‘ഇരു’ വലിയ ചരിത്രമൂല്യമുള്ള ആഖ്യാനം
വി ഷിനിലാലിന്റെ ‘ഇരു’ എന്ന നോവലിന് കെ.കെ.പി.സംഗീത എഴുതിയ വായനാനുഭവം
ചരിത്രത്തിന് നോവലിലേയ്ക്കും നോവലിന് ചരിത്രത്തിലേയ്ക്കും പ്രവേശിക്കാതിരിക്കാനാകില്ല. ചരിത്രത്തിന്റെ പാഠപരത തന്നെ ചരിത്രത്തെ വലിയൊരളവിൽ കഥയോടടുപ്പിക്കുന്നുണ്ട്. ചരിത്രം തന്നെ പാഠമാണെന്ന നവ ചരിത്രവാദ സമീപനം ഏറെക്കുറെ അംഗീകരിക്കപ്പെട്ട കാലത്ത്, ചരിത്രം പ്രമേയമായി വരുന്ന കഥാഖ്യാനങ്ങൾക്ക് വലിയ രാഷ്ട്രീയപ്രസക്തിയുണ്ട്.
ഏത് കോണിൽ നിന്ന് നോക്കിയാലും ഷിനിലാലിന്റെ ഇരു വലിയ ചരിത്രമൂല്യമുള്ള ഒരു ആഖ്യാനമാണ്.
ഉൾവനങ്ങളുടെ നിഗൂഢതകളിൽ ജീവനും ജീവിതവും കരുപ്പിടിപ്പിച്ച്,യുക്തിയുടെയോ വിശ്വാസങ്ങളുടെയോ ധർമ്മസങ്കടങ്ങളേതുമില്ലാതെ കഴിഞ്ഞിരുന്ന ആദിമമനുഷ്യ ജീവിതങ്ങളിലൊന്നിനെ അപാരമായ രാഷ്ട്രീയ ബോധ്യത്തോടെ കണ്ടെടുത്ത് നമുക്ക് മുന്നിൽ വിടർത്തിക്കാണിക്കുകയാണ് ഷിനിലാൽ ഈ നോവലിലൂടെ. മുഖ്യധാരാ ആവിഷ്കാരങ്ങളിലൊന്നും പ്രത്യക്ഷമാകാത്ത ജീവിതങ്ങളെ തിരഞ്ഞുപിടിച്ച് എഴുത്തിന്റെ കേന്ദ്ര സ്ഥാനത്ത് നിർത്തുന്ന പ്രവണത ഇപ്പോൾ മലയാളത്തിൽ കൂടി വരുന്നുണ്ട്. എന്നാൽ പലപ്പോഴും ഒരു പ്രമേയസ്വീകരണം എന്ന എഴുത്ത് തന്ത്രത്തിനപ്പുറം അത് സഞ്ചരിക്കാറില്ല. നിശ്ചയമായും ഇരു അതിനൊരപവാദമാണ്. ഇരുവിൽ ഷിനിലാൽ അവതരിപ്പിക്കുന്ന കാണിക്കാർ എന്ന ഗോത്ര മനുഷ്യരുടെ ജീവിതം ഒരു കഥയെഴുത്തിന്റെ കേവലമായ വൈകാരികതയ്ക്കപ്പുറം അസാധാരണമായ ചില വിതാനങ്ങളിലേക്ക് ഉയരുന്നുണ്ട്. തന്റെ അസാധാരണ യാത്രകളിലൊന്നിൽ, കാടിനുള്ളിൽ കുടുങ്ങിപ്പോയ ലബ്ബ എന്ന മുസ്ലീം സഞ്ചാരിയുടെ സാന്നിധ്യത്തിലാണ് ഷിനിലാൽ കാണിക്കാരുട കഥ പറയുന്നത്. ഇരു എന്ന എഴുത്തുകാരനും ലയന രാജ് എന്ന വിവർത്തകയും തമ്മിൽ നടക്കുന്ന ഇന്റർനെറ്റ് ചാറ്റിലൂടെയാണ് നോവൽ ആരംഭിക്കുന്നത്. ലയനാ രാജിനും ഇരുവിനും മറ്റൊരു പേരും മറ്റൊരു സ്വത്വവുമുണ്ട്. ഇങ്ങനെ ഇരട്ട വ്യക്തിത്വങ്ങളെ മുഖാമുഖം നിർത്തി ആദ്യമേതന്നെ തന്റെ നോവലിന് നൽകിയ പേര് സാധൂകരിക്കുന്നുണ്ട് ഷിനി ലാൽ. രണ്ടാം ഭാഗത്താണ് ലബ്ബയുടെയും എട്ടു വീട്ടിൽ പിള്ളമാരുടെ ചതിയിൽ നിന്ന് രക്ഷ തേടി കാണിക്കാരുടെ ഗോത്രപ്പഴമയ്ക്ക് നടുവിൽ ഒളിവ് ജീവിതം നയിക്കുന്ന മാർത്താണ്ഡവർമ്മയുടെ കഥ. മാർത്താണ്ഡ വർമ്മയുടെ നിർദേശമനുസരിച്ച് രാജമുദ്രയുള്ള എഴുത്തോലയുമായി വരുന്ന ലബ്ബ എന്ന സൂഫി സമ്മാനിച്ച ഖുറാൻ തന്റെ ഇഷ്ടമൂർത്തികൾക്കൊപ്പം പ്രതിഷ്ഠിച്ച് ആരാധിക്കുന്ന പരമേശ്വരൻ തമ്പി സി.വി.രാമൻ പിള്ള സൃഷ്ടിച്ച കഥാപാത്രങ്ങളുടെ അത്രതന്നെ ഗരിമയിൽ നിൽക്കുന്നുവെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. വാൽമീകി ഒഴിച്ചിട്ട മണ്ണിലാണ് കുമാരനാശാൻ വിത്തിറക്കിയതെന്ന് ആശാന്റെ സീതാകാവ്യത്തിൽ സുകുമാർ അഴീക്കോട് പറയുന്നുണ്ട്. അതുപോലൊരു വാക്യം ഈ നോവലിനെ സംബന്ധിച്ചും സാധുവാണ്. സി.വി.രാമൻ പിള്ളയെന്ന മഹാമനീഷി ഒഴിച്ചിട്ട നിശബ്ദ ഭൂമികയിലാണ് ഷിനിലാൽ എന്ന പുതിയ എഴുത്തുകാരൻ വിത്തിറക്കുന്നത്. മാർത്താണ്ഡ വർമ്മ നയിച്ചിരുന്ന ദുരൂഹമായ ഒളിവ് ജീവിതത്തിന് സ്ഥലവും കാലവും നൽകി തന്റെ പ്രതിഭയുടെ ആഴം വായനക്കാർക്ക് ബോധ്യപ്പെടുത്താൻ നോവലിസ്റ്റിന് കഴിയുന്നു. എല്ലാറ്റിനും സാക്ഷിയും പങ്കാളിയുമായി ഒഴുകുന്ന കായനദിയുടെ പ്രതീകാത്മക ആവിഷ്കാരം ആ പ്രതിഭയുടെ മൗലികത ഒന്നുകൂടി ഉറപ്പിച്ചെടുക്കുന്നുണ്ട്.
ആയിരത്താണ്ടുകളായി കൈമാറി വന്ന വിശ്വാസങ്ങളുടെ അടിയുറപ്പിൽ നിലനിൽക്കുന്ന ഗോത്ര ജീവിതങ്ങളുടെ താളവും ലയവും അപാരമായ കയ്യടക്കത്തോടെ ഷിനിലാൽ നമുക്ക് മുന്നിൽ ഇഴ വിടർത്തുന്നു. കാടിന്റെ ചലനാത്മകതയ്ക്ക് നടുപ്പിൽ ഏകതാനതയോടെ ഒഴുകുന്ന ആ ജീവിതക്രമത്തെ തന്റെ നിലപാടുകളോ മുൻവിധികളോ കൊണ്ട് ഒരു നിലയിലും ക്രമം തെറ്റിക്കാതിരിക്കാൻ നോവലിസ്റ്റ് കാണിക്കുന്ന ശ്രദ്ധയാണ് ഈ നോവലിൽ എന്നെ ഏറ്റവും ആകർഷിച്ച ഘടകം. ചരിത്രത്തെയും സാംസ്കാരിക ജീവിതത്തെയും നോവലിന്റെ പ്രമേയപരിസരത്തിലേയ്ക്ക് സ്വീകരിക്കുമ്പോൾ എഴുത്തുകാർ കാട്ടേണ്ട നിതാന്ത ജാഗ്രതയാണത്. ഭാവനയുടെ ഉയരങ്ങൾ കൊണ്ട് ആ ജീവിതങ്ങളുടെ അടിപ്പടുകളെ മലിനപ്പെടുത്താൻ നമുക്കവകാശമില്ലെന്ന തിരിച്ചറിവ് ഒരു നോവലെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ചെറിയ തിരിച്ചറിവല്ല.
‘അഗസ്ത്യകൂട മലയ്ക്ക് ചുറ്റും ജീവിക്കുന്ന കാണിക്കാർ എനിക്ക് പരിചിത സമൂഹമാണ്’ എന്ന് ഷിനിലാൽ നോവലിന്റെ ആമുഖത്തിൽ സത്യപ്രസ്താവന പോലെ ഒരു വാക്യം എഴുതി വെയ്ക്കുന്നുണ്ട്. ചരിത്രവും നോവലും തമ്മിലുള്ള അതി സങ്കീർണ്ണമായ കൊടുക്കൽ വാങ്ങലുകൾക്കിടയിൽ നിന്നുകൊണ്ടാണ് ഷിനിലാലിന് ഇങ്ങനെയൊരു സത്യപ്രസ്താവന നടത്തേണ്ടി വരുന്നത്. എന്നാൽ, ആ പ്രസ്താവനയുടെ ബലമില്ലാതെ തന്നെ ഈ ആഖ്യാനം അതിന്റെ ധർമ്മം നിർവ്വഹിക്കുന്നുണ്ട്. ചരിത്ര വസ്തുതകളുടെ പ്രത്യക്ഷീകരണം നോവലിന്റെ ആഖ്യാനഘടനയിലൊരിടത്തും മുഴച്ചു നിൽക്കാതെ, കായനദി പോലെ ശാന്തമായും പ്രക്ഷുബ്ധമായും ഒഴുകി നിറയുന്ന രചനാവൈഭവം ഈ നോവലിസ്റ്റിന് സ്വന്തമാണെന്ന് ഒട്ടും ആലങ്കാരികമായല്ലാതെ പറയാം.
Comments are closed.