DCBOOKS
Malayalam News Literature Website

‘ഇരു’ മലയാള സാഹിത്യത്തിൽ ഇതുവരെ ആരും പറയാതിരുന്ന ചില ജീവിതങ്ങളുടെ ചരിത്രം

വി ഷിനിലാലിന്റെ ‘ഇരു’ എന്ന നോവലിന് രാജു മോഹൻ എഴുതിയ വായനാനുഭവം

“ആരും തോണിയിറക്കാത്ത കടലിൽ എനിക്ക് കപ്പലിറക്കണം” എന്ന പ്രസിദ്ധമായ ദാർശനികവാക്യത്തെ (Friedrich Nietzsche) ഉപജീവിച്ചു കൊണ്ടുള്ളതാണ് വി. ഷിനിലാലിന്റെ മാസ്റ്റർപീസ് രചനയായ “ഇരു” എന്ന നോവൽ. മലയാള സാഹിത്യത്തിൽ ഇതുവരെ ആരും പറയാതിരുന്ന ചില ജീവിതങ്ങളുടെ ചരിത്രമാണ് ”ഇരു”വിലൂടെ വളരെ സ്വാഭാവികമായി ഇതൾവിടർന്നു വരുന്നത്. നോവലിലെ കഥാപാത്രമായ സൂഫി സിദ്ധൻ എറവാങ്കോട് ലബ്ബ, മഹാരാജാവാകുന്നതിനു മുമ്പ് മലയിൽ, കൊടുംവനത്തിൽ മലയരയന്മാരുടെ (കാണിക്കാരുടെ) കാവലിൽ ഒളിപാർത്തിരുന്ന മാർത്താണ്ഡവർമ്മയോടു് പറയുന്നുണ്ട്.

” കടന്ത കാലമും വരും കാലമും തെളിവെള്ളത്തിനടിയിൽ നീന്തുകിറ വെളുത്ത പരൽമീൻ മാതിരി കാൺപതർക്ക് കഴിവുള്ള നാൻ, വരും കാലത്തിൽ തിരുവിതാംകൂറിൻ സിംഹാസനത്തിൽ ഇരുന്നമരുന്ന ഉങ്കളൈ കാൺകിറേൻ. മുച്ചൂടും വേരറ്റ എട്ടുവീടരെയും മറ്റു മാടമ്പിമാരെയും കാൺകിറേൻ. ആനാൽ ഒൻറു മട്ടും കാണവില്ലൈ. ഉങ്കളൈ മരണ വക്ത്രത്തിലിരുന്ത് കാപ്പാത്തി പോറ്റിയെടുക്കും ഇന്ത മലയരൈയരൈ. ചരിത്രം മെനൈവത് നഗരവാസികളാകയാൽ, അവർ ഇന്ത കഥൈയെയും താങ്കളിൻ ഇന്ത ഇരിപ്പൈയും താളിയോലക്കെട്ടുകളിൽ ഇരുന്ത് മാറ്റി നിർത്തുവാർകൾ ….” അപ്രകാരം നഗരവാസികളാൽ വിരചിതമായ ചരിത്രത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ട, ആധുനിക തിരുവിതാംകൂറിന്റെയും അതുവഴി കേരളത്തിന്റെയും സാംസ്ക്കാരിക നിർമ്മിതിയിൽ തങ്ങളുടെതായ സംഭാവനകൾ നല്കിയ ഇരുസമുദായങ്ങളുടെ എഴുതപ്പെടാത്ത ചരിത്രത്തിന്റെ കാവ്യാത്മകമായതും ഭാവഗംഭീരമായതുമായ ആലേഖനമാണ് ചരിത്രവും ഭാവനയും ഫോക് ലോറും ഒരുപോലെ ഇഴപാകി നെയ്തെടുത്ത “ഇരു ” എന്ന നോവൽ.

“മഹാഭാരത”ത്തിൽ വ്യാസമഹർഷി ചിലചില സന്ദർഭങ്ങളിൽ മന:പൂർവ്വമോ അല്ലാതെയോ പാലിച്ചിട്ടുള്ള മൗന നിമിഷങ്ങളെ തന്റെതായ നിഗമനങ്ങളുടെയും വീക്ഷണത്തിന്റെയും അടിസ്ഥാനത്തിൽ പൂരിപ്പിക്കുകയായിരുന്നു “രണ്ടാമൂഴ”ത്തിലൂടെ എം.ടി.വാസുദേവൻ നായർ ചെയ്തത്. സമാനമായ ഒരു പ്രക്രിയ “ഇരു”വിന്റെ രചനയിലും ദൃശ്യമാണ്. മലയാള ഗദ്യത്തിന്റെ എഴുത്തച്ഛനായ Textസി.വി.രാമൻപിള്ളയുടെ “മാർത്താണ്ഡവർമ്മ “ യുടെ ചില സന്ദർഭങ്ങളിൽ സി.വി. അവലംബിച്ച മൗനത്തിന് ഭാഷ്യം സൃഷ്ടിച്ചുകൊണ്ടാണ് ഷിനിലാൽ കാണിസമുദായത്തിന്റെ ചരിത്രത്തിലേയ്ക്ക് തിരനോട്ടം നടത്തുന്നത്‌. ചാരോട്ടു കൊട്ടാരത്തിൽ വിശ്രമിക്കുമ്പോൾ തമ്പിമാരുടെയും എട്ടുവീടരുടെയും പിണിയാളായ വേലുക്കുറുപ്പിന്റെയും സഹചാരികളായ മുപ്പത് വേൽക്കാരുടെയും ആക്രമണത്തിൽ നിന്ന് ഓടി രക്ഷപെടുന്ന മാർത്താണ്ഡവർമ്മയെ, അവരുടെ പിടിയിലകപ്പെടാതെ “അടിയൻ ലച്ചിപ്പോം ” എന്നു പറഞ്ഞ് അമ്മച്ചിപ്ലാവ് കാട്ടിക്കൊടുത്ത കാടന്റെ കഥ ഭ്രാന്തൻ ചാന്നാൻ എന്ന പാത്രസൃഷ്ടിയിലൊതുക്കി, സാക്ഷാൽ സി.വി. തുടർന്ന്, കുറച്ചു നാൾ അജ്ഞാതവാസത്തിലായിരുന്ന അദ്ദേഹത്തിന്റെ ആ ദിനങ്ങളിലെ ചരിത്രം സി.വി.യുടെ മഹാമൗനത്തിന്റെ ചുഴികളിൽപ്പെട്ട് മുങ്ങിപ്പോയതായി നമുക്കു കാണാം. അത്തരത്തിലുള്ള മൗന നിമിഷങ്ങളുടെ പുറന്തോടുകൾ പൊട്ടിച്ച് അവയ്ക്കുള്ളിൽ ഒളിഞ്ഞിരുന്ന അത്ഭുതലോകവും ആ ജീവിതങ്ങൾക്കു നിദാനമായ വാമൊഴിച്ചരിത്രവും അനാവരണം ചെയ്യുകയാണ് “ഇരു “. അന്തമില്ലാത്ത കടലിൽ നിന്നുയർന്നു വന്ന ഒരു പൂമി. അന്ന് മലയിലുണ്ടായിരുന്ന ഒരു ഏട്ടത്തിയും അനിയത്തിയും ആഹ്ലാദത്തോടെ അതു കണ്ടു. അവരുടെ മക്കൾ -മനുഷ്യർ – കടലിൽ നിന്ന് മണ്ണു കോരിക്കോരി വാരിയിട്ട് ആ പുതിയ പൂമിയെ ഉയർത്തി, മലയാക്കി, കരയാക്കി, ഈ ലോകത്തെ ഏറ്റവും സുന്ദരമായ നാടാക്കി. രണ്ടു മലകൾ ചേച്ചിയും അനിയത്തിയും പങ്കിട്ടെടുത്തു. അതിലെ കാട്ടിൽ പാർപ്പുറപ്പിച്ചവളും മക്കളും മലയരയരും, മലഞ്ചെരിവിൽ പാർത്തവർ കയവന്മാരും കൂട്ടം തെറ്റി കടലുതേടിപ്പോയവർ കടലരയന്മാരുമായി. അവർ സഹോദരസന്തതികൾ. മുമ്പു പറഞ്ഞതുപോലെ, നഗരവാസികൾ രചിച്ച ചരിത്രത്താളുകളിൽ നിന്ന് പടിയടച്ച് പിണ്ഡം വയ്ക്കപ്പെട്ടവർ. സ്വന്തം ഭൂമിയും പുഴകളും ദൈവങ്ങളും സംസ്കാരവും ഭാഷയും ചരിത്രവും, എന്തിന്, ജീവിതംപോലും അപഹരിക്കപ്പെട്ടവർ. ആ ഇരുവിഭാഗങ്ങളുടെ കഥ കാടും പടലും കരിയിലയും മാറാലയും നീക്കി വായനക്കാർക്ക് കാട്ടിക്കൊടുക്കുകയാണിവിടെ.

ഉത്തരകേരളത്തിലെ, വിശേഷിച്ചും വയനാട്ടിലെ ആദിവാസിസമൂഹത്തിന്റെ ജീവിതവും ചരിത്രവും പലരുടെയും എഴുത്തുകളിലൂടെ കേരള സമൂഹത്തിനു മുന്നിൽ അനാവൃതമായിട്ടുണ്ട്. “കേരളത്തിലെ ആഫ്രിക്ക “ എന്ന വിശ്രുത രചനയിലൂടെ കെ. പാനൂർ, നെല്ല് “, “കൂമൻകൊല്ലി “, ” ആഗ്നേയം” തുടങ്ങിയ നോവലുകളിലൂടെ പി.വത്സല, മാവേലിമൻറ “ത്തിലൂടെ കെ.ജെ.ബേബി, അടുത്ത കാലത്ത് വല്ലി ” യിലൂടെ ഷീലാ ടോമി ഇങ്ങനെ പലരും വയനാടൻ ആദിവാസി ജീവിതവും,പൊന്നി ” യിലൂടെ മലയാറ്റൂർ അട്ടപ്പാടിയിലെ ആദിവാസി ജീവിതവും, “കൊച്ചരേത്തി“, “ചെങ്ങാറും കുട്ടാളും ” എന്നിവയിലൂടെ നാരായൻ ഇടുക്കിയിലെ ആദിവാസി ജീവിതവും നമുക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്.  എന്നാൽ, തിരുവിതാംകൂറിലെ പ്രബല ആദിവാസി സമൂഹമായ മലയരയന്മാരുടെയും (കാണി സമുദായം ) കയവന്മാരുടെയും (വേടർ സമുദായം ) ജീവിതങ്ങൾ ചിത്രീകരിച്ചിട്ടുള്ള സർഗ്ഗാത്മക രചനകൾ എന്റെ അറിവിലില്ല. ഈ മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കാൽവെയ്പ്പുകൂടിയാണ് “ഇരു “. ഇതിന്റെ രചനയിൽ തീർച്ചയായും നോവലിസ്റ്റ് ഒരു പരകായപ്രവേശം തന്നെ നടത്തിയിട്ടുണ്ടാകണം – എത്രമാത്രം പഠനം നടത്തിയിട്ടും കഠിനാദ്ധ്വാനം ചെയ്തിട്ടുമാകണം ഇതിൽ രസകരമായി പറഞ്ഞുപോയിട്ടുള്ള നാടോടിക്കഥകളും കവിതകളും ലഭ്യമായിട്ടുണ്ടാകുക! അവരിലൊരാളായി മാറിയിട്ടുണ്ട്, എഴുത്തുകാരൻ. അവരുടെ ഭാഷ, ജീവിതരീതി, ആചാരാനുഷ്ഠാനങ്ങൾ, ഭക്ഷണം, ചികിത്സാരീതികൾ, പൂജാകർമ്മങ്ങൾ, ദൈവങ്ങൾ, ചാവുകൾ, അവരുമായി ഇടപഴകുന്ന കാട്ടിലെയും നാട്ടിലെയും എല്ലാ ജീവിവർഗ്ഗങ്ങളുടെയും സൂക്ഷ്മ ഭാവങ്ങൾ – ഇവയെല്ലാം ഈ എഴുത്തുകാരൻ ഒപ്പിയെടുത്ത് സ്വന്തം ഭാവനയുടെ മൂശയിലിട്ട് ഉരുവപ്പെടുത്തി ഈ കൃതിയിലുപയോഗിച്ച് അത്ഭുതാദരങ്ങളോടെ മാത്രമേ വീക്ഷിക്കാനാകുന്നുള്ളൂ. നോവലിലെ രസകരമായ ഒരു സംഭവം ചൂണ്ടിക്കാണിക്കട്ടെ. ജാത്യാഭിമാനികളായിരുന്ന മലയാളികൾ എന്നും തീണ്ടാപ്പാടകലെ മാത്രം നിർത്തിയിരുന്ന കാണിക്കാരന്റെ പുത്രൻ വിട്ടിയൻ, അമ്പെയ്ത്തിൽ കൃത്യമായ ഉന്നം കിട്ടാതിരുന്ന മാർത്താണ്ഡവർമ്മയ്ക്ക് അമ്പു പിടിക്കുന്ന കണിശസ്ഥാനം കാട്ടിക്കൊടുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വലതു കൈയിൽ പിടിച്ചു പോയപ്പോൾ പെട്ടെന്ന് ആ ബാലൻ കൈ പിൻവലിക്കുകയുണ്ടായി. രാജാവിനെ തൊട്ട് അശുദ്ധമാക്കാൻ പാടില്ലെന്ന് ഈ കുട്ടിക്ക് അറിവുണ്ടല്ലോ എന്ന സന്തോഷത്തോടെ, “സാരമില്ല, നീ എന്നെ തൊട്ടോളൂ… ” എന്നു പറഞ്ഞ രാജാവിനോട് , “അയ്യോ, വെളി ജാതിക്കാര തൊട്ടാ എങ്ക്ള്ക്ക് തൊടക്കൊണ്ട് . അട്ടയാറ്റില് ഏഴു വട്ടം മുങ്ങിക്കുളിക്കണം…. ” എന്നാണവൻ മറുപടി നല്കിയത്! (ഇതു വായിക്കുന്ന കുല പുരുഷ / സ്ത്രീകളുടെ കണ്ണു തള്ളുന്നുണ്ടാകണം!) നാട്ടരചനുമാത്രമല്ല, മലയരയനും സ്വന്തമായ ആചാരരീതികളുണ്ടെന്ന് രാജാവിന് അപ്പോഴാണ് മനസ്സിലായത് – ഒറ്റ വ്യത്യാസം മാത്രം. നാട്ടരയന്റെ പ്രജകൾ പല തട്ടുകളിലുള്ളവരും പലതരം നീതി ലഭിക്കുന്നവരും. അവർ പല ജാതികളാൽ പരസ്പരം വേർതിരിക്കപ്പെട്ടവർ, ദൃഷ്ടിയിൽപ്പെട്ടാൽപ്പോലും ദോഷമുള്ളവർ, കെട്ടില്ലാത്തോർ, തമ്മിലുണ്ണാത്തോർ…..മറിച്ച്, മലയരയന് പ്രജകളില്ല – അത് ഒരൊറ്റ കുടുംബം . അവിടെ ഒരേ നീതി. വിഭാഗീയതകളില്ലാത്ത ജീവിതം!

നോവലിന്റെ കഥയിലേയ്ക്കോ മറ്റു വിശദാംശങ്ങളിലേയ്ക്കോ വിസ്താര ഭയത്താൽ പ്രവേശിക്കുന്നില്ല. അവിസ്മരണീയരായ നിരവധി കഥാപാത്രങ്ങളുണ്ടിതിൽ. എറവാങ്കോട് ലബ്ബ എന്ന എലപ്പസ്വാമി, മാർത്താണ്ഡവർമ്മ, വിക്രമൻ തമ്പി, മേജർ ഷിറഫ് , ഇരു, ലയന, കാണിക്കാരുടെ പ്ലാത്തി, ഊരുമൂപ്പൻ വേലൻ കാണി, വെട്ടേക്കാട്ട് തമ്പിമാർ, മകുടൻ മുതൽ കിളിയൻ വരെയുള്ള വേടന്മാർ. ദാമോദർ നദിയിലെ അണക്കെട്ടു വന്നപ്പോൾ കുടിയിറക്കപ്പെട്ടവരുടെ രൂപമായ ബുധിനി മായ്ക്ക് സമാനമായി, ഇവിടെ കരമനയാറിനു കുറുകെ പേപ്പാറ അണക്കെട്ടു വന്നപ്പോൾ ഇരയാക്കപ്പെട്ടവരുടെ പ്രതിനിധിയാണ് ലയനയുടെ അമ്മ. “കൃഷിഭൂമി കർഷകന്, കൃഷിഭൂമി കർഷകന് ” എന്ന് തിരുവിതാംകൂറിൽ ആദ്യം മുദ്രാവാക്യം മുഴക്കി മണ്ണിനു വേണ്ടി രക്തസാക്ഷിയായ പരമു പിള്ളയെ എങ്ങനെ മറക്കും! “അടി” യിലെ സത്യവാൻ ചട്ടമ്പിയും സാവിത്രിയും കന്യാകുളങ്ങര ചന്തയിലെ സമരവുമൊക്കെ ഇതിലും കണ്ടപ്പോൾ ഞാൻ യു.എ.ഖാദറിനെ ഓർത്തു – കഥാപാത്രങ്ങളുടെ പിന്തുടർച്ച അദ്ദേഹത്തിന്റെ പതിവായിരുന്നല്ലോ. ഇങ്ങനെ, നാടോടിവിജ്ഞാനിയം, വാമൊഴിപ്പാരമ്പര്യം എന്നിവയിലൂടെ ലഭിച്ച കാട്ടുജീവിതത്തിന്റെ കഥകൾ അതീവ ഹൃദ്യമായി രാജചരിത്രവുമായും വേടർസമുദായ ചരിത്രം വെട്ടേക്കാട്ട് തമ്പിമാരുടെ ചരിത്രവുമായും ഇണക്കിച്ചേർത്ത് ഭാവനയും ഫോക് ലോർ പാരമ്പര്യവും വെവ്വേറെ കള്ളികളിലാക്കാതെ ഇഴകലർത്തി സമകാലിക ചരിത്ര സംഭവങ്ങളുമായും ജീവിതപരിസരങ്ങളുമായും ബന്ധിപ്പിക്കുന്ന നോവലിസ്റ്റിന്റെ ക്രാഫ്റ്റ് അന്യാദൃശം തന്നെയാണ്. രചനയാരംഭിക്കുന്ന എഴുത്തുകാരൻ അത് പൂർത്തിയാക്കുമ്പോൾ ഭാവനാലോകത്ത് സങ്കല്പരഥമേറി സഞ്ചരിച്ച്  മറ്റൊരാളാകുന്നതുപോലെ, ഇവിടെ വായനക്കാരനും വായന തീരുമ്പോൾ “അദ്വൈതാമല ഭാവ സ്പന്ദിത / വിദ്യുമേഖല പൂകു “കയാണ്. അതിനാൽ അത് വായിച്ചു തന്നെ അറിയണം. നിസ്സംശയം, ഒരു മാസ്റ്റർ പീസ്.

( സാന്ദർഭികമായി പറയട്ടെ, “ഇരു” വിന്റെ വായനയ്ക്കിടയിൽ ഞാൻ നെടുമങ്ങാടിന്റെ മറ്റൊരെഴുത്തുകാരൻ പി.എ. ഉത്തമനെയും അദ്ദേഹത്തിന്റെ “ചാവൊലി ” യെയും ഓർത്തു. അർഹിക്കുന്ന ആദരം ലഭ്യമാകാതെ അകാലത്തിൽ വിട്ടു പോയ അദ്ദേഹത്തിന്റെ കൃതികൾ പുനർവായനയ്ക്കു വിധേയമാക്കേണ്ടതിന്റെ അനിവാര്യതയെപ്പറ്റിയും ഓർത്തു .)

“ധർമ്മരാജ” യുടെ ഗംഭീര പഠനത്തിൽ എം.അച്യുതൻസാറ് “ആളുകൾ ചെറുവള്ളങ്ങളിൽ മത്തിയും അയലയും പിടിച്ച് ചന്തകളിൽ കൊണ്ടു പോകുന്നു. ആഴക്കടലിൽ മീൻ പിടിക്കാൻ (കൊമ്പനെ) ആരുപോകും….?” എന്നു ചോദിച്ചതായി ഓർക്കുന്നു. ഇതാ ഇവിടെ, ഈ വഞ്ചിക്കാരൻ – വി. ഷിനിലാൽ, ആഴക്കടലിലെ മീൻപിടിത്തക്കാരൻ തന്നെയാണ്. മലയാളത്തിന്റെ മറ്റൊരഭിമാനം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.