DCBOOKS
Malayalam News Literature Website

‘ഇന്‍ഡിവുഡ് ഭാഷാകേസരീ പുരസ്‌കാരം 2020’; കെ ജയകുമാര്‍ ഐ.എ.എസ് -ന്

ഇന്‍ഡിവുഡ് ഭാഷാകേസരീ പുരസ്‌കാരം 2020 കെ ജയകുമാര്‍
ഐ.എ.എസ് -ന്.മലയാളസാഹിത്യ രംഗത്തെ ഏറ്റവും ഉയർന്ന പുരസ്കാരത്തുക എന്ന വിശേഷണവുമായാണ് ഈ പുരസ്കാരം നൽകുന്നത്. പ്രൊഫ. വി മധുസൂദനന്‍ നായര്‍, എം മുകുന്ദന്‍, സി രാധാകൃഷ്ണന്‍, സേതു എന്നിവരാണ് അന്തിമപട്ടികയില്‍ ഇടംപിടിച്ച മറ്റുള്ളവര്‍. അഞ്ചു ലക്ഷത്തിയൊന്ന് രൂപയും പ്രശസ്തിപത്രവും പുരസ്കാരവും അടങ്ങുന്നതാണ് ഭാഷാകേസരീ പുരസ്‌കാരം. ആര്‍. അജിത് കുമാറിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ബിരിയാണി തിന്നുന്ന ബലിക്കാക്കകള്‍’ എന്ന സമാഹാരത്തിന് വിധികര്‍ത്താക്കളുടെ പ്രത്യേക പരാമര്‍ശം.

ഗിരീഷ് പുലിയൂരാണ് മികച്ച കവി. കരമനയാർ എന്ന അദ്ദേഹത്തിന്റെ കവിതയാണ് സമ്മാനാർഹമായത്. ‘കുറി വരച്ചാലും’ എന്ന ഗാനം എഴുതിയ എം.ഡി. രാജേന്ദ്രൻ മികച്ച ഗാനരചയിതാവായും ‘സമുദ്രശില ‘ എന്ന നോവലിന് സുഭാഷ് ചന്ദ്രനെ മികച്ച നോവലിസ്റ്റായും തിരഞ്ഞെടുത്തു. നമ്പി നാരായണന്റെ ‘ഓർമ്മകളുടെ ഭ്രമണപഥ’മാണ് മികച്ച ആത്മകഥ. ‘കോമാളി മേൽക്കൈ നേടുന്ന കാലം’ എന്ന ലേഖനത്തിലൂടെ മികച്ച ലേഖകനുള്ള പുരസ്കാരത്തിന് ബിപിൻ ചന്ദ്രൻ അർഹനായി. ജോബിൻ എസ് കൊട്ടാരത്തിന്റെ രണ്ടു വാല്യങ്ങളുള്ള ‘സമഗ്രം, മധുരം മലയാളം ‘ ഏറ്റവും മികച്ച വിദ്യാഭ്യാസ ഗ്രന്ഥമായി തിരഞ്ഞെടുത്തു. സായ്റ എഴുതിയ ‘ തിരികെ ‘ എന്ന കഥാസമാഹാരമാണ് ‘മികച്ച കഥ ‘ എന്ന വിഭാഗത്തിൽ സമ്മാനാർഹമായത്. ഏറ്റവും മികച്ച ചലച്ചിത്ര തിരക്കഥ എന്ന വിഭാഗത്തിൽ സമ്മാനം ലഭിച്ചത് മുഹമ്മദ് ഷഫീക്ക് എഴുതിയ ‘ആമ ‘ എന്ന സിനിമയാക്കാത്ത തിരക്കഥയ്ക്കാണ്.

മികച്ച നിരൂപകൻ (വി.യു സുരേന്ദ്രൻ, വാക്കിന്റെ ജലസ്പർശം), മികച്ച വൈജ്ഞാനിക സാഹിത്യകാരൻ (ഡോ. കെ. ശ്രീകുമാർ, അരങ്ങ്), മികച്ച യാത്രാവിവരണ രചയിതാവ് (കെ.വിശ്വനാഥ്, യാത്ര- ഇന്ത്യൻ ചരിത്രസ്മാരകങ്ങളിലൂടെ), മികച്ച ബാലസാഹിത്യകാരൻ (സജീവൻ മൊകേരി, കുഞ്ഞിക്കുറുക്കനും കൂട്ടുകാരും), മികച്ച വിവർത്തനം (ഡോ. മിനിപ്രിയ. ആർ, കങ്കണം (പെരുമാൾ മുരുകൻ), മികച്ച ഭാഷാ ഗവേഷണം (ഡോ. നിത്യ. പി. വിശ്വം, പാരഡി മലയാള കവിതയിൽ), മികച്ച ഹാസ്യ സാഹിത്യകാരൻ (നൈന മണ്ണഞ്ചേരി, പങ്കൻസ് ഓൺ കൺട്രി) തുടങ്ങിയവയാണ് മറ്റു പുരസ്കാരങ്ങൾ.

വിധികർത്താക്കളുടെ പ്രത്യേക പരാമർശത്തിന് എൻ. എസ്. സുമേഷ് കൃഷ്ണന്റെ ‘ചന്ദ്രകാന്തം’ എന്ന കവിതാസമാഹാരവും അർഹമായി. സതീഷ് തപസ്യ, ശ്രീദേവ്, ആർച്ച. എ. ജെ, വിഷ്ണു ദേവ് എന്നിവർക്ക് പ്രത്യേക പ്രോത്സാഹന പുരസ്കാരവും ലഭിക്കും.

വിനോദം, വിജ്ഞാനം, വ്യവസായം മുതലായ മേഖലകളിൽ മികവു പുലർത്തിയിരുന്ന ഭാരതീയർക്ക് ദേശീയതലത്തിലും ആഗോളതലത്തിലും നൽകിവന്നിരുന്ന ‘ഇൻഡിവുഡ് പുരസ്കാരങ്ങൾ’ ആദ്യമായാണ് മലയാള സാഹിത്യ രംഗത്ത്‌.

Comments are closed.