അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനം
എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്‍പതിന് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നു. 2003-ല്‍ ചേര്‍ന്ന ഐക്യരാഷ്ട്രസംഘടനയുടെ കണ്‍വെന്‍ഷനിലാണ് അഴിമതിയ്‌ക്കെതിരെ സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തണം എന്ന ലക്ഷ്യത്തോടെ ഈ ദിനം അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. അഴിമതി വളരെ ഗൗരവകരമായ ഒരു കുറ്റകൃത്യമാണെന്നും അത് സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന വിപത്താണെന്നും കണ്‍വെഷനില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സമൂഹത്തിന്റെ സുരക്ഷിതത്വത്തെ പോലും ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ അഴിമതിയിലൂടെ ഉണ്ടാകുന്നു. അഴിമതി നടത്തി പണം സമ്പാദിക്കുന്നത് സാമൂഹികവിരുദ്ധവും ജനാധിപത്യവിരുദ്ധവും ദേശവിരുദ്ധവുമാണെന്ന ബോധ്യം എല്ലാവരിലും ഉണ്ടായെങ്കില്‍ മാത്രമേ സമൂഹത്തെ കാര്‍ന്നു തിന്നുന്ന ഈ അര്‍ബുദത്തെ നമുക്ക് തുടച്ചുനീക്കാനാവൂ…അത്തരത്തിലൊരു ഓര്‍മ്മപ്പെടുത്തലാകട്ടെ ഈ ദിനം.