ആരോഗ്യത്തിനും ജീവിത സൗഖ്യത്തിനുമായി പൗരാണിക ഭാരതം വരദാനമായി പകർന്നു നൽകിയ അറിവാണ് യോഗ!
ശബ്ന ശശിധരൻ
ജൂൺ 21 നാം ഏവരും അന്താരാഷ്ട്ര യോഗാദിനമായി ആചരിച്ചു വരുമ്പോൾ അതിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടം എന്ത് കൊണ്ടും അവസരോചിതമാണ് .ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി 2014 സെപ്റ്റംബർ 27 നു ഐക്യരാഷ്ട്ര സഭയുടെ അറുപത്തിയൊമ്പതാം സമ്മേളനത്തിൽ പങ്കെടുക്കുമ്പോൾ മുൻപോട്ടു വെച്ച ഒരാശയമാണ് ” ലോകത്തിനു മുഴുവൻ ഗുണകരമാവുന്ന തരത്തിൽ യോഗയ്ക്കായി ഒരു അന്താരാഷ്ട്ര ദിനം വേണം എന്നത് “അദ്ദേഹം ഉന്നയിച്ച ഈ ആശയമാണ് പിന്നീട് അന്താരാഷ്ട്ര യോഗാദിനമായി പരിണമിച്ചത് . ഐക്യരാഷ്ട്ര സഭയിൽ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് അദ്ദേഹത്തിന്റെ ഈ നിർദ്ദേശം അംഗീകരിക്കപ്പെട്ടത് .
മനുഷ്യരാശിയുടെ ആരോഗ്യത്തിനും നല്ല ജീവിതത്തിനും പ്രയോജനകരമാകുന്ന സമഗ്രമായ കർമ്മ പദ്ധതിയാണ് യോഗ, എന്ന് അംഗീകരിച്ചുകൊണ്ട് 193 അംഗ രാഷ്ട്രങ്ങൾ ഉള്ള ഐക്യരാഷ്ട്ര സഭയിൽ 177 രാഷ്ട്രങ്ങളുടെ പിന്തുണയോടെ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാൻ തുടങ്ങി. അതോടൊപ്പം തന്നെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർക്ക് യോഗയുടെ ആരോഗ്യ പദ്ധതിയിലൂടെ രോഗ ശാന്തിയും ജീവിത സമാധാനവും കൈവരിക്കാൻ കഴിയുമെന്നും നിരവധി ജീവിത ശൈലി രോഗങ്ങളെ ചെറുക്കൻ യോഗയിലൂടെ കഴിയുമെന്നും ഐക്യരാഷ്ട്ര സഭ അംഗീകരിച്ചു .
ആരോഗ്യത്തിനും ജീവിത സൗഖ്യത്തിനുമായി പൗരാണിക ഭാരതം വരദാനമായി പകർന്നു നൽകിയ അറിവാണ് യോഗ. മനസ്സിനെ കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിനും , മാനസിക പിരിമുറുക്കങ്ങളിൽ നിന്നും രക്ഷ നേടുന്നതിനും യോഗ ഉത്തമമാണെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ലോകവ്യാപകമായി ഇന്ന് ഏകദേശം അഞ്ചു ദശ ലക്ഷത്തോളം ആളുകൾ യോഗ പരിശീലിക്കുന്നുണ്ട് . ജാതി ,മതം, വർഗ്ഗം,സംസ്ക്കാരം ഇവയെല്ലാം മറികടന്നു എല്ലാവരും ഒറ്റകെട്ടായി യോഗ അഭ്യസിക്കുകയും ,യോഗയുടെ ഗുണഫലങ്ങൾ അവരിലേക്ക് എത്തുകയും ചെയ്യുന്നു .ഇത് വരെ ജീവിതത്തിൽ യോഗ അഭ്യസിക്കാത്തവർ ഒരിക്കലെങ്കിലും യോഗയെ അടുത്തറിയാൻ ശ്രമിക്കണം.അതിൽ നിന്നും ലഭിക്കുന്ന സന്തോഷവും സമൃദ്ധിയും മനസ്സിനു കുളിർമ പകരുന്നതാണ് .അക്രമ രഹിതവും ,ഹിംസാ വിമുക്തവും കരുണാത്മകവുമായ ഒരു സമൂഹത്തെ വിഭാവനം ചെയ്യുവാൻ യോഗയും ഒരു പാത്രമാവട്ടെ .
യോഗ പരിശീലിക്കുന്നതിലൂടെ ആന്തരിക ശാന്തി അനുഭവിച്ചവർക്ക് അന്താരാഷ്ട്ര യോഗ ദിനം പ്രധാനമാണ് .ഒരു സമ്പൂർണ്ണ ശാസ്ത്രമായ യോഗയെ ഒരിക്കലും ശാരീരിക വ്യായാമമായോ ആസനമായോ മാത്രമായി കാണരുത് .അത് നമ്മുടെ ശരീരം, മനസ്സ് , ആത്മാവ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നു.അതോടൊപ്പം പ്രാപഞ്ചിക ഊർജ്ജവുമായി ബന്ധിപ്പിക്കുന്നു.ഓരോ വ്യക്തിക്കും ആവശ്യം വേണ്ട ഊർജ്ജം നൽകി ,ശാന്തിയും സമാധാനവും യോഗയിലൂടെ പ്രധാനം ചെയ്യുകയും അവരുടെ പെരുമാറ്റത്തിലും ചിന്താരീതികളിലും മനോഭാവത്തിലും മാറ്റം വരുത്തിക്കൊണ്ടു സമഗ്ര പരിവർത്തനമാണ് യോഗയിലൂടെ സാധ്യമാകുന്നത് .യോഗയുടെ ലക്ഷ്യം ദുഃഖം വരുന്നതിനു മുൻപ് തന്നെ അത് തടയുകയാണ്, എന്ന് യോഗയുടെ പ്രയോക്താവായ പതഞ്‌ജലി പറയുന്നു.അത്യാർത്തിയോ,അസൂയയോ, കോപമോ ,വെറുപ്പോ,നിരാശയോ ,എന്ത് തന്നെയായാലും അവയെ ശമിപ്പിക്കാനും വഴിത്തിരിച്ചു വിടാനും യോഗയിലൂടെ സാധിക്കും .
ലോകം കോവിഡുമായി മല്ലടിക്കുന്ന ഈ സമയത്താണ് ഏഴാമത്തെ അന്താരാഷ്ട്ര യോഗ ദിനം വരുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഡിജിറ്റല്‍ ഇടത്തില്‍ കണ്ടുകൊണ്ടിരിക്കുന്ന ഇരമ്പല്‍ യോഗയ്ക്കുള്ള ആവേശം മഹാമാരി കുറച്ചതായി തോന്നുന്നില്ല. അന്തര്‍ദ്ദേശീയ യോഗാ ദിനം (ഐഡിവൈ) വരെ സംഘടിപ്പിച്ച വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ഒരാളുടെ മൊത്തത്തിലുള്ള ക്ഷേമത്തില്‍ യോഗയുടെ പ്രധാന പങ്ക് ഐഡിവൈ നോഡല്‍ മന്ത്രാലയമായ ആയുഷ് മന്ത്രാലയം ഉയര്‍ത്തിക്കാട്ടി. ഐഡിവൈ 2021 ന്റെ പ്രധാനവിഷയം ”യോഗ സൗഖ്യത്തിന്” എന്നതാണ്. മഹാമാരി കാരണം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും മന്ത്രാലയം ഏടെുത്ത നിരവധി ഡിജിറ്റല്‍ സംരംഭങ്ങളും മറ്റ് 1000 ഓളം ഓഹരി പങ്കാളിത്ത സ്ഥാപനങ്ങളും യോഗ പരിശീലനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി. ജൂണ്‍ 21 വരെ വിദേശ രാജ്യങ്ങളിലെ മിഷനുകള്‍ അതത് രാജ്യങ്ങളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.റിപ്പോര്‍ട്ടുകള്‍ പ്രകാരം ആഗോളതലത്തില്‍ 190 ഓളം രാജ്യങ്ങളില്‍ യോഗാ ദിനം ആചരിക്കും.
ശാസ്ത്രം ഉള്ളതിനെ ക്രമാനുഗതവും യുക്തി സഹവുമായി മനസ്സിലാക്കുന്നു. ആ അർത്ഥത്തിൽ യോഗ ഒരു ശാസ്ത്രമാണ് , ക്രമാനുഗതമാണ് ‘ ഇതെന്താണ് എന്നറിയുന്നതാണ് ശാസ്ത്രം ‘. ഞാൻ ആരാണെന്നു അറിയുന്നത് ആത്മീയത ,എന്നാൽ രണ്ടും ശാസ്ത്രമാണ് .അതുകൊണ്ടു തന്നെ യാതൊരു വിധ സംശയവും കൂടാതെ പറയാം “യോഗ ശാസ്ത്രമാണെന്ന് “. ഈ അന്താരാഷ്ട്ര യോഗ ദിനത്തിൽ കോവിഡ് മുക്തവും സമാധാനപരവുമായ ഒരു നല്ല ഭാവിയെ സ്വപ്നം കാണുകയാണ് ഭാരതം.
Comments are closed.