പ്രാണനാഥനെനിക്കുനല്‍കിയ പരമാനന്ദ രസത്തെ…
കേരളത്തിന്റെ സംഗീതപാരമ്പര്യത്തെ മികവുറ്റതാക്കിയ സംഗീത പ്രതിഭ
ഓമനത്തിങ്കള്‍ കിടാവോ മധുര മനോഹരമായ ഒരു താരാട്ടു പാട്ടു കൊണ്ടു തന്നെ മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ഗാനരചയിതാവാണ് ഇരയിമ്മന്‍ തമ്പി. അദ്ദേഹത്തിന്റെ ജന്മവാര്‍ഷികദിനമാണ് ഇന്ന്.
കേരളത്തിന്റെ സംഗീതപാരമ്പര്യത്തെ മികവുറ്റതാക്കിയ സംഗീത പ്രതിഭയായിരുന്നു ഇരയിമ്മന്‍ തമ്പി. ചേര്‍ത്തലയിലെ വാരനാടുള്ള നടുവിലെ കോവിലകത്ത് കേരളവര്‍മ്മ തമ്പാന്റെയും പുതുമന അമ്മവീട് രാജകുടുംബത്തിലെ പാര്‍വ്വതി പിള്ള തങ്കച്ചിയുടേയും പുത്രനായി രവി വര്‍മ്മ തമ്പി 1783 ഒക്ടോബര്‍ 18ന് ജനിച്ചു. അന്നത്തെ രാജാവായിരുന്ന കാര്‍ത്തിക തിരുനാളാണ് രവി വര്‍മ്മയെ ഇരയിമ്മന്‍ എന്ന ഓമനപേരിട്ടത്.
‘ഓമനത്തിങ്കള്‍ കിടാവോ’ എന്ന പ്രശസ്തമായ താരാട്ടുപാട്ട് എഴുതിയത് ഇരയിമ്മന്‍ തമ്പിയാണ്. സ്വാതി തിരുന്നാള്‍ ജനിച്ചപ്പോള്‍ സ്വാതി തിരുന്നാളിന്റെ അമ്മയായ റാണി ഗൗരി ലക്ഷ്മി ഭായിക്കു വേണ്ടി എഴുതിയതാണ് ഈ താരാട്ടുപാട്ട്. പ്രാണനാഥനെനിക്കുനല്‍കിയ പരമാനന്ദ രസത്തെ എന്ന ശൃംഗാരരസഭരിതമായ ഗാനവും രചിച്ചത് അദ്ദേഹം തന്നെ.
കീചക വധം, ഉത്തരാ സ്വയംവരം, ദക്ഷയാഗം, സുഭദ്രാപഹരണം കൈകൊട്ടിക്കളിപ്പാട്ട്, മുറജപപാന, നവരാത്രി പ്രബന്ധം, രാസക്രീഡ തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികള്‍. 1856 ജൂലൈ 29ന് അദ്ദേഹം അന്തരിച്ചു.
Comments are closed.