പി.കെ.ബാലകൃഷ്ണന്റെ പ്രശസ്തമായ കൃതി ‘ഇനി ഞാന്‍ ഉറങ്ങട്ടെ’
വ്യാസഭാരതത്തിലെ കഥയേയും സന്ദര്‍ഭങ്ങളേയും പാത്രങ്ങളേയും ഇതിഹാസത്തിന്റെ അതേ അന്തരീക്ഷത്തില്‍ നിലനിര്‍ത്തിക്കൊണ്ട് എഴുതപ്പെട്ട നോവലാണ് പി.കെ ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ. കര്‍ണ്ണന്റെ സമ്പൂര്‍ണ്ണകഥയാണ് ഈ കൃതിയുടെ പ്രധാന ഭാഗം. ദ്രൗപദിയെപ്പറ്റി സ്വകീയമായ ഒരു സമാന്തര കഥാസങ്കല്പം നടത്തി, ആ സങ്കല്പത്തിന്റെ നൂലിഴകളില്‍ കര്‍ണ്ണകഥാദളങ്ങള്‍ കൊരുത്തെടുത്തിരിക്കുന്നു. മഹാഭാരതകഥയല്ലാതെ നോവലിന് മൂന്നാമത് ഒരു മാനവും കൈവരുന്നുണ്ട്.
ഇതിഹാസത്തിന്റെ ശൈലീകൃതഭാഷയും ഭാവവും നിലനിര്‍ത്തുന്ന ഫ്ളാഷ് ബാക്കുകളും പ്രത്യക്ഷാഖ്യാനങ്ങളും ഇടവിട്ടു കൊരുത്തെടുത്തിട്ടുള്ള അതിന്റെ രൂപശില്പം അതിന്റേതുമാത്രമാണ്. ധൈഷണികവും ദാര്‍ശനികവുമായ പുതിയൊരു മാനം നല്കി പുനഃസൃഷ്ടി ചെയ്യപ്പെട്ട ദ്രൗപദിയുടെ വേദനിപ്പിക്കപ്പെട്ട ആത്മഗതങ്ങള്‍ കര്‍ണ്ണനാവുന്ന വടവൃക്ഷത്തിന്മേല്‍ ചുറ്റിപ്പടര്‍ന്നു വലയം ചെയ്തു വ്യര്‍ത്ഥതാബോധത്തിന്റേതും അന്യഥാത്വത്തിന്റേതുമായ രക്തപുഷ്പങ്ങള്‍ വിരിയിച്ചു നില്‍ക്കുന്ന അത്ഭുതദൃശ്യമാണ് ഇനി ഞാന്‍ ഉറങ്ങട്ടെ, മഹാദുരന്തത്തിന്റെ ഭേരീനാദത്തില്‍നിന്നാരംഭിക്കുന്ന നോവല്‍, പ്രാപഞ്ചിക ജീവിതത്തിന്റേയും ജീവിതവിഭ്രാന്തികളുടേയും അനിവാര്യതയാവുന്ന കറുത്ത സത്യത്തിന്റെ ദുഃഖശ്രുതിയിലൂടെ താഴോട്ടൊഴുകി ഏകാന്തമായ വ്യര്‍ത്ഥതാ ബോധത്തിന്റെ തണുത്തുറഞ്ഞ തമസ്സില്‍ നിദ്രയിലമരുമ്പോള്‍ ഇനി ഞാന്‍ ഉറങ്ങട്ടെ അനുവാചകന്റെ മനസില്‍ അവിസ്മരണീയമായ ഒരനുഭവമായി ശേഷിക്കുന്നു. അമ്മയായ ദ്രൗപദിയുടെ കുറ്റബോധത്തില്‍നിന്നും പ്രണയിനിയായ ദ്രൗപദിയുടെ ധര്‍മ്മരോഷത്തില്‍നിന്നും ഉദ്ഭവിച്ചു സ്ത്രീത്വത്തിന്റെയാകെ ദുഃഖമായും, വ്യര്‍ത്ഥത ബോധ്യപ്പെട്ട പ്രാപഞ്ചിക ജീവിതത്തിന്റെ ഗദ്ഗദമായും ഭാവം മാറുന്ന നോവലിന്റെ ആഖ്യാനപ്രവാഹം ഉത്കൃഷ്ടമായ ഭാവഗാനത്തിന്റെ ഉന്നതികളെ സ്പര്‍ശിക്കുകയും ചെയ്യുന്നു.
നോവലിന്റെ പ്രാരംഭത്തില്‍ നിന്ന്
“പാണ്ഡവശിബിരങ്ങളില്‍നിന്നുയരുന്ന ആര്‍പ്പുവിളിയും തമ്പേറടിയും ദിഗന്തങ്ങളില്‍ മുഴങ്ങി. പടയൊതുങ്ങി സങ്കേതത്തിലെത്തിയ സേനാനികളുടെ വിജയമദിരോല്‍സവം ഹിരണ്വതീനദിയുടെ മറുകരയിലുള്ള വനിതാനിലയങ്ങളിലേക്കു പരന്നൊഴുകി. തുള്ളിച്ചാടിക്കൊണ്ടിരുന്ന മാത്സ്യ-പാഞ്ചാല-വിരാട സേനാനികളുടെ കൈകളിലെരിഞ്ഞ പന്തങ്ങള്‍, നക്ഷത്രസഹസ്രങ്ങള്‍ ഭൂമിയിലിറങ്ങി വന്നു നൃത്തം ചെയ്യുന്ന പ്രതീതി ഉളവാക്കി. ശിബിരങ്ങളില്‍ കണ്ട ആ സ്വര്‍ഗീയ ദൃശ്യത്തോടു മത്സരിച്ചെന്ന പോലെ പുരന്ധ്രീഹര്‍മ്മ്യങ്ങളില്‍ മംഗളദീപങ്ങള്‍ നിരനിരയായി തെളിഞ്ഞു. ഭീമസേനന്‍ സുയോധനനെക്കൂടി വീഴ്ത്തിയെന്നും യുദ്ധം ആത്യന്തികമായി അവസാനിച്ചുവെന്നും ദൂതന്‍മാര്‍ പറഞ്ഞറിഞ്ഞ പാണ്ഡവപക്ഷത്തെ രാജവധൂടികള്‍ വിജയാചരണത്തിന് ഒരുക്കൂട്ടി ശലഭങ്ങളെ പോലെ പാറി നടന്നു. മൃതിപ്പെട്ട സ്വജനങ്ങളെയോര്‍ത്തു ദുഃഖിതകളായിരുന്ന രാജ്ഞിമാര്‍ പോലും സ്വപക്ഷത്തിനുണ്ടായ വിജയത്തില്‍ വേദന മറന്ന് സന്തോഷ പ്രകടനങ്ങളില്‍ ആമഗ്നരായി…”
1974-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1978-ല്‍ വയലാര്‍ രാമവര്‍മ്മ സാഹിത്യ അവാര്‍ഡും ലഭിച്ച ഇനി ഞാന്‍ ഉറങ്ങട്ടെ കാലത്തെ അതിജീവിക്കുന്ന പ്രമേയവും ആഖ്യാനമികവും കൊണ്ട് മലയാളത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന നോവലാണ്. ഇംഗ്ലീഷില്‍ നൗ ലെറ്റ് മീ സ്ലീപ് എന്ന പേരിലും തമിഴില്‍ ഇനി ഞാന്‍ ഉറങ്ങട്ടും എന്ന പേരിലും കന്നഡയില്‍ നാനിന്നു നിദ്രിസുവെ എന്ന പേരിലും ഈ നോവല്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതി ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.
Comments are closed.