DCBOOKS
Malayalam News Literature Website

‘ഇരുളടഞ്ഞകാലം’ ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയോട് ചെയ്തത് ; ഒരു ചരിത്രരേഖ

ബ്രിട്ടീഷ് കോളോണിയലിസത്തിന്റ ഇന്ത്യന്‍ അനുഭവങ്ങളെ തലനാരിഴ കീറി പരിശോധിക്കുന്ന ചരിത്രപഠനമാണ് ശശി തരൂരിന്റെ ഇരുളടഞ്ഞ കാലം. ഒരുകാലത്ത് ലോകസമ്പദ് വ്യവസ്ഥയുടെ കാല്‍ഭാഗത്തിലധികം കാല്‍ഭാഗത്തിലധികം സ്വന്തം പേരിലാക്കിയിരുന്നതും ലോകനാഗരികതയില്‍ മറ്റേതിനോടും കിടപിടിക്കത്തക്ക സാംസ്‌കാരിക, സാമൂഹിക, വ്യാവസായിക, വാണിജ്യ പുരോഗതികള്‍ നേടിയിരുന്നതുമായ ഒരു സമൂഹം രണ്ടു നൂറ്റാണ്ടു തികയും മുമ്പ് ആഗോള സാമൂഹിക, സാമ്പത്തികക്രമങ്ങളില്‍ ഏറ്റവും താഴേക്കിടയിലേക്ക് അധഃപ്പതിച്ചതെങ്ങനെ, ബ്രിട്ടീഷ് ഭരണം അതിനു കാരണമായതെങ്ങനെ, എന്ന് ഈ കൃതി ചര്‍ച്ച ചെയ്യുന്നു.

ബ്രിട്ടീഷ് കൊളോണിയലിസം ഇന്ത്യയെ പിഴിഞ്ഞെടുക്കുവാനുള്ള ഒരു പ്രദേശമായി കണ്ടതിന്റെയും ഇവിടത്തെ പുരോഗതി പ്രാപിച്ച പലവിധ വ്യവസായങ്ങള്‍ തകര്‍ത്തതിന്റെയും കാര്‍ഷികവ്യവസ്ഥയെ താറുമാറാക്കിയതിന്റെയും കര്‍ഷകരെ ഭൂരഹിതരാക്കിയതിന്റെയും പരമ്പരാഗത ദേശീയ വിദ്യാഭ്യാസ സമ്പ്രദായത്തെ അന്യവല്‍ക്കരിച്ചതിന്റെയും സാമൂഹികമായ ഭിന്നത വളര്‍ത്തിയതിന്റെയും കാര്യകാരണങ്ങളെ വാദങ്ങളും മറുവാദങ്ങളും അവതരിപ്പിച്ച് ചര്‍ച്ചയ്ക്കു വിധേയമാക്കുകയാണ് ഈ കൃതിയില്‍. നമ്മുടെ ചരിത്ര പാഠപുസ്തകങ്ങളിലൊന്നും കാണാത്ത ഇന്ത്യയുടെ യഥാര്‍ത്ഥ ചരിത്രമാണ് ഇവിടെ പ്രതിപാദിക്കുന്നത്. ബ്രിട്ടീഷ് രാജ് ഇന്ത്യയോടു ചെയ്ത എല്ലാ ദ്രോഹങ്ങളെയും അക്കമിട്ടു നിരത്തുന്ന, എന്തുകൊണ്ടാണ് ബ്രിട്ടീഷ് കൊളോണിയലിസം ഒരു ഭീകരതയായി പരിണമിച്ചതെന്ന് വിശദീകരിക്കുന്ന അപൂര്‍വ്വമൊയൊരു കൃതിയാണ് ശശി തരൂരിന്റെ ഇരുളടഞ്ഞ കാലം. ലിന്‍സി കെ. തങ്കപ്പനാണ് ഈ കൃതിയുടെ വിവര്‍ത്തനം നിര്‍വ്വഹിച്ചിരിക്കുന്നത്.

അധിനിവേശം എന്ന അന്ധകാരയുഗം ഇന്ത്യയോട് ചെയ്തത് എന്താണ് എന്നതിന്റെ ലളിതവും അതേസമയം ആധികാരികവുമായ വിവരണമാണ് ശശി തരൂരിന്റെ ഇരുളടഞ്ഞ കാലം എന്ന കൃതി. അധിനിവേശത്തിന്റെ ആകത്തുകയെന്തെന്ന് കൃത്യമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുകയാണ് ശശി തരൂര്‍ ഇവിടെ ചെയ്യുന്നത്. അദ്ദേഹത്തിന്റെ നര്‍മസുരഭിലവും സുതാര്യവുമായ ഭാഷ വായനക്കാരെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒന്നായി രൂപാന്തരപ്പെടുത്തുന്നു. ശശി തരൂരിന്റെ ചൊടിയുള്ള ഭാഷയാണ് ഒരു വരണ്ട വിവരശേഖരമായി മാറിപ്പോകാവുന്ന ഈ ഗ്രന്ഥത്തെ മികച്ച വായനാസുഖമുള്ള കൃതിയാക്കി മാറ്റുന്നത്.

Comments are closed.