DCBOOKS
Malayalam News Literature Website

പാശ്ചാത്യ സാഹിത്യത്തെ മലയാളത്തിന് പരിചയപ്പെടുത്തിയത് കേസരി

പാശ്ചാത്യസാഹിത്യ സങ്കല്പ ചിന്തകള്‍ മലയാളിക്ക് പരിചയപ്പെടുത്തിയത് കേസരി ബാലകൃഷ്ണപിള്ളയായിരുന്നുവെന്ന് സാംസ്‌കാരിക വിമര്‍ശകനും സാഹിത്യ പണ്ഡിതനുമായ സുനില്‍ പി.ഇളയിടം. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘കേരളീയചിന്തയിലെ കലാപകാരികള്‍-കേസരി ബാലകൃഷ്ണപിള്ള’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാശ്ചാത്യ സാഹിത്യത്തെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്ത കേസരി, വൈദേശിക സാഹിത്യത്തെയും ദേശീയത പോലെയുള്ള ചിന്തയിലേക്കും കേരളത്തെ നയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ‘ഞാന്‍ ജീവിക്കുന്ന കാലത്ത് ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ മരിച്ച് മൂന്നു വ്യാഴവട്ടം കഴിഞ്ഞപ്പോള്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങും. അരനൂറ്റാണ്ട് കഴിഞ്ഞാല്‍ ഞാന്‍ അതിപ്രസിദ്ധമാകും’ എന്ന് കേസരി തന്റെ ജീവചരിത്രത്തില്‍ പറഞ്ഞത് അരനൂറ്റാണ്ട് കഴിഞ്ഞപ്പോള്‍ പ്രാവര്‍ത്തികമായി എന്ന് സുനില്‍ പി.ഇളയിടം പറഞ്ഞു. കേസരി സാഹിത്യനിരൂപണത്തിന്റെ മാത്രം ഭാഗമല്ല, മറിച്ച് നിരൂപണം പില്ക്കാലത്ത് എങ്ങനെയാവണം എന്ന് മലയാളിയെ പഠിപ്പിച്ച ഒരു വ്യക്തിത്വമാണെന്ന് രാജേന്ദ്രന്‍ എടത്തുംകര അഭിപ്രായപ്പെട്ടു.

ദേശീയതയുടെ വക്താവായിരുന്നില്ല, മറിച്ച് സാര്‍വ്വദേശീയതയുടെ വക്താവായിരുന്നു കേസരി ബാലകൃഷ്ണപിള്ള എന്ന് കവിയും നിരൂപകനുമായ കെ.വി സജയ് വേദിയില്‍ പറഞ്ഞു. അജിത് എം.എസ് ആയിരുന്നു ചര്‍ച്ചയുടെ മോഡറേറ്റര്‍.

Comments are closed.