കേരളവ്യാസന്റെ ചരമവാര്‍ഷികദിനം
ലോഭമില്ലാതെ സംസ്‌കൃതപദങ്ങള്‍ വാരിക്കോരിയിരുന്നവരെ കവികുലപതികളായി വാഴ്ത്തിപ്പാടിയിരുന്ന ഒരു കാലത്ത് പച്ചമലയാളത്തില്‍ കവിതയെഴുതി സാഹിത്യലോകത്തെ വിസ്‌യപ്പെടുത്തിയ മഹാപ്രതിഭയായിരുന്നു കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ . മഹാഭാരതത്തിന്റെ വിവര്‍ത്തനം മാത്രം മതിയാകും അദ്ദേഹത്തന്റെ പ്രതിഭയെ സാക്ഷ്യപ്പെടുത്താന്‍. മറ്റു പല കൃതികളും രചിക്കുകയും മണിക്കൂറുകള്‍ ചടഞ്ഞിരുന്ന് ചതുരംഗംവയ്ക്കുകയും ചെയ്തിരുന്നതിനിടയില്‍ അല്പവും ക്ലേശിക്കാതെ, കേട്ടെഴുത്തുകാരുടെ സഹായത്തോടെ. ഒന്നേകാല്‍ ലക്ഷം ശ്ലോകങ്ങളുള്ള മഹാഭാരതം കേവലം 874ദിവസംകൊണ്ട് തര്‍ജ്ജമചെയ്ത മനുഷ്യനെ കേരളവ്യാസനെന്നല്ലാതെ മറ്റെന്തു വിളിക്കാനാകും?
വ്യസഭഗവാന്റെ മഹാഭാരതം ലോകത്തിന് എന്നും അത്ഭുതമായിരുന്നു. ഒരു മനുഷ്യായുസ്സില്‍ ചെയ്തുതീര്‍ക്കാനാവുന്നതല്ല ഈ ബൃഹദ്ഗ്രന്ഥം എന്ന് വിദേശ ചരിത്ര പണ്ഡിതന്‍മാരോടൊപ്പം നമ്മുടെ പണ്ഡിതന്‍മാരും വാദിച്ചിരുന്നു. പലകാലങ്ങളില്‍ പലരുടെ കൂട്ടിച്ചേര്‍ക്കലുകളാണ് മഹാഭാരതത്തെ ഇന്നുള്ള രൂപത്തിലാക്കിയത് എന്ന വാദത്തിനുള്ള ചുട്ടമറുപടിയായിരുന്നു കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റ മഹാഭാരത വിവര്‍ത്തനം.
രണ്ടോ മൂന്നോ മണിക്കൂറുകള്‍കൊണ്ട് സ്രഗ്ധര തുടങ്ങിയ വലിയ വൃത്തങ്ങളില്‍ നൂറോളം ശ്ലോകങ്ങളടങ്ങിയ ഒരു ഖണ്ഡകാവ്യം, അഞ്ചുമണിക്കൂര്‍കൊണ്ട് അഞ്ചംഗങ്ങളും നൂറിലേറെ ശ്ലോകങ്ങളും ഗദ്യഭാഗങ്ങളും അടങ്ങിയ നാടകം ഈ രീതിയിലായിരുന്നു അത്ഭുകവിയുടെ രചന. പരദേവതയായ ഭദ്രകാളി ആവേശിക്കുന്നതിന്റെ ഫലമായാണ് തമ്പുരാന് ഈ സിദ്ധി കൈവന്നതെന്ന് സമകാലീനരായ പലരും വിശ്വസിച്ചിരുന്നതായി അദ്ദേഹത്തിന്റെ ജീവചരിത്രഗ്രന്ഥത്തില്‍ പറയുന്നുണ്ട്. എന്തായാലും ദ്രുതകവനത്തിന്റെ കാര്യത്തില്‍ അത്ഭുതംതന്നെയായിരുന്നു തമ്പുരാന്‍.
വെണ്‍മണി പാര്യമ്പര്യമാണ് ആ കാലഘട്ടത്തിലെ മറ്റു പല കവികളില്‍ നിന്നും അദ്ദേഹത്തെ വേര്‍തിരിച്ചു നിര്‍ത്തുന്നത്. തമ്പുരാന്‍ കത്തുകളയച്ചിരുന്നതു പോലും കവിതയിലായിരുന്നു. അച്ഛന്റെ മരണവാര്‍ത്തയറിച്ചുകൊണ്ട് നടുവത്തച്ഛന്‍ നമ്പൂതിരിക്കയച്ച കത്ത് ആരംഭിക്കുന്നതിങ്ങനെയാണ്
‘മനസ്സു വല്ലാതുഴലുന്നു, കണ്ണില്‍
കനത്തു കണ്ണീരൊലി വന്നിടുന്നു
അനക്കിയാല്‍ കൈവിറയുണ്ടെഴുത്തി
ന്നെനിക്കു വിഗ്‌നം പലതുണ്ടിദാനീം’
തമ്പുരാന്റെ വാത്സല്യഭാജനാമായിരുന്ന മകന്‍ പേപ്പട്ടിയുടെ കടിയേറ്റു മരിച്ചതിനെ ഒരു കത്തില്‍ ഇങ്ങനെ പരാമര്‍ശിച്ചിരിക്കുന്നു
‘നമ്മുടെ മകനുടെ കൈയ്യില്‍
ചുമ്മാ നില്ക്കുന്ന നേരമൊരു പട്ടി
നിര്‍മ്മര്യാദം കടിപിടി
യമ്മേ! പറ്റിച്ചു, പറ്റു പറ്റിച്ചു’
അടിമുടി കവി എന്ന് ആരെയെങ്കിലും വിളിക്കാമെങ്കില്‍ അത് കുഞ്ഞിക്കുട്ടന്‍ തമ്പുരാനെയാണ്. അദ്ദേഹം എഴുതിക്കൂട്ടിയ കവിതകള്‍ ഇന്നും പൂര്‍ണ്ണമായി സമാഹരിക്കപ്പെട്ടിട്ടില്ല. തന്റെ അപാരമായ സംസ്‌കൃത പാണ്ഡിത്യം മലയാള ഭാഷയുടെ സര്‍വതോന്‍മുഖമായ പുരോഗതിയ്ക്കായി വിനിയോഗിച്ച മാതൃഭാഷാ പ്രണയിനിയാണ് അദ്ദേഹം. 1913 ജനുവരി 22 ന് അദ്ദേഹം അന്തരിച്ചു.
Comments are closed.