മരണത്തില്‍ നിന്നും നരകതുല്യമായ ജീവിതത്തില്‍ നിന്നും കരകയറിയ ഒരു സ്ത്രീയുടെ കഥ
മുഖാവരണങ്ങളുടെ കാലത്തിലൂടെയാണല്ലോ നമ്മള്‍ കടന്നു പോകുന്നത്. എന്നാല്‍ പറയാനുള്ളത് ചില മുഖം മൂടികളെ കുറിച്ചാണ്. നമ്മുടെ ഇടയില്‍ തന്നെയുള്ള മുഖം മൂടികള്‍. പൊതു ഇടങ്ങളില്‍ കടുത്ത സ്ത്രീ പക്ഷ, ദളിത് പക്ഷ, ഫെമിനിസ്റ്റ്, ലിബറല്‍ മുഖം മൂടി അണിയുകയും വീട്ടിലെത്തിയാല്‍ ഭാര്യയെ കുനിച്ചു നിര്‍ത്തി ഇടിക്കുകയും ചെയ്യുന്ന ചില അറപ്പുളവാക്കുന്ന വ്യക്തിത്വങ്ങളെ കുറിച്ചാണ്. അതിന്റെ അപകടം എന്താണ് എന്ന് വച്ചാല്‍ നമ്മള്‍ ഇവരെ തീരെ തിരിച്ചറിയില്ല എന്നതാണ്. അതുകൊണ്ട് തന്നെ വീണ്ടും വീണ്ടും അവര്‍ക്ക് ഇരകളെ കിട്ടും.
ഏതെങ്കിലും ഒരു സിനിമയില്‍ നായകന്‍ സ്ത്രീ കഥാപാത്രത്തോട് “വീട്ടില്‍ കേറി പോടി” എന്ന് പറഞ്ഞു പോയാല്‍ ആ സിനിമ അപ്പാടെ സ്ത്രീവിരുദ്ധവും അതില്‍ അഭിനയിച്ച നടന്‍ മഹാ സ്ത്രീ പീഡകനുമെന്ന് വാഴ്ത്തുന്ന ഈ കപട നാട്യക്കാര്‍ സ്വന്തം ഭാര്യയെ അറപ്പുളവാക്കുന്ന രീതിയിലുള്ള സംഭോഗത്തിന് നിര്‍ബന്ധിക്കുകയും വഴങ്ങാതിരുന്നാല്‍ മൃഗീയമായി മര്‍ദ്ദിക്കുകയും ചെയ്യും. തരം കിട്ടിയാല്‍ സ്വന്തം മകളെ പോലും തന്റെ രതിവൈകൃതങ്ങള്‍ ശമിപ്പിക്കാന്‍ ഉപയോഗിക്കുകയും ചെയ്യും. താൻ പരിസ്ഥിതി വാദിയും കടുത്ത ലിബറലും മത നിരാസകനും എന്ന് പുറമെ കാണിക്കാൻ കോസ്റ്റ് ഫോർഡ് പോലെയുള്ള ഏജൻസികൾ രൂപകൽപ്പന ചെയ്ത ഇഷ്ടിക പുറത്ത് കാണുന്ന മനോഹരമായ വീട്ടിൽ പാർക്കുകയും അവിടവിടെ ബുദ്ധപ്രതിമകൾ വയ്ക്കുകയും ചെയ്യും.
അത്തരമൊരു നരാധമനെ പരിചയപ്പെടണമെങ്കില്‍ എച്ച്മുക്കുട്ടിയുടെ ഇതെന്റെ രക്തമാണ് ഇതെന്റെ മാംസമാണ് എടുത്തുകൊള്ളുക എന്ന അടിക്കുറി പ്പോടെ ഇറങ്ങിയ എച്മുക്കുട്ടി എന്ന അനുഭവക്കുറിപ്പുകള്‍ വായിക്കുക. ഈ പുസ്തകത്തിന്റെ വായനാഘട്ടത്തില്‍ പലപ്പോഴും ഞാന്‍ കസേരയില്‍ നിന്നും അറിയാതെ എഴുന്നേല്‍ക്കുകയും ആ മനുഷ്യമൃഗത്തെ മുഖമടച്ച് അടിക്കുന്നതായി സങ്കല്‍പ്പിക്കുകയും ചെയ്തു. അവന്‍ ജനിച്ച പുരുഷവര്‍ഗ്ഗത്തിലാണല്ലോ ഞാനും ജനിച്ചതെന്ന് ഓര്‍ത്ത് ലജ്ജിക്കുകയും ചെയ്തു. വൈകുന്നേരം രണ്ടെണ്ണം അടിക്കുകയും വീട്ടിലെത്തിയാല്‍ ചിലപ്പോള്‍ ഭാര്യയെ കെട്ടിപ്പിടിക്കുകയും ചിലപ്പോള്‍ രണ്ട് തെറി വിളിക്കുകയും ചിലപ്പോള്‍ രണ്ട് അടി അടിക്കുകയും ചെയ്ത് കിടന്ന് ഉറങ്ങുന്ന തൊഴിലാളി ഈ നരാധമനേക്കാള്‍ എത്രയോ ഉയരെയാണ്. കാരണം അയാള്‍ ഫെമിനിസം, ദളിത് പരിപ്രേക്ഷ്യം സവര്‍ണ ബിംബം, പുരുഷാധിപത്യം, ബ്രാഹ്മനിക്കൾ ഹെജിമനി എന്നൊന്നും പകല്‍ പുലമ്പുന്നില്ല. അയാള്‍ പച്ച മനുഷ്യനാണ്. ചെയ്യാന്‍ കഴിയാത്തത് അയാള്‍ പറയുന്നില്ല.
സ്വന്തം ഭര്‍ത്താവും അയാളുടെ മതവും ചേര്‍ന്ന് എങ്ങനെയാണ് തന്നെ പീഡിപ്പിച്ചതെന്ന് തുറന്നുപറയുകയാണ് എച്ച്മുക്കുട്ടി ഈ പുസ്തകത്തില്‍. ഇതിലെ ജോസഫിനെ ഞാന്‍ അറിയുന്ന പോലെ നിങ്ങളില്‍ പലര്‍ക്കും അറിയാമായിരിക്കും. പക്ഷേ നമ്മള്‍ അറിയാത്ത എത്രയോ ജോസഫുമാര്‍ ഇവിടെയുണ്ട്. അവര്‍ക്കിടയിലാണ് നമ്മുടെ ജീവിതമെന്നത് ആണ് ഏറ്റവും അപകടകരം. തിരിച്ചറിയാന്‍ കഴിയാത്ത മുഖംമൂടികള്‍.
പക്ഷേ പ്രതീക്ഷയുടെ തിരി മുഴുവനായി ഒരിക്കലും കെട്ടുപോകില്ല. മരണത്തില്‍ നിന്നും നരകതുല്യമായ ജീവിതത്തില്‍ നിന്നും കരകയറിയ ഒരു സ്ത്രീയുടെ കഥ കൂടിയാണ് ഇത്. അവള്‍ക്ക് കൈത്താങ്ങായി നിന്ന ഏതാനും പുരുഷന്മാരുടെയും. ആ പുരുഷന്‍മാര്‍ ആരും പരസ്യമായി ദളിത് പരിപ്രേക്ഷ്യം സവര്‍ണ ബിംബം, പുരുഷാധിപത്യം, ഫെമിനിസം, ബ്രാഹ്മനിക്കൾ ഹെജിമനി എന്ന് വിളിച്ചു കൂവുന്നില്ല. സാഹിത്യത്തിലും സിനിമയിലും സിനിമാപാട്ടിലും ഫേസ് ബുക്ക് പോസ്റ്റുകളിലും സ്ത്രീ വിരുദ്ധത കണ്ടു പിടിക്കാന്‍ ഭൂതക്കണ്ണാടിയുമായി നടക്കുന്നില്ല, സാധാരണക്കാരന് മനസിലാകാത്ത ഭാഷയില്‍ സംസാരിക്കുന്നില്ല. അവര്‍ക്ക് ചെയ്യാന്‍ കഴിയുന്നത് അവര്‍ ചെയ്യുന്നു. അവരെ പോലെയുള്ളവരില്‍ മാത്രമാണ് പ്രതീക്ഷ.
ഭാഗ്യലക്ഷ്മിയുടെയും അഷിതയുടെയും ഓര്‍മ്മക്കുറിപ്പുകളെ കുറിച്ച് എഴുതിയപ്പോള്‍ ചില സുഹൃത്തുക്കളാണ് ഈ പുസ്തകം വായിക്കാന്‍ നിര്‍ദേശിച്ചത്. അവര്‍ക്ക് നന്ദി.
പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
എച്ച്മുക്കുട്ടിയുടെ ‘ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക‘ എന്ന കൃതിക്ക് ബിനു രാജ് എഴുതിയ വായനാനുഭവം
Comments are closed.