DCBOOKS
Malayalam News Literature Website

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി; രാഷ്ട്രപതിയുടെ വിജ്ഞാപനം പുറത്തിറങ്ങി

ദില്ലി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതോടെ ജമ്മു കശ്മീരിന് പ്രത്യേക പദവിയും അധികാരവും അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 35A യും ഇല്ലാതാവും. ഇതോടെ, ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാവും.

ഇന്നു രാവിലെയാണ് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാനതീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചത്. അധികം വൈകാതെ രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങി. അതേസമയം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്ത പ്രതിഷേധം വകവെയ്ക്കാതെയാണ് പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ പ്രത്യേക യോഗത്തിനു ശേഷമായിരുന്നു സര്‍ക്കാരിന്റെ നിര്‍ണ്ണായകതീരുമാനം.

ജമ്മു-കശ്മീരിനെ വിഭജിക്കുമെന്നും പാര്‍ലമെന്റില്‍ ഇന്ന് അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. ജമ്മു-കശ്മീര്‍ നിയമസഭയുള്ള കേന്ദ്രഭരണപ്രദേശമായിരിക്കും. ലഡാക്കില്‍ നിയമസഭയുണ്ടാവില്ല, പകരം കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിന് കീഴിലായിരിക്കും പ്രദേശം. ഇതിന് അംഗീകാരം തേടി അമിത്ഷാ രാജ്യസഭയില്‍ അവതരിപ്പിച്ച പ്രമേയം വലിയ ബഹളത്തിലാണ് കലാശിച്ചത്.

Comments are closed.