DCBOOKS
Malayalam News Literature Website

‘ഇരിപ്പ് നില്‍പ് എഴുന്നേല്‍പ്’ആനന്ദിന്റെ കഥകള്‍

മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് ആനന്ദ്. മലയാളത്തിന് അപരിചിതമായിരുന്ന മനുഷ്യാവസ്ഥകള്‍ ചിത്രീകരിക്കാന്‍ അദ്ദേഹം ഉപയോഗിച്ച ശൈലിയും ഏറെ വ്യത്യസ്തമായിരുന്നു. തങ്ങളുടെ സമയത്തിന് പണത്തിന്റെ മൂല്യമില്ലാത്തതിനാല്‍ എല്ലായ്‌പ്പോഴും കാത്തിരിക്കാന്‍ വിധിക്കപ്പെട്ട പാവങ്ങളെ വിമോചിപ്പിക്കാനുള്ള രാഷ്ട്രീയ യത്‌നങ്ങളും പ്രത്യയശാസ്ത്രങ്ങളും പലതുണ്ടായിക്കഴിഞ്ഞിട്ടും അഭയാര്‍ത്ഥികള്‍, നാടോടികള്‍, പൗരത്വവും ആഹാരവും ആനുകൂല്യങ്ങളും തേടുന്നവര്‍, തെരുവിലും പുറമ്പോക്കിലും കഴിയുന്നവര്‍, സമൂഹഭ്രഷ്ടര്‍ അങ്ങനെ പല രൂപങ്ങളില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അതേ കാത്തിരിപ്പുകളുമായി തുടര്‍ന്നുകൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ആനന്ദിന്റെ ഇരിപ്പ് നില്‍പ്പ് എഴുന്നേല്‍പ്പ് എന്ന ഏറ്റവും പുതിയ ചെറുകഥാസമാഹാരം ശ്രദ്ധേയമാകുന്നത്. ഇരിപ്പ്, നില്‍പ്പ്, എഴുന്നേല്‍പ്പ് എന്നീ ഉടല്‍നിലകളുടെ ആവിഷ്‌കാരങ്ങളോ പ്രവര്‍ത്തികളോ ആയ കാത്തിരിപ്പ്, നിലനില്‍പ്പ്, എഴുന്നേല്‍പ്പ് എന്നീ അവസ്ഥകളെ ഇതേ പേരുള്ള മൂന്നു കഥകളായി അവതരിപ്പിച്ച് ഇരിപ്പ് നില്‍പ് എഴുന്നേല്‍പ്പ് എന്ന പൊതുശീര്‍ഷകത്തില്‍ കൂട്ടിയിണക്കുന്ന ഈ പുസ്തകം ആനന്ദിന്റെ സമീപകാല രചനകളെപ്പോലെ സാഹിത്യജനുസ്സുകളുടെ സ്വഭാവത്തെയും അവയെപ്പറ്റിയുള്ള പരമ്പരാഗതവും സാഹിത്യചരിത്രസമ്മതവുമായ തീര്‍പ്പുകളെയും അസ്ഥിരമാക്കുന്നു.

കാത്തിരിപ്പ് എന്ന കഥയില്‍നിന്ന്

“ഞാന്‍ ബസ്‌സ്റ്റോപ്പില്‍ എത്തിയപ്പോള്‍ അതിനടുത്ത ഷെഡ്ഡില്‍ സ്വാമി പ്രബോധനം തുടങ്ങിക്കഴിഞ്ഞിരുന്നു. പഴയ ബസ്‌സ്റ്റോപ്പിന്റെ ഉപേക്ഷിക്കപ്പെട്ട ഷെഡ്ഡാണ് സ്വാമിയുടെ മണ്ഡപം. കഷ്ടിച്ച് പത്തടി വീതി, ഇരുപതടി നീളം. മേല്‍ക്കൂര ഒരു വശത്തേക്കു ചെരിഞ്ഞിരിക്കുന്നു. പുതിയ ബസ്‌സ്റ്റോപ്പ് പണിതപ്പോള്‍ പഴയതിനെ പൊളിച്ചുകളയുന്നതിനു പകരം അധികാരികള്‍ അതിനെ സ്വയം വീണുനശിക്കുവാന്‍ വിട്ടതാണെന്നു തോന്നുന്നു. ഏതായാലും മരത്തിന്റെ തണലില്‍നിന്ന് സ്വാമി അതിലേക്കു ചേക്കേറി.

സ്റ്റോക്ക് തത്ത്വങ്ങളും ഉപദേശങ്ങളുംതന്നെയായിരിക്കും സ്വാമിയുടെ പ്രബോധനത്തില്‍. പത്തോ പതിനഞ്ചോ പേരേ ഉണ്ടാകൂ അതു കേള്‍ക്കുവാന്‍. വീട്ടിലെ പണികഴിഞ്ഞ് ഉച്ചയോടടുത്ത് അല്പം അവധിയെടുക്കുന്ന വീട്ടമ്മമാരായിരിക്കും ഏറെയും. അതുകഴിഞ്ഞാല്‍ സ്വാമി ഏതെങ്കിലും അമ്പലം തേടിപ്പോകും ആഹാരത്തിന്. കേള്‍വിക്കാര്‍ കേട്ടതൊക്കെ കഴുകിക്കളഞ്ഞ് അവരുടെ വീട്ടിലേക്കും ജോലികളിലേക്കും.

സ്വാമി പറഞ്ഞ ഒരു വാചകമേ ഞാന്‍ കേട്ടുള്ളൂ. വേഗത്തെ നിയന്ത്രിക്കുവാന്‍ സാധിക്കുമ്പോഴാണ് ശക്തി ലഭിക്കുന്നത്. എന്തിനുള്ള ശക്തിയെന്നു കേട്ടില്ല. അപ്പോഴേക്കും ഒരു ബസ്സ് വേഗം കുറച്ച് സ്റ്റോപ്പിലേക്ക് വന്നുനിന്നു. അത് എത്തിക്കുന്ന സ്ഥലങ്ങള്‍ വിളിച്ചുപറയുന്ന കണ്ടക്ടറുടെ ശബ്ദവും ആളുകളുടെ തിരക്കും സ്വാമിയുടെ ശബ്ദത്തെ മുക്കി. ബസ്സ് പോയിട്ടും സ്റ്റോപ്പിലെ തിരക്കു കുറഞ്ഞില്ല. തിരക്കിനിടയിലൂടെ കീറിപ്പറിഞ്ഞ ഉടുപ്പും ജടപിടിച്ച മുടിയും ചെളി പറ്റിയ മുഖവുമുള്ള എട്ടുപത്തു വയസ്സുള്ള ഒരു നാടോടിപ്പെണ്‍കുട്ടി ചില നോട്ടീസുകള്‍ വിതരണം ചെയ്തുകൊണ്ടു നടന്നുവന്നു. ഒന്നുരണ്ടെണ്ണം അവള്‍ എനിക്കും തന്നു കകഠ, ഖഋഋ, ഏഅഠഋ, ഇടഋ തുടങ്ങിയ മത്സരപ്പരീക്ഷകള്‍ക്കുള്ള കോച്ചിങ് സെന്ററുകളുടെ വിജ്ഞാപനങ്ങളായിരുന്നു അവ. ഡെസ്റ്റിനേഷനുകള്‍ തന്നെ അവയും. പത്തുപതിനഞ്ച് രൂപയുടെ ടിക്കറ്റല്ല, ഏറെ ചെലവുള്ളവ. ബസ്സൊന്നും പിടിക്കാനില്ലാത്ത അവള്‍ യാത്രക്കാരുടെ ഇടയിലൂടെ തിരിഞ്ഞും മറിഞ്ഞും കറങ്ങിക്കൊണ്ടിരുന്നു. തന്റെ കൂട്ടത്തില്‍പ്പെട്ട വേറേ ചില കുട്ടികളുമായി അടിച്ചും പിടിച്ചും കളിച്ചുംകൊണ്ട്.

ഒടുവില്‍ എനിക്കു പോകേണ്ട ബസ്സും വന്നു. വേഗം കുറച്ച് സ്റ്റോപ്പിന്റെ അരികുചാരി അതു നിന്നു. ഞാന്‍ അതില്‍ കയറിപ്പറ്റി ഒരു സീറ്റില്‍ ഇരുന്നു. ബസ്സ് വേഗം കൂട്ടി.

ഓടുന്ന ബസ്സിലിരുന്ന് സ്വാമി പറഞ്ഞതിനെപ്പറ്റി ഞാന്‍ എന്തിനോ വീണ്ടും ആലോചിച്ചു. അയാള്‍ പറഞ്ഞതിന്റെ സന്ദര്‍ഭം എനിക്ക് അറിയില്ലായിരുന്നു. ഏതു കഥയുമായി ബന്ധിച്ചാണ് അയാള്‍ അതു പറഞ്ഞതെന്നും. ഏതെങ്കിലും ഒരു കഥയുമായി ബന്ധിപ്പിച്ചായിരിക്കുമല്ലോ ഇത്തരം പ്രബോധനങ്ങള്‍ സ്വാമിമാര്‍ നടത്തുക. അതുകൊണ്ട് മുമ്പും പിമ്പുമില്ലാത്ത, വലിയ അര്‍ത്ഥമൊന്നും തരാത്ത, ഒരു വെറും വാചകമായി അതു നിന്നു. ബസ്സാണെങ്കില്‍ ക്രോസിങ്ങുകളും ട്രാഫിക് സിഗ്നലുകളും ഒഴിവാക്കിക്കൊണ്ട് ഗവണ്‍മെന്റ് നിര്‍മ്മിച്ച പാലങ്ങളും ഫ്‌ളൈ ഓവറുകളും എലിവേറ്റഡ് റോഡുകളും കയറിയിറങ്ങി വേഗം കൂട്ടിയും കുറച്ചും യാത്രക്കാരെ കയറ്റിയും ഇറക്കിയും ഓടിക്കൊണ്ടിരുന്നു…”

Comments are closed.