DCBOOKS
Malayalam News Literature Website

ഇറ്റലിയിൽ നിന്നും ഒരു നരകവര്‍ണ്ണന, വായനക്കാരെ നിഗൂഢതകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന നോവല്‍! ഇന്‍ഫര്‍ണോ

ചരിത്രവും വസ്തുതകളും യാഥാര്‍ത്ഥ്യവും യഥോചിതം കലര്‍ന്ന, സത്യവും മിഥ്യയും വേര്‍തിരിച്ചെടുക്കാനാകാത്ത ഒരു മായികലോകത്തുനിന്നുകൊണ്ടാണ് ഡാന്‍ ബ്രൗണ്‍ തന്റെ നോവലുകള്‍ ആഖ്യാനം ചെയ്യുന്നത്. അത് പാരീസിലെ വിഖ്യാതമായ ലൂര്‍വ് മ്യൂസിയത്തിലെ ക്യൂറേറ്റര്‍ കൊല്ലപ്പെടുന്നതിനുമുന്നെ ഡാവിഞ്ചി ചിത്രങ്ങളിലൂടെ കുറിച്ചിട്ട കോഡുകള്‍ അഴിച്ചെടുത്ത് പ്രയറി, ഓപുസ് ദേയി തുടങ്ങിയ രഹസ്യസംഘടനകളുമായി ബന്ധപ്പെട്ട നിഗൂഢതകള്‍ വെളിപ്പെടുത്തുന്ന ഡാവിഞ്ചി കോഡ്, സേണിലെ പരീക്ഷണശാലയില്‍നിന്നും മോഷ്ടിക്കപ്പെട്ട ആന്റി മാറ്റര്‍ ഉപയോഗിച്ച് വത്തിക്കാനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇല്യുമിനാറ്റിയുടെ നിഗൂഢതകള്‍ വെളിപ്പെടുത്തുന്ന മാലാഖമാരും ചെകുത്താന്മാരും ഇവയ്ക്ക് ശേഷം വന്ന ദി ലോസ്റ്റ് സിംബലിലൂടെയും അദ്ദേഹത്തെ ലോകം മുഴുവനും സ്വീകരിക്കപ്പെട്ടു.  ‘ഡിവൈന്‍ കോമഡി’ എന്ന വിഖ്യാതകാവ്യകര്‍ത്താവായ ദാന്തെ അലിഗിയേറിയും ഡിവൈന്‍ കോമഡിയുടെ ഒരു കാണ്ഡമായ ഇന്‍ഫര്‍ണോയും ആണ് ഡാന്‍ ബ്രൗണ്‍ ഇന്‍ഫര്‍ണോയില്‍ നായകന് സൂചനകളുടെ കുരുക്കഴിക്കാന്‍ സഹായിക്കുന്നത്. പ്രതിനായകനാകട്ടെ ദാന്തെയുടെയും ഇന്‍ഫര്‍ണോയുടെയും കടുത്ത ആരാധകനും.

റോബര്‍ട് ലാങ്ഡണ്‍ ഒരു രാത്രി ഉറക്കമുണരുന്നത്, ഏതോ അപകടത്തില്‍പ്പെട്ടിട്ടെന്നപോലെ മുറിവുകളും തുന്നലുമൊക്കെയായി, ഇറ്റലിയിലെ ഫ്‌ലോറന്‍സില്‍ ഒരു ആശുപത്രിക്കിടക്കയിലായിരുന്നു. എപ്പോള്‍, എങ്ങിനെ, എന്ന്, എന്തിന് ഇറ്റലിയിലെത്തി എന്ന് ഒരു തരത്തിലും അദ്ദേഹത്തിന്റെ ഓര്‍മ്മയിലെത്തിയില്ല. താത്കാലികമായൊരു സ്മൃതിഭ്രംശത്തിലാണ് താനെന്നു തിരിച്ചറിയുമ്പോഴേക്കും ആരൊക്കെയോ തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ പ്രത്യക്ഷസൂചനകള്‍ ലാങ്ഡണ്‍ന്റെ മുന്നിലെത്തി.

Dan Brown-Infernoഅജ്ഞാതയായൊരു വനിതാ കൊലയാളിയാലും ഒരു അജ്ഞാതസംഘത്താലും പിന്തുടര്‍ന്ന് വേട്ടയാടപ്പെടുന്ന ലാങ്ഡണ് ഇതിനിടയില്‍ തന്റെ കോട്ടിന്റെ പോക്കറ്റില്‍നിന്നും ഒരു ജൈവായുധത്തിന്റെ ചിഹ്നത്തോടുകൂടിയ പ്രൊജക്ടര്‍ കിട്ടുന്നു. അതെങ്ങിനെ തന്റെ കൈയിലെത്തി എന്ന് ഓര്‍ത്തെടുക്കാന്‍ സാധിച്ചില്ലെങ്കിലും ആ പ്രൊജക്ടര്‍ വെളിപ്പെടുത്തിയത് ഇറ്റാലിയന്‍ ചിത്രകാരനായ സാന്‍ഡ്രാ ബോട്ടിച്ചെല്ലിയുടെ നരകത്തിന്റെ ഭൂപടമായിരുന്നു, ദാന്തെയുടെ വിഖ്യാതകാവ്യം ഇന്‍ഫര്‍ണോയിലെ നരകവര്‍ണ്ണനയില്‍നിന്നും പ്രചോദിതമായി രചിച്ച ചിത്രം. എന്താണ് ബോട്ടിച്ചെല്ലിയുടെ ചിത്രം സൂചിപ്പിക്കുന്നത് എന്നായിരുന്നു ആദ്യ ചോദ്യം. ആ ചിത്രം പരിശോധിക്കവെ അവര്‍ ഒരു കാര്യം തിരിച്ചറിഞ്ഞു, അത് പൂര്‍ണ്ണമായും ബോട്ടിച്ചെല്ലിയുടെ പെയിന്റിങ് അല്ല. ആ ചിത്രത്തില്‍ എന്തൊക്കെയോ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുണ്ട്. ചില അക്ഷരങ്ങള്‍, ചിത്രങ്ങള്‍ ഒക്കെ. അതില്‍ പ്രധാനമായും അവര്‍ കണ്ടത് മധ്യകാലത്തെ ഒരു പ്രധാനപ്രതീകമായിരുന്നു; ശരീരമാസകലം ഒരു ളോഹകൊണ്ടു പുതച്ച് കൊക്കുള്ള മുഖംമൂടിയും ചത്തകണ്ണുകളുമുള്ള ഒരു മനുഷ്യന്‍. പ്ലേഗിന്റെ മുഖംമൂടി. അതായത് മധ്യകാലത്ത് യൂറോപ്പില്‍ പടര്‍ന്ന് പിടിച്ച് വ്യാപകമായ മരണം വിതച്ച പ്ലേഗിനെ ചികിത്സിക്കുന്ന വൈദ്യന്മാര്‍ ധരിച്ചിരുന്ന മുഖംമൂടി.

അതേസമയംതന്നെ ഇറ്റലിയുടെ തീരത്തുനിന്നും 5 മൈല്‍ ഉള്ളിലായി മെന്‍ഡാഷ്യം എന്ന ആഡംബരനൗക ശാന്തമായി നീങ്ങിക്കൊണ്ടിരുന്നു. ലോകത്ത് എവിടെയുള്ളവര്‍ക്കും എന്തുസേവനംതന്നെ വേണമെങ്കിലും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന ദി കണ്‍സോര്‍ഷ്യം എന്നൊരു വലിയഗൂഢസംഘത്തിന്റെ സഞ്ചരിക്കുന്ന ഓഫീസാണ് ആ കപ്പല്‍. ഒരു വര്‍ഷംമുമ്പ് ഒരു ക്ലയന്റ് എത്തി തനിക്ക് കുറേക്കാലത്തേക്ക് ഈ ലോകത്തില്‍നിന്ന് അദൃശ്യനാകണമെന്ന് ആവശ്യപ്പെടുകയും സംഘം അത് സാധിച്ചുകൊടുക്കുകയും ചെയ്തിരുന്നു. അതേ ക്ലയന്റ് രണ്ടാഴ്ച മുമ്പ് വീണ്ടും വന്ന് ഒരു വീഡിയോഫയല്‍ പ്രധാനപ്പെട്ട എല്ലാ ദൃശ്യമാധ്യമങ്ങളിലേക്കും നല്‍കാനും ലോകം മുഴുവനും പ്രചരിപ്പിക്കാനുമായി ഏല്‍പ്പിച്ചിരുന്നു. അതിനുശേഷം അദ്ദേഹം ആത്മഹത്യ ചെയ്യുകയും ചെയ്തു. ആ വീഡിയോ അപ്ലോഡു ചെയ്യേണ്ടത് തൊട്ടടുത്ത ദിവസമാണ്. അഭൗമമായ വെളിച്ചം നിറഞ്ഞ വെള്ളക്കെട്ടിനകത്ത് കിടക്കുന്ന ഒരു ഗുഹയുടെ ദൃശ്യം കാണിക്കുന്ന ആ വീഡിയോയില്‍ ഒരു ഫലകവും ഉറപ്പിച്ചിരുന്നു; അതില്‍ ‘ഈ സ്ഥലത്ത്, ഈ തീയതി, ലോകം എന്നന്നേക്കുമായി മാറി’ എന്നൊരു സന്ദേശവും. ആ തീയതി അവര്‍ ഫയല്‍ അപ്ലോഡു ചെയ്യേണ്ട തീയതിയായിരുന്നു. അതായത് തൊട്ടടുത്ത ദിവസം. ഒപ്പം ഫ്‌ലോറന്‍സില്‍ ഒരിടത്ത് അയാള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ഒരു സുരക്ഷാപേടകം ആ തീയതിയില്‍ ഒരു സ്ത്രീക്ക് എത്തിച്ചുകൊടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പക്ഷെ കണ്‍സോര്‍ഷ്യത്തിന്റെ ഏജന്റ് അവിടെ എത്തിയപ്പോഴേക്കും ആ പേടകം ആരോ അവിടെനിന്നും മാറ്റിയിരുന്നു. ഇതാണ് കണ്‍സോര്‍ഷ്യത്തില്‍ ആശങ്ക പടര്‍ത്തിയത്. കണ്‍സോര്‍ഷ്യത്തിന്റെ നടത്തിപ്പുകാരന്‍ പ്രൊവോസ്റ്റ് അതുകണ്ടെത്താനായി തന്റെ എല്ലാ സന്നാഹങ്ങളെയും നിയോഗിക്കുന്നു.

ലോകജനസംഖ്യയുടെ ഭീതിദമായ കുതിച്ചുചാട്ടം കണ്ട് അതിനെതിരെ പ്രതികരിക്കാന്‍, ഭ്രാന്തമായ ചിന്തകളുള്ള ഒരു ഡോക്ടര്‍ മാരകമായൊരു ജൈവായുധം തയ്യാറാക്കി ഒളിപ്പിച്ചിരിക്കുന്നുവെന്ന ഭയത്താല്‍ ലോകാരോഗ്യസംഘടനയും ഈ സമയത്ത് രഹസ്യമായി ഫ്‌ലോറന്‍സില്‍ പ്രവര്‍ത്തനനിരതമാകുന്നു. ഈ മൂന്ന് അന്വേഷണങ്ങളും പരസ്പരം പിന്തുടരുന്ന ഒരു വലയത്തിനുള്ളിലാക്കിയാണ് ഡാന്‍ ബ്രൗണ്‍ ഇന്‍ഫര്‍ണോ രചിച്ചിരിക്കുന്നത്. ഒട്ടേറെ വഴിത്തിരുവുകളും അപ്രതീക്ഷിത സംഭവവികാസങ്ങളും കൊരുത്ത് ഒരു ഹോളിവുഡ് ത്രില്ലര്‍ സിനിമയ്ക്കു തുല്യമായൊരു ആസ്വാദനാനുഭവമാണ് ഡാന്‍ ബ്രൗണിന്റെ പുതിയ നോവല്‍ വായനക്കാര്‍ക്ക് നല്‍കുന്നത്. ഇറ്റലിയിലെ പൗരാണികനഗരമായ ഫ്‌ലോറന്‍സില്‍ തുടങ്ങി തുര്‍ക്കിയിലെ ഈസ്താംബുളില്‍ അവസാനിക്കുന്നതാണ് ഇന്‍ഫര്‍ണോ. സാഹസിക നോവലുകളുടെ വായനയില്‍ വ്യത്യസ്തമായൊരു അനുഭവം പകരുന്നു ഇന്‍ഫര്‍ണോ. മുന്‍നോവലുകളെ പോലെ തന്നെ ഇതും 24 മണിക്കൂര്‍ സമയം കൊണ്ട് സംഭവിക്കുന്ന കാര്യങ്ങളാണ് ഡാന്‍ ബ്രൗണ്‍ ഇതിലും വിവരിക്കുന്നത്.

Comments are closed.