DCBOOKS
Malayalam News Literature Website

‘പാര്‍ട്ടിയിലും ആണധികാരത്തിന്റെ സ്വാധീനമുണ്ട്’ ;ജെ മേഴ്‌സിക്കുട്ടിയമ്മ

സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യവും സംവരണവുമൊക്കെയുണ്ടെന്നു പറയപ്പെടുന്ന ഇടങ്ങളിലെല്ലാം ആണധികാരത്തിന്റെ കടന്നുകയറ്റം നാം കണ്ടതാണ്. ചലച്ചിത്രമേഖലയിലെ ആണ്‍മേല്‍ക്കോയ്മയുടെ കഥകളും നാം ചര്‍ച്ചയ്ക്കുവച്ചു. എന്നല്‍ സ്ത്രീസംവരണമേറയുള്ള രാഷ്ട്രീയത്തിലും ആണധികാരത്തിന്റെ കടന്നുകയറ്റമുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളില്‍പ്പോലും ആണധികാരത്തിന്റെ സ്വാധീനമുണ്ടെന്ന് പറയാതെ പറയുകയാണ് മത്സ്യത്തൊഴിലാളികളുടെയും കശുവണ്ടിത്തൊഴിലാളികളുടെയും കണ്ണീരൊപ്പുന്ന മേഴ്‌സിക്കുട്ടിയമ്മ. മലയാളത്തിലെ പ്രശസ്ത എഴുത്തുകാരിയും അദ്ധ്യാപികയുമായ എസ് ശാരദക്കുട്ടി ജെ മേഴ്‌സിക്കുട്ടിയമ്മയുമായി നടത്തിയ സംഭാഷണത്തിലാണ് മന്ത്രിയുടെ ഈ തുറന്നുപറച്ചില്‍.

സമീപകാലത്ത് കേരളക്കരയെ വിഴുങ്ങിയ ഓഖിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സത്തൊഴിലാളികളുടെ ഇടയില്‍ പുരോഹിതര്‍ നടത്തിയ ഭിന്നിപ്പുകളെക്കുറിച്ചും പാര്‍ട്ടി നയത്തെക്കുറിച്ചും അവര്‍ വ്യക്തമാക്കുന്നു. ഒപ്പം, പാര്‍ട്ടിയിലെയും പള്ളിയിലെയും ഭീരുക്കളെക്കൊണ്ട് ആര്‍ക്കുണ്ട് പ്രയോജനമെന്ന് തുറന്നുചോദിക്കുന്ന മേഴ്‌സിക്കുട്ടിയമ്മ പാര്‍ട്ടി കമ്മിറ്റികളില്‍ തന്നെയുള്ള ചിലരുടെ നിശബ്ദതകളെ പൊളിച്ചടുക്കുന്നുമുണ്ട്.

ഡി സി ബുക്‌സ് പ്രസിദ്ധീകരണമായ പച്ചക്കുതിര മാസികയുടെ ജനുവരി ലക്കത്തില്‍ ഉള്‍പ്പെടുത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍;

 

എസ് ശാരദക്കുട്ടി ; പല നേതാക്കന്മാരുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ടല്ലോ. വീട്ടില്‍ നേരിടേണ്ടി വന്നിട്ടില്ലാത്ത ആണധികാരപ്രശ്‌നങ്ങള്‍ നേതാക്കന്മാരില്‍നിന്ന് ഉണ്ടായിട്ടുണ്ടോ?

  • ജെ മേഴ്‌സിക്കുട്ടിയമ്മ; മുതിര്‍ന്ന നേതാക്കന്മാരുടെ ഭാഗത്തുനിന്ന് പ്രോത്സാഹനമല്ലാതെ നിരുത്സാഹപ്പെടുത്തുന്ന ഒന്നും ഉണ്ടായിട്ടില്ല. ആണധികാരഘടനയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നല്ല. സമൂഹത്തില്‍ കാണുന്നതെല്ലാം ഏറിയും കുറഞ്ഞും പാര്‍ട്ടിയിലും ഉണ്ടാകുമല്ലോ. ഈയെം (ഇ.എം.എസ്.) വളരെ വാത്സ്യലത്തോടുകൂടി മാത്രമേ നമ്മളെ ഒക്കെ ശ്രദ്ധിച്ചിട്ടുള്ളൂ. നമ്മളൊക്കെ അന്ന് വിദ്യാര്‍ത്ഥിനികളാണല്ലോ. പിന്നെ എം. എല്‍.എ. ആയിരിക്കുമ്പോഴാണ് ഈയെം ഗൗരവത്തോടെ പരിഗണിക്കുന്നത്. നായനാരും വി എസും പിണറായിയും ഒക്കെ ഓരോ തരത്തില്‍ വ്യത്യസ്തരാണെങ്കിലും ഒപ്പം പ്രവര്‍ത്തിക്കുന്ന സഖാക്കളോടൊക്കെ അവര്‍ക്കെല്ലാം നല്ല കരുതലും ശ്രദ്ധയുമാണ്. ആണധികാരം മേല്‍ത്തട്ടിലുള്ള നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്ന് വ്യക്തമായിത്തന്നെ പറയാം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു ഘടനയില്‍ നേതൃത്വം അങ്ങനെയൊരു നിലപാടെടുക്കില്ല. എന്നാല്‍ താഴോട്ടു വരുമ്പോള്‍ പ്രാദേശിക ഘടകങ്ങളില്‍ അതില്ല എന്നു പറയാനുമാകില്ല.

? പ്രതിപക്ഷത്തിരുന്നുള്ള അനുഭവങ്ങള്‍?

  • ഞാന്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഏ.കെ. ആന്റണിയാണ് മുഖ്യമന്ത്രി. അന്ന് ഞാന്‍ മത്സ്യഫെഡ്ഡിലുണ്ട്. എപ്പോഴും എന്നോടൊരു ബഹുമാനവും സ്‌നേഹവുമുണ്ട്. മേഴ്‌സിക്കുട്ടിയാണോ കുഴപ്പമില്ല എന്നൊരു വിശ്വാസം എപ്പോഴും കാണിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയോടായാലും ഇപ്പോഴത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോടായാലും രാഷ്ട്രീയത്തിനപ്പുറം ഒരു ഫ്രണ്ട്ഷിപ്പ് എല്ലാക്കാലത്തും സൂക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

? ഈ നല്ല ഫ്രണ്ട്ഷിപ്പൊക്കെ പറയുമ്പോഴും ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. ഇടതുപക്ഷമന്ത്രിസഭ അധികാരത്തില്‍ വരുമ്പോഴൊക്കെ അതിനുള്ളിലെ ആഭ്യന്തര വൈരുദ്ധ്യങ്ങള്‍ ജനങ്ങളുടെ മനസ്സു മടുപ്പിക്കുന്ന വിധത്തില്‍ പുറത്തേക്കു വരുന്നുണ്ട്. ഭരണനേട്ടങ്ങള്‍ വേണ്ടരീതിയില്‍ ജനങ്ങളിലെത്തിക്കുന്നതിന് ഇത് തടസ്സമാകുന്നുണ്ട് എന്നതൊരു സങ്കടകരമായ യാഥാര്‍ഥ്യമാണ്. ഇടതുപക്ഷംതന്നെ ഇടതുപക്ഷത്തെ തോല്‍പ്പിക്കുന്നു എന്നൊരു വിചാരം. അതെങ്ങനെ മറികടക്കാന്‍ കഴിയും? ഇത്തരം കാര്യങ്ങള്‍ സഖാവിനെ വിഷമിപ്പിക്കാറുണ്ടോ?

  • അതെ. അത് നമ്മളീ പാര്‍ട്ടിയുടെ ചരിത്രം വായിക്കുമ്പോള്‍, പാര്‍ട്ടി പിളര്‍ന്ന ചരിത്രമൊക്കെ വായിക്കുമ്പോള്‍, എന്തിനാണിത്രയും സമയമെടുക്കുന്നത് ഈ ഘട്ടങ്ങളെ അതിജീവിക്കാന്‍, എന്നൊക്കെ തോന്നും. ഇപ്പോള്‍ തന്നെ ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനോടുമൊക്കെയുള്ള സമീപനം -എന്തിനാണ് ഇത്രയധികം സമയമെടുത്ത് നീണ്ടുനീണ്ട ചര്‍ച്ചകള്‍ നടത്തുന്നത് എന്നു തോന്നാം. പ്രധാനപ്പെട്ട ഐഡിയോളജിയില്‍ എന്തിനാണിത്ര ആലോചിക്കാനിരിക്കുന്നത്. ഇത്ര മഹാന്മാരായ നേതാക്കന്മാര്‍ക്കങ്ങ് കാര്യങ്ങള്‍ സെറ്റില്‍ ചെയ്തു കൂടേ എന്നൊക്കെ ന്യായമായും തോന്നാം. പാര്‍ട്ടി ചരിത്രം വായിക്കുമ്പോള്‍ ബോള്‍ഷെവിക്കുകളുമായുള്ള തര്‍ക്കം ഒക്കെ വായിക്കുമ്പോഴും ഇപ്രകാരമെല്ലാം തോന്നും. ഇപ്പം നമുക്കു മനസ്സിലാകുന്നുണ്ട് ഇതത്ര പെട്ടെന്നൊന്നും തീരുന്ന തര്‍ക്കങ്ങളല്ല എന്ന്. ചരിത്രം നോക്കുമ്പോള്‍ ഒരു ശരിയുടെ പക്ഷം നമുക്കുണ്ട്. പക്ഷേ, ഇന്നത്തെ നമ്മുടെ പ്രായോഗികാനുഭവങ്ങളില്‍നിന്നും നമുക്കറിയാം ഓരോ ചെറിയ കാര്യങ്ങള്‍ക്കും ആവശ്യമായ വിവാദങ്ങളും തര്‍ക്കങ്ങളും ഇതിന്റെ കൂടെപ്പിറപ്പാണ്. അതിനെ അതിജീവിക്കുക എന്നു പറയുന്നതാണ് വിജയം. പലര്‍ ചേരുന്നതാണ് സംഘടനയും മുന്നണിരാഷ്ട്രീയവും. ഇവരെ ഒരുമിപ്പിച്ചു കൊണ്ടുപോയി ഒരു വിഷയത്തില്‍ ഒരു സെറ്റില്‍മെന്റിലേക്കു വരണം. പുറത്തു നിന്നു കാണുന്നതുപോലെ എളുപ്പമല്ല അത്. അതിന്റെ സ്വാഭാവികസമയമെടുക്കും അതിന്. ഇപ്പോള്‍ നമ്മള്‍ തിരിച്ചറിയുന്നു ഇതൊന്നും അനാവശ്യ തര്‍ക്കമല്ല, ഇങ്ങനെയേ ഇതു പോകൂ, ഇങ്ങനെയേ ഇതു തീരൂ. ഇപ്പോഴത്തെ ചില കാര്യങ്ങളൊക്കെ കാണുമ്പോള്‍ ചിലതിലൊക്കെ നമ്മള്‍ ഇത്തിരിക്കൂടെ വിട്ടുവീഴ്ചാ മനോഭാവം കാണിക്കേണ്ടതല്ലേ എന്നൊക്കെ തോന്നാറുണ്ട്. വിട്ടുവീഴ്ചാമനോഭാവമുണ്ടെങ്കില്‍ കൂടുതലാളുകളെ കോഡിനേറ്റ് ചെയ്ത് കുറച്ചുകൂടി ശക്തമായ മിഷിനറി ആയി മുന്നോട്ടു പോകാന്‍ കഴിയുമെന്നതില്‍ സംശയമില്ല. കമ്യൂണിസ്റ്റുകാരെന്ന നിലയില്‍ ഐഡിയോളജിയില്‍ വിട്ടുവീഴ്ചയില്ലാതെ തന്നെ പ്രായോഗികതലത്തില്‍ ഒരു ഫ്‌ളെക്‌സിബിലിറ്റി ഉണ്ടെങ്കില്‍ പ്രതിസന്ധികളെ മുറിച്ചു കടന്നു മുന്നോട്ടു പോകാന്‍ സഹായിക്കും.
    ഇപ്പോള്‍ നമ്മുടെ പാര്‍ട്ടി കമ്മിറ്റിയില്‍തന്നെ പലരും നിര്‍ണ്ണായകമായ ചര്‍ച്ചകളൊക്കെ വരുമ്പോള്‍ പറയും, ‘ഓ… നമുക്കൊന്നും മിണ്ടണ്ട. എന്തിനാ മിണ്ടീട്ടും വല്യ കാര്യമൊന്നുമില്ല’ എന്നൊക്കെ. പക്ഷേ, എനിക്കങ്ങനെ സാധിക്കാറില്ല. മിണ്ടിയതു കൊണ്ടു ചെറിയ ചില നഷ്ടങ്ങളൊക്കെ ഉണ്ടായേക്കാം. മിണ്ടണം എന്നു തോന്നുമ്പോള്‍ അതു പറയുമ്പോള്‍ കിട്ടുന്ന ഒരാനന്ദമുണ്ടല്ലോ അത് പ്രധാനമാണ്. ചിലപ്പോഴൊ
    ക്കെ നിശ്ശബ്ദതയും ഒരു പ്രതിഷേധമാര്‍ഗ്ഗമാണ്. ചില ഘട്ടങ്ങളില്‍. ചിലപ്പോള്‍ അതുപയോഗിക്കാം. പക്ഷേ, എപ്പോഴും നിശ്ശബ്ദത ആയുധമാണെന്നു കരുതരുത്. എപ്പോഴും നിശ്ശബ്ദത ഉപയോഗിച്ചാല്‍ അതു വലിയ തിരിച്ചടിയിലേക്കു പോകും. കറക്ഷന്‍ എന്നു പറയുന്ന ഒരു പ്രോസസ്സ് പാര്‍ട്ടിയിലുണ്ട്. അതില്‍ നമുക്കും നമ്മുടേതായ പങ്കു വഹിക്കാനുണ്ട്. അതു വേറേ ചിലരുടെ ജോലിയാണ് എന്ന് അലസരാകാന്‍ പാടില്ല. നമുക്കൊരു പോറലുമേല്‍ക്കരുത് ഇതെങ്ങനെ പോകുന്നോ അങ്ങനെ പോകട്ടെ എന്നു ചിന്തിക്കുന്നവര്‍ക്ക് പാര്‍ട്ടിയെ മുന്നോട്ടു നയിക്കാന്‍ കഴിയില്ല.

? തുറന്നഭിപ്രായം പറഞ്ഞതിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടോ?

  • തിരിച്ചടി ഉണ്ടാകുമല്ലോ. അതിതിന്റെ ഭാഗമല്ലേ? അതു നേരിടാനുള്ള ധൈര്യം വേണം. സ്വാഭാവികമായ മുന്നോട്ടുപോക്കിനെ അതു തടസ്സപ്പെടുത്തും. അവളങ്ങനെ പറഞ്ഞതല്ലേ, ഈ വിഷയം വന്നപ്പോള്‍ അവളീ നിലപാടെടുത്തതല്ലേ, എന്നാലൊന്നു ചവിട്ടിയേക്കാം. എന്നു വിചാരിക്കുന്നവരുണ്ടണ്ട്. അതു വരാറുണ്ട്. പറയാന്‍ ധൈര്യം കാണിക്കുമ്പോള്‍ അതിന്റെ ഭവിഷ്യത്ത് നേരിടാനും തയ്യാറായിരിക്കണം.

? കടലോര മത്സ്യത്തൊഴിലാളിമേഖലയില്‍ മത-വര്‍ഗ്ഗീയ-രാഷ്ട്രീയ ചൂഷണങ്ങള്‍ വലിയ തോതില്‍ നടക്കുന്നില്ലേ? ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പൗരോഹിത്യം നടത്തിയ ചില ഇടപെടലുകള്‍- രക്ഷപ്പെടുത്തിയതെല്ലാം ദൈവകൃപ. അകപ്പെട്ടു പോയതെല്ലാം സര്‍ക്കാരിന്റെ പിഴ-എന്നൊരു തന്ത്രം ഉപയോഗിച്ച് ദുരന്തപശ്ചാത്തലത്തെ മുതലെടുക്കുന്നതൊക്കെ…

  • മതവും പൗരോഹിത്യവും എപ്പോഴും എസ്റ്റാബ്ലിഷ്‌മെന്റിന്റെ ഭാഗമാണ്. പണ്ട് ഭൂമി കറങ്ങുന്നു എന്നു പറഞ്ഞവരെ വെടിവെക്കാന്‍ പോയ ആളുകളാണ് മതപൗരോഹിത്യം. ചോദ്യം ചെയ്യുന്നത് അവരിഷ്ടപ്പെടുന്നില്ല. അതൊരു ചരിത്രപരമായ സത്യമാണ്. വിശ്വാസവുമായി ചേര്‍ന്നതാണ് മത്സ്യത്തൊഴിലാളികളുടെ ജീവിതം. അതിനെ പൗരോഹിത്യം മുതലെടുക്കാറുണ്ട്. കാരണം കടലിലേക്കാണ് പോകുന്നത്. അരയന്മാരുടെയിടയില്‍ ചില വിശ്വാസങ്ങളൊക്കെയുണ്ട്. പെണ്ണു പിഴച്ചാലാണ് കടലമ്മ ക്ഷോഭിക്കുന്നത് എന്നു കരുതിയിരുന്ന ഒരു കാലമുണ്ട്. പെണ്ണ് നേരേയായാല്‍ കടല്‍ ചതിക്കില്ല എന്ന്… ”അരയത്തിപ്പെണ്ണ് പെഴച്ചു പോയി അവനെ കടലമ്മ കൊണ്ടു പോയി… അരയത്തിപ്പെണ്ണ് തപസ്സിരുന്നു അവനെ കടലമ്മ കൊണ്ടു വന്നു” എന്ന് പാട്ടിലൊക്കെ പറയുന്നതുപോലെ. പെണ്ണും പെണ്ണിന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ് കടലും കടല്‍ജീവിതവും എന്നവര്‍ പൊതുവേ വിശ്വസിക്കുന്നുണ്ട്. പെണ്ണ് വളരെ വിശുദ്ധയായിരിക്കണം.

? വേലുക്കുട്ടി അരയനൊക്കെ പറയുന്നത് അങ്ങനെയൊരു വിശ്വാസമൊന്നും മുക്കുവരുടെ ഇടയിലില്ലെന്നാണല്ലോ.

  • അരയന്മാരുടെ ജീവിതത്തിന് അരയത്തിയുടെ വിശുദ്ധിയുമായി ബന്ധപ്പെടുത്തുന്ന ഒരു വിശ്വാസം സമുദായത്തിനകത്തുണ്ടായിരുന്നു. ഇപ്പോഴും അങ്ങനെ വിശ്വസിക്കുന്നവരൊക്കെയുണ്ട്. വളരെ അപകടം പിടിച്ച തൊഴിലിലേക്കു പോകുന്ന അവനൊരു ബലം കൊടുക്കുക, ഒരു വിശ്വാസം കൊടുക്കുക എന്ന ഒരു കാര്യമായിരിക്കാം അതിനു പിന്നിലുള്ളത്. അത്തരം വിശ്വാസങ്ങള്‍ അവരുടെ സമാധാനത്തിനെങ്കില്‍ നല്ലതുതന്നെ. പെണ്ണിനെ അടിച്ചമര്‍ത്താന്‍വേണ്ടി അത്തരം വിശ്വാസങ്ങളെ ഉപയോഗിക്കുമ്പോഴാണ് നമുക്ക് എതിര്‍ക്കേണ്ടി വരുന്നത്. ഏതു മതചിന്തകളിലും നല്ല വശവുമുണ്ട് തീരേ മോശം വശവുമുണ്ട്. എങ്ങനെ അതിനെ ഉപയോഗിക്കുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. പക്ഷേ, മതത്തിന്റെ പേരുപയോഗിച്ച് തൊഴിലാളികളുടെ മുന്നേറ്റത്തെ തടസ്സപ്പെടുത്തുന്ന ഘട്ടത്തിലേക്കു വരുമ്പോള്‍ നമുക്കത് തുറന്നു കാണിക്കേണ്ടിവരും. ഇതാണ് പ്രശ്‌നം. ഇപ്പോള്‍ നമ്മള്‍ വര്‍ത്തമാനകാല രാഷ്ട്രീയമെടുത്തു നോക്കിയാല്‍ ഏതു മത-ജാതിനേതൃത്വവും സമ്പന്നതാത്പര്യങ്ങള്‍ക്കൊപ്പമാണ് നില്‍ക്കുന്നത്.

ഇപ്പോള്‍ ഞാനൊരു കാര്യം ചൂണ്ടിക്കാണിക്കാം. കുറച്ചു ദിവസം മുമ്പ്, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളില്‍ സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന മുന്നോക്കക്കാര്‍ക്കു സംവരണം കൊടുത്തതിനെ എതിര്‍ത്ത് കെ. പി. എം. എസ.് സമരം ചെയ്തു. ആ കെ. പി. എം. എസ്. ദേവസ്വം ബോര്‍ഡില്‍ ദലിതര്‍ക്ക് പൂജാരിയാകാന്‍ അവസരം കൊടുത്തു എന്നുള്ള വിപ്ലവകരമായ മാറ്റത്തെക്കുറിച്ച് മിണ്ടുന്നില്ല… ക്ഷേത്രപ്രവേശനവിളംബരകാലം മുതല്‍ നോക്കിയാല്‍ അതിനൊക്കെ പിന്നിലുള്ള പുരോഗമനപ്രസ്ഥാനങ്ങളുടെ പങ്കു നിഷേധിക്കാനാകുമോ? ശ്രീനാരായണഗുരു തുടങ്ങിവെച്ച്, സഹോദരന്‍ അയ്യപ്പന്‍, എ.കെ.ജി., കേളപ്പജി അടക്കമുള്ളവര്‍ നടത്തിയ പോരാട്ടങ്ങള്‍ നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. സാമുദായികമായ വിവേചനങ്ങള്‍ക്കെതിരേ വലിയ പോരാട്ടം നടത്തിയ ചരിത്രമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേത്. സാമൂഹ്യതുല്യതയില്‍ ഊന്നിയാണ് എന്നും പാര്‍ട്ടി അതിന്റെ റോള്‍ നിര്‍വ്വഹിച്ചിട്ടുള്ളത്. തുല്യനീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ നമ്മള്‍ ജാതീയമായ അസമത്വങ്ങളെ ശക്തമായി ചെറുക്കുക തന്നെ ചെയ്യും. ക്രീമിലെയര്‍ വരുമ്പോഴും നമ്മുടെ പാര്‍ട്ടിയുടെ നിലപാടെന്താ. സാമുദായികസംവരണം നിലനില്‍ക്കണമെന്നുതന്നെയാണ്. അതേപോലെ മുന്നാക്കമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും പിന്നാക്കാവസ്ഥയില്‍ നിലനില്‍ക്കുന്ന വരെ കൈ പിടിച്ചുയര്‍ത്തുവാനുള്ള ഉത്തരവാദിത്വമുണ്ട്. സാമുദായികനീതിയില്‍ അധിഷ്ഠിതമായിട്ടുള്ള സംവരണത്തില്‍ കെ. പി. എം. എസ്. (കേരള പുലയ മഹാസഭ) കളിക്കുന്നത് നോക്കൂ. അത് പാവപ്പെട്ട പിന്നാക്കക്കാര്‍ക്കുവേണ്ടിയല്ല. സമ്പന്നരായ ആളുകളുടെ താത്പര്യത്തെ സംരക്ഷിക്കുവാന്‍ ജനങ്ങളെ ഭിന്നിപ്പിക്കുക എന്ന ആസൂത്രിതമായ രാഷ്ട്രീയമാണ് ഈ സമരങ്ങളുടെ എല്ലാം പിന്നിലുള്ളത്. അതേതു സമുദായം നടത്തുന്ന സമരവും – മുന്നോക്കമായാലും കൊള്ളാം പിന്നാക്കമായാലും കൊള്ളാം… അതുപോലെ മതന്യൂനപക്ഷമായാലും കൊള്ളാം ഭൂരിപക്ഷമായാലും കൊള്ളാം, ഒരേ ശൈലിയാണ്. അവിടെയാണ് വര്‍ഗ്ഗരാഷ്ട്രീയത്തിനെതിരേ അതിനെ ഭിന്നിപ്പിക്കാന്‍ എസ്റ്റാബ്ലിഷ്‌മെന്റിന്റെ ഭാഗമായിട്ടുള്ള മതസ്വാധീനമുപയോഗിച്ച് മതനേതൃത്വം എക്കാലത്തും ഇടപെടാറുണ്ട് എന്ന് നമ്മള്‍ മനസ്സിലാക്കേണ്ടത്. അത് മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ മാത്രമല്ല, ഏതൊരു വിഭാഗത്തിലെയും ജാതി-മതനേതൃത്വം തൊഴിലാളിപക്ഷത്തല്ല. സമ്പന്നപക്ഷത്താണ്. പക്ഷേ, അവര് വര്‍ത്തമാനം പറയുമ്പോള്‍ പക്ഷേ വല്യ തൊഴിലാളിപക്ഷം പറയും.

? ഏതെങ്കിലും ബാഹ്യശക്തികള്‍ ജനങ്ങളില്‍ വലുതായ തെറ്റുധാരണ പരത്തിയതായി കരുതാമോ? സര്‍ക്കാരിനെതിരായി മത്സ്യത്തൊഴിലാളികളെ അണിനിരത്താന്‍ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടത്തിയതായി കരുതുന്നുണ്ടോ?

  • ഇപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തുന്നത് തൊഴിലാളിപക്ഷം വളരെ ശക്തമായ അഭിപ്രായമുള്ളവരും അതു പറയാന്‍ ഭയമില്ലാത്തവരുമാണ് എന്നതാണ്. എന്നാല്‍ അങ്ങനെ അഭിപ്രായം പറയുന്നവരെ, വസ്തുതാപരമായി അഭിപ്രായം പറയുന്നവരെ അംഗീകരിക്കാതെ ചിലരെ ഇളക്കിവിടാന്‍ നോക്കുകയാണ്. സത്യത്തിനും നീതിക്കുംവേണ്ടി നില്‍ക്കുന്ന മതനേതൃത്വം ആണെങ്കില്‍ ധൈര്യപൂര്‍വ്വം സത്യം തുറന്നു പറയാന്‍ ആര്‍ജ്ജവം കാട്ടണം. ഒളിച്ചുകളിക്കരുത്. ഇവരുടെ ഒളിച്ചുകളിയാണ് ഏറ്റവും വലിയ പ്രശ്‌നം. അതുകൊണ്ട് സത്യത്തോട് മുഖാമുഖം നില്‍ക്കാന്‍ അവര്‍ ചങ്കൂറ്റം കാണിക്കട്ടെ. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിന് ഒരു അനിശ്ചിതത്വമുണ്ട്. വലിയ റിസ്‌കുണ്ട്. അതവരെ കൂടുതല്‍ വിശ്വാസങ്ങളിലേക്ക് അടുപ്പിക്കും. അതൊരു കുറ്റമല്ല. കാരണം മനുഷ്യമനസ്സതാണ്. എവിടെയെങ്കിലും ഒരഭയം വേണം. ആ അഭയത്തിന്റെ ഭാഗമായി അവര്‍ വിശ്വാസത്തോട് കൂടുതലടുക്കും. അവരെ ശരിയായ ദിശയിലേക്കു നയിക്കാന്‍ ഈ മതനേതൃത്വങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്. ഏറ്റവും നല്ല ആട്ടിടയന്‍ യേശുക്രിസ്തു. ആ ആട്ടിടയന്‍ നോക്കുന്നത് ഒരാടും തന്റെ കൂട്ടത്തില്‍നിന്നു തെറ്റാന്‍ പാടില്ല എന്നാണ്. തെറ്റിയാല്‍ പിന്നാക്കം നില്‍ക്കുന്നവനെ രക്ഷിക്കാന്‍ ഒരു ശ്രദ്ധയുണ്ട്. അതേ യേശുക്രിസ്തു കള്ളന്മാര്‍ക്കും ചൂഷകന്മാര്‍ക്കുമെതിരേ ശക്തമായ നിലപാട് സ്വീകരിച്ചു. പള്ളികള്‍ തന്നെ കച്ചവടകേന്ദ്രങ്ങളും പലിശക്കാരുടെ കേന്ദ്രങ്ങളുമായപ്പോള്‍, കള്ളന്മാരെയും ചുങ്കക്കാരെയും ആട്ടിപ്പായിക്കാന്‍ ചാട്ടവാറുകൊണ്ടടിച്ചു പുറത്താക്കാന്‍ യേശുക്രിസ്തു ധൈര്യം കാണിച്ചു. വിശ്വാസികള്‍ എന്തുകൊണ്ട് യേശുവിന്റെ ഈ പാത സ്വീകരിക്കുന്നില്ല? യേശുവില്‍ വിശ്വസിക്കുന്നവരായി കരുതപ്പെടുന്ന ക്രിസ്തുമത നേതൃത്വം എന്തുകൊണ്ട് യേശുവിന്റെ വചനങ്ങള്‍ തമസ്‌കരിക്കുന്നു?

 

Comments are closed.