ജെ സി ബി പുരസ്ക്കാരം 2021 എം മുകുന്ദന്റെ ‘ദൽഹിഗാഥകൾ’ ക്ക്,ഡി സി ബുക്സിന് നാല് വര്‍ഷത്തിനിടെ മൂന്നാം തവണയും അംഗീകാരം
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരം(2021) എം മുകുന്ദന് . 25 ലക്ഷമാണ് പുരസ്‌ക്കാരത്തുക. ഒപ്പം വിവർത്തനം നിർവ്വഹിച്ചയാൾക്ക് 10 ലക്ഷം രൂപയും സമ്മാനത്തുകയായി ലഭിക്കും. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച എം മുകുന്ദന്റെ ദല്‍ഹിഗാഥകളുടെ ഇംഗ്ലീഷ് പരിഭാഷ ‘Delhi: A Soliloquy’ ക്കാണ് പുരസ്‌കാരം. ഫാത്തിമ ഇ.വി, നന്ദകുമാര്‍ കെ എന്നിവര്‍ ചേര്‍ന്നാണ് പുസ്തകം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്. പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കിയത് വെസ്റ്റ്‌ലാന്‍ഡ് പബ്ലിഷേഴ്‌സാണ്.
ഇന്ത്യന്‍ ജീവിതത്തിന്റെ ഗതിവിഗതികളെ നിര്‍ണ്ണയിക്കുന്ന അധികാരസിരാകേന്ദ്രമായ ദല്‍ഹിയെയും ആയിരത്തിത്തൊള്ളായിരത്തി അറുപതുകള്‍ മുതല്‍ ഇന്നേവരെ അവിടെയുണ്ടായ സംഭവപരമ്പരകളെയും പശ്ചാത്തലമാക്കി രചിച്ച നോവലാണ് എം മുകുന്ദന്റെ ‘ദല്‍ഹിഗാഥകള്‍’. ചരിത്രത്താളുകളില്‍ നായകരും പ്രതിനായകരുമായി പ്രത്യക്ഷപ്പെടുന്ന വ്യക്തികളല്ല, ദല്‍ഹിയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട സാധാരണക്കാരാണ് ഇതിലെ കഥാപാത്രങ്ങള്‍. അവരുടെ ജീവിതത്തില്‍ ചരിത്രവും ചരിത്രസംഭവങ്ങളും എങ്ങനെയെല്ലാം ഇടപെടുന്നു എന്നും അവരുടെ വൈയക്തികസാമൂഹ്യജീവിതം എങ്ങനെയെല്ലാം മാറ്റി മറിക്കപ്പെടുന്നുവെന്നും നമുക്ക് അനുഭവവേദ്യമാക്കുന്നു. ഇന്ത്യന്‍ അവസ്ഥയുടെ സങ്കീര്‍ണതകള്‍ മുഴുവന്‍ നോവലിലൂടെ ഇഴപിരിക്കാനുള്ള വിജയകരമായ ഒരു ശ്രമം.
ജെസിബി പുരസ്‌കാരം ആരംഭിച്ച് നാല് വര്‍ഷത്തിനിടെ മൂന്നാം തവണയാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്ക് പുരസ്‌കാരം ലഭിക്കുന്നത്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച എസ്.ഹരീഷിന്റെ പ്രശസ്ത നോവൽ മീശയുടെ ഇംഗ്ലീഷ് വിവർത്തനമായ Moustache-നാണ് 2020-ലെ പുരസ്‌ക്കാരം ലഭിച്ചത്. നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ജയശ്രീ കളത്തിലാണ് നിർവ്വഹിച്ചിരിക്കുന്നത്. 2018-ലെ പ്രഥമ ജെ.സി.ബി സാഹിത്യ പുരസ്‌കാരം മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ ബെന്യാമിന്റെ ജാസ്മിന്‍ ഡെയ്‌സ് എന്ന കൃതിക്കായിരുന്നു. ബെന്യാമിന്റെ മുല്ലപ്പൂനിറമുള്ള പകലുകള്‍ എന്ന മലയാളനോവല്‍ ജാസ്മിന്‍ ഡെയ്‌സ് എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് ഷഹനാസ് ഹബീബായിരുന്നു. അവസാന പട്ടികയില്‍ വി ജെ ജയിംസിന്റെ ആന്റി ക്ലോക്കും ഇടം പിടിച്ചിരുന്നു.
ഇന്ത്യയില്‍ സാഹിത്യരചനകള്‍ക്ക് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന ജെ.സി.ബി സാഹിത്യ പുരസ്‌കാരം ജെ.സി.ബി ലിറ്ററേച്ചര്‍ ഫൗണ്ടേഷനാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. പൂര്‍ണ്ണമായും ഇന്ത്യന്‍ എഴുത്തുകാരെ കണ്ടെത്തുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2018 മുതലാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഇന്ത്യാക്കാര്‍ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്.
Comments are closed.