ചോര കണ്ണീരായി പെയ്ത ഒരു ജീവിതം
വിചാരണ കൂടാതെതന്നെ സ്ത്രീയെ ജീവപര്യന്തം തടവിന് വിധിക്കുന്ന സാമൂഹികാനാചാരത്തിന്റെ ഓമനപ്പേരാണ് വിവാഹം. ചുരുക്കം ചിലർ വധശിക്ഷക്കുപോലും വിധിക്കപ്പെടാം. മോചനമെന്നല്ല, താൽക്കാലിക പരോളും മിക്ക സ്ത്രീകൾക്കും അപ്രാപ്യമായിരിക്കും. ഭാഗ്യശാലികൾ ചിലർക്ക് തുറന്ന ജയിലിലേക്കു സ്ഥലംമാറ്റം കിട്ടുമെന്നതൊഴിച്ചാൽ കുടുംബം വെള്ളപൂശിയ തടവറയല്ലാതെ മറ്റൊന്നുമല്ല.
ശാരീരികവും മാനസികവും ലൈംഗികവും വൈകാരികവും ബൗദ്ധികവും സാമ്പത്തികവുമായ പീഡനങ്ങളുടെ പരമ്പരകളിലൂടെ ജീവിതകാലം മുഴുവൻ കടന്നുപോകുന്ന നരകാനുഭവങ്ങളെയാണ് മിക്ക സ്ത്രീകൾക്കും ദാമ്പത്യം എന്നു വിളിക്കേണ്ടിവരുന്നത്. ലോകാരംഭം തൊട്ടിന്നോളം മനുഷ്യവംശത്തിന്റെ മാറാവിധിയായി നിലനിൽക്കുന്ന ആൺകോയ്മയിലടിയുറച്ച ഈ വ്യവസ്ഥയെക്കുറിച്ച് മലയാളത്തിലെഴുതപ്പെട്ടിട്ടുള്ള ഏറ്റവും ആഘാതശേഷിയുള്ള കുറ്റപത്രമാണ് എച്ച്മുക്കുട്ടിയുടെ ആത്മകഥ – ‘ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക’. ആണധികാരത്തിന്റെ അടിക്കല്ലിളക്കുന്ന സാമൂഹ്യവിചാരണയായും ആത്മബോധമുള്ള സ്ത്രീ സ്വന്തം ജീവിതത്തിനുവേണ്ടി നടത്തുന്ന വിമോചനസമരമായും ഒരേസമയം വായിക്കാവുന്ന ധീരരചന. ജീവരക്തം കൊണ്ടെഴുതിയ വാക്കുകൾ എന്നൊക്കെ പലരും ആലങ്കാരികമായി പറയാറില്ലേ – ഈ പുസ്തകം വായിച്ചാൽ നിങ്ങൾക്കതിന്റെ നീറ്റലും പൊള്ളലും കയ്പും ഒന്നിച്ചനുഭവപ്പെടും. തലച്ചോറിൽ തീക്കൊള്ളികൊണ്ടു കുത്തുംപോലെ ഈ സ്ത്രീയുടെ കഥ നിങ്ങളുടെ സ്വാസ്ഥ്യം കെടുത്തും. അതിശയോക്തിയേതുമില്ലാതെ പറയാം, മലയാളത്തിൽ ഇന്നോളമെഴുതപ്പെട്ടിട്ടുള്ള ഒരു സ്ത്രീയനുഭവവും ഇത്രമേൽ പ്രാണതീവ്രതയോടെ നമ്മുടെ വിവാഹ-ദാമ്പത്യ-കുടുംബവ്യവസ്ഥയുടെ അകനരകങ്ങളെ വലിച്ചു പുറത്തിട്ടിട്ടില്ല. മുൻപൊരിക്കലും മലയാളിപുരുഷൻ ധാർമികമായി ഇത്രമേൽ നഗ്നനാക്കപ്പെട്ടിട്ടില്ല. സ്വന്തം പീഡാനുഭവങ്ങളെ ഒരു സ്ത്രീയും ഇത്രമേൽ ഹൃദയസ്പർശിയായി ചിത്രീകരിച്ചിട്ടില്ല.
മത, വർഗാഹന്തകളും, ജാതി, വർണ വെറികളും, ധന, ലൈംഗികാധികാരങ്ങളും ആണിനു നിർമ്മിച്ചുകൊടുക്കുന്ന അപ്രമാദിത്വങ്ങൾക്കുമേൽ ഒരു മലയാളിസ്ത്രീ നടത്തിയ ആസിഡാക്രമണമാണ് ഈ ആത്മകഥ. ‘ഇതെന്റെ രക്തമാണ്’ വായിക്കൂ, മേലാൽ മലയാളിപുരുഷന് ആത്മനിന്ദയോടെയല്ലാതെ കണ്ണാടിയിൽ തന്റെ മുഖം നോക്കാനാവില്ല. ഈ ആത്മകഥയിലെ പ്രതിപുരുഷന്മാരായ ജോസഫും എച്ച്മുക്കുട്ടിയുടെ അച്ഛനും മലയാളിആണിന്റെ എക്കാലത്തെയും തിണ്ണമിടുക്കിന്റെ കത്തിവേഷങ്ങളാണ്. ഒന്നു മാറ്റിപറഞ്ഞാൽ അകത്തു കത്തിയും പുറത്തു പത്തിയുമായി ജീവിക്കുന്ന വ്യാജമനുഷ്യരുടെ ഉത്തമ ബിംബങ്ങൾ തന്നെയുമാണ്. ടോൾസ്റ്റോയ് പറഞ്ഞ അസന്തുഷ്ട കുടുംബങ്ങളുടെ മുഖ്യ പുരോഹിതന്മാർ.
‘ആത്മഹത്യക്കും കൊലയ്ക്കുമിടയിലൂടെ ആർത്തനാദം പോലെ പായുന്ന ജീവിതം’ എന്ന വരികൾ ബാലചന്ദ്രൻ ചുള്ളിക്കാടെഴുതിയത് ആൽബർ കാമുവിനെ വായിച്ചിട്ടാവാം. പക്ഷെ ഈ ആത്മകഥയിലെ സഹനടന്മാരിൽ മുഖ്യനായ ബാലചന്ദ്രന്റെ ഈ വരികൾ എച്ച്മുക്കുട്ടിയുടെ ജീവിതം അതിതീക്ഷ്ണമായി സംക്ഷേപിക്കുന്നുണ്ട്. അച്ഛനെയും ജോസഫിനെയും ബാലചന്ദ്രനെയും വെട്ടിക്കൊല്ലുന്നതിനെക്കുറിച്ച് മൂന്നോ നാലോ തവണ താൻ ആലോചിച്ചതായി എച്ച്മുക്കുട്ടി ആത്മകഥയിലെഴുതുന്നുണ്ട്. അത്രയും തവണയെങ്കിലും ആത്മഹത്യയെക്കുറിച്ചും അവർ ആലോചിക്കുന്നുണ്ട്. തനിക്കുവേണ്ടി മാത്രമായിരുന്നില്ല ഈ സ്ത്രീ ജീവിതം ഒരു ചൂളയാക്കി സ്വയം പൊള്ളിച്ചത്. തന്റെ അമ്മക്കും സഹോദരിമാർക്കും മകൾക്കും വേണ്ടിക്കൂടിയായിരുന്നു. നിശ്ചയമായും ഇത്രയുമോ ഇതിലധികമോ ആ സ്ത്രീകൾ എച്ച്മുക്കുട്ടിക്കുവേണ്ടിയും സഹിക്കുന്നുണ്ട്. ഒരർഥത്തിൽ സ്ത്രീകൾക്കുവേണ്ടിയെഴുതപ്പെട്ട ഒരു അവകാശരേഖപോലെയാണ് ഈ പുസ്തകം മലയാളിയോടു സംവദിക്കുന്നത് എന്നും പറയാം. സാമൂഹ്യാവസ്ഥകൾ മുതൽ നിയമവ്യവസ്ഥകൾ വരെയും കുടുംബഘടന മുതൽ പിതാപുത്രബന്ധം വരെയും മതാധികാരം മുതൽ ജാത്യധികാരം വരെയും പ്രണയം മുതൽ സൗഹൃദം വരെയും – മനുഷ്യജീവിതത്തെ നിർണയിക്കുന്ന ഓരോ തലത്തിന്റെയും അമ്ലപരിശോധനയായി മാറുന്നു, എച്ച്മുക്കുട്ടിയുടെ ആത്മകഥ.
അസാധാരണമാണ് ഈ പുസ്തകത്തിന്റെ ആഖ്യാനകല. മുൻപുതന്നെ ബ്ലോഗിൽ ധാരാളമെഴുതുന്നയാളാണ് എച്ച്മുക്കുട്ടി. ഈ രചനയാകട്ടെ ഫേസ്‌ബുക്ക് പോസ്റ്റുകളായെഴുതപ്പെട്ടതാണ്. ഇക്കഴിഞ്ഞ രണ്ടുവർഷങ്ങളിൽ ഫേസ്‌ബുക്ക് പോസ്റ്റുകളായെഴുതപ്പെട്ട് മലയാളിയുടെ വായനയിൽ കനൽകോരിയിട്ട രണ്ടു പരമ്പരകളിലൊന്നാണ് എച്ച്മുക്കുട്ടിയുടേത് (മറ്റൊന്ന് രാജശ്രീയുടെ നോവലാണ്). ഏതു സ്ത്രീവാദപ്രസ്ഥാനത്തെയും പ്രത്യയശാസ്ത്രത്തെയുംകാൾ മലയാളി സ്ത്രീയെ തന്റെ കാമനകൾക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ സഹായിക്കുന്നത് സ്മാർട്ട് ഫോൺ ആണല്ലോ. ‘ഇതെന്റെ രക്തമാണ്’ ഈ സ്വാതന്ത്ര്യസമരത്തിന്റെ മാഗ്നാകാർട്ടയാണ്. മലയാളിസ്ത്രീയുടെ ജീവചരിത്രമെഴുതുന്നവർ, അവൾക്ക് പ്രായപൂർത്തിയായ ദിവസം എന്നായിരിക്കും സ്മാർട്ട് ഫോൺ-സാമൂഹ്യമാധ്യമകാലത്തെ ഭാവിയിൽ വിളിക്കുക.
മറ്റൊരു സവിശേഷത, ഈ ആത്മകഥയിൽ കടന്നുവരുന്ന മനുഷ്യരുടെ തനിനിറമാണ്. മുഖ്യകഥാപാത്രങ്ങളുടെ ശരിയായ പേരുകൾ എച്ച്മുക്കുട്ടി ഉപയോഗിക്കുന്നില്ല. സഹകഥാപാത്രങ്ങളാകട്ടെ സ്വന്തം പേരിൽ തന്നെ രംഗത്തുവരുന്നു. ഏതെങ്കിലും സ്രോതസിൽ നിന്ന് മുഖ്യകഥാപാത്രങ്ങളുടെ പേരുകളും വ്യക്തിത്വങ്ങളും മനസ്സിലാക്കാൻ പറ്റാത്തവർക്ക് അവർ അജ്ഞാതരായി തുടരും. അതേസമയം ശരിയായ പേര് സൂചിപ്പിക്കപ്പെടുന്ന, കൂടുതൽ പ്രസിദ്ധരായ ഇതര കഥാപാത്രങ്ങൾ ഈ ആഖ്യാനത്തിന്റെ വിശ്വാസ്യതയും സത്യസന്ധതയും ഉറപ്പിച്ചെടുക്കുകയും ചെയ്യുന്നു. അതീവ ശ്രദ്ധേയവും നാടകീയവും മൗലികവുമായ ഒരു കഥനകലയാണിത് എന്നു പറയാതെ വയ്യ. നിയമപരവും ധാർമികവും മാനുഷികവുമായ വിട്ടുവീഴ്ചകൾ, തന്നെ ജീവിതകാലം മുഴുവൻ ഉപദ്രവിച്ച വ്യക്തികളോട് പ്രകടിപ്പിക്കുകയാണ് എച്ച്മുക്കുട്ടി എന്നു കരുതേണ്ടിയിരിക്കുന്നു.
അവതരണത്തിലെ ദൈനംദിനത്വമാണ് ഈ ആത്മകഥയുടെ മറ്റൊരു ജൈവസ്വഭാവം. രണ്ട് കേന്ദ്രപ്രശ്‌നങ്ങളെയാണ് പന്ത്രണ്ടുവർഷത്തിന്റെ പ്രത്യക്ഷകാലത്തിലും രണ്ടുസ്ഥലങ്ങളുടെ പ്രത്യക്ഷപശ്ചാത്തലത്തിലും രണ്ടു പുരുഷന്മാരുടെ വിപരീതകർതൃത്വങ്ങളിലും രണ്ടു കുടുംബങ്ങളുടെ പ്രത്യക്ഷ സാന്നിധ്യത്തിലും ഊന്നി എച്ച്മുക്കുട്ടി ചിത്രീകരിക്കുന്നത്. പത്തൊൻപതു വയസ്സു മുതൽ അഞ്ച് വർഷക്കാലം ദാമ്പത്യത്തിൽ താൻ അനുഭവിച്ച വിഷംതീണ്ടിയ ജീവിതമാണ് ഒന്ന്. പിന്നീട് ഏഴുവർഷക്കാലം മകളെ വിട്ടുകിട്ടാൻ വേണ്ടി ഉറ്റ സുഹൃത്തുക്കളുടെ പിന്തുണയോടെ നടത്തിയ നിയമയുദ്ധമാണ് രണ്ടാമത്തേത്. ആദ്യത്തേത് തൃശൂരിലും രണ്ടാമത്തേത് ഡൽഹിയിലും നാട്ടിലും മാറി മാറിയും പാർത്തുകൊണ്ടനുഭവിച്ചു തീർത്തവ. ജോസഫിനോടൊപ്പമായിരുന്നു ഒന്നാംഘട്ടമെങ്കിൽ പപ്പൻ എന്നു വിളിച്ച കണ്ണനോടൊപ്പമായിരുന്നു രണ്ടാംഘട്ടം. ഇരുഘട്ടത്തിലും ഇടത്തും വലത്തും നിന്ന് തന്നെ തീപ്പൊള്ളലേല്പിച്ച രണ്ടു കുടുംബങ്ങൾ തന്റേതിനു പുറമെ വേറെയുമുണ്ടായിരുന്നു. ഒന്ന് ജോസഫിന്റെ തറവാടും അവിടത്തെയാളുകളും. രണ്ടാമത്തേത് സ്വന്തം അച്ഛൻ.
ഓരോ വ്യക്തിയുടെയും ജീവിതത്തിൽ രണ്ടുതരം മനുഷ്യർ നിരന്തരം ഇടപെട്ടുകൊണ്ടേയിരിക്കും എന്നാണ് ഈ ആത്മകഥ നമ്മോടു പറയാൻ ശ്രമിക്കുന്നത്. അയാളെ വിശ്വസിക്കുന്നവരും അവിശ്വസിക്കുന്നവരും. ഉറ്റവരും ഒറ്റുകാരും. ഒപ്പം നിൽക്കുന്നവരും അകന്നുപോകുന്നവരും. അയാൾ ജീവിക്കാനാഗ്രഹിക്കുന്നവരും അയാളുടെ മരണം കാംക്ഷിക്കുന്നവരും. അപരന്റെ വാക്കുകൾ സംഗീതം പോലെ കേൾക്കുന്നവരും അന്യർ നരകമാണ് എന്ന് വിധിക്കുന്നവരും. ഈ രണ്ടുതരം മനുഷ്യരെയും ജീവിതത്തിലെമ്പാടും ധാരാളം കിട്ടിയ തന്റെ അനുഭവങ്ങളുടെ കഥ പറയുമ്പോൾ എച്ച്മുക്കുട്ടി തിരിച്ചറിയുന്ന ഏറ്റവും പ്രധാന വസ്തുത രക്തബന്ധത്തിന്റെ അർഥശൂന്യതയാണ്. പിതാപുത്രബന്ധത്തിലെ, ചിതയിലേതുപോലുള്ള ദഹനങ്ങളും.
ജനിപ്പിച്ച പിതാവും വീട്ടിൽനിന്നു വിളിച്ചിറക്കിക്കൊണ്ടുപോയി ഒപ്പം താമസിപ്പിച്ച് തന്നിൽ ഒരു പെൺകുഞ്ഞിനെ ജനിപ്പിച്ച ഭർത്താവുമാണ് ഈ സ്ത്രീയുടെ ജീവിതം നരകമാക്കി മാറ്റിയത്. ഉറ്റവർ എന്നു കരുതിയ ബന്ധുക്കളും സുഹൃത്തുക്കളുമാണ് നിർണായക ഘട്ടങ്ങളിൽ ഒറ്റുകാരായി മാറിയത്. അതേസമയംതന്നെ, അപ്രതീക്ഷിതവും അവിചാരിതവുമായ സമയങ്ങളിലും സ്ഥലങ്ങളിലും നിന്ന് തനിക്ക് താങ്ങും തണലുമായി വന്ന മറ്റൊരു കൂട്ടം മനുഷ്യരുമുണ്ട്. പപ്പൻ, അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ, ജയ്‌ഗോപാൽ, ഒരിക്കൽ ശത്രുവും പിന്നെ മിത്രവുമായ ബാലചന്ദ്രൻ…. എക്കാലത്തും ജീവന്റെ ചൂടും ചൂരും പങ്കിട്ട അമ്മീമ്മ, അമ്മ, സഹോദരിമാർ-ഇത്തരം മനുഷ്യരിലൂടെ താൻ പഠിച്ച ജീവിതപാഠങ്ങളുടെ കയ്പുനീർ തന്റെ തന്നെ രക്തമാംസങ്ങളിൽ ചാലിച്ചെഴുതുകയാണ് എച്ച്മുക്കുട്ടി.
രണ്ടു ഭാഗങ്ങളുണ്ട് ഈ ആത്മകഥയ്ക്ക് എന്നു സങ്കല്പിക്കാം. ഭിന്ന ധ്രുവങ്ങളിൽ നിന്നുവന്ന രണ്ടു മനുഷ്യരോടൊപ്പം എച്ച്മുക്കുട്ടി ജീവിച്ച രണ്ടു കാലങ്ങളുടെ കഥകൾ എന്നതിലുപരി, തന്റെ തന്നെ ജീവിതത്തിലെ രണ്ടവസ്ഥകളുടെ അവതരണം എന്നു വിളിക്കാം ഈ ഭാഗങ്ങളെ. ഒന്നാം ഭാഗം, ജോസഫിനോടൊപ്പമുള്ള ജീവിതമാണെങ്കിൽ രണ്ടാം ഭാഗം കുഞ്ഞിനുവേണ്ടിയുള്ള സമരമാണ്. ഒന്ന് ജീവിത-സമരമാണെങ്കിൽ മറ്റേത് സമര-ജീവിതം.
തൃശൂർ കേരളവർമ കോളേജിൽ അദ്ധ്യാപകനായിരുന്നു ജോസഫ്. വിപുലമായ സുഹൃത്ബന്ധങ്ങളുണ്ടായിരുന്ന കവിയും സാംസ്‌കാരിക പ്രവർത്തകനും. അയാളുടെ വിദ്യാർത്ഥിയായിരുന്നു എച്ച്മുക്കുട്ടി. തന്നെ വിവാഹം കഴിക്കണമെന്നു വാശിപിടിച്ചു നടന്ന കാന്തിയെന്ന കാമുകിയെ തഴഞ്ഞ് ജോസഫ് എച്ച്മുക്കുട്ടിയെ സ്വന്തം ജീവിതത്തിലേക്കു ക്ഷണിച്ചു. പത്തൊൻപതാം വയസിൽ അവൾ ജോസഫിന്റെ ഭാര്യയായി. തമിഴ് ബ്രാഹ്മണസ്ത്രീയായിരുന്നു എച്ച്മുക്കുട്ടിയുടെ അമ്മ. മലയാളി വിശ്വകർമ്മനായ ഡോക്ടറായിരുന്നു അച്ഛൻ. രണ്ടു സഹോദരിമാർ. ഭാഗ്യം, റാണി. അമ്മയുടെ ചേച്ചിയായ അമ്മീമ്മയാണ് എച്ച്മുക്കുട്ടിയെ വളർത്തിയത്. വീട് അക്ഷരാർഥത്തിൽ തന്നെ നരകമായിരുന്നു. അച്ഛന്റെ പരസ്ത്രീബന്ധങ്ങൾ. കൊടിയ മർദ്ദനങ്ങൾ. കടുത്ത അവഗണനകൾ. നിരന്തരമുള്ള അവഹേളനങ്ങൾ. ആമരണം അയാൾ ആ കുടുംബത്തിന്റെ ആരാച്ചാരായിരുന്നു. അമ്മക്കും സഹോദരിമാർക്കുമൊപ്പം ജീവിതകാലം മുഴുവൻ അച്ഛന്റെ ഇരമാത്രമായിരുന്നു എച്ച്മുക്കുട്ടിയും.
ആ നരകത്തിൽ നിന്നാണവൾ തൃശൂരിലെ ‘അന്തസും ആഭിജാത്യവും’ ഏറെയുള്ള നസ്രാണികുടുംബങ്ങളിലൊന്നിലെ അംഗമായ ജോസഫിന്റെ ജീവിതത്തിലേക്ക് സ്വയം പറിച്ചുനട്ടത്. ജോസഫിന്റെ തറവാട്ടിൽ എച്ച്മുക്കുട്ടിക്കു പ്രവേശനം കിട്ടിയില്ല. അവർ വാടകവീട്ടിൽ താമസം തുടങ്ങി.
‘അഗ്നിവസ്ത്രം മന്ത്രകോടിയായി ഉടുക്കുകയും തീച്ചട്ടിയെടുത്തു തലയിൽ കിരീടമായി ചൂടുകയും ചെയ്ത അബദ്ധ’മായിരുന്നു തന്റെ ബന്ധം എന്നറിയാൻ എച്ച്മുക്കുട്ടിക്ക് അധികനാൾ വേണ്ടിവന്നില്ല. ജോസഫിന്റെ അതിക്രൂരമായ ലൈംഗിക വൈകൃതങ്ങളിലും പരസ്യമായ അവഹേളനങ്ങളിലും നിന്ദ്യമായ നിരാകരണങ്ങളിലും കൊടിയ മർദ്ദനങ്ങളിലും മത, ജാതി, വർണ വെറികളിലും വ്യക്തിഹത്യകളിലും സഹികെട്ട് താൻ നടത്തിയ ആദ്യത്തെ ആത്മഹത്യശ്രമത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് അവരെഴുതുന്നു:
‘പതിനെട്ട് വയസ്സിലെ അതിതീവ്രസൗഹൃദമായിരുന്നു എന്റെ പ്രണയമായി മാറിയത്. സൗഹൃദം, ആരാധന, ആദരവ്, സ്‌നേഹം, ബഹുമാനം എല്ലാം ചേർന്ന ഒരു അവാച്യമായ വികാരം. അദ്ദേഹത്തിന്റെ കൈയിലെ നെല്ലിക്കയായിരുന്നു ഞാൻ. പറയാനാവാത്ത ഒന്നും എനിക്കുണ്ടായിരുന്നില്ല. അദ്ദേഹം എന്നെ മനസ്സിലാക്കില്ലെന്ന് കരുതാൻപോലും, അങ്ങനൊരു വിദൂരസാധ്യതയെ സങ്കൽപിക്കാൻപോലും എനിക്ക് കഴിയുമായിരുന്നില്ല.
പത്തൊമ്പതുകാരിയുടെ മനസ്സ് മാത്രമല്ല ശരീരവും അപക്വമാണ്. ഒരു നോട്ടത്തിൽ, ഒരു തലോടലിൽ, ഒരു ഉമ്മയിൽ, നഖത്തിന്റെ ഒരു നേർത്ത കോറലിൽ അതാകെ പൊട്ടിത്തരിക്കും. എന്റെ ശരീരം അങ്ങനെയായിരുന്നു. അദ്ദേഹം എനിക്ക് പരപുരുഷനല്ലല്ലോ. അതിൽ ആ പൊട്ടിത്തരിക്കലിൽ പൂക്കാൻ കൊതിച്ച എന്റെ മോഹങ്ങളിൽ തെറ്റുണ്ടെന്ന് എനിക്ക് അപ്പോഴൊന്നും മനസ്സിലായില്ല.
അദ്ദേഹത്തെ ആഗ്രഹിച്ച ഒരുപാട് സുന്ദരികളുണ്ടായിരുന്നു. അവരൊക്കെ എന്നോട് പകയും വിരോധവുമുള്ളവരായിത്തീർന്നു. ഏറ്റവും അധികം കാലം അദ്ദേഹത്തെ ആഗ്രഹിക്കുകയും സ്വപ്നം കാണുകയും ചെയ്ത, എന്നേക്കാൾ ഒത്തിരി മുതിർന്ന കാന്തിടീച്ചർ ഞാൻ അദ്ദേഹത്തിന്റെ ശാരീരികവിശുദ്ധി നശിപ്പിച്ചതുകൊണ്ടാണ് അവരെ അദ്ദേഹം ഒഴിവാക്കിയത് എന്ന് സ്വന്തം ശിഷ്യരോട് പറഞ്ഞു പൊട്ടിക്കരയുമായിരുന്നു. ഇത് അദ്ദേഹത്തെ അതികഠിനമായി വേദനിപ്പിച്ചിരുന്നു.
ഞാൻ ഉടനെയൊന്നും ഗർഭിണിയാവരുതെന്ന് അദ്ദേഹം പറഞ്ഞു. ഒന്ന് മതം ജീവിതത്തിൽ കൂടുതൽ ഇടപെടും. കുഞ്ഞിനെ ക്രിസ്തുമത വിശ്വാസിയാക്കാൻ നിർബന്ധിക്കും. രണ്ട് കാന്തിടീച്ചറുടെ ആ വാക്കുകൾ സത്യമായിത്തീരും.
വികാരങ്ങളെ നിയന്ത്രിക്കുന്നത് വ്യക്തിപരമായ ഔന്നത്യത്തിന്റെ ലക്ഷണമാണ്. അദ്ദേഹത്തിന്റെ അമ്മ അങ്ങനെയായിരുന്നു. എനിക്ക് അതൊട്ടും മനസ്സിലായില്ല. അമ്മ എഴുപതിലധികം പ്രായമുള്ള സ്ത്രീയാണ്. അവർക്ക് ആറേഴു മക്കളുണ്ട്. എല്ലാവരും മുതിർന്നവരാണ്. അതിനൊന്നും എനിക്ക് ഉത്തരം കിട്ടിയില്ല. അമ്മ തെരേസാ പുണ്യവാളത്തിയാണെന്ന് മാത്രം ഞാൻ മനസ്സിലാക്കണമായിരുന്നു.
ക്രിസ്തുമതം കുഞ്ഞുങ്ങൾ ജനിക്കാൻ വേണ്ടിയുള്ള ലൈംഗികതയെ മാത്രമേ അംഗീകരിക്കുന്നുള്ളൂ. അല്ലെങ്കിൽ അതൊരു പാപപ്രവൃത്തിയാണ്. പാപം ചെയ്യാൻ ആരും ആരെയും പ്രേരിപ്പിക്കരുത്.
എനിക്ക് മനസ്സിലായിത്തുടങ്ങി. ഞാൻ അത്തരം മോഹങ്ങളോടെ അദ്ദേഹത്തെ ആഗ്രഹിക്കരുത്.
അങ്ങനെ ഞാൻ കുറേക്കാലം കന്യകയായിതന്നെ ജീവിച്ചു.
പൂർണമായ ശാരീരികബന്ധം മാത്രമേ മതം വിലക്കുന്നുള്ളൂ. പുരുഷന് ഉത്തേജിതനാവാം. പെണ്ണിനെ വിലക്കിക്കൊണ്ടും സംതൃപ്തനായി പടർന്നൊഴുകാം. പെണ്ണിനെ ഒട്ടും ഉപയോഗിക്കരുതെന്ന് മതം പറഞ്ഞിട്ടില്ല.
ഞാൻ ആ കിടപ്പുമുറിയിലെ പശുവായിരുന്നു. പുരട്ടിയ നല്ലെണ്ണയുടെ വഴുവഴുപ്പിലേക്ക് ക്ഷണിച്ചുകൊണ്ട് കൈകാലുകൾ അകത്തി കുത്തി മുഖം കുനിച്ചു നിൽക്കുന്ന ഒരു പ്രണയിനിപ്പശു മാത്രമായിരുന്നു ഞാൻ. എന്നിട്ടും എന്നിൽ ഒതുക്കിവെച്ച മൗനനൊമ്പരങ്ങളുടെ കോശങ്ങളടർന്ന് മൃദുലതകളുണ്ടായി. പ്രസവിക്കുംമുമ്പേ എന്നിലെ മുലപ്പാൽ തിളച്ചുതുടങ്ങിയിരുന്നു.
അഗ്നിയിലാളി വെന്തുമലർന്ന എന്റെ ശരീരത്തെ തണുപ്പിക്കാൻ കണ്ണാടിയിൽ നോക്കുമ്പോൾ വെറുപ്പു തോന്നുന്ന എന്റെ ശരീരത്തെ തുണ്ടം തുണ്ടമായി കീറിയെറിയാൻ അണ്ഡകടാഹങ്ങളെ വിറപ്പിക്കുന്ന തീവണ്ടിയുടെ കൈകളെ ഞാൻ മോഹാവേശത്തോടെ തേടിച്ചെന്നു’.
എച്ച്മുക്കുട്ടിക്ക് ജീവിതമെന്നത് ദാനം കിട്ടിയ ഒരു നിത്യനരകമാണെന്നുതന്നെ തോന്നി. ആരായിരുന്നു, ജോസഫ്?
‘ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു അദ്ദേഹത്തിന്. ഞാൻ അവർക്കെല്ലാം വെച്ചുവിളമ്പുകയും അവരിൽ പലരുടെയും അടിവസ്ത്രമുൾപ്പെടെയുള്ള വസ്ത്രങ്ങൾ അലക്കിയിടുകയും ചെയ്തിരുന്നു. അതിലൊന്നും ഞാൻ വല്ലാതെ സങ്കടപ്പെട്ടിരുന്നില്ല. ചിലപ്പോൾ എനിക്ക് ബോറടിക്കുമായിരുന്നു എന്നു മാത്രം. സുഹൃത്തുക്കൾ എല്ലാവരും പുരോഗമനവാദികളായിരുന്നു. സമാന്തര പത്രപ്രവർത്തകരും സിനിമാ പ്രവർത്തകരും സ്ത്രീവാദികളും മതേതരബോധമുള്ളവരും യുക്തിവാദികളും തീവ്രപരിസ്ഥിതിനിലപാടുകാരും ഇടതുപക്ഷക്കാരും ഇടതുപക്ഷത്തിന്റെ ഇടത്തേ അറ്റത്ത് നില്ക്കുന്നവരുമായിരുന്നു മിക്കവാറും എല്ലാവരും. അതിൽ ബുദ്ധിജീവികളും എഴുത്തുകാരും കവികളും നിയമജ്ഞരും ഡോക്ടർമാരും ഉണ്ടായിരുന്നു. അവരൊന്നും എന്റെ സുഹൃത്തുക്കളായില്ല… ഒരിക്കലും എന്നെ അവരൊക്കെ മനുഷ്യസ്ത്രീയായി പരിഗണിച്ചിരുന്നോ എന്നുപോലും എനിക്ക് നിശ്ചയമില്ല. കാരണം എനിക്ക് സുഖമാണോ സന്തോഷമാണോ എന്നൊന്നും ഒരു കുശലമായിപ്പോലും ആരും തിരക്കീട്ടില്ല. നന്മയുടെ അവതാരത്തോടൊപ്പമല്ലേ ഞാൻ പാർക്കുന്നത്? എനിക്കെന്ത് കുറവ് വരാൻ…!!’.
അയാൾ ഒരു കള്ളനാണയമായിരുന്നു. ആൾരൂപമെടുത്ത ഒരു വലിയ നുണയോടൊപ്പമാണ് താൻ ജീവിക്കുന്നതെന്ന് എച്ച്മുക്കുട്ടി വൈകാതെ മനസ്സിലാക്കി. വായിക്കൂ:
‘ഞാൻ കൂടുതൽ കൂടുതൽ ഒറ്റപ്പെടുകയായിരുന്നു. അമ്മക്കും അമ്മീമ്മക്കും അനിയത്തിമാർക്കും എന്നിലുള്ള വിശ്വാസം കുറഞ്ഞുവന്നു. അവരാഗ്രഹിച്ചതും അദ്ദേഹം അവർക്ക് നല്കുമെന്ന് ഞാൻ പറഞ്ഞു കേൾപ്പിച്ചതും ഒന്നും അവർക്ക് കിട്ടിയില്ല. അതേസമയം സന്തോഷമായി ജീവിക്കുന്നുവെന്ന് ഞാൻ പറയുകയും ഭാവിക്കുകയും അദ്ദേഹത്തിന് അവരെയൊക്കെ വലിയ കാര്യമാണെന്ന് അറിയിക്കുകയും ചെയ്യുന്നു. അവർ ചിന്താക്കുഴപ്പത്തിലായത് സ്വാഭാവികം.
അച്ഛൻ ഞങ്ങളുടെ അടുക്കൽ വരാതെ എന്റെ വീട്ടിലേക്ക് പോകില്ല എന്ന നിലപാട് ഉണ്ടായിരുന്നു അദ്ദേഹത്തിന്. അമ്മയും അനിയത്തിമാരും ഞങ്ങളുടെ വീട്ടിൽ വന്നതുകൊണ്ട് കാര്യമില്ല. സ്ത്രീവാദിയെന്ന് അറിയപ്പെട്ടിരുന്നെങ്കിലും എന്റെ അമ്മ അത്ര ബഹുമാനിക്കപ്പെടേണ്ട ഒരു സ്ത്രീയായി അദ്ദേഹത്തിന് ഒരുകാലത്തും തോന്നിയതേയില്ല.
സ്വന്തം അമ്മ കൊടുത്തയക്കുന്ന ഏത് വസ്തുവും, അച്ചാറോ വൈനോ എന്തുമാവട്ടെ, ഞാൻ ദൈവീകമായ ഒരനുഗ്രഹമായി കാണണമെന്ന് അദ്ദേഹം ശഠിച്ചു. അവർക്ക് ആ സന്മനസ്സ് എന്നോട് കാണിക്കേണ്ട ഒരു കാര്യവുമില്ലെന്ന് ഞാൻ എപ്പോഴും ഓർമിക്കേണ്ടതുണ്ടായിരുന്നു.
പക്ഷേ, എത്ര ശ്രമിച്ചിട്ടും പകലെല്ലാം ശരീരത്തെ ജോലിയിലേർപ്പെടുത്തി ക്ഷീണിപ്പിച്ചിട്ടും ചെറുപ്പത്തിന്റെ മോഹങ്ങൾ എന്നെ വിട്ടുപോയില്ല. ശരീരാവയവങ്ങൾക്ക് ചില ധർമങ്ങളൊക്കെ ഉണ്ടല്ലോ. യോനി ചെയ്യുന്നത് മലദ്വാരത്തിന് വഴങ്ങില്ല, എത്ര നല്ലെണ്ണയിൽ കുളിപ്പിച്ചു കിടത്തിയാലും…
എന്റെ നൊമ്പരങ്ങൾ സഹിക്കാൻ പറ്റാതെ വന്ന ഒരു രാത്രി ഞാൻ ബഹളം വെച്ചു. കരയുകയും തലമുടി പിച്ചിപ്പറിക്കുകയും നഗ്നയായി വാതിൽ തുറന്ന് പുറത്തിറങ്ങുമെന്ന് അട്ടഹസിക്കുകയും ചെയ്തു. അപ്രതീക്ഷിതമായ ഈ മാറ്റത്തിൽ അദ്ദേഹം പരിഭ്രാന്തനായി. എന്നെ ഇറുക്കി കെട്ടിപ്പിടിക്കുകയും ആ മടിയിലിരുത്തുകയും തുരുതുരെ ഉമ്മവെക്കുകയും എനിക്ക് ചോക്ലേറ്റ് തന്നു സമാധാനിപ്പിക്കുകയും ചെയ്യുമ്പോൾ അദ്ദേഹം ഒരു കഥ പറഞ്ഞു കേൾപ്പിച്ചു.
തികഞ്ഞ വിഷാദത്തിലായിരുന്നു ആ വാക്കുകൾ….
സെമിനാരിയിൽ പഠിക്കാൻ പോയ സങ്കടം, അവിടെ അനുഭവിച്ച വിവിധ തരം ലൈംഗികപീഡനങ്ങൾ, അവിടത്തെ പഠിത്തം നിറുത്തുമ്പോഴേക്കും മനസ്സിലുറച്ച വ്യത്യസ്തമായ ലൈംഗിക താല്പര്യങ്ങൾ, വേദന, സങ്കടം… പ്രശസ്തനായ കവി കുഞ്ഞുണ്ണി മാഷ് അദ്ദേഹത്തെ ലൈംഗികമായി ഉപയോഗിച്ച വിധം… ആ അനുഭവങ്ങളിലെ ചില വാക്കുകൾ അദ്ദേഹത്തെ ഇപ്പോഴും ഉത്തേജനത്തിന്റെ പരകോടിയിൽ എത്തിക്കുന്ന രീതി….
ഞാൻ ശരിക്കും തകർന്നുപോയി… എന്റെ മനസ്സിൽ വേദനയുടെ അഗ്നിയെരിഞ്ഞു.
അദ്ദേഹം എന്നെ മനസ്സിലാക്കാൻ ശ്രമിക്കാമെന്ന് പറഞ്ഞപ്പോൾ… അതു കേട്ടപാടെ ഞാൻ എല്ലാം മറന്നു.
മൂന്നു വയസ്സിലും പന്ത്രണ്ട് വയസ്സിലുമൊക്കെ എന്നെ ഉപദ്രവിച്ചവരെ ഞാൻ ഓർത്തു. അന്നത്തെ എന്റെ നൊമ്പരം ഞാൻ ഓർത്തു. എനിക്ക് പനി വന്നതും സംസാരിക്കുമ്പോൾ വിക്ക് വന്നതുമെല്ലാം എനിക്ക് ഓർമ്മ വന്നു.
അദ്ദേഹത്തോടൊരു മകനെപ്പോലെ എനിക്ക് വാത്സല്യം തോന്നി. കണ്ണീരൊഴുകുന്ന ചുംബനങ്ങളാൽ ഞാൻ അദ്ദേഹത്തെ കുളിപ്പിച്ചുതോർത്തി. എന്റെ ശരീരം അദ്ദേഹത്തിന്റെ കളിപ്പാട്ടമായിക്കൊള്ളട്ടെ എന്നും ഞാൻ കരുതി. എന്നെ മനസ്സിലാക്കുന്നതുവരെ കാത്തിരിക്കാൻ ഞാൻ തയാറായി… നിറഞ്ഞ സ്‌നേഹത്തോടെ….
ഞാൻ പൂർണമായും അദ്ദേഹത്തിനു കീഴടങ്ങി. അദ്ദേഹത്തെ ആനന്ദിപ്പിക്കാൻ ഞാൻ എന്നും എപ്പോഴും ഒരുക്കമായിരുന്നു. രതിസുഖത്തിന്റെ പരകോടിയിൽ അദ്ദേഹം പുലമ്പുന്നതിലെല്ലാം ഞാൻ ആഹ്ലാദം കൊണ്ടു.
അനുഭവിച്ച ലൈംഗിക പീഡനങ്ങളെപ്പറ്റി അദ്ദേഹം പറഞ്ഞതൊക്കെയും കള്ളമാണെന്ന് എനിക്ക് സങ്കൽപ്പിക്കാൻപോലും പറ്റുമായിരുന്നില്ല.
സ്‌നേഹം എത്ര വിചിത്രമാണ്….’.
പൂർണഗർഭിണിയായിരിക്കുമ്പോൾ പോലും ജോസഫിന്റെ ലൈംഗികാതിക്രമങ്ങളും ശാരീരിക പീഡനങ്ങളും കുറഞ്ഞില്ല. പ്രസവത്തിൽ കുഞ്ഞിനോടൊപ്പം മരിച്ചുപോകണേ എന്നു മാത്രമായിരുന്നു ഇക്കാലത്തൊക്കെയും എച്ച്മുക്കുട്ടിയുടെ പ്രാർത്ഥന!
‘രാത്രി വലിയ വഴക്കുണ്ടായെങ്കിലും ജോസഫ് എന്നെ അടിച്ചില്ല. പകരം എന്റെ ചുണ്ടിലെ പുണ്ണിൽ നഖമാഴ്‌ത്തിപ്പിടിച്ചു. അതും കഠിനനൊമ്പരമാണ്. എന്നാലും ഞാൻ വഴങ്ങിയില്ല. പിന്നെ ഗർഭത്താൽ അല്പം വീർത്തുന്തിയ മുലഞെട്ടുകളെ ഉറുമ്പിനെ ഞെരിച്ചു കൊല്ലുംപോലെ വേദനിപ്പിച്ചു നോക്കി. മുടി ചുറ്റിപ്പിടിച്ചുലച്ച് നോക്കി. ഞാൻ തിരിച്ചു അടിക്കുകയും കടിക്കുകയും മാന്തുകയും ഒക്കെ ചെയ്തു. എന്നെ തൊഴിച്ചിരുന്നെങ്കിൽ മൂന്നുനാലുമാസത്തെ ഗർഭം അന്ന് അവസാനിക്കുമായിരുന്നോ എന്നറിയില്ലെനിക്ക്. അങ്ങനെ ചത്താലും വേണ്ടില്ല എന്ന് ഞാൻ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
അപ്പോൾ അദ്ദേഹം മാറാൻ തയാറാണെന്ന് പറഞ്ഞു. ഇനി അങ്ങനെ ചെയ്യില്ല… കവയിത്രി അനിതാതമ്പി യോനിക്ക് അടിവായ എന്നൊരു പേരു നൽകിയിട്ടുണ്ട്. അപ്പോൾ മേൽവായയും യോനി തന്നെ അല്ലേ… എൺപതു കിലോ ഭാരം നെഞ്ചിൽ അമർന്നാൽ കാൽമുട്ടുകൾ മുഖത്തെ തടവിലാക്കിയാൽ…
ജഡ്ജിമാരും വക്കീലുമാരും കോടതിയും ചില സ്ത്രീകളും പുരുഷന്മാരും ഓടാമായിരുന്നില്ലേ, രക്ഷപ്പെടാമായിരുന്നില്ലേ, അലറാമായിരുന്നില്ലേ, നേരത്തെ അവിടന്ന് പോവാരുന്നില്ലേ എന്നൊക്കെ ചോദിക്കുമ്പോൾ എനിക്ക് അൽഭുതം തോന്നാറില്ല. അവരൊന്നും പീഡനം അറിയാത്തവരാണെന്ന് അപമാനം സഹിക്കാത്തവരാണെന്ന് എനിക്കുറപ്പാണ്. ഏതുതരം പീഡിതരെയും സംശയിക്കുന്നവർ പീഡകരെ സ്‌നേഹിക്കുന്നവരും തരം കിട്ടിയാൽ പീഡകരാകാൻ അതീവ താത്പര്യമുള്ളവരുമാണ്’.
പ്രസവശേഷവും ജോസഫിന്റെ ക്രൂരതകൾ തുടർന്നു. ഒപ്പം അയാളുടെ സുഹൃത്തുക്കളായി വീട്ടിലെത്തിയ ചിലരുടെ പീഡനങ്ങളും. എ. അയ്യപ്പൻ, ഡി. വിനയചന്ദ്രൻ, ആർട്ടിസ്റ്റ് ശശി തുടങ്ങിയവരുടെ ആഭാസകരമായ ലൈംഗികാതിക്രമങ്ങൾ എച്ച്മുക്കുട്ടിയെ തളർത്തി. അവയോടൊക്കെ ജോസഫ് കൈക്കൊണ്ട അവിശ്വസനീയമായ സമീപനം അവളെ തകർക്കുകയും ചെയ്തു.
ഇക്കാലത്താണ് സ്വന്തമായൊരു വീടിന്റെ പണിയാരംഭിക്കുന്നത്. ആർക്കിടെക്റ്റായിരുന്ന പപ്പൻ എച്ച്മുക്കുട്ടിയുടെ ദുരന്തങ്ങൾ തിരിച്ചറിഞ്ഞു. അവർ നിരന്തരം സംസാരിച്ചു. വീട് പണിതീർന്ന് ഗവൺമെന്റ് ജോലി കിട്ടി ഡൽഹിക്കുപോയ പപ്പന്റെ സഹായത്തോടെ എച്ച്മുക്കുട്ടി കുഞ്ഞിനെയും കൊണ്ട് നാടുവിട്ടു. പിന്നാലെ ഡൽഹിയിലെത്തിയ ജോസഫും സുഹൃത്തും എച്ച്മുക്കുട്ടിയെ കബളിപ്പിച്ച് കുഞ്ഞിനെയും തട്ടിയെടുത്ത് മടങ്ങി. നരജീവിതമാകുന്ന വേദന എച്ച്മുക്കുട്ടിക്കു വിഷം കൊടുത്തു.
ഇവിടെയാരംഭിക്കുന്നു ഈ സ്ത്രീയുടെ വാഴ്‌വിലെ രണ്ടാം സഹനപർവ്വം. ഒന്നാമത്തേത് മുഖ്യമായും ശാരീരികവും ലൈംഗികവുമായ അതിക്രമങ്ങളുടേതായിരുന്നുവെങ്കിൽ രണ്ടാമത്തേത് ആത്മീയും സാമൂഹികവുമായ വഞ്ചനകളുടേതായിരുന്നു. സുപ്രീം കോടതി അഭിഭാഷകനായ കെ.കെ. വേണുഗോപാൽ മുതൽ കേരള ഹൈക്കോടതിയിലെ അഭിഭാഷകർ വരെയുള്ളവരെ മാറിമാറി കണ്ട് തന്റെ മകളെ തിരിച്ചുകിട്ടാനുള്ള നിയമയുദ്ധത്തിൽ രാപ്പകൽ മുഴുകി, എച്ച്മുക്കുട്ടി. സ്വന്തം അച്ഛൻ പോലും നിരവധി കള്ളക്കഥകളുണ്ടാക്കി ജോസഫിനൊപ്പം നിന്നു. അപവാദങ്ങളുടെ ചുഴിക്കുത്തിൽ അവർ വട്ടം കറങ്ങി, ചെറുതും വലുതുമായ തിക്താനുഭവങ്ങൾ പവനൻ, ഓംചേരി, സിവിക് ചന്ദ്രൻ, സാറാജോസഫ്, ഐ. ഷണ്മുഖദാസ് തുടങ്ങിയ പലരിൽ നിന്നുമുണ്ടായതിന്റെ കഥകൾ എത്രയും സങ്കടത്തോടെയും അവിശ്വാസത്തോടെയും എച്ച്മുക്കുട്ടി വിവരിക്കുന്നു. ജോസഫിന്റെ നുണക്കഥകൾ മറ്റൊരു സത്യവേദപുസ്തകമെന്നപോലെ വായിച്ചുകേട്ടവരായിരുന്നു അവരൊക്കെയും.
ഈ കൊടുങ്കാറ്റുകൾക്കിടയിലും ഡൽഹിയിൽ സ്വന്തം ജീവിതം ഇഷ്ടികക്കുമേൽ ഇഷ്ടികവച്ചുകെട്ടിപ്പൊക്കുകയായിരുന്നു എച്ച്മുക്കുട്ടി.
‘ഞാൻ ഡൽഹിക്ക് മടങ്ങുമ്പോൾ അച്ഛനു തടുക്കണമെന്നുണ്ടായിരുന്നോ എന്നറിയില്ല. എന്തായാലും ഞാൻ മടങ്ങിപ്പോന്നു. ‘നിനക്ക് കേരളത്തിലെ ജോലി വേണ്ടേ?’ എന്ന് അച്ഛൻ ചോദിച്ചപ്പോൾ ‘വേണ്ട’ എന്ന് ഞാൻ ഉറപ്പായി പറഞ്ഞു. ഞാൻ ഡൽഹിക്ക് മടങ്ങുമ്പോൾ അച്ഛൻ തിരുവനന്തപുരത്തായിരുന്നു.
പപ്പന് ഒത്തിരി വിഷമമുണ്ടായിരുന്നു, എനിക്ക് ഒരു ഭേദപ്പെട്ട താമസസ്ഥലം ഒരുക്കാനാവാത്തതിൽ. ഇടക്കിടെ മുറി മാറേണ്ടുന്ന സ്ഥിതി. മുറിഉടമമാരുടെ മര്യാദകെട്ട പെരുമാറ്റം ഒത്തിരി ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. കൂടെ കിടക്കൂ എന്ന് നിർബന്ധിച്ചു പറയുന്നവർ, പറ്റില്ലെന്ന് പറയുമ്പോൾ വേശ്യ എന്ന് വിളിച്ച് ഇറക്കി വിടുന്നവർ, സാനിറ്ററി നാപ്കിൻ അവരുടെ ടോയ്‌ലറ്റ് നശിപ്പിച്ചു എന്ന് വഴക്കിടുന്നവർ, വെള്ളം തരാത്തവർ. അങ്ങനെ മുറി മാറേണ്ട ഗതികേട് വരുമ്പോൾ ഞാൻ സഹേലിയുടെ ഷെൽറ്ററിൽ ചെന്ന് കൂടും. ഒരുദിവസം ഒരു ഗതിയുമില്ലാതെ റെയിൽവേ സ്റ്റേഷനിലും ഇരിക്കേണ്ടിവന്നിട്ടുണ്ട്.
ഒടുവിൽ പുരുഷ എഞ്ചിനീയർമാർ അഞ്ച് പേർ ഒന്നിച്ചു ഒരു വീട് എടുത്തു. അതിന്റെ പുറത്തെ മുറി എനിക്കായി ഒരുക്കി. മെയിൻ വീടുമായി ബന്ധമില്ലാത്ത ഒരു മുറി. ആ വീട്ടിൽ ഞാനുണ്ടെന്ന് ആർക്കും അറിയാനൊക്കില്ല. അനിൽ ജേക്കബ് എന്ന ഒരു എഞ്ചിനീയർ കൂടി അങ്ങനെ എന്റെ സുഹൃത്തായി. ഇന്നും അനിലും കുടുംബവും എന്റെ സുഹൃത്തുക്കൾ തന്നെയാണ് കേട്ടോ.
പപ്പനുൾപ്പെടെയുള്ള ഈ സുഹൃത്തുക്കളും ജയ്‌ഗോപാലും സാജനും ഒന്നും ഫെമിനിസത്തെപ്പറ്റി സംസാരിച്ചിരുന്നില്ല. അത്തരം പുസ്തകങ്ങൾ കാണുമ്പോൾ എനിക്ക് വാങ്ങിത്തരുമായിരുന്നു എന്നു മാത്രം. അനിലൊഴിച്ച് ബാക്കി എല്ലാവരും ലാറിബേക്കറിന്റെ പിന്തുടർച്ചക്കാരായിരുന്നു. എന്റെ ഏറ്റവും ദയനീയമായ, അനാഥമായ എങ്ങനെ വേണമെങ്കിലും ചൂഷണം ചെയ്യാവുന്ന ജീവിതപരിസ്ഥിതികളിൽ അവർ വിരൽത്തുമ്പുകൊണ്ടുപോലും എന്നോട് മോശമായി പെരുമാറിയിട്ടില്ല. പപ്പൻ നെടുംതൂണായി നിന്നപ്പോൾ അവർ പുരയുടെ മറ്റു പ്രധാന തൂണുകളായിരുന്നു. അവരില്ലായിരുന്നെങ്കിൽ ഞാൻ ഒരിക്കലും ജീവിക്കുമായിരുന്നില്ല.
ഒരുദിവസം ഉച്ചയ്ക്ക് ആശ എന്ന് പേരുള്ള അപ്പുറത്തെ ഓഫീസിൽ എനിക്ക് ഒരു ഫോൺ വന്നു. ഇമ്മാനുവൽ ഹോസ്പിറ്റൽ സൊസൈറ്റിയുടെ കീഴിൽ ചേരികളിലെ ആരോഗ്യപ്രവർത്തനവുമായി ബന്ധപ്പെട്ടാണ് ആശ പ്രവർത്തിക്കുന്നത്. ഡോ. കിരൺ മാർട്ടിനായിരുന്നു ആശയുടെ പരമാധികാരി. ആ ഓഫീസിലേ ഫോണുണ്ടായിരുന്നുള്ളൂ. ഞങ്ങൾ അത് പങ്കിടുകയാണ് പതിവ്.
ഞാൻ ചെന്നപ്പോൾ റാണിയാണ്. അന്നവൾ കെ.എസ്.ഇ.ബി.യിൽ അപ്രന്റീസാണ്. ഭാഗ്യം എം.എ. കഴിഞ്ഞു ചില ഡിപ്ലോമകളൊക്കെ പഠിക്കുന്നു.
റാണി പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. ‘നീയിനി കേസ് ജയിക്കില്ല. നീ കൊച്ചിനെ മറക്ക്. നമുക്ക് വേറെ വഴിയൊന്നും ഇല്ല. അച്ഛൻ ഇന്നലെ നിന്റെ പേരിൽ ജോസഫിന് അഫിഡവിറ്റ് കൊടുത്തു. നിന്റെ സ്വഭാവം വളരെ മോശമാണെന്നും നീ നോക്കിയാൽ കൊച്ച് ചീത്തയായി പോകുമെന്നും ജോസഫും അയാളുടെ അമ്മേം കൂടി നോക്കിയാ മതി കുട്ടിയെ എന്നും അതിലെഴുതീട്ടുണ്ട്. ഇനി ഏതു ജഡ്ജാ നിന്നെ വിശ്വസിക്കാ….
അമ്മ ഇന്നലെ കുറെ കാലുപിടിച്ചു പറഞ്ഞു ഇങ്ങനെ ചെയ്യരുതെന്ന്. അപ്പൊ എന്റേം ഭാഗ്യത്തിന്റേം പേരിലും അങ്ങനൊരെണ്ണം എഴുതികൊടുക്കും എന്നായി. അമ്മ ഇന്നലെ രാത്രി തന്നെ ഈ വീട് വിട്ടിറങ്ങി. അച്ഛൻ തിരുവനന്തപുരത്തേക്കും പോയി. ഞാനും അവളും തനിച്ചേ വീട്ടിലുള്ളൂ’.
ഞാൻ ഭൂമിയിൽ ഇല്ലാരുന്നു. എന്റെ തലച്ചോറ് ഒരു മിക്‌സിയിലെന്നപോലെ കറങ്ങിക്കൊണ്ടിരുന്നു. ഞാൻ അമ്പേ തോറ്റു എന്നെനിക്ക് മനസ്സിലായി. ജോസഫ് എഴുതിയ കുറ്റസമ്മതക്കത്ത് കാണണമെന്ന് അച്ഛൻ പറഞ്ഞിരുന്നു. അത് ഡൽഹിയിലാണെന്ന് പറഞ്ഞ് ഞാൻ അന്നേരം ഒഴിവായിരുന്നു. അച്ഛൻ അഡ്വ. ശ്രീനിവാസനെ കണ്ടെങ്കിലും അഡ്വ. ഗോവിന്ദ് ഭരതന്റെ കർശന നിർദ്ദേശമുണ്ടായിരുന്നതുകൊണ്ട് കേസുകാര്യങ്ങൾ ഒന്നും അച്ഛനുമായി ശ്രീനിവാസൻ ചർച്ചചെയ്തില്ല. ഞാൻ വേച്ചുവേച്ച് നടന്നു ആശ ഓഫീസിന്റെ വരാന്തയിലേക്ക് കുഴഞ്ഞുവീണു. കാലത്തിനെ പുറകോട്ടോടിച്ച് കുഞ്ഞിനരികെ എത്തിച്ചേരാൻ എനിക്ക് സാധിച്ചില്ല. കാലത്തിലൂടെ മുന്നോട്ടോടി കുഞ്ഞിന്റെ ഒപ്പം എത്താനും എനിക്ക് പറ്റുകയില്ല.
ഇത്ര ക്രൂരമായി അച്ഛൻ എന്നെ ചതിക്കുമെന്ന് ഞാൻ കരുതിയില്ല. ആ അഫിഡവിറ്റിന്റെ ഫോട്ടോ കോപ്പി അമ്മ നാലഞ്ച് ദിവസം കഴിഞ്ഞു എനിക്ക് അയച്ചുതന്നു. ഞാൻ സമ്പൂർണമായും തോറ്റു എന്നെനിക്ക് അപ്പോൾ മനസ്സിലായി.
അമ്മ പാവമായിരുന്നു. അച്ഛന്റെ അടി കൊണ്ടിരുന്നു. വീടിനെ വല്ലാതെ ഉലയ്ക്കാത്ത അച്ഛന്റെ പെൺസൗഹൃദങ്ങളെയെല്ലാം അമ്മ ക്ഷമിച്ചിരുന്നു. അമ്മയ്ക്ക് പറ്റാവുന്ന ഏറ്റവും നല്ല രീതിയിൽ വീടുനോക്കിയിരുന്നു. അമ്മയുടെ വായിൽനിന്നും ഒരു ചീത്തവാക്ക് വന്നിട്ടില്ല ജീവിതകാലമത്രയും. എന്നിട്ട് അമ്മയ്ക്ക് ഈ ഭൂമിയിൽ അംഗീകാരമായോ സ്‌നേഹമായോ യാതൊന്നും കിട്ടിയില്ല.
‘ഇനി അച്ഛന്റെ ഒപ്പം പാർക്കില്ലെന്ന്’ അമ്മ എഴുതി. ‘ഈ അഫിഡവിറ്റ് അവർ കോടതിയിൽ കൊണ്ട് വരും. അമ്മ പിണങ്ങിപ്പോയ വിരോധത്തിന് അച്ഛൻ എഴുതിക്കൊടുത്തതാണെന്നു പറഞ്ഞുനോക്കാം. കുട്ടിക്ക് അമ്മ കൂടെത്താമസിക്കുമ്പോൾ അത് പറയാൻ പറ്റില്ല. തന്നേമല്ല, അമ്മക്കും ആ അഫിഡവിറ്റ് സമ്മതമാണെന്ന് ജഡ്ജ് കരുതിയാലോ?’.
പിന്നീട് അച്ഛൻ മരിച്ചിട്ടു മാത്രമേ എന്നെ പ്രസവിച്ച അമ്മ ആ വീട്ടിൽ കയറിയുള്ളൂ’.
ബാലചന്ദ്രൻ ചുള്ളിക്കാടായിരുന്നു നാട്ടിൽ ജോസഫിന്റെ ഉറ്റ മിത്രം. ജോസഫിന്റെ യഥാർഥ സ്വഭാവമറിയാതെ ബാലൻ തന്റെ മിത്രത്തിനുവേണ്ടി എച്ച്മുക്കുട്ടിയെ തള്ളിപ്പറഞ്ഞുകൊണ്ടേയിരുന്നു. സൗഹൃദം അന്ധനാക്കിയ ബാലചന്ദ്രനോടുള്ള ജസ്റ്റിസ് ജാനകിയമ്മയുടെ പ്രതികരണം ദീർഘമായി ഓർത്തെടുത്തെഴുതുന്നുണ്ട് എച്ച്മുക്കുട്ടി.
ഇതിനിടെ ജോസഫ് വീണ്ടും വിവാഹിതനായി. അതും അയാളുടെ വിദ്യാർത്ഥിനി തന്നെയായിരുന്നു. മിസിസ് ജോസഫ് എന്ന പേരിൽ ഈ പുസ്തകത്തിൽ ധാരാളം സന്ദർഭങ്ങളിൽ അവരുടെ ഭാഗത്തുനിന്നുണ്ടായ നല്ലതും ചീത്തയുമായ അനുഭവങ്ങൾ എച്ച്മുക്കുട്ടി രേഖപ്പെടുത്തുന്നുണ്ട്.
അക്കാലത്തൊരിക്കൽ മകളെ തനിക്കു വിട്ടുകിട്ടിയപ്പോൾ അവൾ പറഞ്ഞ കാര്യങ്ങളാണ് എച്ച്മുക്കുട്ടിയുടെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ ദുരന്തം. അവിശ്വസനീയമാംവിധം, ജോസഫ് നാലുവയസ്സുള്ള സ്വന്തം മകളെ നിരന്തരം ലൈംഗിക ക്രിയകൾക്കു വിധേയയാക്കിയിരുന്നു. കുഞ്ഞ് അതിന് മാനസികമായി അടിമപ്പെട്ടുപോയിരുന്നു. കുഞ്ഞിനെയും കൊണ്ട് ഗൈനക്കോളജിസ്റ്റിന്റെയും കൗൺസിലറുടെയും അടുത്തേക്കു പാഞ്ഞു, ആ അമ്മ. ക്രമേണ കോടതിനടപടികൾ എല്ലാവരും മറന്നു. മകൾ വളർന്നുതുടങ്ങി. എച്ച്മുക്കുട്ടി കണ്ണനെ വിവാഹം ചെയ്തു. അദ്ദേഹത്തിന്റെ വീട്ടിലും എതിർപ്പുകളുയർന്നു. എങ്കിലും അവർ അതിജീവിച്ചു. തന്റെ വിവാഹത്തിന് ജോസഫിനെ ക്ഷണിക്കരുതെന്ന് മകൾ നിർബ്ബന്ധപൂർവം പറയുകയും ഭർത്താവിനോടൊപ്പം വിദേശത്ത് ജോലിനേടിപ്പോവുകയും ചെയ്തു. കണ്ണനും എച്ച്മുക്കുട്ടിയും ഡൽഹിജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങി. എച്ച്മുക്കുട്ടി തന്റെ ആത്മകഥ ഇങ്ങനെയവസാനിപ്പിക്കുന്നു:
‘ഇത്രയും എഴുതി… കുറെ ചോദ്യങ്ങളും അപമാനവും ആരോപണങ്ങളും ഞാൻ കേട്ടു. എന്റെ ജീവിതാനുഭവങ്ങളെക്കുറിച്ച് എന്നേക്കാൾ ബോധ്യവും നിശ്ചയവുമുള്ളവർ വന്നു. എന്റെ വേദനകളെ സൈദ്ധാന്തികമായി അനലൈസ് ചെയ്തു. എന്നെ വേദനിപ്പിച്ചവർ എത്ര ശരിയാണെന്ന് ഉറക്കെയുറക്കെ വിളിച്ച് പറഞ്ഞു. ഇപ്പോൾ എനിക്കൊരു സംശയം ബാക്കിയുണ്ട്.
എനിക്ക് കണ്ണനുമായി പണ്ടേ അവിശുദ്ധബന്ധമായിരുന്നുവെന്നും ഞാൻ പെർവെർട്ടാണെന്നും കുഞ്ഞിനെ ഉപേക്ഷിച്ച് കണ്ണനൊപ്പം പോയി ഡൽഹിയിൽ ചെന്ന് പല പുരുഷന്മാർക്കൊപ്പം ജീവിച്ചുവെന്നും ഉറപ്പുള്ളവരാണ് ഇതെല്ലാം പറഞ്ഞത്. ഇവർക്കെല്ലാം ഇതൊക്കെ നല്ലവണ്ണം അറിയാമായിരിക്കുമലോ. പിന്നെ മിസ്സിസ്സ് ജോസഫ് അദ്ധ്യാപകനും കവിയും സുഹൃത്തും കാമുകനും ഭർത്താവുമായി അദ്ദേഹത്തെ കാണുകയും അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ സ്‌നേഹിച്ചുവളർത്താൻ തയ്യാറായി വരികയും ചെയ്ത സ്ത്രീരത്‌നമാണ്. അവർ ജോസഫിന് ഇഷ്ടമില്ലാത്ത ഒരു കാര്യവും ചെയ്യുകയില്ല. അതുകൊണ്ട് അവർക്കായി കുഞ്ഞിനെ വേണ്ട എന്നു വെച്ചുവെന്ന ന്യായം ഒട്ടുമേ വിശ്വാസയോഗ്യമല്ല. കുഞ്ഞിനോട് ജോസഫിനുള്ള വാൽസല്യം കണ്ട് കരളലിയാത്തവരാരുംതന്നെ കേരളത്തിലില്ലതാനും. എന്നിട്ടും ഞാൻ മൂന്നു തവണ കൊടുത്ത കേസ് വാദിച്ച് എന്റെ സ്വഭാവദൂഷ്യം പുല്ലുപോലെ തെളിയിക്കാൻ ജോസഫ് മുതിർന്നില്ല. എന്റെ അച്ഛൻ എനിക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് എഴുതിക്കൊടുത്ത അഫിഡവിറ്റും പക്കൽ ഉണ്ടായിരുന്നു. എല്ലാത്തവണയും കേസ് വാദിക്കാതെ ഒത്തുതീർപ്പാക്കുകയായിരുന്നു ജോസഫ്. പ്രാണനിലുപരി സ്‌നേഹിക്കുന്നുവെന്ന് ജോസഫ് പ്രദർശിപ്പിച്ച എന്റെ മകളെ ഇത്ര ദുസ്വഭാവിയായ ഞാനെന്ന അമ്മയെ എന്തുകൊണ്ട് ഏല്പിച്ചു? അപ്പോൾ ആ കുഞ്ഞ് ചീത്തയായിപ്പോകുമെന്ന ചിന്ത ജോസഫിനെ അലട്ടിയില്ലേ..? ലോകത്തിന്റെ ഏതെങ്കിലും കോണിലേക്ക് ആ മകൾ സഹിതം ഓടിമറഞ്ഞ് അവളെ ദുസ്വഭാവിയായ അമ്മയുടെ ദൃഷ്ടിയിൽ പെടാതെ വളർത്തേണ്ടിയിരുന്നില്ലേ…?
എന്നിലെ പ്രണയാതുരയായ പത്തൊമ്പതുകാരിയോട് ജോസഫിനുണ്ടായിരുന്നത് നന്നെ വില കുറഞ്ഞ കാമം മാത്രമായിരുന്നു. ഞാൻ പ്രസവിച്ച മകൾ ഏഴരസെന്റ് ഭൂമിക്കായി കൈമാറ്റം ചെയ്യാവുന്ന ഒരു വസ്തുവുമായിരുന്നു. ഇതറിഞ്ഞപ്പോൾ എന്റെ സംശയം എന്നന്നേക്കുമായി മാറിക്കിട്ടി…
‘വിപ്ലവത്തിന്റെ വക്താക്കളായി, ആക്റ്റിവിസ്റ്റുകളായി, സൈദ്ധാന്തികരായി ചമയുന്ന പലരും ഫ്യൂഡൽ പ്രഭുക്കളുടെയും സ്വേച്ഛാധിപതികളുടെയും പ്രേതങ്ങൾ മാത്രമാണ്. എല്ലാത്തരം മനുഷ്യവിരുദ്ധതയും പ്രകൃതിവിരുദ്ധതയും അവരിലും സമ്മേളിച്ചിരിക്കുന്നു’.
കവികളും കലാകാരന്മാരും പരിസ്ഥിതിപ്രവർത്തകരും സ്ത്രീവാദികളും ഇടതുവിപ്ലവകാരികളും ബുദ്ധിജീവികളുമായ ‘പുരോഗമനവാദിക’ളുടെ ഇടത്താവളമായിരുന്നു ജോസഫിന്റെയും എച്ച്മുക്കുട്ടിയുടെയും വീട്. അയാൾ തന്നെയും അങ്ങനെയൊരാളായിരുന്നു. പക്ഷെ ഈ വീടാണ് എച്ച്മുക്കുട്ടിക്ക് നരകത്തെക്കാൾ വലിയ തീക്കുണ്ഡമായിത്തീർന്നത്. ഒരർഥത്തിൽ രാത്രിയും പകലും പോലെ ഭിന്നമായ രണ്ടു സ്വഭാവങ്ങളോടെ വീടിനകത്തും പുറത്തും ജീവിച്ച രണ്ടു പുരുഷന്മാർ ഹൃദയം ചെകുത്താനു പണയം കൊടുത്തതിന്റെ കഥയാണ് ഈ പുസ്തകം. മറ്റൊരർഥത്തിൽ രണ്ടു കുടുംബങ്ങളിലെ സ്ത്രീകളുടെ ആജീവനാന്ത ബലിഗാഥയും. മലയാളിസ്ത്രീയുടെ ആന്തരജീവചരിത്രമെന്നും വിളിക്കാം ‘ഇതെന്റെ രക്തമാണ്’ എന്ന ആത്മകഥയെ. കാരണം, മലയാളി കുടുംബങ്ങൾ കിടപ്പറയിൽ ജീവനോടെ കുഴിച്ചുമൂടുന്ന സ്ത്രീഭ്രൂണങ്ങളുടെ തന്നെ കഥയാണ് എച്ച്മുക്കുട്ടി എഴുതുന്നത്.
പുസ്തകത്തിൽ നിന്ന്:-
‘രാത്രി ഞാനും പപ്പനും ഭാഗ്യയും തീരേ ഉറങ്ങിയില്ല. കട്ടൻകാപ്പി കുടിച്ചും തെങ്ങും തടത്തിലൂടെ ഇഴഞ്ഞുനീങ്ങുന്ന ചേരയെ നോക്കിയും കൂമന്റെയും പുള്ളിന്റെയും സ്വരങ്ങൾ ശ്രവിച്ചും വീട്ടുവരാന്തയിലിരുന്ന് നേരം വെളുപ്പിച്ചു. ഉറങ്ങാത്തതുകൊണ്ട് രാവിലെ ഉണരുന്ന പ്രശ്‌നം എളുപ്പമായിരുന്നു. കഠിനമായ ക്ഷീണം തോന്നുന്നുണ്ടായിരുന്നെങ്കിലും ഞാൻ കുളിച്ചു തയ്യാറായി.
രാവിലെ ഏഴരയോടെ ജയ്‌ഗോപാൽ എത്തിച്ചേർന്നു. ഞാനും അമ്മീമ്മയുമാണ് സബ് കോടതിയിൽ പോയത്. പപ്പൻ വരാൻ പാടില്ലെന്നും അയാളുടെ മുമ്പിൽ കുട്ടിയെ കൈമാറാൻ ജോസഫിനു കഴിയില്ലെന്നും അറിയിച്ചിരുന്നു ബാലചന്ദ്രൻ. എന്റെ അമ്മ ഓഫീസിൽ പോയി. അവിടമായിരുന്നുവല്ലോ എന്നും അമ്മയുടെ ഒരേയൊരു അഭയകേന്ദ്രം.
ജോസഫും വക്കീലും ബാലനും വക്കീലിന്റെ ഭാര്യയായ ലീന വക്കീലും ഒക്കെ ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ അച്ഛനും അദ്ദേഹത്തിന്റെ ഒരു സുഹൃത്തും അവരുടെ സംഘത്തിൽ എത്തിച്ചേർന്നു.
കുഞ്ഞ് വന്നിരുന്നില്ല.
കേസ് വിളിച്ചു. എന്റെ വക്കീൽ ഈ ഒത്തുതീർപ്പ് ഗതികേടുകൊണ്ടാണ് സമ്മതിക്കുന്നതെന്ന് പ്രഖ്യാപിച്ചു. അപ്പോൾ ജോസഫിന്റെ വക്കീൽ രണ്ടു ദിവസം കഴിഞ്ഞാൽ ഞാൻ പപ്പനെ കല്യാണം കഴിക്കുമെന്നും ജോസഫ് നേരത്തെതന്നെ കല്യാണം കഴിച്ചുവെന്നും എനിക്ക് ഒത്തുതീർപ്പ് വേണ്ടെങ്കിൽ അവർക്കു യാതൊരു നിർബന്ധവുമില്ലെന്നും പറഞ്ഞു.
വീണ്ടും പ്രശ്‌നമായി. തീരുമാനിക്കൂ എന്ന് കോടതി സമയം തന്നു.
ജയ്‌ഗോപാൽ പോയി എന്റെ വക്കീലിനോട് സംസാരിച്ചു. അദ്ദേഹം അഡ്വ. രാജഗോപാലിന്റെ ജൂനിയർ ആയിരുന്നല്ലോ. അദ്ദേഹത്തിന് ഒത്തുതീർപ്പ് ഒട്ടും ഇഷ്ടമായില്ല. എങ്കിലും ജയ്‌ഗോപാലിന്റെ നിർബന്ധത്തിന് വഴങ്ങി മൗനം പാലിച്ചുകൊള്ളാമെന്ന് സമ്മതിച്ചു.
അതിനകം സബ്ജഡ്ജ് കേസ് കടലാസ്സുകൾ ഒക്കെ പരിശോധിക്കുകയും അച്ഛൻ എനിക്കെതിരേ എഴുതിയ ആ അഫിഡവിറ്റ് കാണുകയും ചെയ്തു. ‘എനിക്ക് ഒന്നും തീരുമാനിക്കാൻ പറ്റില്ലെന്നും കേസ് ഞാൻ സെഷൻസ് കോർട്ടിലേക്ക് റഫർ ചെയ്യുന്നു’വെന്നും പറഞ്ഞ് സബ്ജഡ്ജ് കേസിൽ നിന്നും ഒഴിവായി.
ഞാൻ അമ്മീമ്മയുടെ ജയ്‌ഗോപാലിന്റെ ഇടയ്ക്ക് മരിച്ചതുപോലെ ഇരിക്കുകയായിരുന്നു.
സെഷൻസ് കോടതിയിൽ ഒരു കൊലപാതകകേസിന്റെ വിചാരണ നടക്കുകയായിരുന്നതുകൊണ്ട് ഈ ഒത്തുതീർപ്പ് അവിടെ പരിഗണനക്ക് വന്നില്ല. പറ്റിയാൽ നാളെ വന്നേക്കും എന്നായി സ്ഥിതി.
കോടതി ഓർഡർ ആവാതെ ജോസഫ് കുഞ്ഞിനെ എനിക്ക് തരില്ല.
എനിക്ക് മരിച്ചാൽ മതിയെന്ന് തോന്നി. ഗാർഡിയൻ ആൻഡ് വാർഡ്‌സ് ആക്ട് നിയമം എഴുതിയ, അത് അംഗീകരിച്ച എല്ലാവരെയും ഞാൻ നെഞ്ചുപൊട്ടി പ്രാകി. ഇന്ത്യാരാജ്യത്തെ, അതിന്റെ ഭരണാധികാരികളെ, നിയമങ്ങളെ, ന്യായാധിപരെ എല്ലാം ഞാൻ പ്രാകി. എല്ലാം കടലെടുക്കട്ടെ… ഭൂമി കുലുങ്ങട്ടെ, അഗ്നിപർവതം പൊട്ടി ലാവയൊഴുകട്ടെ. ഈ രാജ്യം കല്ലിന്മേൽ കല്ല് ശേഷിക്കാതെ തകർന്നുടയട്ടെ.
കുറച്ച് കഴിഞ്ഞപ്പോൾ മിഡിയും ടോപ്പും ധരിച്ച കുഞ്ഞ് വന്നു. കുഞ്ഞ് ജോസഫിനെ കെട്ടിപ്പിടിച്ചാണ് നിന്നിരുന്നത്. ജോസഫും ജയസൂര്യൻ വക്കീലും ഒന്നിച്ചു ഒത്തിരി സമയം സംസാരിച്ചു നിന്നു.
അതുകഴിഞ്ഞ് ജയസൂര്യൻ വക്കീൽ എന്റടുത്ത് വന്ന് പറഞ്ഞു.
‘ഒത്തുതീർപ്പ് ഓർഡർ ആയിട്ടില്ല, അതുകൊണ്ട് കുഞ്ഞിനെ തരാൻ ജോസഫിന് താല്പര്യം ഇല്ല. പക്ഷേ, ഇന്നലെതന്നെ ഭൂമി എഴുതിക്കൊടുത്ത, അത്ര മെഗ്നാനിമസ് ആയ നിങ്ങളോട് പ്രോക്രിത്തരം കാണിക്കുന്നതിന് ഒരു പരിധിയുണ്ട്. ഇന്ന് ഓർഡർ വന്നില്ലെങ്കിലും ഒരു പ്രശ്‌നവുമില്ല, കുഞ്ഞിനെ കൊണ്ടുപൊക്കോളൂ’.
ഞാൻ കേൾവി നഷ്ടപ്പെട്ടവളെപ്പോലെ ഇരുന്നു.
ജയസൂര്യന്റെ ഭാര്യ ലീനവക്കീൽ കുഞ്ഞിനെ എന്റടുത്തേക്ക് കൊണ്ടുവന്നിട്ട് പറഞ്ഞു. ‘ജോസഫ് കഷ്ടപ്പെട്ട് കുഞ്ഞിനെ നോക്കുന്നതു കാണുമ്പോൾ ഞാൻ എപ്പോഴും പറയുമാരുന്നു, കുട്ടിയെ അമ്മയ്ക്ക് കൊടുക്കുന്നതാ ബുദ്ധിയെന്ന്… എന്തിനാ പാവം, ജോസഫ് ഇങ്ങനെ കഷ്ടപ്പെടണത് ല്ലേ… നമ്മൾ പെണ്ണുങ്ങൾക്ക് കുട്ടിയെ നോക്കിവളർത്താൻ അറിയണപോലെ ആർക്കാ അറിയാ?’
ഞാൻ പുഞ്ചിരിച്ചു. ഉമിനീർ വറ്റിപ്പോയതുകൊണ്ട് ഒരു ശബ്ദവും വന്നില്ല. അവരെ ഞാൻ മിനുമിനാ നോക്കിയിരുന്നു.
കുഞ്ഞിന്റെ കൈയിൽ പിടിച്ചെങ്കിലും കൈ വിടുവിച്ച് കുഞ്ഞ് ജോസഫിനടുത്തേക്ക് ഓടിപ്പോയി. എനിക്ക് കണ്ണീർപോലും വരുന്നുണ്ടായിരുന്നില്ല. ‘അമ്മേദെ ചത്തല’ എന്നു പറഞ്ഞിരുന്ന കുഞ്ഞാണത്. അമ്മക്ക് എപ്പോഴും ‘ആയിഡലം ഉമ്മ’ തന്നിരുന്ന കുഞ്ഞ്.. ‘അമ്മേദെ ബൊച്ചി കുടിച്ചണ ചുന്തലി’.
മരണം എന്നെ അനുഗ്രഹിക്കില്ലെന്ന് എനിക്കറിയാമായിരുന്നു.
കുറച്ച് കഴിഞ്ഞപ്പോൾ ബാലചന്ദ്രൻ കുഞ്ഞിന്റെ കൈയും പിടിച്ചു വന്ന് എന്നെയും അമ്മീമ്മയെയും വിളിച്ചു. ഞങ്ങൾ ചെല്ലുമ്പോൾ ജയ്‌ഗോപാൽ കാർ സ്റ്റാർട്ട് ചെയ്തു നിറുത്തീരുന്നു. ബാലൻ ജയ്‌ഗോപാലിന്റടുത്തിരുന്നു. ഞാനും അമ്മീമ്മയും പുറകിലത്തെ സീറ്റിലും.
കാർ തിരിയുമ്പോൾ ജോസഫ് റോഡിൽനിന്ന് ലോകം അവസാനിച്ചത് പോലെ നോക്കുകയും കൈ വീശിക്കാണിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
കുഞ്ഞ് അതു കണ്ടു ‘അപ്പാളൂ’ എന്ന് ഉറക്കെ ഉറക്കെ കരയാൻ തുടങ്ങി. അപ്പോൾ ബാലൻ പറഞ്ഞു. ‘ജഡ്ജി പറഞ്ഞിരിക്കുന്നത് ഇനി കുറച്ചുസമയം അമ്മേടെ ഒപ്പം പാർക്കണമെന്നാണ്. ഇതാ ഇവനാണ് ജഡ്ജീടെ ഡ്രൈവർ. ഇവൻ ചെന്ന് ജഡ്ജിക്ക് റിപ്പോർട്ട് കൊടുക്കും’.
കുഞ്ഞ് ജയ്‌ഗോപാലിനെ ഒരു ഭൂതത്തെ എന്നപോലെ തുറിച്ച് നോക്കി മൗനമായിരുന്നു.
പക്ഷേ, ജോസഫിന്റെ വീട്ടിലേക്ക് തിരിയേണ്ടുന്ന വഴി കടന്നുപോന്നപ്പോൾ ‘കാറ് തിരിക്കടാ ഡൈവറേ’ എന്നായി കുഞ്ഞിന്റെ ആക്രോശം. ജയ്‌ഗോപാൽ ഒന്നു സൂക്ഷിച്ചു നോക്കിയപ്പോൾ കുഞ്ഞ് മുഖം താഴ്‌ത്തി.
ബാലൻ കുഞ്ഞിനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു. ‘മക്കള് വിഷമിക്കണ്ട. അമ്മേടെ വീട്ടില് എന്ത് വിഷമമുണ്ടായാലും അപ്പൂന്റച്ഛനെ ഫോൺ വിളിച്ചാ മതി. അപ്പൂന്റെ അച്ഛൻ പറന്ന് വന്ന് വാവേ കൊണ്ട് പോവും’.
തിരിഞ്ഞ് ഉരഞ്ഞ ശബ്ദത്തിൽ ‘വാവയെ മര്യാദക്ക് നോക്കിക്കോളണ’മെന്ന് എനിക്കും അമ്മീമ്മക്കും ഒരു ഭയങ്കര താക്കീത് തരാനും ബാലൻ മറന്നില്ല.
വീട്ടിലെത്തിയപ്പോൾ പപ്പനെ കണ്ടതും വാവയുടെ മട്ട് മാറി. ‘എടാ കള്ളാ…. ന്റമ്മയെ കട്ടോണ്ടോയ കള്ളാ’ എന്ന് വിളിച്ച് പപ്പന് രണ്ടടി വെച്ച് കൊടുത്തു. എന്നിട്ട് ബാലനോട് ‘വനെ അടിച്ചടിച്ച് കൊല്ല് അപ്പൂന്റച്ഛാ’ എന്ന് അലറി.
ബാലൻ ഉടനെ പപ്പന്റെ പുറത്ത് അടിച്ചു. വലിയ ഒച്ച കേൾക്കുന്ന വിധത്തിൽ… പപ്പൻ ‘ങേ, ങേ അയ്യോ മതിയേ അടിക്കല്ലേ കൊല്ലല്ലേ’ എന്നൊക്കെ കരഞ്ഞു.
‘ഇനിയടിച്ചാൽ ഇവൻ ചത്തുപോകു’മെന്നും ‘ചത്തുപോയാൽ അപ്പൂന്റച്ഛൻ ജയിലിലാകു’മെന്നും പറഞ്ഞപ്പോൾ വാവ ‘അടിച്ചണ്ട’ എന്ന് പറഞ്ഞ് അകത്തേക്ക് പോയി.
ജോസഫിന്റെ ഒരു ഫോട്ടോ കുഞ്ഞ് കൈയിൽ പിടിച്ചിരുന്നു. കളിപ്പാട്ടങ്ങളും ഉടുപ്പുമൊക്കെ കണ്ടപ്പോൾ വാവക്ക് സന്തോഷമായി. ‘വടെ എന്തുടുപ്പാ ഇടാ എന്തു വച്ചാ കളിച്ചാന്ന് ച്ച് വെഷമാരുന്നു’ എന്നു വാവ പറഞ്ഞു.
പിന്നെ വീട്ടിലെ എല്ലാ മുറികളിലും നടന്നു. ബാലനും ജയ്‌ഗോപാലും സൂത്രത്തിൽ യാത്ര പറഞ്ഞുപോയി. ഞാൻ വാവയേം കൊണ്ട് പറമ്പിലൊക്കെ ചുറ്റിത്തിരിഞ്ഞു. പപ്പൻ ഭാഗ്യയോടും അമ്മയോടും അമ്മീമ്മയോടും സംസാരിച്ചുകൊണ്ടിരുന്നു.
വാവയുടെ മനസ്സ് നിറയെ സംശയങ്ങളാണെന്ന് എനിക്കറിയാമായിരുന്നു. കുട്ടി എന്നെ അമ്മ എന്ന് വിളിക്കുന്നില്ലെന്ന് ഞാൻ മനസ്സിലാക്കി. ക്ഷമ മാത്രമേ മാർഗമുള്ളൂ എന്നും ഞാനറിഞ്ഞു.
പെട്ടെന്നായിരുന്നു ചോദ്യം വന്നത്..
‘ങ്ങളെന്നെ ഡൽഹീല് കൊണ്ടോയി പടിപ്പിച്ചും?’
ഞാൻ ഉവ്വെന്ന് പറഞ്ഞു.
‘കാശുണ്ടോ ങ്ങള്‌ടെ പേയ്‌സില്?’
‘ഉവ്വ്.. വാവേ പഠിപ്പിക്കാനൊക്കെ അമ്മേടെ കൈയില് കാശുണ്ട്’.
‘ഉം. ല്ലെങ്കി ആ പപ്പനും കൂട്ടാരും ങ്ങക്ക് ഇട്ടംപോലെ കാശ് തരുന്ന് അപ്പാളു പറഞ്ഞ് ന്ന്ണ്ട്’.
എന്റെ ഹൃദയത്തിൽ വലിയൊരു തേൾ കടിച്ചു. വേദനിച്ചുപുളയുമ്പോഴും ഞാൻ പുഞ്ചിരിച്ചുതന്നെ നിന്നു.
പക്ഷേ, സംഭാഷണം നീണ്ടുപോയപ്പോൾ വാവയുടെ പിടുത്തം കൊഴിഞ്ഞു തുടങ്ങി. മമ്മിയെപ്പറ്റിയും അപ്പാളുവിനെപ്പറ്റിയും സ്‌കൂളിനെപ്പറ്റിയും ഒക്കെ പറഞ്ഞു തുടങ്ങി. അറിയാതെ തന്നെ അമ്മ, എന്നും ലാണിച്ചിത്തി, ബാജ്യം ചിത്തി, ലാജമ്മ (എന്റെ അമ്മ), ലാജ് (അമ്മീമ്മ) എന്നുമൊക്കെ പണ്ട് വാവ വിളിച്ചിരുന്നപോലെ പറഞ്ഞു തുടങ്ങി.
ഞാൻ ആശ്വസിച്ചു. എല്ലാവരും പകർന്ന സ്‌നേഹം അത്ര എളുപ്പത്തിൽ മറന്നുപോവില്ലല്ലോ. അവൾ വേറെ വീട്ടിൽനിന്ന് വരികയാണെന്ന മട്ടേ ഞാൻ പ്രകടിപ്പിച്ചില്ല. ഒന്നും കിള്ളിക്കിഴിഞ്ഞ് ചോദിച്ചില്ല. പറയാനുള്ളത് കേട്ടു.
അമ്മീമ്മ അത്താഴമൂട്ടാൻ അടുക്കളയിലേക്ക് വിളിച്ചു. മാമ്പഴപ്പുളിശ്ശേരിയും പയറുകൊണ്ടാട്ടവും വെണ്ടക്കായ മെഴുക്കുപുരട്ടിയും മോരും കടുമാങ്ങയുമായിരുന്നു വിഭവങ്ങൾ.
‘അമ്മ വാരിത്തരട്ടെ?’ എന്ന് ചോദിച്ചപ്പോൾ എടുത്തടിച്ചപോലെ വാവയുടെ ഉത്തരം വന്നു. ‘ണ്ട, ങ്ങളെ കാണുമ്പോ നിക്ക് അറച്ചണു’.
ഞാൻ ഒന്നും പറഞ്ഞില്ല.
അമ്മീമ്മയോട് ആയിരുന്നു അടുത്ത ചോദ്യം. ‘ങ്ങള് പട്ടമ്മാരാ?’
ആരും ഒന്നും പറഞ്ഞില്ല. മുഴുവൻ മാമ്പഴം കറിയിൽ കണ്ടപ്പോൾ അടുത്ത ചോദ്യമായി. ‘തെന്താ പോത്തെറച്യാ? ങ്ങള് പട്ടമ്മാര് എറച്ചി തിന്നോ? ഞാം കിറിസ്സാന്ന്യാ. ഞാം ല്ലാം തിന്നും’.
അമ്മീമ്മ മറുപടി പറഞ്ഞു അതീവ ശാന്തമായി. ‘ഇപ്പോ എന്റെ വീട്ടിലല്ലേ, ഞാൻ എറച്ചിയൊന്നും കഴിക്കില്ല. ഇവിടുള്ളതൊക്കെ കഴിച്ച് മോളിലെ മുറീല് പോയി ഒറങ്ങിക്കോളൂ’.
അപ്പോൾ വാവ മൊഴിഞ്ഞു.
‘തന്നെ ല്ല, മ്മ വരണം’.
ഞാൻ സമ്മതിച്ചു.
പുറത്തെ വരാന്തയിൽ വന്നപ്പോൾ അമ്മിത്തറയുടെ മറവിലിരുന്ന് തേങ്ങിക്കരയുന്ന ഭാഗ്യയെയാണ് കണ്ടത്. എന്താണെന്ന് ചോദിച്ചപ്പോൾ അവൾ ഏങ്ങലടിച്ചുകൊണ്ട് വിക്കി…
‘നമ്മുടെ കുഞ്ഞ്… ഇങ്ങനെ. ഏതോ വീട്ടിലെ കുട്ടിയെപ്പോലേ… നിന്നെ അറയ്ക്കുമെന്ന്…. ഇത്ര മോശമാമോ നിന്റെ തലേലെഴുത്ത്.. എങ്ങനെ കൊണ്ടുനടന്ന കുഞ്ഞാണ്… എനിക്ക് സഹിക്കാൻ പറ്റുന്നില്ല’.
ഞാൻ അവളെ കെട്ടിപ്പിടിച്ചു. പപ്പൻ കരച്ചിൽ കേട്ട് വന്ന് അവളെ കുറച്ചകലെയുള്ള ഗേറ്റിനരികിലേക്ക് കൂട്ടിക്കൊണ്ടുപോയി.
മുകളിലെ മുറിയിൽ കിടക്ക വിരിച്ച് ഫാനുമിട്ട് വാവയെ ഞാൻ കിടത്തി. ഇട്ടിരുന്ന മിഡിയും ടോപ്പും അഴിച്ചു തന്നിട്ട് ‘ദിത്താ മതി നാളെ, ആ പപ്പനോദ് ത് തയ്കി ണക്കാമ്പറയ്’ എന്ന് അവൾ ഒരു റാണിയെപ്പോലെ കൽപ്പിച്ചു.
ഞാൻ തലകുലുക്കി.
അടുത്ത് കിടക്കാമോ എന്നുറപ്പില്ലാത്തുകൊണ്ട് ഞാൻ അരികിലിരുന്നു.
‘നാളെ ഞാം അപ്പാളുന്റെ വീട്ടില്ക്ക് പൂവും. അപ്പാളു താത്താവില് തടവാണ്ട് നിച്ച് ഒറക്കം വരില്ല’.
ഞാൻ ഒരു നിമിഷം കൊണ്ട് വെന്തുനീറിപ്പോയി. ആര് എവിടെ തടവണമെന്ന് ഞാൻ ചോദിച്ചത് എങ്ങനെയാണെന്ന് എനിക്കിപ്പോഴും അറിയില്ല.
അപ്പോൾ ഞാൻ അത് കേട്ടു.
‘ങ്ങള് ഒറങ്ങണേന് മുമ്പ് ഞാം അപ്പാളൂന്റെ താത്താവില് പിടിച്ച് വലിച്ച് കളിച്ചും. പിന്നെ അപ്പാളു ന്റെ താത്താവില് ങ്ങനെ മേപ്പോട്ട് ഉയിഞ്ഞ് തരും. അപ്പോ നിക്കൊരു സൊകം കിത്തും. ങ്ങനെ ഒറങ്ങ്യോവും. ഇപ്പ അമ്മ ഉയ്ഞ്ഞ്യാ മതി’.
എന്റെ ചത്ത കൈകൾ തൊട്ടിട്ട് കുഞ്ഞു പറഞ്ഞു, ‘അപ്പാളുന്റെ കയ്യിനാ മിന്‌സം. മ്മേടെ കയ്യ് മിൻസല്ല. ന്നാലും തടവ്. നിക്കൊരു സൊകം വരട്ടെ’. എന്നിട്ട് എന്റെ വലതു കൈ അവളുടെ ജെട്ടിക്കടിയിലൂടെ കുഞ്ഞുപൂവു പോലെയുള്ള താത്താവിൽ കമഴ്‌ത്തിവെച്ചു’.
എച്ച്മുക്കുട്ടിയുടെ ‘ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക’
എന്ന ആത്മകഥക്ക് ഷാജി ജേക്കബ് എഴുതിയ വായനാനുഭവം.
കടപ്പാട്; മറുനാടന്‍ മലയാളി
Comments are closed.