DCBOOKS
Malayalam News Literature Website

ഹിംസയുടെ ആഴം

വി ഷിനിലാലിന്റെ ‘ഇരു’ എന്ന നോവലിന് അമൽ ബി എഴുതിയ വായനാനുഭവം

മലയാളത്തിലെ പുതുകാല നോവലിസ്റ്റുകളിൽ ചില‍ർ നി‍ർവ്വഹിക്കുന്ന ചരിത്രപരമായ ഒരു ദൗത്യമുണ്ട്. അത് ചരിത്രത്തിന്റെ പല ഘട്ടങ്ങളിലായി നീതി നിഷേധിക്കപ്പെട്ട മനുഷ്യരെ ചേ‍ർത്തുപിടിക്കുകയെന്നതാണ്. എസ് ഹരീഷിനെയും വിനോയ് തോമസിനെയും കെ പി ജയകുമാറിനെയും വായിച്ചപ്പോഴുണ്ടായ തീക്ഷ്ണമായ അനുഭവമാണ് വി ഷിനിലാലിന്റെ ‘ഇരു വായിച്ചവസാനിപ്പിക്കുമ്പോഴും ലഭിക്കുന്നത്.

രാജാക്കന്മാരും പടയോട്ടങ്ങളും ഹിംസകളും ആത്മരതി നിറഞ്ഞ ശാസനകളുമാണല്ലോ നമ്മുടെ മുഖ്യധാരാ ചരിത്രത്തിന്റെ പേജുകൾ നിറച്ചിരിക്കുന്നത്. അതതുകാലത്തെ രാഷ്ട്രീയാധികാരത്തിന്റെ പൊൻപണത്തിനായി രചിക്കപ്പെട്ട ആ ചരിത്രത്തിൽ കാണാനാകാത്ത അനേകം മനുഷ്യരും അവരുടെ സംസ്ക‍ൃതികളും ഈ നാട്ടിലുണ്ടായിരുന്നു. സവർണഹിംസയുടെ ഇരകളായ ആ മനുഷ്യരിലേക്കാണ് ഇരു വായനക്കാരനെ കൊണ്ടുപോകുന്നത്.

തിരുവിതാംകൂറിലെ ഉൾവനങ്ങളിൽ ഉജ്ജ്വലമായ സ്വയാ‍ർജിത സംസ്കാരവുമായി ജീവിച്ചിരുന്ന കാണിക്കാരുടെയും വേട‍രുടെയും കഥയാണ് ഇരു. പരിഷ്കൃതരെന്ന് അവകാശപ്പെടുന്ന മനുഷ്യർ പ്രാകൃതരെന്ന് മുദ്രകുത്തപ്പെട്ട ആ ഗോത്ര ജനതയുടെ മേൽ നടത്തുന്ന അധിനിവേശം നമ്മുടെ മുഖ്യധാരാ ചരിത്രത്തിൽ ഒരിടത്തും രേഖപ്പെടുത്തികാണുന്നില്ല. പക്ഷേ ഇരുവിൽ ആ കടന്നുകയറ്റത്തിന് പിന്നിലെ സവർണ്ണ/മേൽത്തട്ട് ഹുങ്ക് വെളിപ്പെട്ട് കാണാം. മാറുന്ന സാമൂഹ്യക്രമത്തിലും അദൃശ്യമായി തുടരുന്ന ശ്രേണീകൃത ജാതിവ്യവസ്ഥയേയും ഇരു തുറന്നുകാട്ടുന്നു.

തിരുനെൽവേലി പട്ടണത്തിലെ വെങ്കലമാന ചന്തമുതൽ സഹ്യപ‍ർവ്വതത്തിലെ നാച്ചിയാര് മൊട്ടയും ബോംബെയും അമൃത്സറും ഹോങ്കോങ്ങും ലണ്ടനും വരെ നീളുന്ന കഥാഭൂമിക. അവയ്ക്കിടയിലെ മൂന്ന് നൂറ്റാണ്ട് നീളമുള്ള കാലം. രാജാധിപത്യം ജനാധിപത്യത്തിന് വഴിമാറിയിട്ടും മാറ്റമില്ലാത്ത Textആദിവാസി ജീവിതത്തിന്റെ നിത്യദൈന്യത. മതേതര മൂല്യങ്ങൾ ഹിംസാത്മക മതസങ്കുചിതത്വത്തിന് വഴിമാറുന്ന കാഴ്ച.

ഒരൊറ്റവരിയോ, ഏറിയാൽ ഒരൊറ്റ പേജോ മതി എഴുത്തുകാരന് വ്യവസ്ഥിതിയുടെ ദുഷിപ്പിനെ, കാലത്തിന്റെ നിസ്സഹായതയെ അടയാളപ്പെടുത്താൻ. 409ആം പേജിലെ ഒറ്റ സന്ദ‍ർഭം മാത്രം ഇവിടെ കുറിക്കുന്നു.

നെടുമങ്ങാട്ട് വെട്ടേക്കോട്ട് അമ്പലത്തിൽ മൂന്നു നൂറ്റാണ്ട് കാലമായി ഖുർആൻ വിഗ്രഹങ്ങൾക്ക് ഒപ്പം വെച്ച് പൂജിക്കുന്നുണ്ടായിരുന്നു. ആ ക്ഷേത്രത്തിലെ തൊണ്ണൂറുകളിലെ ഒരുത്സവനാളിൽ ചടങ്ങുകളുടെ മുഖ്യ കർമ്മിയായി വിക്രമൻ തമ്പിയെന്ന തറവാട്ട് കാരണവർ നിൽക്കുന്നു.

” ഏഴ് പടുക്കകളും ഇളക്കി എട്ടാമത്തെ പടുക്ക ഇളക്കാൻ നേരം തമ്പിക്ക് തന്റെ കാൽവിറക്കുന്നതായി തോന്നി…
…വിറയൽ കൈകളിലേക്കും വ്യാപിക്കുന്നു. വിറകൈയോടെ തന്നെ വിക്രമൻ തമ്പി എട്ടാമത്തെ പടുക്കയിൽ നിന്നും ഖുർആൻ എടുത്തുയർത്തി. അപ്പോഴേക്കും പുരാതനമായ ഒരു ഊർജ്ജം വന്ന് അയാളെ ഗ്രസിച്ചു. പടുക്കയിലെ പഴങ്ങളും വെറ്റിലയും പുകയിലയും ചുണ്ണാമ്പും പച്ച പട്ടും മാറ്റിയ ശേഷം കുളത്തിലിറങ്ങി ഏഴുവട്ടം മുങ്ങി കരയിൽ കയറിവന്ന തമ്പി ഉറക്കെ വിളിച്ചു.

തുലുക്കപ്പുളര് വരിനെടാ… തുലുക്കപ്പുളര് വരിനെടാ…

ആരും വന്നില്ല എന്ന് കണ്ട് അയാൾക്ക് അത്ഭുതം തോന്നി. തന്റെ ശബ്ദം ഒരുപക്ഷേ താഴ്ന്നതു കൊണ്ടാകാം എന്ന് ചിന്തിച്ച് അയാൾ ഒരിക്കൽ കൂടി വിളിച്ചു. അപ്പോൾ തലപ്പാവ് വെച്ച ഒരു മുസൽമാനും കാവിയുടുത്ത ഒരു ഹിന്ദുവും മുന്നോട്ട് വന്നു. ചെറുപ്പക്കാരായ ഇരുവരെയും താൻ ഇതുവരെ കണ്ടിട്ടില്ല എന്ന് തമ്പിയോർത്തു. മുസൽമാനാണ് സംസാരിച്ചു തുടങ്ങിയത്.

” തമ്പി സാർ ഈ വേദപുസ്തകം അമ്പലത്തിൽ വിഗ്രഹങ്ങൾക്ക് ഒപ്പം വെച്ച് പൂജിക്കുന്നതിൽ ഞങ്ങൾക്ക് വിരോധമുണ്ട് ”

കാവി മുണ്ടുടുത്തവൻ അത് ശരി വെച്ചു.
” വിഗ്രഹങ്ങളുടെ ശുദ്ധി നമ്മളും നോക്കണമല്ലോ ”

വിക്രമൻ തമ്പിയുടെ വിറയൽ ഇപ്പോൾ പൂർണമായി. ഉത്സവം അവിടെത്തന്നെ ഉപേക്ഷിച്ച് അയാൾ പുറത്തിറങ്ങി നടന്നു. താളിയോലയിൽ കുഞ്ഞക്ഷരങ്ങൾ കൊണ്ട് രചിച്ച ഖുർആൻ മാത്രം കയ്യിലെടുത്തു. കുനിഞ്ഞ ശിരസ്സോടെ തന്നെ അയാൾ നഗരത്തിലേക്ക് ജീപ്പോടിച്ചു.

പിന്നീട് ഒരിക്കലും നാട്ടിലേക്ക് പോയില്ലേ എന്ന ലയനയുടെ ചോദ്യത്തിന് വിക്രമൻ തമ്പി പറഞ്ഞ ഉത്തരം ഇങ്ങനെയായിരുന്നു,

” തകർന്നത് ബാബറി മസ്ജിദ് മാത്രമായിരുന്നില്ല, പരസ്പര വിശ്വാസത്തിന്റെ അടിവസ്ത്രം കൂടിയായിരുന്നു, അത് ഞാൻ ഓർക്കണമായിരുന്നു ”

നമ്മുടെ ചരിത്രബോധത്തിനപ്പാടെ ഗ്രഹണം ബാധിക്കണമെന്ന് ഇച്ഛിക്കുന്ന ഭരണകൂടത്തിന്റെ കാലത്ത് ചരിത്രത്തെ ധൈര്യപൂ‍ർവ്വം പുന‍ർസന്ദ‍ർശിക്കുന്ന നോവൽ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.