ഇടുക്കി അണക്കെട്ട് തുറക്കേണ്ടത് അനിവാര്യമെന്ന് മന്ത്രിസഭായോഗം
തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരുമെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍. അപകടകരമായ നിലയിലേക്ക് ജലനിരപ്പ് ഉയരുന്നത് മറ്റ് പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും അതുകൊണ്ട് അണക്കെട്ട് തുറക്കുന്നത് അനിവാര്യമാണെന്നുമായിരുന്നു മന്ത്രിസഭായോഗത്തിലെ ഭൂരിപക്ഷ അഭിപ്രായം. അണക്കെട്ടിന്റെ സംഭരണശേഷി കഴിയുന്നത് വരെ കാത്തിരിക്കുന്നതിനോടുള്ള വിയോജിപ്പാണ് യോഗത്തിലുണ്ടായത്.
വൈദ്യുതി ഉത്പ്പാദനം പരമാവധി വര്‍ദ്ധിപ്പിച്ച് അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു വൈദ്യുതവകുപ്പ്. എന്നാല്‍ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാകുന്നതിനാല്‍ അണക്കെട്ട് തുറന്നുവിടേണ്ടി വരുമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. അതേസമയം അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി വൈദ്യുതവകുപ്പ് മന്ത്രി എം.എം മണിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അണക്കെട്ട് തുറക്കേണ്ടി വന്നാല്‍ ഘട്ടംഘട്ടമായിട്ടായിരിക്കും അണക്കെട്ട് തുറക്കുകയെന്ന് മന്ത്രി പറഞ്ഞു.
ഇന്ന് ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ തോത് കുറഞ്ഞിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് ഇന്ന് 2395.88 അടിയിലെത്തിയിട്ടുണ്ട്. 2395 അടി കഴിഞ്ഞതോടെ അധികൃതര്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി ശേഷി.
Comments are closed.