DCBOOKS
Malayalam News Literature Website

സീതാകാവ്യം ഒരു പ്രതിവിപ്ലവമോ?

ഓഗസ്റ്റ്  ലക്കം പച്ചക്കുതിരയില്‍

ഡോ. ടി.എസ്. ശ്യാംകുമാര്‍

അസമത്വത്തിന്റെ കൊടിയ പീഡകള്‍ അനുഭവിച്ചിരുന്ന ഒരു ജനതതിക്ക് വര്‍ണാശ്രമചാതുര്‍വര്‍ണ്യവ്യവസ്ഥയുടെ നീതികരണമായ ഇതിഹാസപുരാണങ്ങള്‍ സല്‍ക്കഥകളായിരിക്കാന്‍ തരമില്ല. ആശാന്‍ ജാതിവ്യവസ്ഥയ്‌ക്കെതിരായി നിലകൊണ്ടപ്പോഴും ആന്തരികമായി ഇതിഹാസപുരാണപാഠങ്ങളുടെ മൂല്യവ്യവസ്ഥയില്‍ നിന്നും വിടുതിനേടുവാന്‍ കഴിഞ്ഞില്ല എന്നാണ് സീതാകാവ്യസന്ദര്‍ഭങ്ങള്‍ തെളിയിക്കുന്നത്.

”ചിന്താവിഷ്ടയായ സീത” എന്ന ആശാന്റെ സീതാകാവ്യം കേരളനവോത്ഥാന ആധുനികതയുടെ ഒരു പ്രധാന ഏടായി പൊതുവെ അടയാളപ്പെടുത്തുന്നുണ്ട്. ആശാന്റെ സീതയാകട്ടെ ‘ആധുനിക സ്ത്രീ’യുടെ പ്രതീകമായും നിരൂപകര്‍ വിലയിരുത്തിയിട്ടുമുണ്ട്. പാരമ്പര്യത്തിനുള്ളില്‍ സ്ഥിതിചെയ്തുകൊണ്ട് പാരമ്പര്യത്തെ വിധ്വംസാത്മകമായി നവീകരിക്കാന്‍ പ്രേരിപ്പിക്കുന്ന കൃതിയെന്ന നിലയിലും ആശാന്റെ സീതാകാവ്യത്തെ സ്ഥാനപ്പെടുത്താനുള്ള ശ്രമങ്ങളുണ്ട്. എന്നാല്‍ പലവിധത്തിലുള്ള ഇത്തരം അടയാളപ്പെടുത്തലുകള്‍ തുടരുമ്പോഴും ആശാന്റെ സീതാകാവ്യം ആന്തരികമായി സംവഹിക്കുന്ന ഇതിഹാസപുരാണപാഠങ്ങളുടെ യാഥാസ്ഥിതികമൂല്യബോധം തുറന്ന ചര്‍ച്ചകള്‍ക്ക് വിധേയമാവാതെ തമസ്‌ക്കരിക്കപ്പെടുകയാണുണ്ടായത്. കേരള നവോത്ഥാന ആധുനികത എന്ന വിശേഷിപ്പിക്കപ്പെടുന്ന പ്രക്രിയയില്‍ കുമാരനാശാന്റെ സംഭാവനകളെ വിലമതിക്കുമ്പോഴും അദ്ദേഹത്തിന്റെ കാവ്യങ്ങളില്‍ ഉള്ളടങ്ങിയ ഇതിഹാസപുരാണ വേദാന്ത പാഠങ്ങളുടെ മൂല്യ വ്യവസ്ഥയെ തുറന്ന സംവാദത്തിന് വിധേയമാക്കുക എന്നത് ചരിത്രത്തോടുള്ള നീതിപുലര്‍ത്തലാണ്.

സീതാകാവ്യത്തിലെ വേദാന്ത-കര്‍മഭാവനകള്‍ അദ്വൈത വേദാന്തചിന്തകളുടെ സ്വാധീനം ആശാന്റെ കൃതികളില്‍ വ്യക്തമായി ദര്‍ശിക്കാം. സീതാകാവ്യത്തില്‍ സീതയിലൂടെ ജീവിതത്തെ സംബന്ധിച്ച അഭിസന്ധികളും പ്രശ്നങ്ങളും വെളിവാക്കുമ്പോള്‍ അതെല്ലാം വേദാന്ത കര്‍മസിദ്ധാന്തബന്ധിതമായാണ് ആവിഷ്‌ക്കരിക്കപ്പെടുന്നത്. ”ഒരു നിശ്ചയമില്ലയൊന്നിനും വരുമോരോ ദശ വന്നപോലെ പോം” എന്ന കവിസൂക്തികള്‍ ഇന്ത്യന്‍ കര്‍മസിദ്ധാന്തത്തിന്റെ സ്വാധീനതയിലാണ് സൃഷ്ടിക്കപ്പെടുന്നത്. ‘ഒരു കൈ പ്രവഹിക്കവേ പിടിച്ചൊരു കൈ
കൊണ്ടു തലോടുമേയിവള്‍’ എന്ന നിയതിയെ (വിധി) പറ്റിയുള്ള ചിന്തകള്‍ സീതാകാവ്യത്തിലെ കര്‍മബന്ധിതവും മനുഷ്യന് തടുക്കാന്‍ കഴിയാത്തതുമായ വിധിഹിതത്തെ ഉറപ്പിക്കുന്നു. നിഴലും വെളിച്ചവും പോലെ സുഖദുഃഖങ്ങള്‍ അനുഭവപ്പെടുന്നു (അഴലും സുഖവും സ്ഫുരിപ്പതും/ നിഴലും ദീപവുമെന്നപോലവേ) എന്ന് കവി പ്രസ്താവിക്കുമ്പോഴും അത് കേവലമായ ഒരു ലോകോക്തിയല്ലെന്നും കര്‍മസിദ്ധാന്തത്തിന്റെ നിഴല്‍ ഈ വരികളിലും വീണു
കിടക്കുന്നുണ്ടെന്നും കാണാവുന്നതാണ്. ഗര്‍ഭിണിയായ സീത കാട്ടിലുപേക്ഷിക്കപ്പെടാന്‍ കാരണം ‘കര്‍മവിപാക’മാണെന്ന് ആശാന്റെ സീതാകാവ്യം വ്യക്തമായി പ്രസ്താവിക്കുന്നു:

”കടുവാക്കുകള്‍ കേട്ടു കാനനം
നടുവേയെന്നെ വെടിഞ്ഞു
മുമ്പു നീ
വെടിവാന്‍ തരമായ് മറിച്ചു
മേകുടിലം കര്‍മവിപാക
മോര്‍ക്കുകില്‍”

കര്‍മവിപാകം എന്ന സങ്കല്പം ആശാന്റെ സീതാകാവ്യത്തില്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്നുണ്ട് എന്ന വസ്തുത കര്‍മഫലസിദ്ധാന്താശയത്തിന്റെ സ്വാധീനം എത്രയധികമാണെന്ന് ബോധ്യപ്പെടുത്തുന്നുണ്ട്.

പൂര്‍ണ്ണരൂപം ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഓഗസ്റ്റ് ലക്കം ലഭ്യമാണ്‌

Comments are closed.