DCBOOKS
Malayalam News Literature Website

പിതാക്കന്മാര്‍ ഇല്ലാത്ത ലോകത്തിന്റെ പെണ്‍ മഷികൂട്ട്

ഇന്ദു പി. നമ്പൂതിരി (വിവർത്തക)

ഇസ്താംബുള്‍ ഒരു തുറമുഖമാണ്. അവിടെ വന്നവരുടെ നിന്നവരുടെ കഥകളാണ് വിഖ്യാത തുര്‍ക്കി എഴുത്തുകാരി എലിഫ് ഷഫാക്കിന്റെ എഴുത്തിന്റെ കലവറ. ഒരു മട്രൂഷ്‌ക പാവപോലെ പൊളികള്‍ തുറന്നു ചെല്ലുമ്പോള്‍ ഇനിയുമിനിയും ഓരോ ഇസ്താംബൂള്‍ നിവര്‍ന്നു നിവര്‍ന്നു വരുന്ന കൗതുകലോകം. തന്റെ ഹൃദയത്തെ ഏറ്റവും സ്പര്‍ശിച്ച താന്‍ ഏറ്റവും ഇഴുകിച്ചേര്‍ന്ന വാക്ക് എന്നാണ് ഇസ്താംബൂളിനെ എഴുത്തുകാരി വിശേഷിപ്പിക്കുന്നത്.

The Bastard Of Istanbul എന്ന 2006 ല്‍ ഇറങ്ങിയ നോവലില്‍ തുര്‍ക്കിയുടെയും അര്‍മേനിയയുടെയും സങ്കരചരിത്രമാണ് എലിഫ് പങ്കിടുന്നത്. 1915 മുതല്‍ 1920 വരെയുള്ള കാലത്ത് ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ നേതൃത്വത്തില്‍ തുര്‍ക്കിയിലെ ലക്ഷക്കണക്കിന് അര്‍മേനിയന്‍ വംശജരെ കുരുതി ചെയ്ത വംശഹത്യയുടെ സ്ത്രീവിചാരണയാണ് നോവലിന്റെ കാതല്‍. 2006ല്‍തുര്‍ക്കി പീനല്‍ കോഡ് അനുസരിച്ച് ആര്‍ട്ടിക്കിള്‍ 31 പ്രകാരം ‘തുര്‍ക്കി വികാരം വ്രണപ്പെടുത്തിയതിന്റെ’ പേരില്‍ എലിഫ് വിചാരണ ചെയ്യപ്പെടുകയുണ്ടായി. നോവലിലെ ചില അര്‍മേനിയന്‍ കഥാപാത്രങ്ങള്‍ പറയുന്ന വാക്കുകളുടെ പേരിലാണ് നോവലില്‍ കുറ്റം ആരോപിക്കപ്പെട്ടത്. മൂന്നുവര്‍ഷത്തെ ശിക്ഷ ലഭിക്കേണ്ടതായിരുന്നു കുറ്റം. എങ്കിലും പിന്നീട് ആരോപണങ്ങള്‍ പിന്‍വലിക്കപ്പെട്ടു.

സാമൂഹിക മറവികളുടെ നഗരം എന്ന് ഇസ്താംബുളിനെ എലിഫ് വായിക്കുന്നു, ചരിത്രത്തിന്റെ കനത്ത നിശ്ശബ്ദതകള്‍ ഓര്‍മ്മിച്ചെടുക്കുന്നു. അമ്മൂമ്മമാരുടെ, അമ്മമാരുടെ, പെണ്മക്കളുടെ ജീവിതത്തില്‍ തലമുറ തലമുറയായി പ്രവര്‍ത്തിച്ച, പ്രവര്‍ത്തിക്കുന്ന ഓര്‍മ്മകളുടെ കഥ പറച്ചിലാണ് ഇവിടെ ചരിത്രമെഴുത്ത്‌.

അനുഭവകാലം കൊണ്ട് ചരിത്രകാലത്തെ എഴുത്തുകാരി പുനര്‍നിര്‍ണ്ണയിക്കുന്നു. ”വെള്ളപ്പൊക്കം വന്ന കൊല്ലമാണ് ഇവനെ പെറ്റത്” എന്ന മട്ടില്‍ നാട്ടിന്‍പുറത്തെ അമ്മൂമ്മമാര്‍ കാലം പറഞ്ഞിരുന്നത് നമ്മുടെ Textഓര്‍മ്മകളിലുണ്ട്. ഇത് പോലെ ഒരു ചരിത്രകൃതികളും പങ്കിടാത്ത അനുഭവങ്ങളുടെ നാളും പക്കവും കണക്കുമാണ് എലിഫിന്റെ രചനാകാലം.

വികാരങ്ങളും തോന്നലുകളും നിര്‍മ്മിക്കുന്ന ആന്തരചരിത്രം. അധികാരയുക്തികള്‍ വികാരങ്ങളെ കൊള്ളയടിച്ചു നേടുന്ന ജയങ്ങളോട് കലാകാരന്മാരും അക്കാദമികലോകവും പുലര്‍ത്തുന്ന ധിഷണാപരമായ മൗനത്തെ എലിഫ് അപലപിക്കുന്നു. തീവ്രവും വൈകാരികവുമായി ഇസ്താംബുളിന്റെ വീട്ടകങ്ങളിലെ ദൈനംദിന സാധാരണതകളില്‍ തിളയ്ക്കുന്ന സമോവര്‍ പോലെ ചരിത്രം എരിഞ്ഞു കൊണ്ടേയിരിക്കുന്നു. അനുഭവിച്ച മനുഷ്യരുടെ ഓര്‍മ്മകളും ഓര്‍മ്മനഷ്ടവുമായി ചരിത്രം നോവലില്‍ അടയാളപ്പെടുന്നു. ഭിന്നിപ്പിച്ചു ഭരിക്കുന്ന വെറുപ്പിന്റെ ഭരണകൂടശാസനങ്ങള്‍ക്ക് ഇസ്താംബുള്‍ ഏകലോകമാണ്. എന്നാല്‍, പൊടിമണ്ണില്‍നിന്ന് ഉയരുന്ന സഹോദരരുടെ രക്തത്തിന്റെ നിലവിളി കേള്‍ക്കുന്ന അവര്‍ക്ക് കാവലാകുന്ന അപരവിദ്വേഷത്തെ സ്‌നേഹത്തിന്റെ യുക്തി കൊണ്ട് മറികടക്കുന്ന വ്യസനങ്ങളിലും ദുരിതങ്ങളിലും പരസ്പരം കൂട്ടിപ്പിടിക്കുന്ന സാധാരണ മനുഷ്യരുടെ കാഴ്ചയില്‍ ഇസ്താംബുള്‍ ചിതറുന്ന ഭൂപടമാണ് എന്ന് നോവല്‍ പറഞ്ഞു വയ്ക്കുന്നു.

സ്ത്രീകള്‍, ലൈംഗിക തൊഴിലാളികള്‍, ജൂതന്മാര്‍, ഗ്രീക്കുകാര്‍, ഭാവിപ്രവചനക്കാര്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ തുടങ്ങി ഇസ്താംബുളിലെ ദമിതസമൂഹങ്ങളാണ് എലിഫിന്റെ എഴുത്തിലെ കുടി പാര്‍പ്പുകാര്‍. ഇസ്താംബൂള്‍ ഒരു ഉറച്ച സ്ഥലമായല്ല ഒരു യാനം പോലെയാണ് എലിഫ് അനുഭവിപ്പിക്കുന്നത്. ഒന്നും അതായി തുടരാത്ത ഇളക്കങ്ങള്‍. ഇസ്താംബൂളിന്റെ ഭൂമിശാസ്ത്രവുമായി ഇതിന് നേര്‍ബന്ധമുണ്ട്. ബോസ്ഫറസ് കടലിടുക്കിന്റെ ഇരുവശങ്ങളിലുമായി യൂറോപ്യന്‍ വന്‍കരയിലേക്കും (ത്രേസ്) ഏഷ്യന്‍ വന്‍കരയിലേക്കും (അനറ്റോളിയ) നീളുന്ന ഇരുകരകള്‍ക്ക് നടുവില്‍ നിതാന്തമായി ഒഴുകുന്ന ജീവിതമാണ് എലിഫിന് ഇസ്താംബുള്‍. ഇരുപക്ഷങ്ങളിലും പെടാത്ത ഒരു വൃത്തം. നോവലില്‍ എവിടെയും കറുപ്പും വെളുപ്പുമില്ല. പുരുഷനെ, ചരിത്രത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തി ചെയ്യുന്ന സ്ത്രീവിചാരണ എന്നും സാമാന്യമായി പറയുക വയ്യ. ഒരു ഇടനിലയാണ് എഴുത്തുകാരി സൂക്ഷിക്കുന്നത്.

ഇസ്താംബുളിനെ ഒരു പെണ്‍നഗരമായാണ് എലിഫ് വിശേഷിപ്പിക്കുന്നത്. ഒരു വശത്ത് ഇസ്താംബൂളിനെ
പെണ്‍ശരീരിയായി കണ്ട ഓട്ടോമന്‍, ബൈസാന്റിയം കാലങ്ങളുടെ പാരമ്പര്യം തോറ്റിയെടുക്കുന്നു. ഒപ്പം,
ആധുനികതയുടെ എടുപ്പുകളില്‍ സ്ത്രീകളുടെ ഇടം സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നു. പാരമ്പര്യത്തിന്റെ
വേരുകളും ആധുനികതയുടെ സാധ്യതകളും ഒരേസമയം പ്രവര്‍ത്തിക്കുന്ന ഒന്നായാണ് സ്ത്രീസ്വത്വത്തെ എഴുത്തുകാരി വീണ്ടെടുക്കുന്നത്. നോവലിന്റെ പേര് പോലെ പിതാക്കന്മാര്‍ ഇല്ലാത്ത ലോകത്തിന്റെ പെണ്‍മഷി കൂട്ട് അപ്രധാനമായി കരുതുന്ന ഉണ്ടെന്നോ ഇല്ലെന്നോ പറയാന്‍ വയ്യാത്ത ഉള്ളടരുകളിലെ സാധാരണ ജീവിതവൃത്തികളില്‍ നിന്നാണ് എഴുത്തുകാരി കണ്ടെടുക്കുന്നത്. ഭക്ഷണം അതില്‍ പ്രധാനപ്പെട്ട ഒരു മൂലകമാണ്. ചരിത്രം നമ്മള്‍ ഉമിനീരില്‍ നുണഞ്ഞ, ചവച്ച, എരിഞ്ഞ യാഥാര്‍ഥ്യം കൂടിയാണ് എന്ന് എഴുത്തുകാരി ഓര്‍മ്മപ്പെടുത്തുന്നു.

വൈവിധ്യങ്ങളുടെ കലവറയാണ് എലിഫിന്റെ എഴുത്ത്. അതില്‍ ശാസ്ത്രവും മായാജാലവുമുണ്ട്. ലിബറലുകളും കണ്‍സര്‍വേറ്റീവുകളുമുണ്ട്.

ഓര്‍മ്മയും വര്‍ത്തമാനവുമുണ്ട്. തുര്‍ക്കിയുടെ യൂറോപ്യന്‍ ഏഷ്യന്‍ സങ്കരസങ്കീര്‍ണഭാവന മുഴുവനുമുണ്ട്. ഇസ്താംബുളിനെ കഥകളുടെ നഗരമായി എലിഫ് വീണ്ടെടുക്കുന്നു. പരസ്പരം പ്രവേശിക്കാവുന്ന നനവുള്ള ഇഴുക്കമാണ് എലിഫിന്റെ എഴുത്തിന്റെ ജനാധിപത്യവും രാഷ്ട്രീയവും ചരിത്രപരതയും നിര്‍ണയിക്കുന്നത്. തുര്‍ക്കിഷ് അഷൂറെ പോലെ അതില്‍ ജീവിതത്തിന്റെ കലര്‍പ്പുകളും ചവര്‍പ്പുകളും കയ്പുകളും ഓര്‍മ്മയും ഗൃഹാതുരതയും നിറഞ്ഞിരിക്കുന്നു.

ജിന്നുകളുടെ, കോഫി മഗിലെ ഭാവിപ്രവചനങ്ങളുടെ അതീന്ദ്രിയമായാലോകം യുക്തികളുടെ സമ്മര്‍ദ്ദങ്ങള്‍ നേരിട്ട് നോവലില്‍ തുടരുന്നു. പരസ്പരം അന്യസമൂഹങ്ങളോട് പുലര്‍ത്തുന്ന സാമാന്യവത്കരണങ്ങളും പരിചയക്കേടും ആകുലതകളും ഒടുവില്‍ അവയുടെ മൂര്‍ച്ച കുറഞ്ഞ് ഇഴുകി ചേര്‍ന്നുണ്ടാകുന്ന പുതിയ ബന്ധവ്യവസ്ഥകള്‍ നോവലിന്റെ മറ്റൊരു പടവാണ്. വായനയുടെ, തത്ത്വചിന്തയുടെ, നിരന്തരം ചുറ്റുമുള്ള ലോകം മാറി നിന്ന് വിചാരണ ചെയ്യുന്ന ചിന്താവിഷ്ടതകളുടെ ബാധകളുണ്ട്. ഇടയ്ക്കിടെ, ചെവിയില്‍ വച്ച ഹെഡ് ഫോണില്‍ ത്രസിക്കുന്ന സംഗീതത്തിന്റെ താളം, ചങ്ങാതിമാര്‍ക്കൊപ്പം പുലരുംവരെ തീരാത്ത ചര്‍ച്ചകള്‍, കുടുംബത്തിലെ ഒരിക്കലും തീരാത്ത സ്വരച്ചേര്‍ച്ച ഇല്ലായ്മകളുടെ കലമ്പലുകള്‍, ആരും കേള്‍ക്കാത്ത അവളവളോടുള്ള സംഭാഷണങ്ങള്‍ ഇങ്ങനെ ചൊല്ലുവിളി ഇല്ലാത്ത ഒച്ചകള്‍ കേള്‍പ്പിച്ചു കൊണ്ട് കാരണവന്മാര്‍ ഇല്ലാത്ത ലോകത്തെ എഴുത്തുകാരി തുറന്നിടുന്നു.

ചരിത്രം രാജാക്കന്മാരുടെയും ചക്രവര്‍ത്തിമാരുടെയും കഥയല്ല, സ്‌നേഹിച്ചവരുടെ കഥയാണ് സാധാരണ
മനുഷ്യരുടെ കഥ എന്ന് മാധവികുട്ടി എഴുതുന്നുണ്ട്. നാം കൊണ്ട അനുഭവങ്ങളുടെ ഉപ്പാണ് ചരിത്രം എന്ന പെണ്‍സാക്ഷ്യമാണ് ഈ നോവല്‍.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.