DCBOOKS
Malayalam News Literature Website

രക്ത ഗന്ധമുള്ള അക്ഷരങ്ങൾ!

എച്ച്മുക്കുട്ടിയുടെ ‘ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക’ എന്ന എന്ന പുസ്തകത്തിന് എട്ടാം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് സലാഹ് എഴുതിയ വായനാനുഭവം  

ഗതികെട്ട കാലത്തിന്റെ പ്രണയ ചിത്രങ്ങളാണ് എച്ചുമുക്കുട്ടി ‘ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക’ എന്ന തന്റെ ആത്മകഥയിലൂടെ പറയുന്നത്. പതിനെട്ടാം വയസ്സിൽ പ്രണയിച്ച്, ദാമ്പത്യ ജീവിതത്തിൽ പീഡനങ്ങളും രതി വൈകൃതങ്ങളും ആവോളം അനുഭവിച്ച് നാടുവിടേണ്ടി വന്ന ഒരു പെൺ ഹൃദയത്തിന്റെ പച്ചയായ ജീവിതമാണിത്.

സമൂഹത്തിനു മുമ്പിൽ മാന്യതയും പുരോഗമന മുഖവും കാണിക്കുന്ന സാംസ്കാരിക നായകരുടെ തനിനിറവും പൊയ്മുഖവും തുറന്നു കാണിക്കുന്നതോടൊപ്പം, സ്ത്രീകൾ സർവ്വ മണ്ഡലങ്ങളിലും പേറുന്ന അവമതിയുടെയും അവഹേളനങ്ങളുടെയും നീതികേടിന്റെയും Textനീറുന്ന അനുഭവങ്ങൾ എച്ച്മുക്കുട്ടി വായനക്കാരോട് പങ്കുവെക്കുന്നു.

‘ഒരു ഫോൺ മാത്രം ഉപയോഗിച്ച് എഴുതപ്പെട്ട ജീവിതക്കുറിപ്പുകൾ ആണിത്. ഇതിൽ ഭാവനയോ ഫാന്റസിയോ സ്വപ്നമോ ഇല്ല. ഈ മഹാപ്രപഞ്ചത്തിൽ തനിച്ചായി പോയവളുടെ അതിജീവന പരിശ്രമം മാത്രമാണിത്’ എന്ന മുഖവുരയോടെ പറഞ്ഞു തുടങ്ങി എച്ച്മുക്കുട്ടി ജീവിത പരീക്ഷണങ്ങളുടെ ചുരുളഴിക്കുകയാണ് ആത്മകഥയിലൂടെ.

കന്യാമറിയത്തിന്റെ തിരുരൂപവും കൊന്തയും ബൈബിളും, സുഹൃത്തും അധ്യാപകനുമായ വി.ജി. തമ്പിയിൽ നിന്ന് കിട്ടിയപ്പോൾ ഇദ്ദേഹത്തിൽ നിന്നാണ് ഇനിയുള്ള പരീക്ഷണങ്ങൾ എന്ന് എച്ച്മുക്കുട്ടി ഒരുപക്ഷേ ചിന്തിച്ചിരുന്നെങ്കിൽ ‘ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക’ എന്ന് എച്ച്മുക്കുട്ടി ഈ ആത്മകഥക്ക് നാമകരണം ചെയ്യേണ്ടി വരില്ലായിരുന്നു.

സ്ത്രീകളുടെ ജീവിതത്തിൻറെ ആഴങ്ങളിലേക്കുള്ള പ്രയാണത്തിൽ, ഒരു നിഷ്കളങ്ക ബാലികക്കു വേണ്ടി ദമ്പതികൾ വഴക്കിടുന്നത് കേരളത്തിൽ കാണാൻ പറ്റുന്ന ഒരു ദാരുണ രംഗമാണ്. അതിനാകട്ടെ കേസെന്ത്, കോടതിയെന്ത് എന്ന് ഉൾക്കൊള്ളാൻ കഴിയാത്ത ഒരു പെൺ ഹൃദയം സാക്ഷിയാകുന്നു. എന്നിട്ടു പോലും എച്ച്മുക്കുട്ടി എന്ന പെറ്റമ്മയ്ക്ക് കുഞ്ഞിനെ കിട്ടാതെയുള്ള വിധി പ്രഖ്യാപനം കോടതിയിലെ ചുറ്റികയിൽ നിന്നും മുഴങ്ങി. ഒരു സ്ത്രീയുടെ മനോനില ഉൾക്കൊള്ളാൻ കഴിയാത്ത ഒരു കൂട്ടം പുരുഷ വിഭാഗത്തിന്റെ കഥ കൂടിയാണിത്. പപ്പൻ എന്ന കണ്ണനും ലാണിച്ചീത്തിയുമൊക്കെ സഹോദരിയുടെ പരീക്ഷണങ്ങൾക്ക് തണലായി ഒരു വട വൃക്ഷമായി മാറിയപ്പോൾ സൂര്യൻ ആകാശത്തിന്റെ അനന്തതയിലൂടെ എത്തിനോക്കി.

ഒരു മകൻറെ അഭാവം അമ്മയിലുണ്ടാക്കുന്ന മാറ്റങ്ങളും പപ്പൻറെ മൂത്ത സഹോദരൻ എന്ന കടമയിലൂടെ വരച്ചിടുന്നു. അക്കാരണത്താൽ നീറി ദഹിച്ചു നിൽക്കുന്ന അമ്മയോടാണ്, പപ്പൻ ഭൂതകാലത്തിന്റെ ഇരുണ്ട ഭാരവും പേറി നിൽക്കുന്ന എച്ച്മുക്കുട്ടിയെ കൂട്ടുകാരി ആക്കണമെന്ന് പറഞ്ഞപ്പോൾ ആ കുടുംബം തകർന്നു പോവുകയാണ്. ‘ഭാഷ അറിയാത്ത വിദൂരദേശത്തിലേക്ക് വന്നവൾ’ എന്ന വിശേഷണത്തിലൂടെ പപ്പൻ അവളോടുള്ള ആത്മ സൗഹൃദത്തെ വെളിപ്പെടുത്തുന്നു. ആ ദിവസങ്ങൾ ഒത്തിരി മനോഹരമായിരുന്നു. ‘കുഞ്ഞ് മേരീ ദലീ മേ’ എന്നു പാടും. കുഞ്ഞിനെ നഷ്ടപ്പെടും മുമ്പ് അമ്മ പറഞ്ഞ വാക്കുകൾ ആണിത്.

‘വളമായും ജലമായും
ഈ ജന്മം സഫലം
നീ തന്നതല്ലേ
സ്വയം വിളഞ്ഞതല്ലേ’

എന്ന നാല് വരിയിലൂടെ എച്ച്മുക്കുട്ടിക്ക് താങ്ങാകുന്ന പപ്പൻ, നേരം പോക്കുകൾ പറഞ്ഞു കെട്ടിപ്പിടിച്ച് We will be with you എന്ന സ്വാന്തനിപ്പിക്കുന്ന ലാറി ബേക്കർ മിസ്സിസ് ബേക്കർ എന്നീ രണ്ടു പേരുണ്ട്, ചില നന്മ നിറഞ്ഞ ഹൃദയങ്ങൾ ഉണ്ട്, കഥാകാരിയുടെ ജീവിതം നിറമാർന്ന മഴവില്ല് പോലെ ആക്കിയവർ. അവരുടെ നന്മ ഹൃദയങ്ങളെ കുറിച്ചും എടുത്തു പറയുന്നുണ്ട് എച്ചുമുക്കുട്ടി.
‘എന്തെങ്കിലും കാര്യം ഉറപ്പിച്ചു പറഞ്ഞാൽ വയറ്റത്ത് തൊഴിയായിരിക്കും മറുപടി’ അതാണ് തമ്പി.

സഹോദരിയുടെ വേദനകൾ ഉൾക്കൊള്ളുന്ന റാണിയെയാണ് കുഞ്ഞ് ലാണിച്ചീത്തിന്ന് വിളിച്ചത്. അന്നായിരുന്നു ആ പൈതൽ സ്വന്തം അമ്മയെ പോലും അവഗണിച്ചത്. പക്ഷേ ജീവിതം തുടർന്നു. എന്നെങ്കിലും അവൾ കാത്തിരുന്ന സ്വപ്നം പൂക്കുമെന്ന് പ്രതീക്ഷയോടെ.

‘ഈ ജീവിതം എനിക്ക് തന്ന പാഠങ്ങൾക്കെല്ലാം നന്ദി’ എന്ന് പറഞ്ഞാണ് ആത്മകഥയ്ക്ക് വിരാമമിടുന്നത്. കാണാൻ പാടില്ലാത്ത, സത്യം കണ്ട സ്ത്രീയുടെ തുറന്നുപറച്ചിലുകൾ, അനുഭവങ്ങളുടെ ഈ പ്രയാണം ഇന്നത്തെ കാലത്ത് ഓരോ കൗമാര ഹൃദയങ്ങൾക്കുമേലും ബാധ്യതയാണെന്ന് ഓർമ്മപ്പെടുത്തലാണ്.

Comments are closed.