DCBOOKS
Malayalam News Literature Website

ദയവായി മിണ്ടാതിരിക്കരുത്

അഭിമുഖം- ടി.പത്മനാഭന്‍/ താഹ മാടായി, ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍

ഹിന്ദുത്വവാദത്തില്‍ വിശ്വസിക്കാത്ത വ്യക്തികള്‍ മറ്റു പാര്‍ട്ടികളിലുമുണ്ട്. ലെഫ്റ്റ് മാത്രമാണ് പുരോഗമനവാദികള്‍ എന്നുമല്ല. അയോധ്യയിലെ നിര്‍മ്മാണവും അവിടെയുള്ള പ്രതിഷ്ഠയുമൊക്കെ സാധിച്ചെടുത്തത് നരേന്ദ്ര മോദിയാണ്. നരേന്ദ്ര മോദി എന്റെയും പ്രധാനമന്ത്രിയാണ്. പക്ഷേ, നിലപാടുകളില്‍ നമുക്ക് സ്വന്തമായ അഭിപ്രായമുണ്ട്. എന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. ഞാന്‍ വിശ്വസിക്കുന്നു, ഇന്ത്യ എന്നും മതനിരപേക്ഷമായിരിക്കണം. ഇന്ത്യ മറ്റൊരു പാകിസ്താനോ ഇറാനോ അഫ്ഗാനിസ്ഥാനോ ആവരുത്. ഇന്ത്യ ഇന്ത്യയായി നിലനില്‍ക്കണം. ലെഫ്റ്റിന് ആ നിലയിലെ ഇന്ത്യ നിലനിര്‍ത്താന്‍ രാഷ്ട്രീയഉത്തരവാദിത്വം കൂടുതലാണ് എന്നു മാത്രം.

അയോധ്യയിലെ പുതിയ രാമക്ഷേത്രത്തില്‍ രാമവിഗ്രഹ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടുകൊണ്ട് ദൃശ്യ/ പത്ര മീഡിയകളില്‍ തുടര്‍ച്ചയായി നടന്ന മാധ്യമ ചമല്‍ക്കാരങ്ങള്‍ക്കിടയില്‍, വിയോജിപ്പിന്റെ ഉറച്ച ഒരു ശബ്ദം ഉയര്‍ന്നും വേറിട്ടും കേരളത്തില്‍നിന്നും കേള്‍ക്കുകയുണ്ടായി. ‘രാമനെ വില്‍പ്പനച്ചരക്കാക്കുന്നു’ എന്ന് ടി. പത്മനാഭന്‍ നടത്തിയ ആ പ്രസ്താവന ഹിന്ദുത്വരാഷ്ട്രീയത്തോടുള്ള കടുത്ത വിയോജിപ്പ് പ്രതിഫലിപ്പിക്കുന്നതായിരുന്നു. ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട 1992 ല്‍, മുറിവേല്‍പ്പിക്കപ്പെട്ട ഇന്ത്യന്‍ മതനിരപേക്ഷ മനസ്സുകളുടെ കൂട്ടത്തില്‍ നിന്നു കൊണ്ട് ഹൃദയസ്പര്‍ശിയായ വാക്കുകളില്‍ ‘സ്വരലയ’ യുടെ വേദിയില്‍ ടി.പത്മനാഭന്‍ അന്നു നടത്തിയ Pachakuthira Digital Editionപ്രസംഗവും ചരിത്രപരമായി ഏറെ മാനങ്ങള്‍ ഉള്ളതായിരുന്നു: ‘അവര്‍ പാട്ടുപാടി, നമ്മള്‍ പള്ളി പൊളിച്ചു.’ ഇന്ത്യന്‍ ജനതയില്‍ ഭിന്നിപ്പും ആഴത്തിലുള്ള മുറിവുകളും ഏല്‍പ്പിച്ച ആ വിഷയത്തില്‍ ഒരു തരത്തിലുള്ള കലര്‍പ്പുകളുമില്ലാതെ, അയോധ്യയില്‍ ആര്‍.എസ്.എസ്. നേതൃപരമായ പങ്കു വഹിച്ച, രാമപ്രതിഷ്ഠ നടത്തുന്നതിന്റെ തൊട്ടു മുമ്പുള്ള ദിവസം, ടി. പത്മനാഭന്‍ വീണ്ടും പൊതുസമൂഹത്തിന് മുന്നില്‍ ഹാജരായി സ്വന്തംനിലപാട് പ്രഖ്യാപിച്ചു. 1992-ല്‍നിന്ന് 2024-ല്‍ എത്തുമ്പോള്‍ ഹിന്ദുത്വരാഷ്ട്രീയം ഒരു വൃത്തം പൂര്‍ത്തിയാക്കുന്നു.

ടി. പത്മനാഭനുമായുള്ള ഈ സംഭാഷണത്തില്‍ പതിവില്‍നിന്ന് വ്യത്യസ്തമായി രാഷ്ട്രീയവുമായി നേരിട്ടു ബന്ധമുള്ള പല കാര്യങ്ങള്‍ ചോദിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ മിക്കവാറും ഇതൊരു രാഷ്ട്രീയ വര്‍ത്തമാനമാണ്. അല്ലെങ്കില്‍ കഥ കടന്ന് ചരിത്രത്തിന്റെയും ഭാവിയുടെയും കാലങ്ങള്‍ക്കിടയിലൂടെ ഒരു സംസാരം.

താഹ മാടായി: ഇന്നലത്തെ ആ ദിവസത്തെ (22. 01. 2024) താങ്കള്‍ എങ്ങനെയാണ് കാണുന്നത്?

ടി. പത്മനാഭന്‍: ഇന്നലത്തെ ആ ദിവസം, അയോധ്യയിലെ രാമവിഗ്ര ഹപ്രതിഷ്ഠ, അതല്ലേ ഉദ്ദേശിച്ചത്?

എനിക്ക് ഇന്നലെ ഒട്ടും ആഹ്ലാദം തോന്നിയ ദിവസമായിരുന്നില്ല. ഇത്രയും നിരാശാഭരിതമായ ഒരു ദിവസം അടുത്തൊന്നും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുമില്ല. ഇതില്‍ വലിയൊരു ആപത്തിന്റെ സൂചനയും ഞാന്‍ കാണുന്നുണ്ട്. ഇന്ത്യ ഇന്നുവരെ ഒരു മതനിരപേക്ഷ റിപ്പബ്ലിക്കാണ്. ഇനിയും അതങ്ങനെയായിരിക്കുമോ എന്ന സംശയം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. എനിക്കൊരു മതക്കാരോടും പ്രത്യേകമായ സ്‌നേഹമോ എതിര്‍പ്പോ ഇല്ല. ഞാനൊരു വിശ്വാസിയേ അല്ല. അച്ഛനമ്മമാര്‍ ഹിന്ദുവായതുകൊണ്ട് ഞാന്‍ ഹിന്ദുവായി. അതേ സമയം, ഹിന്ദുവായി ജനിച്ചതുകൊണ്ട് അപകര്‍ഷതാബോധം തോന്നുന്നുണ്ടോ എന്നുചോദിച്ചാല്‍ ഇല്ല എന്നു മാത്രമല്ല, അഭിമാനവുമുണ്ട്. ശ്രീരാമ പരമഹംസരുടെ, രമണമഹര്‍ഷിയുടെ, വിവേകാനന്ദസ്വാമിയുടെ, ഷിര്‍ദ്ദിബാബയുടെ, നാരായണഗുരുവിന്റെ അതുപോലെയുള്ള എല്ലാ മഹാത്മാക്കളുടെയും ഹിന്ദുമതം. അവിടെ എനിക്ക്  ഞാനായിത്തന്നെ നില്‍ക്കാം… നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസമാകാം. പക്ഷേ, അത് അയല്‍ക്കാര്‍ക്ക് ശല്യമാകാനിടവരരുത്.

പൂര്‍ണ്ണരൂപം 2024 ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്‌

ടി പത്മനാഭന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

താഹ മാടായിയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.