ഇന്നസെന്റ്, നര്‍മ്മത്തിന്റെ ഇരിങ്ങാലക്കുട ചന്തം: സിദ്ധിഖ്
‘ഇന്നസെന്റിന്റെ ഓര്‍മ്മകളും ആലീസിന്റെ പാചകവും’ എന്ന പുസ്തകത്തിന് സംവിധായകൻ സിദ്ധിഖ് എഴുതിയ അവതാരികയിൽ നിന്നും
ഇന്നസെന്റിനെ എപ്പോള്‍ കാണുമ്പോഴും അദ്ദേഹത്തിന്റെ കയ്യില്‍ ഒരു പുതിയ കഥയുണ്ടാവും പറയാന്‍. അങ്ങനെയേ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. എന്നെ പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള, ഇരുത്തി ചിന്തിപ്പിച്ചിട്ടുള്ള ഈ കഥകളെല്ലാം തന്നെ അദ്ദേഹത്തിന്റെ സ്വന്തം ജീവിതാനുഭവങ്ങളാണെന്നുള്ളതാണ് ഏറ്റവും രസകരം. ഒരുപക്ഷേ, ഇന്നസെന്റേട്ടനോട് എഴുതണമെന്നും, അദ്ദേഹത്തില്‍ ഒരു എഴുത്തുകാരനുണ്ട് എന്നും ആദ്യം പറഞ്ഞിട്ടുള്ള ആള്‍ ഈ ഞാന്‍ തന്നെയായിരിക്കും. അതുകേട്ട് ഇന്നസെന്റേട്ടന്‍ ചിരിച്ചു. എഴുത്തുകാരനോ? ഞാനോ? എന്ന മട്ടില്‍. ചേട്ടന്‍ പലപ്പോഴായി എന്നോടു പറഞ്ഞിട്ടുള്ള കഥകളെല്ലാം എന്നോടു പറഞ്ഞതുപോലെതന്നെ എഴുതിയാല്‍ മതി. ഞാന്‍ പറഞ്ഞു. അത്രയ്ക്ക് കൃത്യവും ഹൃദ്യവുമാണ്, അദ്ദേഹത്തിന്റെ വിവരണങ്ങള്‍. ഇപ്പോള്‍ ഇന്നസെന്റേട്ടന്‍ എഴുതിയ ‘ഇന്നസെന്റിന്റെ ഓര്‍മ്മകളും ആലീസിന്റെ പാചകവും’ നമ്മളെ പൊട്ടിച്ചിരിപ്പിക്കുകയും പലയിടത്തും കണ്ണുകളില്‍ നനവുപടര്‍ത്തുകയുമൊക്കെ ചെയ്യുന്നത് ഒരു എഴുത്തുകാരന്റെ ജന്മസിദ്ധമായ നിരീക്ഷണപാടവം അദ്ദേഹത്തില്‍ ഉള്ളതുകൊണ്ടുതന്നെയാണ്.
ഓര്‍മ്മ, കാഴ്ച, ശബ്ദം, ഗന്ധം എന്ന ആദ്യ അദ്ധ്യായത്തില്‍ അദ്ദേഹത്തിനു മൂന്നുവയസ്സുള്ളപ്പോള്‍ ഒരു സന്ധ്യയ്ക്ക് വീടിന്റെ ഇറയത്തിരുന്നുകൊണ്ട് പറമ്പിന്റെ അറ്റത്തൂടെ വരിവരിയായി പോകുന്ന കുറുക്കന്മാരെ കണ്ട ഓര്‍മ്മ വിവരിക്കുന്നുണ്ട്. അതാണ് ആദ്യത്തെ ഓര്‍മ്മചിത്രമായി അദ്ദേഹത്തിന്റെ മനസ്സില്‍ പതിഞ്ഞുകിടക്കുന്നതും. അതുപോലെ വീട്ടുമുറ്റത്തെ പ്ലാവിന്റെ കൊമ്പിലിരുന്നു ചേട്ടന്‍ സ്റ്റാന്‍സിലാവോസ് ‘ശാപ്പാട് ആയോ’ എന്നു വിളിച്ചുചോദിക്കുന്ന ശബ്ദമാണ് ഓര്‍മ്മയിലുള്ള ആദ്യ ശബ്ദമെന്നും, ചട്ടയും മുണ്ടുമണിഞ്ഞ് പള്ളിയില്‍ പോകാനൊരുങ്ങുന്ന അമ്മ മുണ്ടു ഞൊറിഞ്ഞുടുക്കുമ്പോള്‍ മുറിയില്‍ പടരുന്ന കുട്ടിക്കൂറാപൗഡറിന്റെ ഗന്ധമാണ് ആദ്യത്തെ ഓര്‍മ്മഗന്ധമെന്നും ഇന്നസെന്റേട്ടന്‍ ഓര്‍ത്തെടുക്കുമ്പോള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നത്, സ്വന്തം ഓര്‍മ്മകളുടെ തുടക്കം തേടിപ്പോകുന്ന അദ്ദേഹത്തിന്റെ സത്യസന്ധതയും കൂടിയാണ്.
ഈ സത്യസന്ധത പിന്നീടു വരുന്ന എല്ലാ അദ്ധ്യായങ്ങളിലും നമുക്കു വ്യക്തമായി അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. തന്റെ ബാല്യകാലസുഹൃത്തായ ചക്കച്ചാംപറമ്പില്‍ ജോയിയുടെ (ഫ്രണ്ട്‌സ് എന്ന സിനിമയില്‍ ശ്രീനിവാസന്റെ കഥാപാത്രത്തിന് ഈ പേരാണ് ഞാന്‍ കൊടുത്തത്) അപ്പന്‍ വാറപ്പേട്ടന്റെ വിശ്വാസം ഇന്നസെന്റിന്റെ കൂടെ നടന്നിട്ടാണ് തന്റെ മകന്‍ ജോയി ചീത്തയായത് എന്നായിരുന്നു. ജോയിയുടെ കൂടെ ജീവിച്ചിട്ടു വാറപ്പേട്ടന്‍ ചീത്തയാകുമോ എന്നാണ് എന്റെ പേടി എന്ന് ഇന്നസെന്റേട്ടന്‍ പറയുന്നതിന്റെ യുക്തിയും നര്‍മ്മവും ആസ്വദിച്ച വാറപ്പേട്ടന്‍, നീ പറഞ്ഞത് ശരിയാ എന്നു സമ്മതിക്കുമ്പോള്‍ നമ്മളും വാറപ്പേട്ടനെപ്പോലെ ചിന്തിച്ചിരിക്കും കുറച്ചു നേരം. അതാണ് ഇന്നസെന്റേട്ടന്റെ സ്വതഃസിദ്ധമായ നര്‍മ്മത്തിന്റെ യുക്തിയും ശക്തിയും.
തന്റെ വീടിനു മുറ്റത്തു വാഴക്കുലയുമായി വന്നു നില്‍ക്കുന്ന ‘അണ്ണാറക്കണ്ണന്‍ അയ്യപ്പന്‍ പഠിപ്പിച്ച പാഠം’ ഇന്നസെന്റേട്ടനോടൊപ്പം നമ്മളും ഓര്‍മ്മപാഠമാക്കുന്നത് ഇന്നു നമുക്കൊക്കെ നഷ്ടപ്പെട്ടുപോയ ആ പഴയകാലത്തിന്റെ നിഷ്‌കളങ്കതയുടെയും നന്മയുടെയും മനോഹരമായ ഓര്‍മ്മച്ചിത്രമായതുകൊണ്ടും കൂടിയാണ്.
ഈ ഓര്‍മ്മക്കുറിപ്പില്‍ എന്നെ ഏറ്റവുമധികം ചിരിപ്പിച്ചത് ‘കടുംകെട്ടിട്ട കര്‍ട്ടന്‍’ എന്ന അധ്യായമാണ്. കര്‍ട്ടന്‍ വീഴാതെയായപ്പോള്‍ വേദിയില്‍ ഒറ്റക്കാലില്‍ നൃത്തം അവസാനിപ്പിച്ച മാലിനി ഒറ്റക്കാലില്‍തന്നെ ചാടിച്ചാടി ബാക്ക് സ്റ്റേജിലേക്ക് പോയതും അന്നുണ്ടായ കൂവല്‍ അടുത്ത യുവജനോത്സവംവരെ നീണ്ടു എന്ന അതിശയോക്തിയും, എന്തിനാ മാലിനി അങ്ങനെ ചാടിച്ചാടിപ്പോയത് എന്നും, വെറുതെ നടന്നുപോയിരുന്നുവെങ്കില്‍പോലും സമ്മാനം കിട്ടുമായിരുന്നുവെന്ന ഓര്‍മ്മപ്പെടുത്തലിലും എല്ലാമുള്ളത് അദ്ദേഹത്തിന്റെ അപാരമായ നര്‍മ്മബോധത്തിന്റെ ഉദാഹരണങ്ങളാണ്.
ഒളിപ്പിച്ചുവച്ച പ്രോഗ്രസ് കാര്‍ഡ് ഗത്യന്തരമില്ലാതെ ഒടുവില്‍ അപ്പന്റെ ഒപ്പിനുവേണ്ടി പുറത്തെടുത്തപ്പോള്‍ അതില്‍ താനറിയാതെ അപ്പന്‍ ഒപ്പ് ഇട്ടുവച്ചിരിക്കുന്നതുകണ്ട ഇന്നസെന്റേട്ടനോടൊപ്പം നമ്മുടേയും കണ്ണു നിറയുന്നത് ആ സന്ദര്‍ഭത്തിന്റെ വൈകാരികതകൊണ്ടുമാത്രമല്ല, നിറകണ്ണുകളോടെ അപ്പനെ കാണാനോടിച്ചെല്ലുമ്പോള്‍ മരയഴിയിട്ട ജനലിനപ്പുറം കൈത്തണ്ട തലയിണയാക്കി നിഷ്‌കളങ്കമായി ഉറങ്ങുന്ന ആ അപ്പന്റെ ചിത്രം നമുക്കു മുന്നില്‍ വരച്ചു തരുന്ന ഈ കലാകാരന്റെ വാക്ചാതുര്യംകൊണ്ടും കൂടിയാണ്. ഇതാണ് എഴുത്തുകാരന്റെ മാന്ത്രികസ്പര്‍ശം എന്നാണ് എന്റെ പക്ഷം. അതു ദൈവം അനുഗൃഹീതനായ ഈ കലാകാരനിലും നിക്ഷേപിച്ചിട്ടുണ്ട് എന്നതിന്റെ തെളിവാണ് കാന്‍സര്‍ എന്ന മാരകരോഗത്തിന്റെ പിടിയിലും അദ്ദേഹം നമ്മെ പൊട്ടിച്ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒക്കെ ചെയ്യുന്നത്.
Comments are closed.