DCBOOKS
Malayalam News Literature Website

ആനന്ദും എം.എന്‍ കാരശ്ശേരിയുമായുള്ള അഭിമുഖസംഭാഷണം

എന്റെ നോട്ടത്തില്‍, ഇന്ന് ജീവിച്ചിരിക്കുന്ന മലയാളികളില്‍ ഏറ്റവും ഉന്നതനായ ചിന്തകനാണ് ആനന്ദ്. നമ്മുടെ ജനാധിപത്യവും മതേതരത്വവും ദേശീയതയും സര്‍വദിക്കില്‍ നിന്നും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, സമകാലികസമൂഹത്തിലെ രാഷ്ട്രീയ സാംസ്‌കാരിക പ്രശ്‌നങ്ങളെ അദ്ദേഹം എങ്ങനെയാണ് കാണുന്നത് എന്നറിയാനുള്ള ആധി മുഴുത്തപ്പോള്‍ ഞാന്‍ ദല്‍ഹിക്കു ചെന്നു.

കഴിഞ്ഞ മാര്‍ച്ച് മാസം മുഴുവന്‍ ഞാന്‍ തലസ്ഥാനനഗരിയില്‍ ഉണ്ടായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിലായി, സുഖ്‌ദേവ് വിഹാറിലെ വീട്ടിലിരുന്ന് ഞാന്‍ ആനന്ദുമായി ദീര്‍ഘദീര്‍ഘമായി സംസാരിച്ചു. പറയുന്നതും കേള്‍ക്കുന്നതുമൊക്കെ അപ്പപ്പോള്‍ കുറിക്കുന്നുണ്ടായിരുന്നു. സംഭാഷണരൂപത്തില്‍ അന്നോ പിറ്റേന്നോ തന്നെ എഴുതിപ്പോന്നു. പത്ത് ഭാഗങ്ങളുള്ള ദീര്‍ഘമായ അഭിമുഖത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍ മാത്രമാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്.

എം.എന്‍. കാരശ്ശേരി: എഴുതിത്തുടങ്ങിയത് എപ്പോഴാണ്?

ആനന്ദ്: 1960-കളുടെ തുടക്കത്തിലാവണം.

എന്താണ് ആദ്യമെഴുതിയത്?

ആള്‍ക്കൂട്ടം- ബറോഡയിലിരിക്കെയാണ് തുടങ്ങിയത്.

അതിന് എത്ര സമയം വേണ്ടിവന്നു?

1968- ലാണ് അതു പൂര്‍ത്തിയാക്കിയത്. 1970-ല്‍ എന്‍.ബി.എസ്. പ്രസിദ്ധീകരിച്ചു.

 ആള്‍ക്കൂട്ടം ആദ്യം എം. ഗോവിന്ദനെ കാണിച്ചു എന്ന് കേട്ടിട്ടുണ്ട്. 

അതെ. അസമില്‍നിന്ന് നാട്ടിലേക്ക് പോകുന്ന വഴി മദിരാശിയില്‍ ഇറങ്ങി. ചെന്നപ്പോള്‍ ഗോവിന്ദന്‍ വീട്ടിലില്ല. അത് അവിടെ ഏല്‍പ്പിച്ചു പോരികയായിരുന്നു.

അതിനെപ്പറ്റി ഗോവിന്ദന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ആനന്ദ് അവിടെ വെച്ചുപോന്ന കയ്യെഴുത്തുകോപ്പിയുടെ ആദ്യത്തെ താളില്‍ ചായഗ്ലാസ് വെച്ചതിന്റെ പാട് കണ്ട് അദ്ദേഹം അമ്പരന്നു എന്നാണ് പറഞ്ഞത്. 

ഗോവിന്ദന്‍ സ്ഥലത്തില്ലായിരുന്നു. അതുകൊണ്ട് അത് അവിടെ ഏല്‍പ്പിച്ചു പോന്നു.

അത് ഗോവിന്ദനെ കാണിക്കണം എന്ന് തോന്നുവാനെന്താ?

ഞാന്‍ അദ്ദേഹത്തിന്റെ മാസികകളുടെ വരിക്കാരനും വായനക്കാരനും ആയിരുന്നു. കത്തുകളിലൂടെ പരിചയമുണ്ട്. അപ്പോള്‍ അതു കാണിച്ചേക്കാം എന്നുതോന്നി.

ആനന്ദിന്റെ ധാരാളം കത്തുകള്‍ ‘സമീക്ഷ’ മാസികയുടെ ഒരു ലക്കത്തില്‍ പ്രസിദ്ധീകരിച്ചുകണ്ടത് എനിക്കോര്‍മ്മയുണ്ട്.

ഗോവിന്ദന് ചുറ്റും ധാരാളം ബുദ്ധിജീവികളും എഴുത്തുകാരും ഉണ്ടായിരുന്നു.

കെ.പി. അപ്പന്‍ ആ ‘ചങ്ങാത്ത’ത്തെ പവിത്ര സംഘം’എന്നു വിളിച്ചിട്ടുണ്ട്. ഗോവിന്ദന്റെ സംഭാവന എന്താണ്? 

ഭൗതികമായി ചൂണ്ടിക്കാണിക്കാവുന്ന തരമല്ല, ആ സംഭാവന. അദ്ദേഹത്തിന്റെ സാന്നിധ്യം അന്തരീക്ഷം ശുദ്ധീകരിക്കുന്ന പ്രാണവായു ഉത്പാദിപ്പിച്ചു. നമ്മുടെ ഭാഷയിലെ ആധുനികത്വത്തില്‍ ആ സാന്നിധ്യം വളരെ പ്രധാനമാണ്. ബുദ്ധിജീവികള്‍ കുറവായ നമ്മുടെ സാഹിത്യരംഗത്ത് പ്രത്യേകിച്ചും.

പഴയ ആശയങ്ങളെ വിചാരണ ചെയ്യുകയും പുതിയ ആശയങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നവരാണല്ലോ ബുദ്ധിജീവികള്‍-ആശയങ്ങള്‍ വിശകലനം ചെയ്യുന്നവര്‍. അത്തരക്കാര്‍ മലയാളത്തില്‍ അത്ര കുറവാണോ?

സാഹിത്യത്തിലും സിനിമയിലുമൊക്കെ പുതിയ പുതിയ പൊടിപ്പുകള്‍ ഉണ്ടായിവരുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ഗോവിന്ദന് വലിയ പങ്കുണ്ട്. അത്തരക്കാര്‍ക്കെല്ലാം ഒത്തുചേരാനുള്ള ഒരു പ്ലാറ്റ്‌ഫോം ആയിരുന്നു ഗോവിന്ദന്‍.

ഗോവിന്ദന്റെ രാഷ്ട്രീയത്തെപ്പറ്റി എന്താ വിചാരിക്കുന്നത്?

എം.എന്‍. റോയിയുടെ രാഷ്ട്രീയചിന്തയാണ് ഗോവിന്ദനെ സ്വാധീനിക്കുന്നത്. എം.എന്‍.റോയി ഒരു ബുദ്ധിജീവിയാണ്. നേരത്തേ പറഞ്ഞപോലെ, ഇന്ത്യന്‍ രാഷ്ട്രീയത്തിലും ബുദ്ധിജീവികള്‍ കുറവാണ്.

റോയിയുടെ രാഷ്ട്രീയചിന്തയ്ക്ക് ആനന്ദ് കാണുന്ന പ്രസക്തിയെന്താണ്?

കമ്മ്യൂണിസം ഒരു ഉറച്ച പ്രത്യയശാസ്ത്രമായി കട്ടപിടിച്ചപ്പോള്‍ അതില്‍ ചിന്താസ്വാതന്ത്ര്യത്തിന് ഇടം ഇല്ലാതായി. ഈ ഇടം ഉണ്ടാക്കുന്ന പണിയാണ് റോയി എടുക്കുന്നത്–‘ബിയോണ്ട് കമ്മ്യൂണിസം’ എന്ന പുസ്തകം ഉദാഹരണം. റാഡിക്കല്‍ ഹ്യൂമനിസത്തിന്റെയും ഉള്ളടക്കം ഇതാണ്. കമ്മ്യൂണിസം ഒരു പ്രത്യയശാസ്ത്രമാണ്. ഹ്യൂമനിസം അല്ല. അത് ഒരു സമീപനമാണ്. ഈ വഴിക്കാണ് ഗോവിന്ദനും പോയത്- ‘സ്വല്പം ചിന്തിച്ചാലെന്ത്?’ ‘കമ്മ്യൂണിസത്തില്‍നിന്ന് മുന്നോട്ട്’ തുടങ്ങിയ ഗോവിന്ദന്റെ പുസ്തകങ്ങള്‍  ഒരുപാട് പേരെ സ്വാധീനിച്ചിട്ടുണ്ട്.  അത് നമ്മുടെ നാട്ടിലെ ജനാധിപത്യസങ്കല്‍പ്പത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്.

ജനാധിപത്യത്തെ പ്രത്യയശാസ്ത്രമായി കാണുവാന്‍ കഴിയുമോ? അത് രീതിശാസ്ത്രം മാത്രമല്ലേ?

ജനാധിപത്യം പ്രത്യയശാസ്ത്രമല്ല; ‘ഇസം’ അല്ല; അതൊരു മൂല്യവ്യവസ്ഥയാണ്.

കമ്മ്യൂണിസത്തെപ്പറ്റിയുള്ള വിമര്‍ശനങ്ങളെന്തൊക്കെയാണ്? ഈ സ്വാതന്ത്ര്യമില്ലായ്മയാണോ മുഖ്യം?

അതും മുഖ്യമാണ്. ‘ജൈവമനുഷ്യന്‍’ എന്ന പുസ്തകത്തില്‍ രണ്ട്-മൂന്ന് അധ്യായങ്ങളില്‍ ഞാന്‍ എന്റെ സമീപനം വിശദീകരിച്ചിട്ടുണ്ട്.

അത് വിശദമായ ചര്‍ച്ച ആവശ്യപ്പെടുന്നുണ്ട്. നമുക്കതിലേക്ക് പിന്നെ വരാം. ഇന്നത്തെ നമ്മുടെ ജനാധിപത്യത്തെപ്പറ്റി എന്താണ് പറയാനുള്ളത്?

ഇന്നത്തെ ജനാധിപത്യം വ്യക്തികളുടെ ആത്മാര്‍ത്ഥത നശിപ്പിച്ചു. കാപട്യവും അധികാര രാഷ്ട്രീയവും പൊന്തിവന്നു. ഇന്നത്തെ മാതിരിയുള്ള മുന്നണി സങ്കല്‍പ്പങ്ങളൊക്കെ അന്നും ഉണ്ട്. കോണ്‍ഗ്രസ് അങ്ങനെയൊന്നായിരുന്നു. എങ്കിലും സത്യസന്ധത ഉണ്ടായിരുന്നു. വ്യക്തത-ക്ലാരിറ്റി-ഉണ്ടായിരുന്നു. പഴയ സ്വാതന്ത്ര്യസമരകാലത്തെ ധാര്‍മ്മികതയുടെ തുടര്‍ച്ചയാണത്. അതു കൊണ്ടുവന്നത് ഗാന്ധിയാണ്. നെഹ്‌റുവിനു ശേഷം ഒരു അസ്ഥിരത വന്നു. സ്വാര്‍ത്ഥത, അധികാരമോഹം, അഴിമതി-എല്ലാം കുടിയേറി.

നെഹ്‌റുവിന്റെ കാലത്തല്ലേ, അദ്ദേഹത്തിന്റെ മകള്‍ ഇന്ദിരയുടെ ഭര്‍ത്താവ് ഫിറോസ് ഗാന്ധി പുറത്തുകൊണ്ടുവന്ന അഴിമതിക്കേസ്സിനെത്തുടര്‍ന്ന് ധനകാര്യമന്ത്രി ടി.ടി.കൃഷ്ണമാചാരി രാജിവെക്കേണ്ടിവന്നത്?

മുണ്ട്‌റ കേസ് അല്ലേ? അങ്ങനെ ചിലതൊക്കെയുണ്ട്. എങ്കിലും ഇന്ത്യ കണ്ട ഏറ്റവും മഹാനായ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ്.

എന്താണ് നെഹ്‌റുവിന്റെ സംഭാവന?

സ്വാതന്ത്ര്യത്തിന് നമ്മുടെ രാജ്യത്തിന് ഒരു ധാര്‍മ്മികൗന്നത്യം (മോറല്‍ സ്റ്റേച്ചര്‍) ഉണ്ടാക്കിത്തന്നത് ആ മനുഷ്യനാണ്. എന്തെല്ലാം വൈചിത്ര്യങ്ങളുള്ള നാടാണിത്? 10-25 ഭാഷകള്‍. പല മതങ്ങള്‍. അനേകം ജാതികള്‍. ആചാരങ്ങള്‍. പല തലത്തില്‍ വിഘടനവാദങ്ങള്‍. ഇന്ത്യ അധികനാള്‍ ഉണ്ടാവില്ല, തകര്‍ന്നുപോകും എന്ന് പലരും കരുതിയതാണ്. ഇന്ത്യയെ ഇങ്ങനെ ഒരുമിപ്പിച്ച് നിര്‍ത്തിയത് നെഹ്‌റു പിന്തുടര്‍ന്ന മാനവികതയും ആര്‍ജ്ജവവും സത്യസന്ധതയും ധാര്‍മ്മികതയുമാണ്. സ്വാതന്ത്ര്യത്തിനുശേഷം ദേശീയരാഷ്ട്രീയം കൊണ്ടുനടന്നത്  നെഹ്‌റുവാണ്. ഗാന്ധിക്ക് അത് സാധിക്കുമായിരുന്നില്ല. ഗാന്ധി മികച്ച രാഷ്ട്രീയക്കാരന്‍തന്നെ. പക്ഷേ, അന്ന് ഇന്ത്യ എന്നത് ഒരു ആശയം മാത്രമായിരുന്നു; അത് ഒരു ജനാധിപത്യരാഷ്ട്രമാക്കിയത് നെഹ്‌റുവിന്റെ കാലത്താണ്; ഒരു സെക്കുലര്‍ സ്റ്റേച്ചര്‍ ഉണ്ടായതും. അയിത്തം, സ്ത്രീകളോടുള്ള വിവേചനം മുതലായവ അവസാനിപ്പിച്ച് നാം സ്വയം ശുദ്ധരായാലേ നമുക്ക് സ്വാതന്ത്ര്യത്തിന് അര്‍ഹതയുണ്ടാവുകയുള്ളൂ എന്ന് ഗാന്ധി പലപ്പോഴും പറഞ്ഞിരുന്നു.

ഈ വീട്ടില്‍ ഒരാളുടെ ഫോട്ടോ മാത്രമേ വെച്ചിട്ടുള്ളൂ-ഗാന്ധിയുടേത്. ഗാന്ധിക്ക് കാണുന്ന പ്രത്യേകതയെന്താണ്?

ഗാന്ധിയുടെ ഏറ്റവും പ്രധാനപ്പെട്ട മൂല്യം വിമര്‍ശനങ്ങളെ അനുവദിച്ചിരുന്നു എന്നതാണ്. തന്റെ വാക്കിനെയോ പ്രവൃത്തിയെയോ ആരെങ്കിലും വിമര്‍ശിക്കുന്നതിനു നേരേ അദ്ദേഹം അസഹിഷ്ണുവായിരുന്നില്ല. തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്താന്‍ തയ്യാറായിരുന്നു. താന്‍ ദൈവമാണെന്നോ അവതാരമാണെന്നോ പ്രവാചകനാണെന്നോ പുണ്യപുരുഷനാണെന്നോ ഒന്നും ഭാവിച്ചിരുന്നില്ല. പിന്നെ, ഏത് അഭിപ്രായക്കാരെയും നിലപാടുകാരെയും അദ്ദേഹം ഉള്‍ക്കൊണ്ടു. വ്യത്യസ്തതയോ വൈരുദ്ധ്യമോ ഉള്ളവരെ അപരന്മാരായിക്കാണുന്ന രീതിയില്ല. ലോകത്തിലെ മിക്ക ചിന്താസംഹിതകളും മനുഷ്യരെ വിഭജിക്കുകയാണ് ചെയ്യാറ്. വിശ്വാസി- അവിശ്വാസി, ധര്‍മ്മി-അധര്‍മ്മി എന്ന രീതിയില്‍. ‘അദറി’നെ സൃഷ്ടിക്കാനാണത്-ഒരു വിഭാഗത്തെ പുറത്തു നിര്‍ത്തുന്ന രീതി. അവരെ ഉള്‍ക്കൊള്ളാത്ത രീതി. അല്ലാത്തത് അപൂര്‍വ്വമാണ്. ‘തെറ്റു ചെയ്യാത്തവന്‍ കല്ലെറിയട്ടെ’ എന്നു പറഞ്ഞ ക്രിസ്തു ഒരപവാദമാണ്. ക്രിസ്തു ഒരു മതം സ്ഥാപിച്ചില്ല. ആ മനുഷ്യന്റെ പേരില്‍ സ്ഥാപിതമായ മതത്തില്‍ വിശ്വാസി-അവിശ്വാസി എന്ന് അപരത്വമുണ്ട്. പക്ഷേ, ക്രിസ്തുവില്‍ അതില്ല. അപരന്മാരാക്കി മാറ്റി നിര്‍ത്തുന്ന സ്വന്തം പാരമ്പര്യത്തിലെ യഹൂദരുടെ ‘പഴയ നിയമ’ത്തെ ക്രിസ്തു നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ക്രിസ്തീയപാരമ്പര്യം ഇതിനെ മറിച്ചിട്ടു. ഇസ്‌ലാമും ഫാസിസവും നാസിസവും കമ്മ്യൂണിസവുമെല്ലാം  അന്യരാക്കി, അപരന്മാരാക്കി ചിലരെ മാറ്റി നിര്‍ത്തുന്ന ഈ രീതിയാണ് തുടര്‍ന്നത്-എക്‌സ്റ്റേണലൈസിങ്. ചിലര്‍ നമ്മളില്‍ പെട്ടവരല്ല. നമ്മളില്‍ പെടാത്തവര്‍ അന്യരാണ്, ശത്രുക്കളാണ് എന്നുവരെയും. സംഘടിതമതങ്ങള്‍ക്കെല്ലാം ഈ സ്വഭാവമുണ്ട്. ആത്മവിമര്‍ശനം എന്ന സംഗതിയില്ല. അവര്‍ സ്വയം വിമര്‍ശിക്കുകയില്ല, തങ്ങളെ വിമര്‍ശിക്കുവാന്‍ മറ്റുള്ളവരെ വിടുകയും ഇല്ല. കബീറിന്റെ ഒരു ദോഹയുണ്ട്:

‘ബുരാ ജോ ദേഖന്‍ മേ ചലാ

ബുരാ ന മിലിയാ കോയി 

ജോ ദില്‍ ഖോജാ അപ്‌നോ

മുഝ് സേ ബുരാ ന കോയി”

അര്‍ത്ഥമിതാണ്: ചീത്ത മനുഷ്യനെ അന്വേഷിച്ച് ഞാന്‍ നടന്നു. ഒരു ചീത്ത മനുഷ്യനെയും കണ്ടുകിട്ടിയില്ല. എന്റെ ഉള്ളിലേക്കു നോക്കിയപ്പോള്‍ മനസ്സിലായി, എന്നെക്കാള്‍ ചീത്തയായി ആരുമില്ല!മെച്ചപ്പെടാനുള്ള വഴി ഇതാണ്-അവനവന്റെ ഉള്ളിലേക്ക് നോക്കുക. മറ്റുള്ളവരെയല്ല, നോക്കേണ്ടത്. സഹിഷ്ണുത ഇല്ല എന്നുവെച്ച്  സംഘടിതമതങ്ങള്‍ക്ക് യാതൊരു നന്മയും ഇല്ല എന്ന് ഞാന്‍ പറയുന്നില്ല. സേവനോത്സുകമായ മാനവികതയെ ക്രിസ്തുമതം പില്‍ക്കാലത്ത് വീണ്ടെടുത്തിട്ടുണ്ട്.  രാഷ്ട്രീയത്തില്‍ ഗാന്ധി കൊണ്ടുവന്നത് ഏതാണ്ട് കബീറിന്റെ രീതിയാണ്.

സത്യഗ്രഹം എന്നത് സത്യത്തെ മുറുകെപ്പിടിക്കലാണ്. വാക്ക് സത്യാഗ്രഹമല്ല. ആഗ്രഹിക്കലല്ല, കുഴപ്പം ഉണ്ടാക്കലല്ല, കുഴപ്പം പരിഹരിക്കലാണ്. ചമ്പാരനില്‍ നീലം കൃഷിക്കാരുടെ  പ്രശ്‌നം പഠിക്കാന്‍ അദ്ദേഹം ചെന്നപ്പോള്‍ ആദ്യം ബ്രിട്ടീഷുകാര്‍ വിചാരിച്ചത് ഈ കക്ഷി കുഴപ്പം ഉണ്ടാക്കാന്‍ വന്നു എന്നാണ്. കുഴപ്പങ്ങള്‍ സംസാരിച്ച് പരിഹരിക്കാം എന്ന് ഗാന്ധിക്ക് ഉത്തമബോധ്യം ഉണ്ടായിരുന്നു. അദ്ദേഹത്തിന് ശത്രുക്കളില്ല. താനുമായി അഭിപ്രായവ്യത്യാസം ഉള്ള ആളുകളും താനും ചേര്‍ന്ന് സംയുക്തമായി സത്യത്തെ അന്വേഷിക്കുന്നു എന്നാണ് അദ്ദേഹം സത്യമായും കരുതിയിരുന്നത്.

അയിത്തത്തിനെതിരായ ഇന്ത്യയിലെ ആദ്യകാല സമരങ്ങളിലൊന്നാണല്ലോ വൈക്കം സത്യഗ്രഹം- 1924-25 കാലത്താണ്. അതില്‍ ഗാന്ധി ആദ്യവസാനം ഇന്‍വോള്‍വ് ചെയ്യുന്നുണ്ട്. അദ്ദേഹം തിരുവിതാംകൂറിലെ മഹാറാണി സേതുലക്ഷ്മി ബായിയെയും ദിവാനെയും കണ്ട് സംസാരിച്ചു. ആഭരണങ്ങളോ രാജകീയപ്രൗഢി വിളിച്ചോതുന്ന വേഷഭൂഷകളോ ഇല്ലാതെ, ഒരു വെളുത്ത മുണ്ട് ധരിച്ചിരിക്കുന്ന റാണി ഗാന്ധിയെ ആകര്‍ഷിച്ചു. ‘അവര്‍ മനസ്സുകൊണ്ട് നമ്മുടെ കൂടെയാണ്’ എന്നായിരുന്നു പ്രതികരണം. ഗാന്ധി ഒരിക്കലും എവിടെയും നിരാശനാകാറില്ല. ‘നിരാശ എന്ന വാക്ക് എന്റെ പ്രസ്ഥാനത്തിലില്ല’ എന്ന് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.  ഗാന്ധിക്ക് കിട്ടിയ ഒരു വിശേഷണം ‘പ്രതീക്ഷയുടെ  തടവുകാരന്‍'(പ്രിസണര്‍ ഓഫ് ഹോപ്പ്) എന്നതാണ്. അദ്ദേഹത്തിന് വിജയവും പരാജയവും ഇല്ല.

തുടര്‍ന്നു വായിക്കാം 

അഭിമുഖത്തിന്റെ ബാക്കി ഭാഗം ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍ വായിക്കുന്നതിനായി സന്ദര്‍ശിക്കുക

(പത്ത് ഭാഗങ്ങളുള്ള ദീര്‍ഘമായ അഭിമുഖത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍ മാത്രമാണിത്. ഈ സംവാദത്തിന്റെ പൂര്‍ണ്ണരൂപം വര്‍ത്തമാനകാല വര്‍ത്തമാനങ്ങള്‍ എന്ന പേരില്‍ പുസ്തകരൂപത്തില്‍ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. .)

Comments are closed.