എം. വി. ദേവന്റെ ജന്മവാര്‍ഷിക ദിനം
പ്രമുഖ ശില്പിയും ചിത്രകാരനും എഴുത്തുകാരനുമായ എം. വി. ദേവന്‍ 1928 ജനുവരി 15ന് തലശ്ശേരിക്കടുത്ത് പന്ന്യന്നൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം 1946ല്‍ മദ്രാസില്‍ ചിത്രകല പഠിക്കുവാനായി പോയി. മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്ട് ആന്റ് ക്രാഫ്റ്റ്‌സില്‍ ഡി.പി. റോയ് ചൗധരി, കെ.സി.എസ്. പണിക്കര്‍ തുടങ്ങിയവരുടെ കീഴില്‍ ചിത്രകല അഭ്യസിച്ചു.
മദ്രാസില്‍ നിന്ന് തിരിച്ചുവന്ന അദ്ദേഹം മാതൃഭൂമി ദിനപത്രത്തില്‍ മുഴുവന്‍ സമയ ചിത്രകാരനായി ജോലിയില്‍ പ്രവേശിച്ചു. 1952 മുതല്‍ 1961 വരെ മാതൃഭൂമിയില്‍ ജോലി ചെയ്തു. അതിനുശേഷം ‘സതേണ്‍ ലാങ്ഗ്വജസ് ബുക്ക് ട്രസ്റ്റ്’ എന്ന സ്ഥാപനത്തില്‍ കലാ ഉപദേഷ്ടാവായി ജോലിയില്‍ പ്രവേശിച്ചു. മദ്രാസ് ലളിതകലാ അക്കാദമി, ന്യൂഡല്‍ഹി ലളിതകലാ അക്കാദമി, എഫ്.എ.സി.ടി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു.
ദേവസ്പന്ദനം, ദേവയാനം, സ്വാതന്ത്ര്യം കൊണ്ട് നാം എന്തു ചെയ്തു തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചു. ദേവസ്പന്ദനം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. രാജാരവിവര്‍മ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, ചെന്നൈ റീജ്യണല്‍ ലളിതകലാ അക്കാദമി ഫെലോഷിപ്പ്, ക്രിട്ടിക്‌സ് അവാര്‍ഡ്, കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2014 ഏപ്രില്‍ 29ന് അദ്ദേഹം അന്തരിച്ചു.
Comments are closed.