‘ഇരു’ ആരും ഇന്നുവരെ പറയാതിരുന്ന ഒരു വിഷയത്തിന്റെ ആഖ്യാനം
വി ഷിനിലാലിന്റെ ‘ഇരു’ എന്ന നോവലിന് അജിത് നീലാഞ്ജനം എഴുതിയ വായനാനുഭവം
“കറുത്ത മനുഷ്യർ അനുഭവിക്കുന്ന ദുഷ്ടതയുടെ ആഴം വെളുത്ത മനുഷ്യന്റെ മനസ്സിനുള്ളിലാണ് കിടക്കുന്നത്.
നിറം മനുഷ്യവർഗത്തെ രണ്ടായി പകുക്കുന്നു. നിറം ഒരിക്കലും കലരുന്നില്ല. രണ്ടായി തന്നെ നിൽക്കും ”
ഷിനിലാലിന്റെ ഏറ്റവും പുതിയ നോവലായ ഇരുവിലെ രണ്ടു വരികളാണ്. ഇരു എന്നതിന്റെ വ്യാഖ്യാനം കൂടിയാണ് ഈ വരികൾ.
മുന്നൂറിൽ പരം വർഷങ്ങളിലൂടെയാണ് ഇരുവിനൊപ്പം ഞാനും കടന്നു പോയതെന്നത് വായന കഴിഞ്ഞപ്പോൾ വളരെ അത്ഭുതത്തോടെയാണ് ഓർത്തത് . സ്വന്തം ജീവിതകാലമല്ലാതെ തന്നെ മറ്റൊരു കാലപ്രവാഹത്തിന്റെ കൂടി ഭാഗമായി വായനക്കാരൻ തീരുന്നു എന്ന സങ്കല്പമാണ് മനസ്സിൽ വന്നത് . മലയാള ഭാഷ ആഗ്രഹിച്ച ഒന്നാണ് ‘ഇരു’ സാധ്യമാക്കിയിരിക്കുന്നത്.
ആരും ഇന്നുവരെ പറയാതിരുന്ന ഒരു വിഷയം കാലങ്ങളായി ആവർത്തിച്ച് കൊണ്ടിരിക്കുന്ന കഥ പറച്ചിൽ ഭാഷയിൽ നിന്നും തീർത്തും വ്യത്യസ്തമായി എങ്കിലും ഒരു മടുപ്പുമില്ലാതെ വായിച്ചു പോകാനാകുന്ന രീതിയിൽ തന്നെയാണ് ഷിനിലാൽ അവതരിപ്പിച്ചിരിക്കുന്നത്.
പൊതുവെ പുതിയ കാല ഫിക്ഷൻ എഴുത്തുകാരിൽ ദർശനത്തിന്റെ അഭാവമുണ്ടെന്നത് യാഥാർഥ്യമാണ്. വെറും വാർത്ത പ്രാധാന്യത്തിനും കയ്യടികൾക്കും വേണ്ടിയുള്ള കഥയെഴുത്തിന്റെ കാലത്ത് നിന്ന് ഇരു വായിക്കുമ്പോൾ ആ ചെറുപ്പക്കാരനായ എഴുത്തുകാരനെ തൊഴുകൈയ്യോടെ വണങ്ങാനാണ് തോന്നുന്നത് . അത്രമാത്രം റിസേർച്ചാണ് ഈ വിഷയത്തിന് വേണ്ടി അദ്ദേഹം നടത്തിയിരിക്കുന്നത് എന്നത് വായനയിൽ മനസ്സിലാക്കാൻ ആയി.
വെറും സംസാര ഭാഷ മാത്രമായ വേടഭാഷയും അവരുടെ ജീവിത രീതിയും അവർ പുലർത്തിയിരുന്ന ഉജ്ജ്വലമായ ജീവിത മൂല്യങ്ങളും നിത്യ ജീവിത ഉപകരണങ്ങൾ, അവർ ഭക്ഷണമാക്കിയിരുന്ന, അന്ന് ജലാശയങ്ങളിൽ സമൃദ്ധമായിരുന്നതും പിന്നീട് അന്യം നിന്ന് പോയതുമായ മത്സ്യങ്ങൾ, ഫലങ്ങൾ അങ്ങനെ എല്ലാം തന്നെ ഇരുവിനു വേണ്ടി കണ്ടെത്തിയതിന് പിന്നിലെ അദ്ധ്വാനവും ആർജവവും അങ്ങേയറ്റം മതിക്കപ്പെടേണ്ടതാണ്. ഇതെല്ലാം കൊണ്ട് തന്നെ വേട സംസ്കൃതിയെ സംബന്ധിച്ച അത്യപൂർവമായ ഒരു ഡോക്യുമെന്റ് കൂടിയാണ് ഇരു. രാഷ്ട്രീയ മുദ്രാവാക്യങ്ങളും രാഷ്ട്രീയവും സാമൂഹ്യവുമായ തിരിച്ചറിവും കൊണ്ട് മോടി പിടിപ്പിച്ച് കഥയെഴുതുന്ന കാലത്ത് ഹൃദയപൂർവ്വം ചെയ്ത ഒരു പരിദേവനമായി മാറി നിൽക്കുന്ന നോവൽ. ഷിനിലാൽ എന്ന എഴുത്ത്കാരനായ സുഹൃത്തിൽ നിന്ന് ഞാൻ ആഗ്രഹിച്ചത് കിട്ടിയ ചാരിതാർത്ഥ്യമുണ്ട്. ഇരു നിയോഗ പൂർത്തിയാണ്.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.