DCBOOKS
Malayalam News Literature Website

എന്റെ ‘ഖയാൽ’ ഞാനറിഞ്ഞ ചില മനുഷ്യരെക്കുറിച്ചുള്ള ഓർമകളാണ്: ഫർസാന

പുതുകാലമലയാളസാഹിത്യത്തിന്റെ മുഖമാണ് ഫർസാന. എഴുത്തുകളിലൂടെ സ്വന്തമിടം മലയാളത്തിൽ കൃത്യമായി ഫർസാന അടയാളപ്പെടുത്തിക്കഴിഞ്ഞു. ആദ്യം പുസ്തകമായി പ്രസിദ്ധീകരിച്ചത് എൽമ എന്ന നോവലാണെങ്കിലും അതിനുംമുൻപേ ഫർസാനക്കഥകൾ നാം ആനുകാലികങ്ങളിൽ വായിച്ചിരുന്നു.  നോവലിലാകട്ടെ, ഫർസാനയുടെ കഥകളിലാവട്ടെ, സ്വതസിദ്ധമായ ശൈലിയും ആശയവൈവിദ്ധ്യവും  വായനക്കാരന് തിരിച്ചറിയാനാകും.

ഖയാൽ”  എന്ന ഓർമ്മപ്പുസ്തകത്തിന്റെ  പശ്ചാത്തലത്തിൽ എഴുത്തിനെക്കുറിച്ചും നിലപാടുകളെക്കുറിച്ചും ഫർസാന സംസാരിക്കുന്നു, എഴുത്തുകാരിയുമായി വിപിൻ ദാസ് നടത്തിയ അഭിമുഖം

ഖയാൽ എന്നാൽ ഒരർത്ഥത്തിൽ ചിന്താശകലമെന്നോ ഓർമ്മയെന്നോ ഒക്കെ വ്യാഖാനിക്കാം. ഫർസാനയുടെ മനസ്സിൽ ഖയാൽ യഥാർത്ഥത്തിൽ എന്താണ്?

ഖയാൽ എന്ന വാക്കിന് ഈ മട്ടിൽ പല വ്യാഖ്യാനങ്ങളാവാം. എന്റെ ഖയാൽ നിജമാണോ അല്ലയോ എന്നറിയാത്ത പോലെ ഞാനറിഞ്ഞ ചില മനുഷ്യരെക്കുറിച്ചുള്ള ഓർമകളാണ്. പൊള്ളല്ലാത്ത ചില ജീവിത മുഹൂർത്തങ്ങളെ നാട്യങ്ങളില്ലാതെ എഴുതാൻ ശ്രമിക്കുകയാണ് ഞാൻ ഈ പുസ്തകം വഴി ചെയ്തത്.

ഓർമ്മപ്പുസ്തകങ്ങളുടെ നീണ്ടനിരയുണ്ട് മലയാളത്തിൽ. എന്നാൽ അവയിൽ ഉള്ളടക്കത്തിൽകനംകൊണ്ടും ഭാഷയിലെ ഭംഗികൊണ്ടും സാഹിത്യഗുണംകൊണ്ടും മികച്ചുനിൽക്കുന്നവ വിരളമാണ്. പ്രിയ എസ്സിന്റെഓർമ്മയാണ് ഞാൻപോലുള്ള ചിലതിനെ അക്കൂട്ടത്തിൽ പെടുത്താമെന്ന് കരുതുന്നു.ഡിസി ബുക്സിലൂടെ ഖയാൽ എന്ന ഓർമ്മപ്പുസ്തകം വരുന്ന സാഹചര്യത്തിൽ മലയാളത്തിലെ ആത്മകഥാസാഹിത്യത്തെ ഫർസാന എങ്ങനെ വിലയിരുത്തുന്നു?

മികച്ച ആത്മകഥകൾ അല്ലെങ്കിൽ ഓർമകളെ കുറിക്കുന്ന പുസ്തകങ്ങൾ ധാരാളമുണ്ട് മലയാളത്തിൽ. ചില മനുഷ്യരെക്കുറിച്ച് കേൾക്കുമ്പോൾ നമുക്ക് തോന്നാറുണ്ടല്ലോ പൂർണമായുള്ള ജീവിതം ഒന്നറിയാനായിരുന്നെങ്കിലെന്ന്. അവരുടെ ജീവിതകഥ മാത്രമല്ല നമ്മെ ത്രസിപ്പിക്കുന്നത്. അതിലെ കാലം മനുഷ്യർ എല്ലാം ചേർന്ന് ഒരു ചരിത്രദർശനം കൂടി നമുക്ക് തരുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ ആത്മകഥാപരമായ മികച്ച പുസ്തകങ്ങൾ ഇനിയും ഇവിടെ ഉണ്ടാവണമെന്നാണ് എന്റെ ആഗ്രഹം. അനുഭവങ്ങൾ എല്ലാം എഴുതുക എന്നത് സാധ്യമല്ല. എന്നിരിക്കിലും അവയോട് സത്യസന്ധത പുലർത്തുക എന്നത് ഏറെ പ്രധാനമാണ് താനും. അങ്ങനെയുള്ള അനുഭവക്കുറിപ്പുകളും ആത്മകഥകളും കാലത്തെ അതിജീവിക്കുന്നത് നാം കാണുകയല്ലേ.

ബഹുവിധവിചാരങ്ങളോടെ മലയാളി നോക്കിക്കാണുന്ന രാജ്യമാണ് ചൈന. അതിൽ രാഷ്ട്രീയഘടകങ്ങളാണ് അധികവും. ചൈനീസ് ഭക്ഷണത്തെയും ഉത്പന്നങ്ങളെയും സ്വീകരിക്കുകയും ചൈനയെ രാഷ്ട്രീയമായി തിരസ്കരിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം ജനതയുണ്ട് ഇവിടെ. ഫർസാനയുടെ ചൈനീസ് ജീവിതം ഇത്തരം മുൻധാരണകളെ എങ്ങനെയാണ് സ്വാധീനിച്ചത്?

ചൈനയിലേക്ക് വിമാനം കയറിയപ്പോൾ അങ്കലാപ്പായിരുന്നു. ഖയാലിൽ ഞാൻ അതേക്കുറിച്ച് എഴുതിയിട്ടുണ്ട്. ഇക്കണ്ട കാലമത്രയും ചൈനയിൽ ജീവിച്ചിട്ടുണ്ടെന്നത് നേരു തന്നെ. പക്ഷെ ചൈന ഇപ്പോഴും എനിക്കൊരു അതിശയലോകമാണ്. അനുഭവിച്ചതിനെക്കാളേറെ സംഗതികൾ എന്നെ കൊതിപ്പിച്ചുകൊണ്ട് അവിടെ നിൽപ്പുണ്ട്. അതിൽ പ്രധാനമായുമുള്ളത് അവിടത്തെ മനുഷ്യരാണ്. ഒരാളോടും മനസ്സ് പൂർണമായും തുറക്കില്ലെന്ന വാശിയുണ്ടെന്ന് തോന്നിയിട്ടുണ്ട് ചൈനക്കാർക്ക്. കൂട്ടത്തിലെ ഏതെങ്കിലും ഒരാളുടെ മനസ്സ് തുറക്കാനുള്ള താക്കോൽ കിട്ടിയിരുന്നെങ്കിലെന്ന് ഞാൻ എപ്പോഴും വിചാരിക്കാറുണ്ട്.

കഥകഥയാവുന്നതിൽ അനുഭവത്തിന്റെ പങ്ക് എത്രത്തോളമാണ് ഫർസാനയിൽകഥകളുടെ ഉരുവപ്പെടൽ ഒക്കെ എങ്ങനെയാണ്?

എല്ലാത്തിനെയും അല്ലെങ്കിൽ എല്ലാവരെയും അകലെനിന്ന് നോക്കിക്കാണുകയാണ് എന്റെ ശീലം. സാധാരണയായി നമ്മൾ പറയുന്ന ‘ജീവിതഗന്ധിയായ’ അനുഭവങ്ങൾ ഒരു പ്രായം കഴിഞ്ഞപ്പോൾ എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് തോന്നാറുണ്ട്. ഒരാൾക്ക് വിശക്കുന്നു എന്നു പറയുമ്പോൾ അയാളായി മാറി, ആ വിശപ്പിന്റെ കാഠിന്യം അപ്പാടെ അറിയുന്ന ഒരുവളായി തീരണം എന്നതാണ് എന്റെ ആഗ്രഹം. പക്ഷെ, അതിന് സാധിക്കുന്നുണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന്റെ വടംവലിയാണ് എപ്പോഴും ഉള്ളിൽ. ചൈനയിലേക്ക് പറിച്ചു നടപ്പെട്ടതിലൂടെ Textവീടും നാടും എല്ലാമായും പ്രകൃത്യായുണ്ടാവേണ്ട ഒരു ബന്ധത്തിൽനിന്ന് വിച്ഛേദിക്കപ്പെട്ടിട്ടുണ്ടല്ലോ എന്നും ഇടയ്ക്കിടെ ചിന്തിക്കാറുണ്ട്. ഒരു പക്ഷെ ഒരു വെറും ചിന്തയുമാവാം.

ചൈന തീർത്തും മറ്റൊരു ലോകമാണ്. ആർക്കും ഒന്നിനും നേരമില്ല. തങ്ങളുടെ ജോലി ആവശ്യങ്ങൾക്കും സന്തോഷത്തിനും പിറകെ ധൃതിപ്പെട്ട് അവരോടുകയാണ്. അനിഷ്ടത്തോടെയെങ്കിലും ആ ജീവിതശൈലി സ്വീകരിക്കേണ്ടി വന്ന ആളാണ് ഞാൻ.

എന്റെ കഥകൾ ശ്രദ്ധിച്ചാൽ വിപിന് അത് മനസ്സിലാകും റിയലിസം എഴുതിപ്പിടിപ്പിക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്. ഒരാൾ ഉണ്ടും ഉറങ്ങിയും രമിച്ചും ജീവിക്കുന്നു എന്ന്  എഴുതേണ്ടി വരുമ്പോഴും, അയാൾക്കുള്ളിലെ മറ്റൊരാളെ തിരഞ്ഞാവും എന്റെ പോക്ക്. സറിയലിസം ആണ് വഴങ്ങുക എന്ന് തോന്നിയിട്ടുണ്ട്. എങ്ങനെയൊക്കെ റിയലിസ്റിക്ക് കഥകൾ എഴുതാൻ ശ്രമിച്ചാലും അവസാനം അത് ഭ്രമാത്മകതയിലേക്ക് പോയിച്ചേരുന്ന അത്ഭുതം അനുഭവിച്ചിട്ടുണ്ട്; അതിന് അപവാദമായി ചുരുക്കം ചില കഥകൾ കാണുമെങ്കിലും.

‘വേട്ടാള’യിലെ എല്ലാ കഥകൾക്കു പിറകിലും കഥകളുണ്ട്. ചിലവയെക്കുറിച്ച് പറയാം. മുകളിൽ പറഞ്ഞതു പോലെ നാടിനെ തൊടുന്ന കഥയെഴുതണം എന്ന ആർത്തിയാൽ ഉരുവപ്പെട്ട കഥയാണ് ‘ആകാശവണ്ടി’. ഒരു ചൈനക്കാരനും മലയാളിയും ഒന്നിച്ചൊരു കഥയിൽ വന്നാലുണ്ടായേക്കാവുന്ന വ്യത്യസ്തതയെ അനുഭവിക്കുകയായിരുന്നു ‘ചൈനീസ് ബാർബിക്യു’ എന്ന കഥയിലൂടെ. വരികളിലൂടെ ആത്മാക്കളുടെ ലയനം എങ്ങനെ സാധിപ്പിക്കാം എന്ന ചിന്തയുടെ ഫലമാണ് ‘ഇരട്ട നാളങ്ങൾ’ എന്ന കഥ.

 പൾപ്പ് ഫിക്ഷനുകളുടെ ജനകീയതയിൽ മികച്ച സാഹിത്യസൃഷ്ടികൾ വേണ്ടത്ര ശ്രദ്ധ നേടുന്നില്ലെന്ന് തോന്നുന്നുണ്ടോസമീപകാലത്ത് പ്രസിദ്ധീകൃതമായ പല മികച്ച നോവലുകളും കഥാസമാഹാരങ്ങളും പൾപ്പ് ഫിക്ഷന്റെ അതിപ്രസരത്താൽ തഴയപ്പെട്ടതായി പറയുന്നതിൽ ഫർസാനയുടെ നിലപാട് എന്താണ്?

ഇതിപ്പോ റീലുകളുടെ കാലമാണല്ലോ. ഏറ്റവും വേഗത്തിൽ ആളുകളിലേക്ക് പറയുന്നത് എത്തിക്കുക എന്നതാണ് റീലുകളിലെ വിദ്യ. ഈ കാലത്തിന്റെ സ്വാധീനം എഴുത്തിലും ഉണ്ടാകും. വേഗത്തിൽ കാര്യം പറയുക പോപുലർ ആകുക എന്നത്. പല പുസ്തകങ്ങളും അതിൽ വിജയിക്കുന്നു എന്നതാണ് ശരി. പുതിയവ വരുമ്പോൾ പഴയ റീലുകൾ വിസ്‌മൃതിയിലേക്ക് പോകുന്ന പോലെ പുതിയ ജനകീയ ഫിക്ഷൻ വരുന്നു പഴയവ പിന്തള്ളപ്പെടുന്നു. എന്നാൽ ഈ ജനകീയത മാത്രമല്ല മികവിന്റെ അടിസ്ഥാനമെന്ന് തിരിച്ചറിയുക ആണ് പ്രാധാന്യം. ഇതിനെല്ലാം സമാന്തരമായി ഒരു നിശബ്ദ വസന്തം കണക്കെ നല്ല പുസ്തകങ്ങൾ വായനക്കാർക്കിടയിൽ കൈമാറപ്പെടുന്നുണ്ട്. കാലത്തെ അതിജീവിച്ച ഭൂരിഭാഗം പുസ്തകങ്ങളും പ്രത്യേകിച്ച് ഫിക്ഷനുകൾ പുറത്തിറങ്ങിയ കാലത്ത് തന്നെ ജനപ്രീതി നേടിയവ ആയിരുന്നില്ല എന്ന കാര്യവും മറക്കരുത്.

ഭാഷഘടനശൈലിപാത്രസൃഷ്ടിയിലെ സൂക്ഷ്മതപശ്ചാത്തലംരാഷ്ട്രീയസന്നിവേശംപാദവാക്യശുദ്ധിഎഡിറ്റിങ്എന്നിങ്ങനെയുള്ള ഒന്നിലും ഊന്നാതെഭാഷയെ പൂർണമായും തഴഞ്ഞ് കേവലം ആശയത്തിൽ മാത്രം കേന്ദ്രീകരിച്ചുള്ള എഴുത്തുകളുടെ നിലവാരത്തകർച്ച പുതിയകാലത്ത് മലയാളസാഹിത്യത്തിന്റെ വരൾച്ചയ്ക്ക് കാരണമാകുമെന്ന് തോന്നുന്നുണ്ടോ?

കാലത്തിനൊപ്പം മാറിക്കൊണ്ടിരിക്കണം കഥയുടെ ഭാഷയും. എൺപതുകളിലോ തൊണ്ണൂറുകളിലോ  ഉപയോഗിച്ച് പോപ്പുലാരിറ്റി ലഭിച്ച ഭാഷയോ ശൈലിയോ ഇന്ന് കഥയെഴുത്തിൽ ഉപയോഗിച്ചിട്ട് കാര്യമില്ല. ആദ്യമായി കഥകൾ പ്രസിദ്ധീകരിക്കാനായി ആഴ്ചപ്പതിപ്പുകൾക്ക് ഞാൻ അയച്ചു കൊടുത്തപ്പോഴെല്ലാം നിരാസമായിരുന്നു ഫലം. അതിന്റെ പഴി എഡിറ്റർമാരിൽ ചാരാൻ എനിക്ക് എന്തോ തോന്നിയില്ല. ഏതൊരു രാജ്യത്തെയും പോലെയല്ല ചൈന. മലയാള അക്ഷരം പതിപ്പിച്ച ഒരു പുസ്തകം കാണാൻപോലും അവിടെ യാതൊരു വഴിയുമില്ല. വായിക്കുമായിരുന്നെങ്കിലും എന്റെ വായനക്കും വലിയ പരിമിതികൾ ഉണ്ടായിരുന്നു.

കഥകൾ നിരസിക്കപ്പെടുന്നതിന്റെ കാരണം ആലോചിക്കവേ വേഗത്തിൽ മനസ്സിലാക്കാനായത് എന്റെ ഭാഷയും ശൈലിയും അവതരണവുമെല്ലാം ഔട്ട്ഡേറ്റഡ് ആയിട്ടുണ്ട് എന്നതായിരുന്നു. പഴയകാലഎഴുത്തുകാരെ പ്രധാനമായും വായിച്ച്, അതിൽതന്നെ കറങ്ങുകയായിരുന്നു ഏറെക്കാലം ഞാൻ. പിന്നെ പതിയെ പുതിയവരെയും വായിച്ചു. എഴുത്തിൽ കാലാനുസൃതമായി വന്ന മാറ്റങ്ങൾ മനസ്സിലാക്കി. അതെന്തെല്ലാം എന്ന് പഠിച്ചു. എഴുത്തിൽ അവ ക്ഷമയോടെ നടപ്പിലാക്കി. അയക്കുന്ന കഥകൾ സ്വീകരിക്കപ്പെടാൻ തുടങ്ങി. സർഗ്ഗാത്മകതയുള്ള ഒരു മനുഷ്യൻ കൃത്യമായി പഠിച്ചുചെയ്യേണ്ട ഒരു ‘ഡോക്യൂമെന്റെഷൻ’ ആണ് കഥയെഴുത്ത് എന്ന പക്ഷക്കാരിയാണ് ഞാൻ.

രാഷ്ട്രീയസന്നിവേശം കഥകളിൽ ഉണ്ടാകുന്നില്ല എന്നത് ഒരു കുറ്റമായി പറയുക വയ്യ. അത് എല്ലാവരെക്കൊണ്ടും സാധിക്കുന്ന ഒന്നല്ല എന്നതുതന്നെ കാരണം. നേരെമറിച്ച്, കഠിനമായ എഡിറ്റിംഗും, പുനർവായനകളും, നിരന്തരമായുള്ള മാറ്റിയെഴുതലുകളും ആവശ്യമായ ഒന്നാണ് കഥയെഴുത്ത്. നല്ല കഥയുടെ പല മാനദണ്ഡങ്ങളിൽ ഒന്നുമാത്രമാണ് കൃത്യമായ ആശയം ഉണ്ടായിരിക്കുക എന്നത്. ഒരു ചെടിയ്ക്ക് നിലയുറപ്പിക്കാൻ വെറുതെ കുറച്ച് മണ്ണ് ചുറ്റും ഇട്ടുകൊടുത്താൽ മാത്രം പോരല്ലോ. ദൃഢമാക്കി നിർത്താൻ വേരും, വശങ്ങളെ തൊടാൻതക്ക കമ്പുകളും ഇലകളും എല്ലാം വേണം. എല്ലാ നിലക്കും പൂർണമായ ഒന്നിൽ മാത്രമേ സൗന്ദര്യം ദർശിക്കാനാവൂ.

എന്തിനാണ് എഴുത്തിൽ പെണ്ണെഴുത്തെന്നും ദളിതെഴുത്തെന്നും ഉള്ള ലേബലുകൾഅത്തരം ലേബലുകളുടെ രാഷ്ട്രീയത്തോട് യോജിക്കുന്നുണ്ടോസ്ത്രീകൾ അവനവനെക്കുറിച്ചും പെണ്ണത്തത്തെക്കുറിച്ചും കൂടുതൽ എഴുതുകയും ലോകത്തെ കാണാതെപോവുകയും ചെയ്യുന്നു എന്നത് ഒരു വിതണ്ഡവാദമായി ഗണിക്കുന്നുണ്ടോഎങ്ങനെ പ്രതികരിക്കുന്നു?

എഴുത്തിന് ജെൻഡർ കൽപ്പിക്കേണ്ടതിന്റെ ആവശ്യകത ഒരിക്കലും എനിക്ക് മനസ്സിലായിട്ടില്ല.  സർഗ്ഗാത്മകത ഉള്ള ആർക്കും കഥകളോ കവിതകളോ എഴുതാം. വ്യക്തിയെ നോക്കാതെ എഴുതിയതിനെ മാത്രം നോക്കി വിലയിരുത്താൻ മലയാളികൾക്ക് ഇപ്പോഴും സാധിക്കില്ല. അതുകൊണ്ടാണ് സ്ത്രീകൾ എന്തെഴുതിയാലും അത് അവരുടെ അനുഭവം ആണെന്ന് കരുതിപ്പോരുന്ന ഒരു കൂട്ടർ ഇപ്പോഴും ഇവിടെയുള്ളത്.

സ്‌ത്രീയെഴുത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കേരളത്തിലെ പുരുഷന്മാരെ പോലെ സകലസ്വാതന്ത്ര്യവും ജീവിതത്തിൽ ലഭ്യമായവരല്ല മിക്ക സ്ത്രീകളും. കുടുംബം എന്ന സംവിധാനത്തിന്റെ  അധിപയായി മാറിയത് സ്വയമറിയാതെ അവൾ വാഴുന്നു. അതിനിടയിൽ ജോലിക്ക് പോകുന്നു. സമ്പാദിക്കുന്നു. കൈയൊഴിയാനായി എന്തെങ്കിലും ഉണ്ടോ എന്ന ചോദ്യം മനസ്സ് വെറുതെ ഒന്ന് മുന്നോട്ടു വെക്കേണ്ട താമസം, തന്റെ സർഗ്ഗാത്മകതയെ അവൾ ഉത്തരമായി നൽകും. പുരുഷൻ പക്ഷേ ജോലിയും എഴുത്തും സുന്ദരമായി ഒന്നിച്ചു കൊണ്ടുപോകും.

ഇവിടെ സ്വസ്ഥമായി ഇരുന്ന് എഴുതാൻ ഒരു മേശയോ മുറിയോ പോലും ഇല്ലാത്ത സ്ത്രീകളാണ് അധികവും. ഓരോന്ന് എഴുതാനും അവർ കഷ്ടപ്പെട്ട് സമയം കണ്ടെത്തുന്നു; അങ്ങേയറ്റം വരെ സമരം ചെയ്തിട്ട്. എന്നിട്ട് സകല തടസ്സങ്ങളെയും ഭേദിച്ച് എഴുത്തു ലോകത്ത് സ്ഥിരത നേടുന്നു. അത്തരക്കാരെ അല്ലെങ്കിൽ അവരുടെ എഴുത്തിനെ പെണ്ണെഴുത്ത് എന്ന ലേബലിൽതന്നെ അറിയപ്പെടുകയാണ് വേണ്ടത്.

അസാമാന്യപ്രതിഭയായിരുന്ന മാധവിക്കുട്ടിയുടെ ഫിക്ഷനെഴുത്താണ് ‘‘എന്റെ കഥ’’ എന്ന് ഞാൻ വിചാരിക്കുന്നു. പക്ഷെ അതല്ല എന്ന് വിശ്വസിക്കുന്ന ഭൂരിഭാഗം ഇവിടെ ഉള്ളതുകൊണ്ടാണ് ഞെട്ടിക്കുന്ന രീതിയിലുള്ള പുസ്തകത്തിലെ സംഭവങ്ങൾ ഇന്നും കൊണ്ടാടപ്പെടുന്നത്. അടുക്കളയും ആറും തോടും ഒക്കെ പറഞ്ഞ് കഥകളെഴുതിയ പെണ്ണുങ്ങളുടെ കാലമെല്ലാം എന്നേ ഇവിടെ കഴിഞ്ഞിരിക്കുന്നു. സ്ത്രീകൾ എത്രമാത്രം അനുഭവസമ്പത്തുള്ളവരാണെന്ന് അറിയാൻ അടുത്തിടെയിറങ്ങിയ സോണിയ ചെറിയാന്റെ പുസ്തകം മാത്രം വായിച്ചാൽ മതിയാവും. ഭാവനയ്ക്ക് സഞ്ചരിക്കാൻ അല്ലെങ്കിലും പാസ്സ്പോർടും വീസയും ഒന്നും വേണ്ടല്ലോ. മുൻപായാലും ശരി, അന്യദേശങ്ങളിൽ പോയി നേരിട്ടനുഭവിച്ചിട്ടല്ലല്ലോ സ്ത്രീകൾ ആ നാട്ടുകാരെപ്പറ്റി എഴുതിയത്!

മതാധിഷ്ടിതമായതുംഫാസിസസ്വഭാവമുള്ളതുമായ കക്ഷിരാഷ്ട്രീയത്തോട് ഫർസാന എപ്പോഴും സ്വന്തം വിമുഖത തുറന്ന് പ്രകടിപ്പിച്ചിട്ടുണ്ട്ഫർസാനയുടെ രാഷ്ട്രീയമെന്താണ്?

മനുഷ്യത്വമല്ലാതെ മറ്റൊന്നുമല്ല എന്റെ രാഷ്ട്രീയം. ജീവിതത്തിന്റെ ഏതൊരു മേഖലയിലും യാതൊരു തരത്തിലുമുള്ള വർഗ്ഗീകരണവും നടക്കരുതെന്ന് തീവ്രമായി ആഗ്രഹിക്കുന്നുമുണ്ട്. ജനങ്ങൾക്ക് പരമാധികാരമുള്ള ഇന്ത്യയിൽ പക്ഷെ എല്ലാ രീതിയിലുമുള്ള വിഭാഗീയതയും സ്പഷ്ടമാണ്. ഏറ്റവും നികൃഷ്ടമായാണ് ജനങ്ങൾ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നത്. അറിയാമല്ലോ,ന്യൂനപക്ഷ വിഭാഗത്തിലെ ആൾക്കാർതന്നെയാണ് എക്കാലത്തെയും മുഖ്യ ഇരകൾ. ഈ രാജ്യത്ത് ജീവിക്കാൻ യാതൊരു അർഹതയുമില്ലെന്ന ചില മനുഷ്യരെ ക്രൂശിക്കുമ്പോൾ എങ്ങനെ മിണ്ടാതെ നിൽക്കാനാവും?

മതങ്ങളുടെ സ്ഥിതിയും മറിച്ചല്ല. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു ദൈവ വിശ്വാസിയാണ് ഞാൻ. അപ്പോഴും പുരോഹിതക്കൂട്ടങ്ങൾ ഇവിടെ സ്ത്രീകളെ തളയ്ക്കാനുള്ള മാർഗങ്ങൾക്കായി വക്രബുദ്ധി ഉപയോഗിക്കുന്നത് യാതൊരു നിലക്കും കണ്ടുനിൽക്കാനാവുന്ന ഒന്നല്ല. ലോകം മുന്നോട്ടേക്ക് കുതിക്കുമ്പോൾ ഇന്ത്യയിൽ എല്ലാം തിരിച്ചാണ് സംഭവിക്കുന്നത് എന്നത് നിരാശപ്പെടുത്തുന്ന വസ്തുതയാണ്.

വായനക്കാരനെമുന്നിൽകണ്ടുകൊണ്ട് എഴുതുന്ന പ്രവണത നല്ലതാണോവായനക്കാരന് ഇത്രമതിഅല്ലെങ്കിൽ ഇതാണ് തന്റെവായനക്കാരന് വേണ്ടത് എന്ന തരത്തിലുള്ള മുൻധാരണ വായനക്കാരനെ കുറച്ചുകാണാനും എഴുത്തിൽ നിലവാരത്തകർച്ച വരുത്താനും ഇടയാക്കും എന്ന് കരുതുന്നുണ്ടോഎന്താണ് ഫർസാനയുടെ നിരീക്ഷണങ്ങൾ?

എഴുതുന്ന ആൾതന്നെയാണ് ആദ്യമായി വായിക്കുന്ന ആളും. സ്വയം സംതൃപ്തിയടയുക എന്നതാണ് എഴുത്തിലൂടെ എൻറെ ഉന്നം. ഇന്ന തരം വായനക്കാരാണുള്ളത്, അവർക്കുവേണ്ടിയാണ് എഴുതുന്നത് എന്നെല്ലാം ചിന്തിക്കുന്ന എഴുത്തുകാർ ഉണ്ടോ? എനിക്കറിയില്ല.

എന്റെ പരിശ്രമത്തിന്റെ പരമാവധി ഉൾക്കൊള്ളിച്ചാണ് ഓരോ കഥകളും രൂപപ്പെടുത്തിയിട്ടുള്ളത്. ആദ്യ ഡ്രാഫ്റ്റ് തയാറാക്കിയ ശേഷം, ഒരു വായനക്കാരി എന്നനിലയിൽ മാത്രം കഥയെ സമീപിക്കാൻ അല്പദിവസം അത് വായിക്കാതിരിക്കും. മാനസികമായി കഥാപാത്രങ്ങളിൽനിന്ന് അകന്നു എന്നുറപ്പായാൽ എന്നിലെ വായനക്കാരി ഉണർന്നു പ്രവർത്തിക്കും.. മറ്റാരുടേതോ വായിക്കുന്നു എന്നപോലെ ആ കഥ വായിക്കാനാവും. അതിലെ ന്യൂനതകളും മികവുകളും കാണാനാവും. അങ്ങനെ മടുപ്പില്ലാതെ തിരുത്തലുകൾ നടത്തി മാത്രമേ എന്നും എഴുതിയിട്ടുള്ളൂ. വായനക്കാരെ ഒരിക്കലും കുറച്ചുകണ്ടിട്ടില്ല. അതിനാൽതന്നെ ഏറ്റവും നല്ലത് മാത്രമേ അവർക്ക് നൽകാവൂ എന്ന അത്യാഗ്രഹവും നല്ല പോലെയുണ്ട്.

കാലാകാലങ്ങളിൽ സിനിമകളും കോമഡി ഷോകളും തീർത്തുവെച്ച വികലമായ ഫെമിനിസമാണ് യഥാർത്ഥഫെമിനിസമെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന വലിയൊരു വിഭാഗമുള്ള വിചിത്രസമൂഹമാണ് മലയാളികൾഫർസാനയുടെ ഫെമിനിസകാഴ്ചപ്പാടുകൾ എന്താണ്?

വ്യത്യസ്തലിംഗങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ സമൂഹം. അവിടെ ഓരോ ലിംഗത്തിനുമായി ചില വിവേചനങ്ങൾ നമ്മൾ കൽപ്പിച്ചുകൊടുത്തിട്ടുണ്ട്. അത് കാലക്രമേണ അസമത്വങ്ങൾക്കു വഴിമാറുകയുണ്ടായി. ഇത്തരം പ്രവണതകൾ ഇല്ലാതാക്കി, എല്ലാവരെയും സമത്വത്തിലേക്ക് നയിക്കാനുള്ള രാഷ്ട്രീയബോധമാണ് ഫെമിനിസം എന്ന് വേണമെങ്കിൽ പറയാം. പക്ഷേ യഥാർത്ഥ ഫെമിനിസം മനസ്സിലാക്കി പെരുമാറുന്നവർ തുലോം കുറവ് എന്നുപറയേണ്ടിവരും. സ്ത്രീകൾക്ക് രാത്രി പുറത്തേക്ക് ഇറങ്ങാൻ പറ്റാത്തതിനെക്കുറിച്ചും, കുട്ടികളെ എന്തുകൊണ്ട് ഭർത്താക്കന്മാർക്ക് പരിപാലിച്ചു കൂട എന്നതിനെപ്പറ്റിയും ആകുലപ്പെടുന്ന ‘ഫെമിനിസ്റ്റുകൾക്ക്’ യാതൊരു പഞ്ഞവുമില്ല ഇന്നും.

എന്നെ സംബന്ധിച്ചിടത്തോളം ഫെമിനിസം എന്നാൽ മാനസികമായുള്ള ഒരു ഐക്യപ്പെടലാണ്. ആഗ്രഹിക്കുന്ന അല്ലെങ്കിൽ മനസ്സിൽ സ്വപ്നം കാണുന്ന ഒരു ജീവിതം അടിസ്ഥാനപരമായി എല്ലാവർക്കും ലഭിക്കുക എന്നതാണ്. ഉദാഹരണത്തിന്, അടുക്കള ജോലി ഒട്ടുമേ ഇഷ്ടമില്ലാത്ത സ്ത്രീകൾ കാണും. പാചകം എന്നത് മാനസികമായി സമ്മർദ്ദമുണ്ടാക്കുന്ന ഒന്നാവും അത്തരക്കാർക്ക്. അങ്ങനെയുള്ളവർ പാചകം ചെയ്യേണ്ടിവരുന്ന അവസ്ഥ വരാതിരിക്കുക, ആ നേരം കുടുംബത്തിന്റെ മറ്റെന്തെങ്കിലും കാര്യത്തിൽ ഇടപെടുക. പകരം കൂടെയുള്ള പങ്കാളി സന്തോഷത്തോടെ അടുക്കളയിലെ കടമ ചെയ്യുക. ഇത്തരം ഒരു സ്ഥിതി സാധാരണകാഴ്ചയാവുക എന്നതാണ് ഏറ്റവും എളിയ ഉദാഹരണം.

വിമർശനങ്ങൾ കേട്ടാൽ ഉറഞ്ഞുതുള്ളുകയുംസഹതാപമോ അധിക്ഷേപമോ നടത്തി വിമർശകന്റെ വായടപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അസഹിഷ്ണുത പല പുത്തൻ എഴുത്തുകാരിലുമുണ്ട്ഫർസാന വിമർശനങ്ങളെ എങ്ങനെയാണ് ഉൾക്കൊള്ളുന്നത്?

എഴുതിയതിനെകുറിച്ച് നല്ലത് കേൾക്കാൻ തന്നെയാണ് ഞാനടക്കം എല്ലാവരും താൽപര്യപ്പെടുന്നത്. പക്ഷെ നമ്മുടെ താല്പര്യമനുസരിച്ച് പ്രവർത്തിക്കാനുള്ളവരല്ല വായനക്കാർ എന്ന ബോധം അടിസ്ഥാനപരമായി ഉള്ളിൽ ഉണ്ടാവുകയും വേണം. വ്യത്യസ്തമായിരിക്കും ഒരോരുത്തരുടേയും അഭിപ്രായം. വ്യക്തിപരമായി അധിക്ഷേപിക്കുന്നതല്ല, രചനയെ മാത്രമാണ് വിലയിരുത്തുന്നത് എന്ന് ബോധ്യപ്പെട്ടാൽ ഏതു വിമർശനത്തെയും പോസിറ്റീവായി കാണാമെന്നതാണ് എന്റെ പക്ഷം. ഗുണദോഷങ്ങൾ നല്ല വായനക്കാരിൽനിന്നും വിമർശകരിൽനിന്നും അറിഞ്ഞിട്ടുകൂടിയാകണം എഴുത്തുകാർ മുന്നോട്ടേക്ക്  പോകേണ്ടത്. വായിക്കുന്നവരെ പാടേ തഴഞ്ഞ് ആർക്കും ഇവിടെ നിലനിൽക്കാൻ സാധ്യമല്ലല്ലോ.

എഴുത്തുകാർക്ക് അയിത്തമുള്ള വിഷയങ്ങളുണ്ടെന്നും അതുപോലെ എഴുത്തിലും ആവിഷ്ക്കാരസ്വാതന്ത്ര്യത്തിലും അദൃശ്യമായ  സെൻസർഷിപ്പുകൾ നിലവിലുണ്ടെന്നും കരുതുന്നുണ്ടോ?

ഏതെങ്കിലും ഒരു വിഷയത്തിൽ അയിത്തമോ സെൻസർഷിപ്പോ വേണം എന്നത് എഴുത്തുകാർ സ്വയം തീരുമാനിച്ചാൽ അതിനെ മാനിക്കാം. പുറത്തുനിന്നുള്ളവർ അത്തരം തീർപ്പു കൽപ്പിക്കുന്നതിനോട് യോജിക്കാൻ വയ്യ. എനിക്ക് പരിമിതികളുള്ള ചില വിഷയങ്ങളുണ്ട്. അത്തരം വിഷയങ്ങളിൽ അധിഷ്ഠിതമായ കഥകൾ മനസ്സിൽ രൂപപ്പെട്ടാലും പരമാവധി എഴുതാതിരിക്കാനാവും ശ്രമം. ആ എഴുത്ത് ഏതെങ്കിലും ഒരു വിധത്തിൽ എനിക്ക് ദോഷകരമായി ഭവിച്ചേക്കാം എന്ന ബോധ്യമുള്ളതിനാൽ ആണ് അത്. വ്യക്‌തിപരമായി  ഇത്തരത്തിലുള്ള സ്വയം വിലക്കുകളെ ഞാൻ ഇഷ്ടപ്പെടുന്നുമുണ്ട്. അതെന്റെ മാത്രം വിഷയമാണ്.

ഫർസാനയുടെ പുതിയ എഴുത്തുപദ്ധതികൾ എന്തൊക്കെയാണ്?

യാതൊരു പദ്ധതിയും ഒരുക്കേണ്ടതില്ലാത്ത ഒരു മേഖലയാണ് എഴുത്തുജീവിതം എനിക്ക്.  എഴുതണമെന്ന തീവ്രകൊതി ഉണ്ടാവുമ്പോൾ മാത്രമേ എഴുതാറുള്ളൂ. അല്ലെങ്കിൽ എന്റെതായ വിചിത്രവും അല്ലാത്തതുമായ ഭാവനകളിൽ സ്വസ്ഥം അലയും. അപ്രതീക്ഷിതമായ രസങ്ങളിലാണല്ലോ ജീവിതത്തിന്റെ  ഭംഗി അത്രയും കിടക്കുന്നത്. ആ രസങ്ങൾ നുകരാനാണ് എപ്പോഴും കാത്തിരിപ്പ്. ഒരു നോവൽ എഴുതുമെന്നോ സ്വന്തമായി ഒരു കഥാപുസ്തകമോ ഓർമ്മപ്പുസ്തകമോ പ്രസിദ്ധീകരിക്കപ്പെട്ടേക്കുമെന്നോ വെറുതെ പോലും ഒരിക്കലും വിചാരിച്ചതല്ല. പദ്ധതികളുടെ പിൻബലമില്ലാത്തതിനാൽ സമ്മർദമില്ലാതെ അവയെല്ലാം അങ്ങ് സംഭവിച്ചു. അതുപോലെതന്നെ ഇനിയും. യാതൊരു പദ്ധതിയുമില്ല എന്ന പദ്ധതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

ഫര്‍സാനയുടെ ‘ഖയാല്‍’ എന്ന ഓര്‍മ്മപ്പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

ഡി സി/കറന്റ് പുസ്തകശാലകളിലും പുസ്തകം ലഭ്യമാണ്

Comments are closed.