ആസക്തിയുടെ പലായനങ്ങള്‍
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച കെ അരവിന്ദാക്ഷന്റെ ‘ജീവഗാഥ’ എന്ന പുസ്തകത്തിന് സുനീഷ് കെ എഴുതിയ വായനാനുഭവം.
കുമാരനാശാന്‍ മുതല്‍ക്കിങ്ങോട്ട് മലയാളസാഹിത്യത്തില്‍ പലതവണ ബുദ്ധന്‍ കടന്നുവന്നിട്ടുണ്ട്. ബുദ്ധന്റെ വ്യക്തിജീവിതവും ആന്തരീകസംഘര്‍ഷങ്ങളും മുഖ്യാവലംബമാക്കിയ പ്രമേയങ്ങളായിരുന്നു അവയില്‍ ഏറെക്കുറെയും. ബൗദ്ധദര്‍ശനങ്ങളുടെ ഉള്‍പ്രേരണകളാല്‍ രചിക്കപ്പെട്ട സിദ്ധാര്‍ത്ഥ (ഹെര്‍മ്മന്‍ ഹെസ്സേ) മുതലായ കൃതികള്‍ വിദേശത്തും ഉണ്ടായിട്ടുണ്ട്. അതിരില്ലാത്ത സമൃദ്ധിയുടെ ജീവിതത്തില്‍ നിന്നും എല്ലാം ഉപേക്ഷിച്ച് ജീവിതത്തിന്റെ സമസ്യകള്‍ക്ക് ഉത്തരം തേടിപ്പോകുന്നൊരാള്‍, അയാളുടെ ജീവിതസംഘര്‍ഷങ്ങള്‍, സാമൂഹികപരിസരം ഇതെല്ലാം സാഹിത്യപരമായ താത്പര്യങ്ങള്‍ക്ക് ഹേതുവാകുകയെന്നത് സ്വാഭാവികമാണല്ലോ. എന്നാല്‍, ബുദ്ധന്റെ ദര്‍ശനങ്ങള്‍ എങ്ങനെയാണ് നമ്മുടെ ജീവിതത്തില്‍ ഇടപെടുന്നതെന്ന രീതിയിലുള്ള അന്വേഷണങ്ങള്‍ സാഹിത്യത്തില്‍ വേണ്ടത്ര നടന്നിട്ടുണ്ടോ എന്ന് സംശയമാണ്. അങ്ങനെയിരിക്കിലും ബൗദ്ധദര്‍ശനത്തിന്റെ, ജാതീയമായ പരിപ്രേക്ഷ്യത്തിലൂടെയുള്ള വായനകളും നിരീക്ഷണങ്ങളും ഇവിടെ സമൃദ്ധമാണ്. അതുകൊണ്ടുതന്നെയായിരിക്കാം, ബുദ്ധദര്‍ശനം നിലവിലുള്ള മതസങ്കല്പങ്ങളോടും രീതികളോടും കലഹിക്കുന്ന ഒരു വിപ്ലവാത്മകപരിവേഷത്തോടെ അധികമായി ആവിഷ്‌കരിക്കരിക്കപ്പെടുന്നത്.
ഗോതമബുദ്ധന്റെ ജീവിതപരിസരത്തുനിന്നുകൊണ്ട്, മനുഷ്യന്റെ ആത്മസംഘര്‍ഷങ്ങളെയും പരിമിതികളെയും നിസ്സഹായതകളെയും പിന്തുടര്‍ന്നുപോകുന്ന കൃതിയാണ് കെ.അരവിന്ദാക്ഷന്റെ ‘ജീവഗാഥ’ എന്ന നോവല്‍. ഗോതമബുദ്ധനല്ല, ബുദ്ധന്റെ കാലത്തെ സാധാരണക്കാരനായ ഒരു യുവാവാണ് ഇതില്‍ മുഖ്യകഥാപാത്രം. ഭിക്ഷുജീവിതത്തില്‍ നിന്നും തിരിച്ചുനടന്ന ഒരു മനുഷ്യന്‍. ബുദ്ധനെന്ന അവതാരസങ്കല്പത്തില്‍ നിന്നും സാധാരണ മനുഷ്യനിലേക്ക് കഥയെ ഇറക്കിക്കൊണ്ടുവന്ന് എന്താണ് മനുഷ്യന്റെ യഥാര്‍ത്ഥ ആത്മീയസംഘര്‍ഷമെന്ന് കൃത്യമായി ചൂണ്ടിക്കാട്ടുവാന്‍ ശ്രമിക്കുകയാണ് ജീവഗാഥ. ഈ ആത്മീയസംഘര്‍ഷം ഒരു പ്രത്യേക കാലഘട്ടത്തിന്റെയോ പ്രത്യേക ദേശത്തിന്റെയോ മാത്രമല്ല. മനുഷ്യനുള്ള കാലമത്രയും ഉണ്ടാകാവുന്ന, ഉണ്ടായിട്ടുള്ളതായ സംഘര്‍ഷമാണിത്. സാങ്കേതികതയുടെയും മറ്റും വികാസത്തോടെ ജീവിതപുരോഗതി ഏറെ കൈവരിച്ചുവെന്ന് അവകാശപ്പെടുമ്പോഴും മനുഷ്യന്‍ ആന്തരികമായി അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ എപ്പോഴും ഒന്നുതന്നെയാണ്. അത് അവന്റെ ആസക്തിയും അതില്‍നിന്നുള്ള വിമോചനേച്ഛയും തമ്മിലുള്ള സംഘര്‍ഷമാണ്.
മനുഷ്യന്‍ ഏറ്റവും വലിയ ആസക്തി കാമമാണ്. ജൈവികമായ ഒരു പ്രേരണാശക്തി കൂടിയായ കാമത്തെ നേരിടുമ്പോഴാണ് മനുഷ്യന്‍ ഏറ്റവും നിസ്സഹായനായിത്തീരുന്നത്. ഒരാളുടെ ഏറ്റവും വലിയ പരിമിതി തന്റെ ലൈംഗികതയെ കൃത്യമായി അടയാളപ്പെടുത്താനാവായ്കയും, അതിന്റെ അനിയന്ത്രിതമായ ഭാവാന്തരങ്ങളെ നേരിടുവാന്‍ കഴിയായ്കയുമാണ് എന്നു പറയാം. ജീവിതത്തില്‍ ലൈംഗികതയുടെ ഇടപെടല്‍ അതുകൊണ്ടുതന്നെ ശക്തമായിരിക്കും. ഭാരതീയ സാഹിത്യങ്ങളില്‍ വളരെ അപൂര്‍വമായെങ്കിലും ഈ ഒരു സംഘര്‍ഷത്തെ അടയാളപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ശ്രീകൃഷ്ണ ആലഹനഹള്ളിയുടെ ‘ഭുജംഗന്റെ ദശാവതാരങ്ങള്‍’, കാശിയുടെ പശ്ചാത്തലത്തില്‍ എം.ടി. വാസുദേവന്‍ നായര്‍ എഴുതിയ ‘വാരാണസി’ എന്നിവ കാമവുമായുള്ള മനുഷ്യന്റെ ആന്തരീകമായ സംഘര്‍ഷങ്ങളെയും തുടര്‍ന്നുള്ള നിസ്സഹായതയെയും ഓര്‍മ്മിപ്പിക്കുകയുണ്ടായി. സി.വി.ശ്രീരാമന്റെ കഥകളില്‍ ഈ സംഘര്‍ഷത്തിന്റെ മറ്റൊരു തലം നിരന്തരമായി കാണാനാവും. പ്രത്യേകിച്ച് സൂനിമാ, ക്ഷുരസ്യ ധാര, പുരുഷാര്‍ത്ഥം തുടങ്ങിയ നിരവധി കഥകളില്‍ ഇത് എടുത്തുപറയാവുന്നതാണ്. അവനവന്റെ ഉള്ളിലേക്ക് തിരിഞ്ഞുനോക്കാന്‍ വിധിക്കപ്പെട്ട ഏതൊരാള്‍ക്കും ഈ സംഘര്‍ഷത്തെ നേരിടേണ്ടതായി വരുന്നുണ്ട്. ചിലരതിനെ ക്രിയാത്മകമായ മറ്റുചില ചട്ടക്കൂടുകളിലേക്ക് പരിവര്‍ത്തിപ്പിക്കുമ്പോള്‍ ചിലര്‍ നിസ്സഹായരായി തോറ്റുപോകുകയാണ്. ഗാന്ധി മുതല്‍ ബുദ്ധന്‍ വരെയുള്ള മഹാപുരുഷന്മാരെ തന്റെ രചനാപരിസരങ്ങളിലേക്ക് കൊണ്ടുവന്നിട്ടുള്ള അരവിന്ദാക്ഷന്റെ കൃതികളുടെ പൊതുസ്വഭാവമായി വരുന്നത് ഈ സംഘര്‍ഷം തന്നെയാണ്. അതിനാലാണ് ‘ജീവഗാഥ‘ ബുദ്ധദര്‍ശനത്തിന്റെ ആത്മീയപരിസരത്തു നില്‍ക്കുമ്പോഴും ഏതൊരു മനുഷ്യന്റെയും ഏതുകാലത്തെയും സംഘര്‍ഷമായിത്തീരുന്നത്. കാമത്തെ ഏറ്റവും കൃത്യമായി അകറ്റിനിര്‍ത്താനൊരുങ്ങിയ ഒരു ദര്‍ശനം കൂടിയായിരുന്നു ബുദ്ധന്റേത് എന്നതിനാല്‍ ഈ സംഘര്‍ഷം അതിന്റെ ഏറ്റവും പാരമ്യത്തില്‍ ആവിഷ്‌ക്കരിക്കപ്പെടാനാവുന്നുമുണ്ട്.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
എങ്ങനെയാണ് കാമം മനുഷ്യന്റെ സംഘര്‍ഷത്തിന് ഹേതുവാകുന്നതെന്ന ഒരു ചോദ്യമുണ്ട്. ലോകത്തുണ്ടായ മിക്കവാറും എല്ലാ ആത്മീയപദ്ധതികളില്‍ നിന്നും രതിയും അതുമായി ബന്ധപ്പെട്ട് സ്ത്രീയും വിലക്കുകല്പിക്കപ്പെടുന്ന അവസ്ഥകള്‍ യാഥാര്‍ത്ഥ്യം തന്നെയാണ്. ബുദ്ധമതവും ആദ്യകാലത്ത് ഇതില്‍ വളരെ മുന്നില്‍തന്നെയായിരുന്നുവെന്നുള്ള സൂചനകളുണ്ട്. പ്രത്യക്ഷത്തില്‍ വേണമെങ്കില്‍ സ്ത്രീവിരുദ്ധമെന്ന് പറയാവുന്ന ഒരു സമീപനം ബുദ്ധമതത്തിന്റെ ഭിക്ഷുജീവിതരീതികളിലുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. എന്നാല്‍ ബുദ്ധന്റെ ജീവിതത്തില്‍ പൂര്‍ണ്ണമായും സ്ത്രീ അകറ്റിനിര്‍ത്തപ്പെട്ടിരുന്നില്ല എന്നാണ് സുജാതയുടെയും യശോയുടെയും ജീവിതാനുഭവങ്ങളിലൂടെ ജീവഗാഥ പറയുന്നത്. പക്ഷെ, ജീവിതം ആനന്ദത്തിനുവേണ്ടിയുള്ളതാണെങ്കില്‍ ആ ആനന്ദം സ്ത്രീസംസര്‍ഗ്ഗം മൂലമോ രതി മൂലമോ നഷ്ടമാകുന്നുവെന്നുള്ള ഒരു ചിന്ത ബുദ്ധമതവുമായി ബന്ധപ്പെട്ട് ഉടലെടുത്തിരുന്നു. അതായത് ദുഃഖവിമോചനത്തിന്റെ സാധ്യതകളില്‍ നിന്നും ഇതെല്ലാം മനുഷ്യനെ അടച്ചുകളയുന്നുവെന്ന് സാരം. സമ്യഗ്ദര്‍ശനത്തിന്റെ ആചാര്യന് അങ്ങനെയൊരു നിഷേധത്തെ അനുകൂലിക്കാനാവുമോ എന്നതൊക്കെ പിന്നീട് വരുന്ന ചോദ്യങ്ങളാണ്. എന്നാല്‍, ഭാരതീയ അനുഷ്ഠാനചിന്താപദ്ധതികളില്‍ ഏറെ പഴക്കമവകാശപ്പെടുന്ന താന്ത്രികമതം സ്ത്രീയെയും രതിയെയും അതിന്റെ സമഗ്രതയില്‍ ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുന്നതായിരുന്നു എന്നത് നിഷേധിക്കാനാവില്ല. പക്ഷെ, ഇതേ താന്ത്രികമതം ഈ കാരണത്താല്‍തന്നെ പിന്നീട് അപചയിക്കപ്പെടുകയും അതിന്റെ അന്തസ്സത്തയില്‍ നിന്നും വ്യതിചലിക്കപ്പെടുകയും ചെയ്തു. എന്തുതന്നെയായാലും രതിയെയും സ്ത്രീയെയും നിഷേധിച്ചുകൊണ്ട് ഒരു ദര്‍ശനത്തിനും അതിജീവിക്കാനാവില്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. മനുഷ്യനെ അത്രമാത്രം ഉള്‍ച്ചൂഴ്ന്നുനില്ക്കുന്ന ഒരു അനുഭൂതിയോ അനുഭവമോ ആണ് രതി. ഒരുപക്ഷെ, ജീവിതവുമായി മനുഷ്യനെ ബന്ധിപ്പിച്ചുനിര്‍ത്തുന്ന ജൈവികമായ ചേതസ്സ് കൂടിയാവാം അത്. വളരെയേറെ ദുരുപയോഗപ്പെടാനുള്ള അതിന്റെ സാധ്യതകള്‍കൊണ്ടാവാം ജീവിതത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടതും പലവിധ വിലക്കുകളാല്‍ അടക്കിനിര്‍ത്തപ്പെട്ടതും. ചുരുക്കത്തില്‍, രതിയും അതിന്റെ ചോദനകളും മനുഷ്യനെ ഏതുകാലത്തും വലിയ സംഘര്‍ഷത്തിലാഴ്ത്തിയിരുന്നു. അതില്‍നിന്നും മോചനം തേടിയുള്ള അവന്റെ ഉടലിന്റെയും ആത്മാവിന്റെയും സംഘര്‍ഷം കസന്ദ്‌സാക്കിസിന്റെ ‘ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം’ തുടങ്ങിയ പല ഇതിഹാസരചനകളിലും വായിച്ചിട്ടുള്ളതുമാണ്. അതുകൊണ്ടുതന്നെ രതിയുമായുള്ള മനുഷ്യന്റെ ഏറ്റുമുട്ടല്‍ സനാതനമായ ഒരു സത്യമാണ്. ഈ യാഥാര്‍ഥ്യം തന്നെയാണ് സുധിനനെയും പരിക്ഷീണിതനാക്കുന്നത്.
ആത്മീയമായ ആഴങ്ങളുള്ള വ്യക്തിത്വമാണ് സുധിനന്റേതെന്ന് അവന്റെ ആദ്യകാലജീവിതത്തില്‍ നിന്നും വ്യക്തമാണ്. ഒരു യുവഭിക്ഷുവിന്റെ മുഖതേജസ്സ് സുധിനനില്‍ ദര്‍ശിക്കാം. കാമപരവശനായി തന്നെ തേടിവരുന്ന മകന്റെ പ്രായമുള്ള സുധിനനോട് യശോവിന് തോന്നുന്ന വാത്സല്യം വാസ്തവത്തില്‍ ബുദ്ധനോട് തോന്നുന്നതാണ്. അവളില്‍ സുധിനന്റെ സാമീപ്യം ബുദ്ധനെയാണ് ഉണര്‍ത്തുന്നത്. അതുകൊണ്ട് അവള്‍ക്കതൊരു ആത്മീയമായ ഉണര്‍വുകൂടിയായിരുന്നുവെന്നു പറയാം. വേണമെങ്കില്‍ അവനോടൊപ്പം ശയിക്കാമായിരുന്നുവെന്നും അത്തരം വികാരങ്ങളില്‍ നിന്നും അപ്പോഴും പരിപൂര്‍ണ്ണമായും മോചിതയായിരുന്നില്ലെന്നും പിന്നീട് യശോ ഓര്‍മ്മിക്കുന്നുണ്ട്. ഇതേ ബുദ്ധന്‍ അവളില്‍ ആര്‍ദ്രതയുടെയും കാരുണ്യത്തിന്റെയും രൂപത്തില്‍ വളര്‍ന്ന് വികാസം പ്രാപിക്കുന്നുണ്ട്. അങ്ങനെയാണ് അതുവരെ മുന്‍മാതൃകകളില്ലാത്ത സാന്ത്വനപരിചരണസംരംഭം എന്ന് പറയാവുന്ന ഒന്നിന് യശോ രൂപംകൊടുക്കുന്നത്. കുഷ്ഠരോഗികളുടെയും മാരകരോഗങ്ങള്‍ ബാധിച്ച് പുറംതള്ളപ്പെട്ടവരുടെയും കേന്ദ്രമെന്ന രൂപത്തില്‍ അത് വികസിക്കുന്നുണ്ട്.
എന്നാല്‍, സുധിനനില്‍ ആത്മീയമായ ചിന്തകള്‍ എത്രത്തോളം പുഷ്‌കലമാണോ അതത്രയും കാമത്തിന്റെ രൂപത്തിലാണ്. അതില്‍നിന്നുമുള്ള മോചനം തേടിയുള്ള അലച്ചില്‍ വാസ്തവത്തില്‍ ആത്മീയമായുള്ള അയാളുടെ അന്വേഷണം കൂടിയായിത്തീരുന്നു. ബുദ്ധനില്‍ നിന്നോ ബുദ്ധശിഷ്യരായ ശ്രമണന്മാരില്‍ നിന്നോ അയാള്‍ ഒന്നും യഥാര്‍ത്ഥത്തില്‍ നേടുന്നില്ല. താന്‍ കടന്നുപോകുന്ന അനുഭവങ്ങളില്‍ നിന്നും അയാള്‍ക്ക് അതിലേറെ നേടുവാനാവുന്നുമുണ്ട്. അതൊരു തിരിച്ചറിവായി സുധിനനില്‍ ജ്ഞാനമുദ്രിതമാകുന്നത് മരണതുല്യമായ മറ്റൊരു രോഗപര്‍വത്തിലൂടെ കടന്നുപോയിട്ടാണെന്ന് മാത്രം. കര്‍മ്മഫലത്തില്‍ വിശ്വസിക്കുന്നതല്ല ബുദ്ധദര്‍ശനം. എന്നിരിക്കിലും കര്‍മ്മാനുഭവങ്ങളുടെ സാകല്യദര്‍ശനം സുധിനന്റെ അപൂര്‍ണ്ണതകളെ ഇല്ലാതാക്കുന്നുവെന്ന് നോവല്‍ വെളിപ്പെടുത്തുന്നുണ്ട്. സുധിനന്‍ കാമത്തില്‍ നിന്നും വിടുതി തേടുന്നുവെന്ന് തോന്നുമ്പൊഴെല്ലാം അതില്‍ കൂടുതല്‍ ആബദ്ധനാക്കപ്പെടുകയാണ്. ഇത്തരം ഓരോ അനുഭവവും ഒരിക്കലും ആവര്‍ത്തിക്കപ്പെടാത്ത വിധത്തിലുള്ള ആഴമുള്ള അനുഭവധാരകളായി സംക്രമിക്കുന്നുണ്ട് എന്നതും ഇതോടൊപ്പം എടുത്തുപറയേണ്ടതുണ്ട്. അനുഭവം തന്നെ ജ്ഞാനമായിത്തീരുന്ന ഒരു സവിശേഷ യാഥാര്‍ത്ഥ്യം അവിടെയെല്ലാം രൂപപ്പെടുകയാണ്. ചമ്പയുമൊത്തുള്ള വിശിഷ്ടമായ രതി, ഒരു ഗണിക അവളുടെ ആവശ്യക്കാരനുമായി ഏര്‍പ്പെടുന്ന വ്യാപാരതുല്യമാനങ്ങളുള്ള കേവലരതിയല്ല. സമൃദ്ധമായ രതി നിറഞ്ഞ ചമ്പയുടെ ജീവിതത്തില്‍ സുധിനനെ പോലുള്ള ഒരാളുമൊത്ത് ശയിക്കേണ്ട ആവശ്യവുമില്ല. പക്ഷെ, തന്റെ ജീവിതത്തിന്റെ സ്‌ത്രൈണപരമായ പൂര്‍ണ്ണത അതിലൂടെ നേടുന്നുണ്ട് എന്ന് ആ രതിയുടെ സൂക്ഷ്മാംശങ്ങളില്‍ നിന്നും വായിച്ചെടുക്കാം. ഒരര്‍ത്ഥത്തില്‍ ചമ്പയുടെ ജീവിതചക്രം അവിടെ പൂര്‍ത്തീകരിക്കപ്പെടുകയാണെന്ന് പറയാം. തുടര്‍ന്ന് നമ്മള്‍ വായിക്കുന്നത് അവളുടെ മൃതശരീരത്തിന്റെ അവസ്ഥാന്തരങ്ങളും അതിന്റെ പരിചരണങ്ങളുമാണ്. ഇതിനെല്ലാം സാക്ഷീഭവിക്കുന്ന സുധിനനാകട്ടെ അതൊരു തിരിച്ചറിവായിത്തീരുന്നില്ല. മരണം തിരിച്ചറിവായിത്തീരുന്നത് ആത്മീയമായൊരു ഉണര്‍വിലൂടെ മാത്രമാണ്. പ്രകൃതിയെ അതിന്റെ മുഴുവന്‍ സാകല്യത്തില്‍ ഉള്‍ക്കൊള്ളാനാവുന്നൊരു വികാസത്തെയാണ് ഇവിടെ ആത്മീയത എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ചമ്പയുടെ മരണമോ തന്റെ അമ്മയുടെ മരണം പോലുമോ അപ്പോഴൊന്നും സുധിനനെ ഇത്തരമൊരു ദര്‍ശനത്തിലേക്ക് ഉണര്‍ത്തുന്നില്ല. പിന്നീട് രതിയുടെ ചംക്രമണാത്മകമായ എത്രയോ അനുഭവധാരകളിലേക്കാണ് അയാള്‍ ഇറങ്ങിപ്പോകുന്നത്. ഓരോ രതിയും മറ്റൊരു രതിയുടെ തുടക്കമായി അവസാനിച്ചുകൊണ്ടിരുന്നു. രാജഗണികയായ വിമലാദേവിയുമൊത്തുള്ള രതിപോലും ഇത്തരം വലിയൊരു അനുഭവധാരയിലേക്കാണ് സുധിനനെ നയിക്കുന്നത്. സുധിനനില്‍ ശ്രേഷ്ഠനായൊരു ഭിക്ഷുവിനെയാണ് വിമലാദേവി കാണുന്നത്. കേവലം ശാരീരികം മാത്രമല്ലാത്ത ആത്മീയാനുഭൂതിയായിട്ടാണ് വിമലാദേവി അതുള്‍ക്കൊള്ളുന്നത്. ആ ഒരൊറ്റ രതിപൂര്‍ണ്ണതക്ക് വിലപ്പെട്ട സമ്മാനങ്ങള്‍ സുധിനന് നല്‍കുന്നുമുണ്ട്. ഇവിടെയെല്ലാം രതിയുടെ ആത്മീയമായൊരു മാനമാണ് പൂര്‍ത്തീകരിക്കപ്പെടുന്നതെങ്കിലും സുധിനന് അപ്പോഴും അത്തരം തിരിച്ചറിവുകള്‍ അന്യമാണ്. ഒടുവില്‍ ശരീരത്തിന്റെ പരിക്ഷീണതയില്‍ വീണുപോകുകയും ക്ലേശഭരിതമായ കാലം പിന്നിട്ട് ആന്തരീകമായൊരു സാകല്യത അയാളെ അത്തരമൊരു തിരിച്ചറിവിലേക്ക് ഉണര്‍ത്തുകയും ചെയ്യുന്നു.
നേരത്തെ പറയപ്പെട്ടിട്ടുള്ള പലവിധ ബുദ്ധകഥകളില്‍ നിന്നും വ്യത്യസ്തമായി, ‘ജീവഗാഥ’ ബൗദ്ധദര്‍ശനത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക മാത്രമല്ല, അക്കാലത്തെ സാമൂഹികസാഹചര്യങ്ങളുടെ ഏറെക്കുറെ കൃത്യമായ പശ്ചാത്തലവിന്യാസവും നടത്തിയിരിക്കുന്നു. അന്നത്തെ ജാതീയമായ ക്രമവിന്യാസങ്ങളും രീതികളും, നിയമപരമായ പരിവര്‍ത്തനങ്ങളും നിയന്ത്രണങ്ങളും, കച്ചവടസമ്പ്രദായങ്ങള്‍, പലതലത്തിലുള്ള ആളുകള്‍ തമ്മിലുള്ള വിവേചനപരമായ അന്തരങ്ങള്‍ ഇതെല്ലാം ജീവഗാഥയില്‍ നിന്നും വായിച്ചെടുക്കാം. നഗരം ഗ്രാമത്തിലേക്ക് ഇറങ്ങിവരുന്നതും, ഗ്രാമക്കൂട്ടായ്മകളില്‍ നിന്നും ഗ്രാമമുഖ്യന്മാരില്‍ നിന്നും രാജാവ് എന്ന ഏകകേന്ദ്രത്തിലേക്കുള്ള അധികാരമാറ്റവും, അതിനനുസൃതമായി ശിക്ഷാവിധികളില്‍ അടക്കം വരുന്ന ഭീകരമായ പരിഷ്‌കാരങ്ങളും, പലയാളുകള്‍ ചേര്‍ന്ന കൂട്ടായ്മ എടുക്കുന്ന തീരുമാനങ്ങളില്‍ നിന്നും ഒറ്റയ്‌ക്കൊരാളുടെ തീരുമാനം അന്തിമമാകുന്നതിന്റെ പ്രത്യാഘാതങ്ങളും അതിന്റെ അലംഘനീയതയുമെല്ലാം നോവല്‍ വരച്ചിടുന്നുണ്ട്. ജാതീയമായ ശ്രേണീതലങ്ങള്‍ക്കിടയില്‍ ഏറ്റവും താഴ്ന്നതെന്ന് കല്പിക്കപ്പെടുന്ന ചണ്ഡാലച്ചേരിയിലെ, അതിജീവനത്തിനായി പോരാടേണ്ടിവരുന്നവരുടെ അന്നത്തെ അവസ്ഥയും നോവലിലുണ്ട്. ഇത്തരം സാമൂഹികസാഹചര്യങ്ങളുടെ ഒരു സൃഷ്ടികൂടിയായിരുന്നു ബുദ്ധന്‍ എന്ന സൂചനയും ജീവഗാഥ നല്‍കുന്നു. ഒരു സ്വപ്‌നദര്‍ശനം പോലെ, ഗോതമബുദ്ധനെ തേടിപ്പോകുന്ന സുധിനന്‍ എത്തിപ്പെടുന്ന രണ്ട് സ്ഥലങ്ങള്‍ ശ്രദ്ധേയമാണ്. ഒന്ന്, അടിമത്തത്തിന്റെ നിഷ്ഠുരമായ പീഡനലോകമാണെങ്കില്‍, മറ്റൊന്ന് ഏറ്റവും ദുസ്സഹമായ നരബലി തുടങ്ങിയ അവസ്ഥകളുടെ ഇടുങ്ങിയ ലോകമാണ്. ഇത്തരം സാഹചര്യങ്ങളുടെയും അവസ്ഥകളുടെയും ആവശ്യം കൂടിയായിരുന്നു ബുദ്ധനും ബുദ്ധന്റെ ദര്‍ശനങ്ങളുമെന്ന് അടിവരയിടുകയാണ് ജീവഗാഥ. ധര്‍മ്മാനന്ദ കൊസാംബിയുടെയും ടി.ഡബ്ലിയു റൈറ്റ്‌വുഡിന്റെയും കൃതികളില്‍ നിന്നുമാണ് നോവലിനാവശ്യമായ ചരിത്രപരമായ ഈ അംശങ്ങള്‍ സ്വീകരിച്ചതെന്ന് നോവലിസ്റ്റ് പറയുന്നുണ്ട്.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
തിച്ച്‌നാക്ഹന്റെ പഴയ പാത, വെളുത്ത മേഘങ്ങള്‍ എന്ന പുസ്തകത്തില്‍ അധികമാരും ശ്രദ്ധിക്കപ്പെടാതെ കേവലമൊരു പരാമര്‍ശമായി കടന്നുപോകുന്ന ഒരു ചെറുകഥാപാത്രത്തെ ജീവഗാഥയുടെ കേന്ദ്രസ്ഥാനത്തേയ്ക്ക് കൊണ്ടുവരുന്നതിന് കാരണം, സുധിനന്‍ എന്ന ഭിക്ഷു ബ്രഹ്മചര്യമര്യാദകള്‍ ലംഘിക്കുന്നതോടെയാണ് ബുദ്ധന്ലൈം ഗികനിയമങ്ങളുണ്ടാക്കേണ്ടിവരുന്നത് എന്നുള്ളതാണ്. പിന്നീട് ബൗദ്ധവിഹാരങ്ങളുടെ പ്രധാന പ്രത്യേകത തന്നെ ഈ കര്‍ശനമായ ലൈംഗികവിലക്കായിത്തീര്‍ന്നുവെന്ന് പറയാം. തന്നെ മദിപ്പിക്കുന്ന കാമച്ചൂടിന്റെ ആന്തരീകമായ ശക്തിയില്‍നിന്നുമുള്ള മോചനം തേടിയാണ് സുധിനന്‍ ബുദ്ധസാമീപ്യത്തിലെത്താനായി ആഗ്രഹിക്കുന്നത്. ഗോതമബുദ്ധനെ കാണുകയെന്നത് ജാതീയമായ കൊടും പീഡനങ്ങളില്‍ നിന്നുമുള്ള അതിജീവനമായിരുന്നു പലര്‍ക്കുമെങ്കിലും സുധിനന് അത് തന്റെ തന്നെ ലൈംഗികതയില്‍ നിന്നുള്ള വിമോചനമായിരുന്നു. അതാകട്ടെ അത്രമാത്രം ക്ലേശകരവും. ബുദ്ധനെ തേടിയുള്ള യാത്ര സുധിനന്റെ അനേകം ജന്മങ്ങളിലൂടെയുള്ള പലായനം കൂടിയാണ്. മരണതുല്യമായ നിരവധി അവസ്ഥകളിലൂടെ സുധിനന്‍ കടന്നുപോകുന്നുണ്ട്. അടിമകളെ മൃഗതുല്യം പീഡിപ്പിച്ചു രസിക്കുന്ന, മാനുഷികത അങ്ങേയറ്റം അറ്റുപോയ, മനുഷ്യരെന്നുപോലും വിളിക്കാന്‍ ലജ്ജിക്കേണ്ടിവരുന്ന അധികാരവിഭാഗം, അവരുടെ ഏകപക്ഷീയവും സ്വേച്ഛാപരവുമായ നീതിനിര്‍വഹണങ്ങള്‍. ഇതെല്ലാം സുധിനന്റെ ജീവിതത്തെ അത്യന്തം ക്ലേശകരമായ അനുഭവവിതാനത്തിലൂടെയാണ് കടത്തിവിടുന്നത്. ഒടുവില്‍, മാസങ്ങള്‍ നീണ്ട യാത്രയ്‌ക്കൊടുവിലായി ബുദ്ധനുണ്ടായിരുന്നുവെന്ന് അറിയാന്‍ കഴിഞ്ഞ ആ വിഹാരത്തില്‍ എത്തിപ്പെടുമ്പോഴേക്കും അവിടെ നിന്നും അദ്ദേഹം മറ്റൊരിടത്തേക്ക് പുറപ്പെട്ടിരുന്നു. മൊഗല്ലാന എന്ന ബുദ്ധശിഷ്യനായിരുന്നു അവിടത്തെ ഗുരു. വിഹാരത്തില്‍ സുധിനന്റെ സഹഭിക്ഷുക്കള്‍ പലവിധ പശ്ചാത്തലങ്ങളില്‍ നിന്നും കടന്നുവന്ന് മാനസാന്തരപ്പെട്ടവരായിരുന്നു. ജാതി, കൊലപാതകം, നികൃഷ്ടജീവിതം ഇവയൊക്കെ സൃഷ്ടിച്ച ദുരവസ്ഥകളില്‍ നിന്നുമുള്ള വിമലീകരണമായിരുന്നു അവരുടെ ബൗദ്ധജീവിതത്തിലേക്കുള്ള പരിവര്‍ത്തനമെങ്കില്‍ സുധിനന്റേത് ലൈംഗികത മാത്രമായിരുന്നുവെന്നുള്ളത് കൃത്യമാണ്. താന്‍ അനുഭവിച്ചറിഞ്ഞ സാമൂഹികമായ ശൈഥില്യങ്ങളുടെ നഗ്‌നമായ ഭീകരതയൊന്നും അവനില്‍ ഗോതമബുദ്ധനിലേക്കുള്ളൊരു ശക്തമായ പ്രേരണയായിത്തീരുന്നില്ല. ബുദ്ധനിലേക്കുള്ള അവസാനത്തെ വഴി തുറന്നുകൊടുക്കുന്ന സുജാത പോലും അവനില്‍ കാമചിന്തയുടെ ഓളങ്ങളാണ് വിടര്‍ത്തുന്നത്.
അധഃസ്ഥിതരെന്ന് കരുതപ്പെട്ടിരുന്ന വിഭാഗത്തിള്‍ പെടുന്നവളും തന്റെ മാതാവിനോളം പ്രായമുള്ളവളും ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവളുമായ യശോയാണ് സുധിനനില്‍ കാമമുണര്‍ത്തുന്ന പ്രധാനപ്പെട്ട ഒരാള്‍. അതിനുമുമ്പേ പുഴയില്‍ നിന്നും ഉയര്‍ന്നുവരുന്ന നഗ്‌നയായൊരു പെണ്‍കുട്ടിയുടെ അവ്യക്തദര്‍ശനം സുധിനന്റെ ബോധതലങ്ങളെ ഇടയ്ക്കിടെ കടന്നാക്രമിക്കാന്‍ തുടങ്ങിയിരുന്നു. പിന്നീട് ‘ബുദ്ധ’നില്‍നിന്നും പുറപ്പെട്ടുപോരുന്നതിന്റെ തലേന്നുരാത്രി, ആ പെണ്‍കുട്ടി തന്നില്‍തന്നെയുള്ള, തന്നെ നിരന്തരം പിന്തുടരുന്ന, തന്റെ ആളിക്കത്തുന്ന കാമത്തിന്റെ ജൈവീകരൂപം തന്നെയാണെന്ന് സുധിനന്‍ തിരിച്ചറിയുന്നുണ്ട്.
ബുദ്ധമതത്തിന്റെ പരാജയത്തിന് ഹേതു അതിന്റെ ദാര്‍ശനികസംജ്ഞകളെ പ്രയോഗവത്ക്കരിക്കുന്നതില്‍ സംഭവിച്ച പാളിച്ചകളാണെന്ന് പല പഠനങ്ങളും പറയുന്നുണ്ട്. മാനുഷികമായ ചോദനകളെ അടിച്ചമര്‍ത്തുന്നത് വിപരീതമായ ഫലങ്ങള്‍ക്കിടയാക്കുമെന്നതും തര്‍ക്കമറ്റ വസ്തുതതന്നെ. ബുദ്ധമതം ശരിക്കും ജീവിതനിരാസത്തെയാണോ പ്രോത്സാഹിപ്പിച്ചതെന്നൊരു വലിയ സന്ദേഹവുമുണ്ട്. ഈ പശ്ചാത്തലത്തില്‍ ജീവഗാഥയില്‍ നിന്നും വെളിപ്പെടുന്ന സൂചനകള്‍ക്ക് നിരവധി മാനങ്ങളുണ്ട്. ഒരു നോവലെന്നതിലുപരി അതൊരു ആശയവും ചിന്താധാരയുമായിത്തീരുന്നു. സ്വന്തം ആന്തരികജീവിതത്തെ നഗ്‌നമായി തൊട്ടറിയുന്ന സുധിനന്‍ ഒടുവില്‍ കാലത്തിന്റെ നിരാര്‍ദ്രമായ പീഡനങ്ങളിലൂടെ കടന്നുപോയി സഹനങ്ങളുടെയും ക്ലേശങ്ങളുടെയും മഹാപര്‍വം പൂര്‍ത്തീകരിക്കുന്നു. അപ്പോള്‍ മാത്രമാണ് അയാള്‍ക്ക് പുഴയുടെയും സ്ത്രീയുടെയും പ്രകൃതിയുടെയുമെല്ലാം സാരം വെളിപ്പെടുന്നത്. പ്രപഞ്ചത്തെ നിരാകരിക്കുമ്പോഴല്ല, പ്രപഞ്ചത്തെ അതിന്റെ സമഗ്രതയോടെ ആശ്ലേഷിക്കുമ്പോഴാണ് ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. ഭിക്ഷു അത്തരമൊരു സാകല്യത്തിന്റെ പൂര്‍ത്തീകരണമാണ്. എല്ലാത്തിനെയും തന്നില്‍തന്നെ അടക്കാന്‍ കഴിവുള്ളവനേ ഒരു ഭിക്ഷുവാകാനാകൂ. എന്നാല്‍, മനുഷ്യന്‍ പ്രകൃതിയെ നിരസിക്കും തോറും അത് അത്രമാത്രം അവനില്‍ ശക്തിയോടെ ആവേശിക്കപ്പെടുവാന്‍ തുടങ്ങുമെന്നൊരു ദര്‍ശനം മനുഷ്യജീവിതത്തെ ചൂഴ്ന്നുനില്ക്കുന്നുണ്ട്. ജീവഗാഥയും സുധിനനും അത് ശരിവെയ്ക്കുവെന്ന് പറയാം.
സന്യാസം ജീവിതത്തോട് നിഷേധം പുലര്‍ത്തുന്നതാണോ എന്നൊരു ചോദ്യം ഇവിടെ പ്രസക്തമാകുന്നു. മതപരമായൊരു പശ്ചാത്തലത്തില്‍ നിന്നും മാറ്റിനിര്‍ത്തിയാല്‍ ഈ ചോദ്യത്തിന് ഏറെ സാംഗത്യവുമുണ്ട്. പക്ഷെ, നിയതിയുടെ വഴിത്താരയില്‍ ഒരു ജീവിതവും പ്രവചനാത്മകമല്ല എന്നു പറയുന്നിടത്താണ് ശരി നിലകൊള്ളുന്നത്. ജീവിതം എപ്പോഴും നിരര്‍ത്ഥകമായൊരു സമസ്യയാണ്. എന്നിരിക്കലും അതംഗീകരിക്കാന്‍ കൂട്ടാക്കാത്തിടത്താണ് മനുഷ്യന്റെ ഏറ്റവും വലിയ വെല്ലുവിളി. ബുദ്ധന്‍ കണ്ടെത്തിയെന്ന് പറയുന്ന ആ മഹാസത്യം പോലും വ്യക്തിപരമായൊരു ആപേക്ഷികതയായി മാറുന്നതും അതുകൊണ്ടുതന്നെയാണ്. ആന്തരീകമായ ബന്ധപാശങ്ങളും അവ നിശ്ചയിക്കുന്ന കര്‍മ്മഗതികളും സൃഷ്ടിക്കുന്ന വൈകാരികതയുടെ വലിയൊരു സമ്മര്‍ദ്ദലോകവും എക്കാലത്തും മനുഷ്യനെ ചൂഴ്ന്ന് നില്‍ക്കുന്നുണ്ട്. മറികടന്നുവെന്ന് അവകാശപ്പെടുന്നവരാരും ഒന്നും മറികടന്നവരല്ലെന്ന യാഥാര്‍ത്ഥ്യം നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതുമാണ്. ആത്മീയത എന്നത് സ്വയം നഗ്‌നമാക്കപ്പെടുന്ന ഒരു വിശുദ്ധികര്‍മ്മമാണ്. സ്വന്തം യാഥാര്‍ത്ഥ്യങ്ങളുടെ നേരെ നമസ്‌കരിക്കാനാവുന്നൊരു വിശാലഭാവം കൊണ്ടേ ഈ ആത്മീയതയിലേക്ക് ഉണരാനാവൂ. പ്രകൃതി മാത്രമാണ് അതിനുള്ള ഉപാധി. അതിനെ അറിയുക, അനുഭവിക്കുക, അതിലൂടെ കടന്നുപോകുക. സുധിനന്‍ പിന്നിടുന്ന ഒരോ കാലപഥത്തിലും പ്രകൃതിയുടെ വിവിധ ഭാവങ്ങളും രൂപങ്ങളും അയാളെ പിന്തുടരുന്നുണ്ട്. പ്രകൃതിയോടുള്ള ഓരോ വിച്ഛേദനവും കൂടുതല്‍ ശക്തിയോടെ അയാളെ അതിലേക്ക് വലിച്ചടുപ്പിക്കുന്നു. നഗ്‌നമാക്കപ്പെട്ട കാമത്തിന്റെ പ്രകമ്പനമായി അതയാളെ കൂടുതല്‍ കൂടുതല്‍ തളര്‍ത്തിക്കൊണ്ടേയിരിക്കുന്നു. ഇന്ദ്രിയങ്ങള്‍ ക്ഷയിച്ച്, രോഗപീഡകളാല്‍ വിമലീകരിക്കപ്പെട്ടിട്ടുപോലും ശുദ്ധത നേടാനാവാത്ത സുധിനന്‍ തിരിച്ചറിയുന്ന മറ്റൊരു സത്യം ഒളിച്ചോട്ടമല്ല നേരിടലാണ് ഒരേയൊരു മാര്‍ഗ്ഗം എന്നുള്ളതാണ്. വാസ്തവത്തില്‍ ജയപരാജയങ്ങള്‍ക്കപ്പുറം ഈ നേരിടല്‍ തന്നെയാണ് ജീവിതം. അതുകൊണ്ടാണ് സുധിനന്‍ പുറപ്പെട്ടേടത്ത് തന്നെ എത്തിച്ചേരുന്നതും. അത് എത്ര ദൂരം പിന്നിട്ടിട്ടായാല്‍ പോലും. പക്ഷെ, പുറപ്പെട്ടയാള്‍ തന്നെയാണോ തിരിച്ചെത്തുന്നത്? അതാണ് ജീവഗാഥയുടെ വായന തുറന്നിടുന്ന ദാര്‍ശനികലോകം.
മനുഷ്യന്‍ നേരിടുന്ന നിതാന്തമായ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും നേരിടുന്ന രചനകളാണ് ആത്മീയമാനമുള്ള രചനകള്‍. അതുകൊണ്ടുതന്നെ അവ ക്ലാസിക്കുകളെന്ന് വിലയിരുത്തപ്പെടുകയും ചെയ്യുന്നു. ആ അര്‍ത്ഥത്തില്‍ ജീവഗാഥ ഒരു ക്ലാസിക് രചന തന്നെയെന്ന് പറയാം. പ്രമേയത്തിന്റെ സ്വഭാവത്തിനനുസൃതമായ ഭാഷയും രൂപകങ്ങളും ഉപമകളും നോവലിന്റെ ഗാഢത വര്‍ദ്ധിപ്പിക്കുന്നു. നോവലിന്റെ ആദ്യാവസാനം നിറഞ്ഞുനില്ക്കുന്ന പുഴയും അതിന്റെ വിഭിന്നമായ ഭാവ-രൂപ ഭേദങ്ങളുമെല്ലാം മനുഷ്യന്റെ ആന്തരീകമായ അലച്ചിലിന്റെ ചാരുതയാര്‍ന്ന രൂപകങ്ങളാകുന്നു. പുഴ മാത്രമല്ല രോഗവും വേദനയും വിരഹവും നിറങ്ങളും നാഗങ്ങളും തിത്തിരിപ്പക്ഷികളും ശ്രമണന്മാരും ആകാശവും പ്രയാണവും എല്ലാം കഥയുടെ സൗന്ദര്യത്തെ വായനക്കാരിലേക്ക് സംക്രമിപ്പിക്കുവാനുള്ള കൃത്യമായ സംവേദനഘടകങ്ങളായി എഴുത്തുകാരന്‍ പ്രയോഗിക്കുന്നുണ്ട്. മഹാഭാരതകഥകള്‍ പോലെയോ കഥാസരിത്സാഗരം പോലെയോ വിക്രമാദിത്യകഥകള്‍ പോലെയോ വായിച്ചുപോകാവുന്ന പ്രൗഢപുഷ്‌കലമായ ഭാഷയും ആഖ്യാനവുമാണ് ജീവഗാഥയുടെ ഏറ്റവും മികച്ച സൗന്ദര്യം. അതാകട്ടെ, കവിതയോടെ ചേര്‍ന്നുനില്ക്കുന്നതുമാണ്.
Comments are closed.