സ്വയം കഥാപാത്രം ആകുന്ന കഥ
വി. ഷിനിലാലിന്റെ ഇരു നോവലിന് ഫമിത തയ്യാറാക്കിയ വായനാനുഭവം
മഹത്തുക്കളും മാമലകളും ചെറുവിള്ളലുകൾ ഒളിപ്പിച്ചു വച്ചിരിക്കും; കുതുകിയായ ഒരു സഞ്ചാരി അല്ലെങ്കിൽ ഒരു അന്വേഷകൻ എന്നെങ്കിലും അത് കണ്ടെത്തും. എളിയ കൈകൾ കൊണ്ട് അവൻ അത് പൂരിപ്പിക്കാൻ ശ്രമിക്കും. അത്തരത്തിലുള്ള ശ്രമമാണ്
‘ ഇരു ‘എന്നു എഴുത്തുകാരൻ ശ്രീ വി. ഷിനിലാൽ ആമുഖത്തിൽ പറഞ്ഞതുപോലെ ഈ പുസ്തകം ഒരു വെളിപ്പെടലാണ്. തിരുവിതാംകൂർ ദേശത്ത് ജീവിച്ചു മരിച്ചു പോയ മനുഷ്യരുടെ കഥകളാണ് എന്ന് പുസ്തകത്തിൽ അവകാശപ്പെടുന്ന പോലെ വർത്തമാന സാഹചര്യത്തിൽ നിന്ന് ഭൂതകാലത്തിലേക്ക് പോകുന്ന ചരിത്ര ആഖ്യായിക പോലെ വായനക്കാരന് സമീപിക്കാം. ചരിത്ര ഗവേഷണ വിദ്യാർത്ഥിയെ പോലെ ഓരോ വരിയും നമുക്ക് എടുക്കേണ്ടതിനാൽ സരസ വായനക്കാർ തുടക്കത്തിൽ തന്നെ പിൻതിരിയുക സ്വാഭാവികം.
പുതുമയുള്ള ആഖ്യാന രീതി. ഒരു കഥയ്ക്ക് പിന്നിലെ പല കഥകളും നൂറ്റാണ്ടുകൾക്ക് മുൻപുള്ള മനുഷ്യരുടെ കഥകൾക്കിടയിൽ സ്വയം കഥാപാത്രം ആകുന്ന കഥയും സാഹിത്യ ആസ്വാദനവും ഓർമ്മകളും വർത്തമാനവും എല്ലാം കൂടി കുഴയുന്ന ഇരു സൂക്ഷ്മ വായന ആവശ്യപ്പെടുന്നു. ഭാഗം ഒന്ന് കേളികളുടെ തുടർച്ചയായി വന്നത് എന്ന അധ്യായത്തിന് ശേഷം വീണ്ടും ഭാഗം ഒന്ന് തുടരുന്നു. ഒന്നാം ഭാഗത്തിന്റെ രണ്ടാം അധ്യായമായി അവസാനത്തെ ഭാഗം ചേർത്തിരിക്കുന്നു. തുടക്കം എന്ന് വിളിക്കുന്നത് ഒടുക്കം എന്ന് തോന്നിക്കുന്ന സങ്കീർണ്ണങ്ങളായ പരീക്ഷണങ്ങൾ എഴുത്തുകാരൻ സ്വീകരിച്ചിരിക്കുന്നു. സെക്സും വയലൻസും മിത്തും ചരിത്രവും പ്രതികാരവും പ്രണയവും സഹോദര്യവും എല്ലാം ചേർന്ന ഒരു ക്ലാസ്സിക് സിനിമ കാണുന്ന പ്രതീതിയാണ് ഈ നോവൽ എനിക്ക് സമ്മാനിച്ചത്. സ്ത്രീ പക്ഷത്തുനിന്ന് ചിന്തിക്കുമ്പോൾ ശക്തരായ സ്ത്രീ കഥാപാത്രങ്ങളില്ല . (മരതകമാലയുടെ അമ്മ മഹാറാണി ഇതിനൊരപവാദം) എന്ന് മാത്രമല്ല നോവലിൻറെ ചില ഭാഗങ്ങളിലൂടെ കടന്നു പോകുമ്പോൾ സ്ത്രീ ലൈംഗികതയ്ക്ക് വേണ്ടി മാത്രമാണ് ആഗ്രഹിക്കുന്നത് എന്ന തോന്നൽ വായനക്കാരിൽ ഉണ്ടാക്കുകയും ചെയ്യുന്നു.
വേടർ, ഇരുളർ, കാണി തുടങ്ങിയ ആദിമ ഗോത്രങ്ങളുടെ ചരിത്രം ഭൂതകാലവും വർത്തമാനകാലവും ഇടകലർത്തി ഇപ്പോഴത്തെ നവ മാധ്യമ സംസ്കാരത്തിലൂന്നി കഥാകാരൻ എഴുത്തിൽ കൂട്ടിയിട്ടുണ്ട്. തിരുവിതാംകൂർ രാജവംശത്തിനൊപ്പം എലവങ്കോട് എലപ്പ, വിക്രമൻ തമ്പി, മേജർ ഷിറഫ് അങ്ങനെ കഥാപാത്രങ്ങളുടെ നീണ്ടനിര തന്നെ ഈ നോവലിൽ കാണാം.
ലോകമഹായുദ്ധങ്ങൾ, ഇന്ത്യാ വിഭജനം അഭയാർത്ഥിപ്രവാഹം, അതിനിടയിലും നന്മയുടെ പ്രതീകം പോലേ സ്നേഹ ബന്ധങ്ങൾ. ഒരു സിനിമാഫ്രെയിം പോലെ മനസ്സിൽ തട്ടിയ ഒരു ഭാഗമാണ് കേണൽ ഗിഫ്ഫോഡ് പ്രഭുവിൻ്റെ യാത്ര അയപ്പും മേജർ ഷിറഫും വിക്രമൻ തമ്പിയുമായുള്ള കൂടികാഴ്ച. അങ്ങനെ പ്രതികാരവും കടമകളും എല്ലാറ്റിനുമുപരി സ്നേഹബന്ധങ്ങളും മാറ്റുരയ്ക്കുന്ന മനോഹരമായ ഇതിവൃത്തം മാണ് “ഇരു”
എൻറെ കുട്ടിക്കാലത്ത് മണ്ണിൽ വീഴുന്ന കുരുമുളക് പെറുക്കി എടുക്കാൻ അനുവാദം ചോദിച്ച് വീട്ടുപടിയിൽ വന്നിരുന്ന മുഷിഞ്ഞ വേഷം ധരിച്ച രണ്ടു അമ്മമാരെ ഓർക്കുന്നു. അവർക്ക് പഴയ ചോറും മോരും പാളയിൽ കൊടുത്തിരുന്നു. പാത്രത്തിൽ കൊടുക്കാത്തത് എന്താ എന്ന് ചോദിക്കുമ്പോൾ അവർ വേടർ അല്ലേ മോളെ അതുകൊണ്ടാണ് എന്ന് അമ്മൂമ്മയുടെ മറുപടിയിലാണ് ആദ്യമായി ആ പദം കേൾക്കുന്നതും. വളർന്നപ്പോൾ ജാതിമത ചിന്തകൾ മാഞ്ഞു പോയത് പോലെ മനസ്സിൽ നിന്നും ആ മനുഷ്യരും പോയിരുന്നു. അത്തരം മനുഷ്യരെ കുറിച്ച് പറയാനും പരിഷ്കൃതർ എന്ന് അവകാശപ്പെടുന്ന നമ്മളെക്കാൾ ഔന്നത്യത്തിലാണ് അവർ എന്നും ഈ നോവലിലൂടെ ഷിനിലാൽ എന്ന പ്രതിഭാധനനായ എഴുത്തുകാരൻ പറഞ്ഞുവെക്കുന്നു. ജാതിമത ചിന്തകൾക്ക് അതീതമായി ഈ ആദിമ മനുഷ്യരും നമ്മുടെ തിരുവിതാംകൂറിന് നൽകിയ സംഭാവനകൾ സ്മരണീയമാണ് എന്ന് ഇരുവിലൂടെ വെളിവാക്കപ്പെടുന്നു..