട്.

കാമത്തിന്റെ തീയാട്ടുമഹോത്സവം ഇവിടെ കേവലമൊരു അനുഷ്ഠാന പ്രധാനമായ ഒന്നല്ല. മനുഷ്യ കാമനയുടെ എളുപ്പത്തില്‍ നിര്‍വചിക്കാനാവാത്ത ഏതോ ഫിലോസഫിയാല്‍ മേലൊപ്പു ചാര്‍ത്തപ്പെടുന്നുണ്ട് ഇതിലെ നായക കഥാപാത്രത്തിന്റെ ആന്തര വ്യസനങ്ങളില്‍. ഭോഗവ്യഗ്രതയില്‍ത്തന്നെ… പരിത്യാഗത്തിന്റെ മരവുരിയും. രതിയുടെ മന്ദാരങ്ങള്‍ സുധിനനില്‍ എപ്പോഴും പൂത്തു നിന്നു. രാവെന്നില്ല , പകലെന്നില്ല ആ സക്തിയുടെ പിടിയിലാണവന്‍.സാക്കിസിന്റെ നായകന്‍ സോര്‍ബയ്ക്ക് ചെറുപ്പത്തില്‍ ചെറിപ്പഴങ്ങളോട് വലിയ ആസക്തിയായിരുന്നു. ഒരു ദിവസം ചെറിപ്പഴങ്ങള്‍ മൂക്കുമുട്ടെ തിന്നുകൊണ്ടാണ് സോര്‍ബ അവയോടുള്ള ആസക്തിയെ ജയിച്ചത്. ഇതേ തത്ത്വം തന്നെ ഒരു തിത്തിരപ്പക്ഷി സുധിനനു് ഉപദേശിക്കുന്നുണ്ട്. കാമം ഒരു രോഗമല്ല സുധിനാ. അതൊരു ജീവല്‍സ്വഭാവമാണ്. നീ അതില്‍ ആവോളം മുഴുകുക. മുഴുകി മുഴുകി നിന്റെ കാമം അതില്‍ അലിയിച്ചു കളയുക.

ചമ്പ എന്ന വേശ്യയുമൊത്ത് സുധിനന്‍ ഒരിക്കല്‍ രമിക്കുന്നുണ്ട്. പിന്നീടൊരിക്കല്‍ അവളെത്തേടിയെത്തുമ്പോള്‍ മരിച്ചു ദിനങ്ങള്‍ കഴിഞ്ഞ് ചീര്‍ത്തു പൊട്ടാറായ വയറും മുലകളും ആണ് അവന്‍ കാണുന്നത്. ഈച്ചകള്‍ മുലക്കണ്ണുകളില്‍ പാറിയിരുന്നു. ചമ്പസത്യമായിരുന്നു.; അവളുടെ നഗ്‌നമായ ഉടലും. ചമ്പയുടെ മരണം സുധിനനെ വേരോടെ കടപുഴക്കിയെറിഞ്ഞു. മരണം എന്ന പ്രതിഭാസത്തേക്കുറിച്ച് അവന്‍ ചിന്തിച്ചു. ഓരോ വൃദ്ധ ശരീരവും സുധിനന് അവന്‍ തന്നെയെന്ന് തോന്നി. രോഗം, വാര്‍ധക്യം, മരണം അതിനിടയിലെ ചെറിയ സന്തോഷങ്ങളുടെ വ്യര്‍ത്ഥത അവനു ബോധ്യമായി. മന:സംഘര്‍ഷങ്ങളും അലച്ചിലും അവനെ രോഗിയാക്കി. വസൂരിപ്പുരയില്‍ അര്‍ധബോധാവസ്ഥയില്‍ കിടക്കുമ്പോള്‍ പോലും അവനെ അലട്ടിയിരുന്നത് സ്ത്രീയുടെ നഗ്‌നതയായിരുന്നു. പെണ്‍യോനിയും ശ്രമണന്റെ തേജോ മുഖവും. ഏതാണു സത്യം? ഏതാണു മിഥ്യ?

വസൂരി പൊന്തിയ നിമിഷം മുതല്‍ നാഗിനി മുത്തശ്ശിയുടെ ചിതവരെ അവന്റെ ഓര്‍മ്മകള്‍ നീണ്ടു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ എത്ര ജന്മങ്ങളാണ് സുധിനന്‍ ജീവിച്ചത്? മനുഷ്യന്‍ മരിച്ച് മണ്ണിലേക്കു പോയി പട്ടിയായോ പുഴുവായോ പുല്‍ച്ചാടിയായോ ഇങ്ങേയറ്റം മനുഷ്യനായോ അല്ല പുനര്‍ജനിക്കുന്നത് പട്ടിയുടെയും പുഴുവിന്റെയും പുല്‍ച്ചാടിയുടെയും പ്രപിതാമഹന്റെയും ജന്മങ്ങള്‍ ഈ ജന്മത്തില്‍ ത്തന്നെ ജീവിച്ച് തീര്‍ക്കേണ്ടതുണ്ട് എന്ന തിരിച്ചറിവ് ഇതോടെ സുവിനനുണ്ടാകുന്നുണ്ട്. ജീവിതാസക്തിയുടെ അഗ്‌നികുണ്ഡവുമായി നടക്കുന്ന ഏതൊരാളുടെയും പ്രതിരൂപമാകുന്നു സുധിനന്‍.കാമത്തീയിനെക്കാള്‍ മനുഷ്യനെ ചുട്ടെരിക്കുന്ന മറ്റൊന്നുമില്ലെന്ന് അയാള്‍ മനസ്സിലാക്കി.കാമത്തിന്റെ സിഗ്‌നല്‍ എവിടെക്കണ്ടാലും പിടിച്ചെടുക്കുന്ന ആന്റിന യാണ് സുധിനന്‍.

ഗോതമ ബുദ്ധനെ അന്വേഷിച്ചുള്ള യാത്രയ്ക്കിടയിലും അവന്റെ കണ്ണ് നീര്‍ച്ചാലിന്റെ ഒരു ഭാഗത്ത് കുളിക്കുന്ന പെണ്‍കുട്ടികളിലാണ്. ഏതോ ഒരു പൊറുതിയില്ലായ്മയുടെ കീടം അവനെ .

നിരഞ്ജനദി നോവലില്‍ ഒരു കഥാപാത്രമാണ് .സുധിനന്റെ ജീവിതത്തെ പുഴ ഗണ്യമായി സ്വാധീനിക്കുന്നുണ്ട്. അമ്മയുടെ പുഴക്കഥകളിലൂടെയാണ് അവന്റെ കണ്ണും കാലും വളര്‍ന്നത്. അവന് പുഴ രഹസ്യങ്ങള്‍ കൈമാറുന്നതിനും ദുഃഖം പങ്കിടാനും ആഹ്‌ളാദിക്കാനും ഉള്ള അമ്മയായിരുന്നു. ആ പുഴയാണ് ആരും ഒറ്റപ്പെട്ടവരല്ല ,എല്ലാം പരസ്പര ബന്ധിതമാണ് എന്ന് അവനെ പഠിപ്പിച്ചത്.ആ പുഴക്കരയില്‍ വച്ചാണ് സുധിനന്‍ സുജാതയെ കണ്ടെത്തുന്നത്. അവര്‍ കടത്തുകാരിയായിരുന്നു.എന്റെ ഏക ചങ്ങാതി പുഴയാണ്.സുജാത പറയുന്നു. സുജാത പുഴയില്‍ അവളെത്തന്നെ കണ്ടു. ഹെര്‍മന്‍ ഹെസ്സെയുടെ(Hermann Hesse) സിദ്ധാര്‍ത്ഥന്‍ പുഴയില്‍ അവനെ ദര്‍ശിച്ചതു പോലായിരുന്നു അത്.

ബുദ്ധ വിഹാരം വിട്ട് ഇറങ്ങുകയാണ് സുധനന്‍ ഒടുവില്‍. കാമം അയാളുടെ മാര്‍ഗ്ഗമായി സ്വീകരിച്ചു കഴിഞ്ഞു ഇതിനകം അയാള്‍. കാമരഹിതമായ ജീവിതം മൃതമാണെന്ന് അയാള്‍ തിരിച്ചറിയുന്നു. ഇങ്ങനെ ബുദ്ധാ ന്വേഷണത്തില്‍ത്തന്നെ ബുദ്ധ ദര്‍ശനത്തിന്റെ പഴുതുകള്‍ നോവലില്‍ മറനീക്കി വരുകയാണ്.ജീവിതത്തോടുള്ള അദമ്യമായ അഭിനിവേശത്തെ നോവലില്‍ അടയാളപ്പെടുത്തുകയാണ്. ഒരേ സമയം ശരിയെന്നു തോന്നുന്ന രണ്ടു വിപരീതങ്ങളില്‍ സുധിനന്റെ മനസ്സ് ഉടക്കി നിന്നു പോവുകയാണ്. മുന്നില്‍ക്കണ്ട ഓരോ പുല്‍ത്തകിടിയും സസ്യവും മരവും പക്ഷിയും ചെറു ജീവിയും മൃഗവും മണ്‍തരിയും പറയും കുന്നും മേഘങ്ങളും ആയിരം നാവാല്‍ സുധിന നോട് പറയുകയാണ് .കാമമില്ലെങ്കില്‍ ഈ ഭൂമിയില്‍ ജീവനെങ്ങനെ നിലനില്‍ക്കും? എല്ലാവരും ഗോതമ ഭിക്ഷുവായി മാറിയാല്‍ ജീവന്റെ പുതു ബീജങ്ങള്‍ ആരു സ്വീകരിക്കും? എങ്ങനെ ഭൂമി കിളുര്‍ക്കും? പുഷ്പിക്കും? പച്ച പുതയ്ക്കും?

സുധിനന്‍ ഭൂമിയെ ആവേശത്തോടെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്ന ഒരു രംഗമുണ്ട് നോവലില്‍ .ഏറെ നേരമായി അവന്‍ അബോധാവസ്ഥയിലായിരുന്നു. അവന്‍ പതുക്കെ ഉണരുന്നു.അങ്ങനെ അവന്‍ ഭൂമിയുടെ ചെനപ്പായി മാറി എന്നു നോവലില്‍ കാണുന്നു. ഇതു നാം പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്. ഭൂമിയുടെ ഒരു ശാഖയായി പരിണമിക്കുകയായിരുന്നല്ലോ ഗോതമ ബുദ്ധനും ഒരു വേള സുധിനന്‍ ഭൂമിയുടെ ശാഖയായി മാറി ബുദ്ധ വിഹായസ്സിലേക്ക് തലനീട്ടുന്നുണ്ട്. ബുദ്ധ വിഹായസ്സിലേക്ക് പറന്നുയരാന്‍ കൊതിച്ച പക്ഷിയാണ് സുധിനന്‍ .വീണു കിടക്കുന്ന സുധി നന്റെ നെറ്റിയില്‍ ഒരാട്ടിന്‍ കുട്ടി നാവ് ചലിപ്പിച്ചു. അവന്‍ കണ്ണു തുറന്നില്ലായിരുന്നെങ്കില്‍ ഭൂമിയുടെ പച്ചിലയെന്നു കരുതി അത് അവനെ തിന്നുപോകുമായിരുന്നു.

ഈ നോവലിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച് ഒരു വാക്ക് . ശക്തരായ സ്ത്രീ കഥാപാത്രങ്ങളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാണീ നോവല്‍.സുജാത ,ചമ്പ, യശോ എന്ന ചണ്ഡാളസ്ത്രീ, നാഗിനി മുത്തശ്ശി ,സുധിനന്റെ അമ്മ രന്തീ ദേവി ,നന്ദബാല എന്നീ കഥാപാത്രങ്ങള്‍ നോവലിന്റെ ആകര്‍ഷണമാണ്. ചമ്പയുടെ കാര്യം നോക്കുക. അവള്‍ ഒരു സാധാരണ സ്ത്രീ ആയിരുന്നില്ല. ഗ്രാമമുഖ്യനു പോലും അവളെ പ്രാപിക്കാനായില്ല. അധികാരം കൊണ്ടോ യുവത്വം കൊണ്ടോ അവള്‍ പ്രലോഭിതയായില്ല.യശോ മിഴിവുറ്റ ഒരു കഥാപാത്രം തന്നെ .

ശ്രീ.കെ.അരവിന്ദാക്ഷന്‍ മലയാള സാഹിത്യകാരന്മാര്‍ക്കിടയില്‍ ഒറ്റപ്പെട്ട ഒരു വ്യക്തിത്വമാണ്. മികച്ച നോവലുകള്‍ പലത് എഴുതിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല. തരളമായ കാല്പനിക ഭാഷയുടെ മധുരം ഈ എഴുത്തുകാരന്‍ വച്ചുനീട്ടുന്നില്ല. വളരെ നിലവാരപ്പെട്ട ഒരു ഭാഷാരീതിയാല്‍ ഈയെഴുത്തുകാരന്‍ വ്യതിരിക്തനാണ്. സാധാവായനക്കാരില്‍ നിന്ന് നമ്മുടെ നിരൂപകര്‍ പോലും ഉയരുന്നില്ലാത്തതുകൊണ്ടോ എന്തോ ഈ എഴുത്തുകാരനെ നിരൂപക പ്രമാണിമാര്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ആരു കട്ടിയുള്ള ഭാഷയും ദര്‍ശനവും സ്വായത്തമാക്കിയ കെ. അരവിന്ദാക്ഷന്റെ ദൈവം തറക്കാത്ത പുസ്തകം മലായാളത്തിലെ വളരെ ശ്രദ്ധേയമായ വര്‍ക്കാണ്. ഗാന്ധിയുടെ സ്വത്വം അദേഹത്തിന്റെ ആസക്തമായ ജീവിതത്തില്‍ നിന്നും കണ്ടെടുക്കുന്നതില്‍ എഴുത്തുകാരന്‍ വിജയിച്ചിരിക്കുന്നു.. ഗാന്ധിയില്‍പ്പോലും പ്രബലമായിരിക്കുന്ന ആസക്തിയെ അരവിന്ദാക്ഷന്‍ പുറത്തു കൊണ്ടുവരുന്നുണ്ട് ആ നോവലില്‍ .അഥവാ ആസക്തിയും വിരക്തിയും ഒരു നാണയത്തിന്റെ ഇരുപുറങ്ങള്‍ തന്നെ. ആത്മീയതയുടെ രേണുക്കള്‍ സംഘര്‍ഷങ്ങളുടെ യുദ്ധഭൂമിയില്‍ നിന്നാണു പ്രഭവം കൊള്ളുന്നത് എന്ന് ദൈവം തുറക്കാത്ത പുസ്തകം പറയുന്നു ..വലിയ മനുഷ്യരെയും വിമര്‍ശനത്തിന്റെ നാരായമുന കൊണ്ട് മാറ്റി വരക്കാന്‍ ഇദ്ദേഹത്തിനുള്ള ശ്രദ്ധയെ ആദരവോടെ കാണേണ്ടതുണ്ട്. ദൈവം തുറക്കാത്ത പുസ്തകത്തിനു ശേഷം ഭാഷയ്ക്ക് അദ്ദേഹം സമ്മാനിച്ച മറ്റൊരു ശ്രദ്ധേയ നോവലാണ് ജീവ ഗാഥ .

ജീവഗാഥയെസ്സംബന്ധിച്ചിടത്തോളം ,ജീവിത കാ മനയുടെ കൊടുങ്കാറ്റില്‍പ്പെട്ടുഴലുന്ന ,പ്രാണന്റെയും(spirit) ഉടലിന്റെയും രാജിയാവാത്ത സമ്മര്‍ദ്ദങ്ങളില്‍പ്പെട്ടു നട്ടം തിരിയുന്ന സുധി നനെയാണ് ചിത്രീകരിക്കുന്നതെന്ന് സമ്മതിച്ചാലും അതിനനുവദനീയമായ തോതിനപ്പുറത്തേക്ക് സുധിനന്റെ സ്ത്രീവിഷയകമായ താല്‍പര്യം ഒരു ഒബ്‌സഷനായി മാറുന്നുണ്ട്. ഇതു നായക കഥാപാത്രത്തിന്റെ ഭദ്രത തകര്‍ക്കുന്നതായി ചില യവസരങ്ങളിലെങ്കിലും തോന്നലുളവാക്കും. സുധിനന്‍ ഒരു ന്യൂറോട്ടിക്കാണെന്നു (neurotic)ഒരാള്‍ ചിന്തിച്ചാല്‍ കുറ്റം പറയാനാവില്ല.എന്നാല്‍ സുധിനന്റേത് ഒരു സിരാരോഗമായി കണക്കാക്കാന്‍ വരട്ടെ. അതില്‍ അത്ര ലഘുവല്ലാത്ത ഒരു മനുഷ്യാവസ്ഥ അന്തര്‍ഭവിച്ചിരിക്കുന്നു എന്നു പറയട്ടെ.

Comments are closed.