DCBOOKS
Malayalam News Literature Website

തീക്ഷ്ണ കാലത്തിന്റെ ആത്മകഥ

ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍

അഭിമുഖം, കെ.പി. കുമാരന്‍/മനോജ് വി.

ശ്രീനാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠപോലെതന്നെ പ്രസിദ്ധമാണ് കുമാരനാശാന്റെ ജീവിതവും. ഗുരുവാണ് ആശാനെ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ബുദ്ധിശക്തിയും കാവ്യവാസനയും തിരിച്ചറിഞ്ഞ് ബാംഗ്ലൂരിലും കല്‍ക്കത്തയിലുമൊക്കെ അയച്ചത് ഗുരുവാണ്. ഗുരുവിന്റെ ആശയങ്ങളുടെ സംസ്ഥാപനത്തിനായ് ജീവിതംതന്നെ ആശാന്‍ ഗുരുവിന് നല്കുകയാണ് ചെയ്തത്. ഇവിടുത്തെ ജൂറികള്‍ ഒന്നും അതുപോലും തിരിച്ചറിഞ്ഞില്ല. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുന്ന കേരളസംസ്ഥാനത്തെ അവാര്‍ഡ് ജൂറി അംഗങ്ങള്‍ ‘ഗ്രാമവൃക്ഷത്തിലെ കുയില്‍’ എന്ന സിനിമ കണ്ടിട്ടില്ല. ഇത് ചരിത്രപരമായ പ്രശ്‌നമാണ്. പിണറായി വിജയന്‍ ഇന്നു മുഖ്യമന്ത്രിയായിരിക്കുന്നതില്‍ കുമാരനാശാനും ശ്രീനാരായണഗുരുവും കാരണമായിട്ടുണ്ട് എന്നത് ചരിത്രപരമായ സത്യമാണ് എന്നുകൂടി നമ്മള്‍ മനസ്സിലാക്കണം.

കെ. പി. കുമാരന്‍ മലയാള ചലച്ചിത്രരംഗത്ത് അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുന്നു. കേരളത്തില്‍ നവസിനിമാതരംഗത്തിനും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിനും നേതൃത്വം നല്‍കിയവരില്‍ പ്രധാനിയാണദ്ദേഹം. 1972-ല്‍ ‘ഞീരസ’ എന്ന 100 സെക്കന്‍ഡ് ദൈര്‍ഘ്യമുളള ലഘുചിത്രത്തിലൂടെ ചലച്ചിത്രസംവിധാന രംഗത്തെത്തി. അതിനുമുമ്പേ, നാല് ദേശീയ അവാര്‍ഡുകള്‍ ലഭിച്ച ‘സ്വയംവരം’ എന്ന ചിത്രത്തിന്റെ കഥ, തിരക്കഥാരചനയില്‍ പങ്കാളിയായി.

1974-ല്‍ കെ. പി. കുമാരന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘അതിഥി’ എന്ന ഭ്രമാത്മകചിത്രം മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നാണ്. അദ്ദേഹം രചനയും സംവിധാനവും നിര്‍വഹിച്ച പത്തു കഥാ
Pachakuthiraചിത്രങ്ങളില്‍, 1988-ല്‍ മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരവും മികച്ച സംവിധായകന്‍ ഉള്‍പ്പെടെ മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ലഭിച്ച ‘രുഗ്മിണി’ ഉള്‍പ്പെടുന്നു. രണ്ടായിരാമാണ്ടിലെ കേരള അന്തര്‍ദ്ദേശീയ ചലച്ചിത്രമേളയില്‍ മികച്ച രചനയ്ക്കുള്ള സുവര്‍ണ്ണചകോരം ലഭിച്ച ‘തോറ്റം’, 2007-ല്‍ ഗോവയില്‍ നടന്ന ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയിലെ പനോരമ വിഭാഗത്തില്‍ ഉള്‍പ്പെട്ട ‘ആകാശ ഗോപുരം’ എന്നിവ കെ പി കുമാരന്റെ മികച്ച ചലച്ചിത്ര സൃഷ്ടികളാണ്. കുമാരനാശാനിലൂടെയുള്ള ഒരു ജീവിതകാലം അവതരിപ്പിക്കുന്ന’ഗ്രാമവൃക്ഷത്തിലെ കുയില്‍’ ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തി.

2021-ലെ ജെ. സി. ഡാനിയേല്‍ പുരസ്‌കാരത്തിന് കെ. പി. കുമാരന്‍ അര്‍ഹനായി. ഈ പുരസ്‌കാരലബ്ധിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ ഭൂതകാലത്തിലൂടെയുള്ള ഒരന്വേഷണമാണ് ഈ സംഭാഷണം.

മനോജ് വി: സ്വദേശമായ കൂത്തുപറമ്പില്‍നിന്നും താങ്കള്‍ കൗമാരപ്രായത്തില്‍ത്തന്നെ നാടുവിട്ടുള്ള സഞ്ചാരം തുടങ്ങിയിരുന്നല്ലോ.

കെ.പി. കുമാരന്‍: ഞാന്‍ പത്തൊന്‍പതു വയസ്സില്‍ നാടുവിട്ടയാളാണ്. രസകരമായ ഒരുപാട് കാര്യങ്ങള്‍ ഓര്‍ക്കുന്നു. കൂടുതലും വ്യക്തിപരമായ കാര്യങ്ങള്‍. കേരളപ്പിറവിയുടെ തൊട്ടടുത്ത ദിവസമാണ് ഒരു ഓര്‍മ. കേരളപ്പിറവി കോഴിക്കോട്ട് വലിയ ആഘോഷമായിരുന്നു. ഐക്യകേരളപ്രസ്ഥാനത്തിന്റെ പ്രധാനകേന്ദ്രം കോഴിക്കോടായിരുന്നല്ലോ. കൊച്ചിയേയും തിരുവിതാംകൂറിനെക്കാളും മലബാറിലായിരുന്നു ആ സന്ദര്‍ഭം ഏറെ കൊണ്ടാടിയത്. കെ.പി.കേശവമേനോനാണ് അതില്‍ പ്രധാനി. 1956 ഒക്ടോബര്‍ 31-ന് കോഴിക്കോട് മാനാഞ്ചിറയില്‍ വലിയ ഒരു പൊതുയോഗം നടന്നു. വി.കെ. കൃഷ്ണമേനോനായിരുന്നു മുഖ്യപ്രാസംഗികന്‍. അദ്ദേഹത്തെക്കുറിച്ച് അക്കാലത്ത് ഏറെ കേട്ടിരുന്നു. ഇംഗ്ലിഷില്‍ മനോഹരമായി പ്രസംഗിക്കുന്ന ആള്‍.

ഞാന്‍ നന്നേ ചെറുപ്പത്തിലേ പത്രങ്ങള്‍ വായിക്കാന്‍ തുടങ്ങിയിരുന്നു. രാജ്യത്തെ മാറ്റങ്ങള്‍ ശ്രദ്ധിക്കുകയും പിന്തുടരുകയും ചെയ്തിരുന്നു. വായനയുടെ വലിയ ഒരു ലോകം എനിക്കുണ്ടായി. കഥയും നോവലുകളുമായിരുന്നു കൂടുതലായും വായിച്ചിരുന്നത്. എന്റെ സഹോദരന്‍ കെ.പി. നാരായണനാകട്ടെ അന്നേ ഗൗരവമേറിയ ഗ്രന്ഥങ്ങളുടെ വായനക്കാരനായിരുന്നു. മഹാഭാരതത്തിലും മാര്‍ക്‌സിസത്തിലും ഒരുപോലെ മുഴുകിയ മനുഷ്യന്‍. ബര്‍ട്രാന്‍ഡ് റസ്സലിന്റെ കൃതികളും വായിച്ചിരുന്നു. ഞാന്‍ ഫിക്ഷനുകള്‍ വായിക്കുന്നതുകൊണ്ട് എന്നെ ‘കഥവിഴുങ്ങി’ എന്ന് വിളിക്കാറുണ്ട്. ഈ പശ്ചാത്തലത്തില്‍നിന്നും പത്തൊന്‍പത് വയസ്സില്‍ തൃശ്ശൂരിലെത്തുമ്പോള്‍ അത് എനിക്ക് പരിചയമില്ലാത്ത ഒരു ലോകമായിരുന്നു. ഒന്‍പതു മാസക്കാലം തൃശൂരില്‍ താമസിച്ചു.

പൂര്‍ണ്ണരൂപം ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബര്‍ ലക്കം ലഭ്യമാണ്‌

Comments are closed.