DCBOOKS
Malayalam News Literature Website

ക്രൈസ്തവ ന്യൂനപക്ഷത്തിലെ അസമത്വങ്ങള്‍

വ്യത്യസ്ത പ്രാര്‍ത്ഥനാക്രമവും, ആരാധനയില്‍ വ്യത്യസ്ത ഭാഷ ഉപയോഗിക്കുന്നവരും, വ്യത്യസ്ത ജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് എത്തപ്പെട്ടവരും, ജാതി അടിസ്ഥാനത്തില്‍ വിവാഹം നടത്തിവരുന്നവരുമായ ശ്രേണീകൃതമായ ഒരു ജാതിസമൂഹമാണ് കേരളത്തിലെ ക്രിസ്തുമതം

വിനില്‍ പോള്‍

ക്രൈസ്തവ സഭയുടെ ഉള്ളില്‍ ശക്തമായി നിലനില്‍ക്കുന്ന വിവേചനത്തെ മുന്‍പ് ഇല്ലാ
ത്തവിധം പ്രശ്‌നവത്ക്കരിച്ചപ്പോള്‍ മുന്നോക്കക്രിസ്ത്യാനികളുടെ മേല്‍നോട്ടത്തില്‍ പ്രബല ക്രൈസ്തവസഭകള്‍ അതിനെ മറികടക്കാന്‍ ഒരു തന്ത്രം മെനഞ്ഞു; മുസ്ലിങ്ങളാ
ണ് ന്യൂനപക്ഷ അവകാശങ്ങള്‍ കുത്തകയാക്കിയിരിക്കുന്നത് എന്ന വാദം ഇറക്കി ചര്‍ച്ച വഴിതിരിച്ചു വിടാന്‍ ശ്രമിച്ചു. എങ്കിലും പിന്നോക്ക പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചില്ല.: ജെ.ബി. കോശി കമ്മിഷന്‍ റിപ്പോട്ടിനെ വിശകലനം ചെയ്യുന്നു.

കേരളത്തിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ലെന്നുള്ള വ്യാപകമായ പരാതികള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് 05-11-2020 ലെ മന്ത്രിസഭായോഗ തീരുമാനപ്രകാരം ജസ്റ്റീസ് (റിട്ട.) ജെ.ബി കോശി അധ്യക്ഷനായും, ജേക്കബ് പുന്നൂസ് (റിട്ട. ഐ.പി.എസ്), ക്രിസ്റ്റി ഫെര്‍ണാണ്ടസ് (റിട്ട. ഐ.എ.എസ്) എന്നിവര്‍ അംഗങ്ങളുമായി ജെ.ബി കോശികമ്മീഷനെ നിയോഗിച്ചത്. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നോക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച കമ്മീഷന്റെ പരിഗണന വിഷയങ്ങള്‍ 09 ഫെബ്രുവരി 2021ന് ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തുകയുണ്ടായി.

വ്യത്യസ്ത പ്രാര്‍ത്ഥനാക്രമവും, ആരാധനയില്‍ വ്യത്യസ്ത ഭാഷ ഉപയോഗിക്കുന്നവരും, വ്യത്യസ്ത
ജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് എത്തപ്പെട്ടവരും, ജാതി അടിസ്ഥാനത്തില്‍ വിവാഹം നടത്തിവരുന്നവരുമായ ശ്രേണീകൃതമായ ഒരു ജാതിസമൂഹമാണ് കേരളത്തിലെ ക്രിസ്തുമതം. സാമൂഹിക അകലവും വിവേചനവും നിലനിര്‍ത്തിയിരിക്കുന്ന കേരളത്തിലെ ക്രിസ്ത്യന്‍ pachakuthira dcbooksവിഭാഗങ്ങളെ മുന്നോക്ക ക്രിസ്ത്യന്‍, പിന്നോക്ക ക്രിസ്ത്യന്‍, പരിവര്‍ത്തിത ക്രിസ്ത്യന്‍ എന്നിങ്ങനെയാണ് സര്‍ക്കാര്‍തലത്തില്‍ വിഭജിച്ചിരിക്കുന്നത്. കേരളത്തിലെ എല്ലാവരും പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ ആണെങ്കിലും ദലിതര്‍ക്കാണ് പരിവര്‍ത്തിതക്രിസ്ത്യാനി എന്ന പരിഹാസ ‘ബഹുമതി’ ലഭിച്ചത്. മുന്നോക്ക ക്രിസ്ത്യാനികള്‍ എന്നാല്‍ സുറിയാനി ക്‌നാനായ ജെനറല്‍ ക്രിസ്ത്യാനികളും (സംവരണേതര ക്രിസ്ത്യന്‍), പിന്നോക്ക ക്രിസ്ത്യാനികള്‍ എന്നാല്‍ മുക്കുവ നാടാര്‍ SIUC (മലബാറിലെ സി.എസ്.ഐ)) വിശ്വാസികളും, പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ എന്നാല്‍ ദളിത് അല്ലെങ്കില്‍ പട്ടികജാതി ക്രിസ്ത്യാനികള്‍ എന്നുമാണ് നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. ഇത് ഐക്യകേരളത്തിലെ ആദ്യസര്‍ക്കാര്‍ ബോധപൂര്‍വം സൃഷ്ടിച്ചതല്ല, മറിച്ച് പതിനഞ്ചാം നൂറ്റാണ്ടു മുതലേ ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ നിലനിന്നിരുന്ന ഈ മൂന്ന് തട്ടുകളെ സര്‍ക്കാര്‍ അതേപോലെ പകര്‍ത്തിയെടുക്കുകയായിരുന്നു.

കേരളത്തിലെ ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്നത് ജാതിക്രമത്തിലുള്ള വിവേചനമാണ്. അതായത് മുന്നോക്ക ക്രിസ്ത്യാനികള്‍ താഴെയുള്ള പിന്നോക്കരെയും പരിവര്‍ത്തിതരെയും അകറ്റിനിര്‍ത്തുമ്പോള്‍, രണ്ടാംനിലയിലെ പിന്നോക്ക (മുക്കുവ/ നാടാര്‍) ക്രിസ്ത്യാനികള്‍ ‘പരിവര്‍ത്തിതരെ’ അകറ്റിനിര്‍ത്തുന്നു. ക്രൈസ്തവ ന്യൂന
പക്ഷത്തിനുള്ളിലെ ദളിത്ക്രിസ്ത്യാനികളാകട്ടെ സഭയുടെ ഉള്ളില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒരേപോലെ വിവേചനം നേരിടുന്നവരാണ്. ദളിത്ക്രിസ്ത്യാനികള്‍ എല്ലാവിധ ക്രൈസ്തവ സഭകളിലും അംഗങ്ങളായി എത്തിച്ചേര്‍ന്നിട്ടുണ്ട്. അതോടൊപ്പം ചില സഭകള്‍ സ്വന്തമായി നടത്തുന്നവരുമാണ് ദളിത്ക്രിസ്ത്യാനികള്‍. എന്നാല്‍ ക്രിസ്തുമത സ്വീകരണത്തിലൂടെ ദളിത് ക്രിസ്ത്യാനികള്‍ക്ക് സാമൂഹിക ഉയര്‍ച്ച നേടുന്നതിനോ, ക്രിസ്തുമതത്തിനെ ഒരു
സാമൂഹ്യ മൂലധനമായിട്ടോ ഉപയോഗിക്കാന്‍ സാധിച്ചിരുന്നില്ല. ദുരഭിമാന കൊലയെന്ന് കേരളത്തിലെ കോടതി വിലയിരുത്തിയ ആദ്യസംഭവം കോട്ടയം സ്വദേശിയായ കെവിന്‍ ജോസഫ് എന്ന ദളിത് ക്രിസ്ത്യാനിയുടെ (2018) കൊലപാതകമാണ്. ഇത്തരത്തില്‍ ആന്തരിക സംഘര്‍ഷവും സാമൂഹ്യവിവേചനവും ശക്തമായി നില്‍ക്കുന്ന ക്രിസ്ത്യന്‍ വിശ്വാസികളെ ഏക ശിലയായി കണ്ടുകൊണ്ട് പഠിക്കുവാനായാണ് കേരള സര്‍ക്കാര്‍ ജെ. ബി. കോശി കമ്മീഷനെ നിയമിച്ചിരിക്കുന്നത്.

വ്യത്യസ്ത ജാതി വിശ്വാസ ക്രമങ്ങളുള്ള കേരളത്തിലെ ക്രിസ്ത്യന്‍ വിശ്വാസികളെ പഠിക്കുവാനായി തിരഞ്ഞെടുത്ത സര്‍ക്കാര്‍കമ്മീഷനില്‍ അംഗങ്ങളായെത്തിയത് രണ്ട് മുന്നോക്ക ക്രിസ്ത്യന്‍ പ്രതിനിധികളും ഒരു ആംഗ്ലോഇന്ത്യന്‍ പ്രതിനിധിയുമാണ്. അതായത് ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പല്ല ഈ കമ്മീഷനില്‍ നടന്നിരിക്കുന്നത്. കേരളത്തിലെ ആകെയുള്ള ക്രിസ്ത്യന്‍ ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന മുക്കുവ പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും ആരെയും പരിഗണിച്ചിട്ടില്ല എന്നതാണ് ഇവിടത്തെ ഒന്നാമത്തെ പ്രശ്‌നം. അതോടൊപ്പം പ്രസ്തുത കമ്മീഷന്‍ അവരുടെ വിവരശേഖരണം നടത്തുന്ന സമയത്ത് കമ്മീഷനെ അട്ടിമറിച്ചുകൊണ്ട് അവരുടെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന വിഷയങ്ങളില്‍ രണ്ട് ഉത്തരുവുകളാണ് സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. എസ്.ഐ.യു സി ഇതര ക്രിസ്തുമത നാടാര്‍ സമുദായത്തെ S.E.B.C (Socially Educationally Backward Communities) പട്ടികയില്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള ഓര്‍ഡറും, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് പുതിയ അനുപാതം നിശ്ചയിച്ചു കൊണ്ടുള്ള ഓര്‍ഡറുമാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഈപ്രവര്‍ത്തനങ്ങളെല്ലാം കേരളത്തില്‍ ദളിത് പിന്നോക്ക ക്രിസ്ത്യാനികളെ കൂടുതല്‍ പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്.

ചോദ്യാവലികളിലെ കള്ളത്തരം

ക്രൈസ്തവ വിശ്വാസികള്‍ ജെ. ബി. കോശി കമ്മീഷന് മുന്‍പില്‍ തങ്ങളുടെ പിന്നോക്കാവസ്ഥയുടെയും ഇതര വിവേചനങ്ങളുടെയും നീണ്ട പട്ടിക തയ്യാറാക്കികൊണ്ടിരിക്കുന്ന സമയത്താണ് സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് (മേയ് 21) വരുന്നത്. മുസ്ലിം സമുദായത്തിന് അനുവദിച്ച എണ്‍പതും, പിന്നോക്ക പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്ക് അനുവദിച്ച ഇരുപതുമാണ് ഉത്തരവിലൂടെ പിന്‍വലിച്ചത്. മുന്നോക്ക ക്രിസ്ത്യാനികളെ ഇത് വളരെയധികം സന്തോഷിപ്പിച്ചെങ്കിലും, പ്രബല സഭകള്‍ക്കും, മുന്നോക്ക ക്രിസ്ത്യന്‍ രാഷ്ട്രീയ നേതൃത്വത്തിനും പരിഹരിക്കാന്‍ സാധിക്കാത്ത ചോദ്യങ്ങളാണ് അവര്‍ക്ക് ആന്തരികമായി നേരിടേണ്ടി വന്നത്. കേരളത്തിലെ പിന്നോക്ക പരിവര്‍ത്തിത ക്രിസ്ത്യാനികളെ ന്യൂനപക്ഷ അവകാശങ്ങളുടെ എവിടെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന ചോദ്യമാണ് പ്രധാനമായും ഉയര്‍ന്നു വന്നത്. മാത്രമല്ല ദളിത് ക്രൈസ്തവര്‍ വ്യാപകമായി ജെ.ബി.
കോശി കമ്മീഷനില്‍ പങ്കാളികളാകാന്‍ ശ്രമങ്ങള്‍ നടത്തുകയും പ്രബല സഭകള്‍ തയ്യാറാക്കുന്ന ചോദ്യാവലിയില്‍ തങ്ങളുടെ സ്വത്വനിര്‍ണ്ണയവും എണ്ണവും പ്രതിനിധാനം ചെയ്യുകയും വേണമെന്നും ഉള്ള ആവശ്യവും അവര്‍ ശക്തമായി ഉന്നയിച്ചു തുടങ്ങി. ക്രൈസ്തവ സഭയുടെ ഉള്ളില്‍ ശക്തമായി നിലനില്‍ക്കുന്ന വിവേചനത്തെ മുന്‍പ് ഇല്ലാത്തവിധം പ്രശ്‌നവത്ക്കരിച്ചപ്പോള്‍ മുന്നോക്കക്രിസ്ത്യാനികളുടെ മേല്‍നോട്ടത്തില്‍ പ്രബല ക്രൈസ്തവസഭകള്‍ അതിനെ മറികടക്കാന്‍ ഒരു തന്ത്രം മെനഞ്ഞു; മുസ്ലിങ്ങളാണ് ന്യൂനപക്ഷ അവകാശങ്ങള്‍ കുത്തകയാക്കിയിരിക്കുന്നത് എന്ന വാദം ഇറക്കി ചര്‍ച്ച വഴിതിരിച്ചുവിടാന്‍ ശ്രമിച്ചു. എങ്കിലും പിന്നോക്ക പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചില്ല.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  സെപ്റ്റംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും സെപ്റ്റംബര്‍ ലക്കം ലഭ്യമാണ്‌

Comments are closed.