DCBOOKS
Malayalam News Literature Website

ഇന്ദുലേഖമാരുടെ നാട്ടുമര്യാദകള്‍

സെപ്റ്റംബര്‍ 7- ഒ. ചന്തുമേനോന്റെ ചരമവാർഷികദിനം

ഡോ. ഖദീജ മുംതാസ് എഴുതിയ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം 2019 സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍- പുനഃപ്രസിദ്ധീകരണം

നോവലെഴുതിയ ചന്തുമേനോന്‍ കൂടുതല്‍ കാലം ജീവിച്ചിരുന്നുവെങ്കില്‍, കഥാപാത്രങ്ങളായ മാധവനും ഇന്ദുലേഖയും സാങ്കല്പിക കഥാപാത്രങ്ങളല്ലായിരുന്നുവെങ്കില്‍ പിന്നീടാ മാറ്റങ്ങളിലൂടെ കടന്നുപോയിക്കാണും. ഇന്ത്യയുടെ സ്വാതന്ത്ര്യകാലമാവുമ്പോഴേക്കും ആ മിഥുനങ്ങള്‍ വാര്‍ദ്ധക്യത്തിലെത്തിയുമിരിക്കും. അവരുടെ മനസ്സുകള്‍ക്കും ജീവിതങ്ങള്‍ക്കും ഏറെ മാറ്റങ്ങളും വന്നുകാണും. അവര്‍ രണ്ടുപേരും എങ്ങനെയായിരിക്കും ഈ മാറ്റങ്ങളെ കണ്ടിരിക്കുക? എങ്ങനെയായിരുന്നിരിക്കും അവരുടെ ജീവിതം?

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ ഏതെന്ന ചോദ്യത്തിന് അക്ഷരം പഠിച്ച ഒരു കേരളീയനും നാക്കുപിഴയുണ്ടാകുമെന്നു തോന്നുന്നില്ല. അതു ചന്തുമേനോന്റെ ഇന്ദുലേഖതന്നെ! അതിനു മുമ്പ് ചില വിലക്ഷണകൃതികള്‍, കുന്ദലതയുള്‍പ്പെടെ ഇറങ്ങിയിട്ടുണ്ടെന്നും അവയൊക്കെ സാഹിത്യപരമായി അവഗണിക്കാവുന്നവയാണെന്നും ഉള്ള ഒരു തീര്‍പ്പാക്കല്‍ ഈ ചോദ്യത്തിലും ഉത്തരത്തിലുമുണ്ട്.

ഇന്ദുലേഖ ഇറങ്ങിയകാലം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദമാണ്; 1889. അതിനേക്കാള്‍ ഏറെ മുമ്പുതന്നെ കേരളത്തിലെ കീഴാളമനുഷ്യരുടെ ഉണര്‍വും സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പിടച്ചിലുകളും തുടങ്ങിക്കഴിഞ്ഞിരുന്നു. അക്ഷരാഭ്യാസം, അച്ചടിവിദ്യ, മിഷനറി പ്രവര്‍ത്തനങ്ങള്‍ ഇവയൊക്കെത്തന്നെയായിരുന്നു ഈ ഉണര്‍വിനു പ്രധാനഹേതു. ഇന്ദുലേഖയെ സ്ത്രീ-സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ സാഹിത്യപരമായ അടയാളപ്പെടുത്തലായി എടുത്തു പറയാമെങ്കില്‍ അതിനും ദശകങ്ങള്‍ക്കുമുമ്പിറങ്ങിയ മിഷനറി നോവലുകള്‍ എന്നു വിളിക്കപ്പെടുന്നവ, കോളിന്‍സ് മദാമ്മയുടെ ‘ഘാതകവധം,’ കാതറിന്‍ ഹന്നാമുല്ലന്‍സിന്റെ ഇന്ത്യന്‍ ഭാഷകളില്‍ത്തന്നെ ആദ്യ നോവലായ ‘ഫുല്‍മോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ’ എന്നിവയും ഈ സാമൂഹികപരമായ കര്‍ത്തവ്യം ഒരുപക്ഷേ കൂടുതല്‍ പ്രതിബദ്ധതയോടെ നിര്‍വ്വഹിച്ചവയാണ്. ഇന്ദുലേഖയുടെ കാലത്തു തന്നെ ഇറങ്ങിയ ആര്‍ച്ച് ഡീക്കന്‍ കോശിയുടെ ‘പുല്ലേലിക്കുഞ്ചു’വും ജോസഫ് മൂളിയില്‍ എന്ന പരിവര്‍ത്തിതക്രിസ്ത്യാനി എഴുതിയ ‘സുകുമാരി’യും പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതീവിജയവും അവഗണിക്കപ്പെട്ടത് മലയാളിയുടെ സവര്‍ണ്ണമായ സാഹിത്യബോധത്തിന്റെ മേല്‍ക്കൈകൊണ്ടു തന്നെയാവാതെവയ്യ.

‘മഹത്തായ സാഹിത്യം സൃഷ്ടിക്കുന്നത് ആത്യന്തികമായി കാലമാണ്’ എന്നു പറയുന്നുണ്ട് മലയാളത്തിന് Pachakuthiraഅകാലത്തില്‍ നഷ്ടപ്പെട്ട യുവനിരൂപകന്‍ പ്രദീപന്‍ പാമ്പിരികുന്ന്. അവഗണനയുടെയും അസ്വീകാര്യതയുടെയും മറകള്‍തട്ടിനീക്കി ചില കൃതികള്‍ കാലത്തിനപ്പുറം അവയുടെ പ്രസക്തി വെളിവാക്കിക്കൊണ്ടിരിക്കും. ആ സാധ്യതകളെക്കൂടി കണക്കിലെടുത്താണ് 19-ാം നൂറ്റാണ്ടിലിറങ്ങിയ ഇന്ദുലേഖ ഉള്‍പ്പെടെയുള്ള നോവലുകളെ പുനര്‍വായനകള്‍ക്കും പഠനങ്ങള്‍ക്കും നാമിന്നു വിധേയമാക്കിക്കൊണ്ടിരിക്കുന്നതും. നൂറ്റിമുപ്പതു വര്‍ഷം മുമ്പിറങ്ങിയ ലക്ഷണയുക്തയായ ഇന്ദുലേഖ കേരളത്തില്‍ മാത്രമല്ല കേന്ദ്രസാഹിത്യ അക്കാദമികൂടി താത്പര്യമെടുത്ത് മറ്റു ഭാഷാസംസ്ഥാനങ്ങളിലും ഇന്നു ചര്‍ച്ച ചെയ്യപ്പെടുന്നുവത്രെ. മലയാളഭാഷയ്ക്കഭിമാനിക്കാം!

1889-ല്‍ ഇന്ദുലേഖ പ്രസിദ്ധീകരിക്കപ്പെടുന്ന കാലം കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെതന്നെ ഒരു സുപ്രധാന ചരിത്രഘട്ടംതന്നെയാണ്. കേരളീയ നവോത്ഥാനം, പ്രധാനമായി ജാതീയമായി അധഃസ്ഥിതരായിരുന്നവരുടെ നവോത്ഥാന ഉണര്‍വുകള്‍ ശക്തമായി വന്നിരുന്ന കാലം. ദേശീയതലത്തിലാകട്ടെ, ഒരു നൂറ്റാണ്ടുകാലത്തെ ഈസ്റ്റിന്ത്യാക്കമ്പനി നിയന്ത്രണത്തില്‍നിന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായി പൂര്‍ണ്ണമായി ഇന്ത്യ മാറിക്കഴിഞ്ഞിരുന്നു. വൈദേശികാധിപത്യത്തിനെതിരായ പ്രവര്‍ത്തനങ്ങളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ ഉദയവും ഉണ്ടായിക്കഴിഞ്ഞിരുന്നു. ആ പ്രസ്ഥാനത്തിന്റെ തലപ്പത്ത് ധനികരും സാമൂഹികപരമായി സ്വാധീനമുള്ളവരും സ്വാഭാവികമായിത്തന്നെ സവര്‍ണ്ണ വ്യക്തികളുംതന്നെ ആയിരുന്ന കാലം. കേരളത്തിലെ ഒരു സവര്‍ണ സമ്പന്ന തറവാട്ടിലെ യുവഹൃദയങ്ങളുടെ പ്രണയത്തിന്റെയും പ്രണയഭംഗത്തിന്റെയും ശുഭപര്യവസായിയായ പുനഃസംഗമത്തിന്റെയും കഥ സൗന്ദര്യാത്മകമായി, ജനപ്രിയ ഇംഗ്ലിഷ് നോവലുകളുടെ സ്വഭാവ സവിശേഷതകളുമായി, സവര്‍ണനും അഭ്യസ്തവിദ്യനും ന്യായാധിപനുമായിരുന്ന ഒരാളാല്‍ തന്റെ സമാനരായ സുഹൃത്തുക്കള്‍ക്ക് രസിക്കുംവണ്ണം മലയാളത്തില്‍ ഇറങ്ങുകയാണ് ഈയൊരു കാലത്ത്. 130 വര്‍ഷങ്ങള്‍ക്കുശേഷം ഇന്നു നാം ഇന്ദുലേഖ വായിക്കുമ്പോള്‍ അത്രയും വര്‍ഷങ്ങളുടെ നേരനുഭവങ്ങളും വായനാനുഭവങ്ങളും നമ്മോടൊപ്പമുണ്ട്.

ഈയിടെ The Hindu പത്രത്തിന്റെ 1875-ല്‍ പത്രം തുടങ്ങിയ മുതല്‍ നൂറുവര്‍ഷത്തെ തെരഞ്ഞെടുത്ത എഡിറ്റോറിയലുകളുടെ സമാഹാരഗ്രന്ഥത്തിലൂടെ കടന്നുപോകാനിടയായി. നേരത്തേ നമ്മള്‍ സൂചിപ്പിച്ച ഒരു നൂറ്റാണ്ടിലധികം നീണ്ട ഈ കാലഘട്ടത്തിന്റെ തത്സമയ വായനകളാണ് അവയും. പിന്നീട് ലോകത്തിലും ഇന്ത്യയിലും വരാനിരിക്കുന്ന കാര്യങ്ങളെപ്പറ്റിയുള്ള വ്യക്തമായ ധാരണകള്‍ ഓരോന്നും എടുത്തു നോക്കിയാല്‍ അതെഴുതിയ കാലത്ത് ഇല്ല. സമഗ്രമായി വായിക്കുമ്പോഴോ, ഒരു നൂറ്റാണ്ട് മുഴുവന്‍ ഉണ്ടുതാനും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നിയോഗങ്ങള്‍, പ്രവര്‍ത്തന മണ്ഡലങ്ങള്‍, ഗാന്ധിജി-അംബേദ്കര്‍ തുടങ്ങിയ അനേകം നേതാക്കളുടെ ഉദയം, പിന്നെയും അര നൂറ്റാണ്ടു കഴിഞ്ഞ ശേഷം മാത്രം ലഭിച്ച സ്വാതന്ത്ര്യവും സ്വയംഭരണവും ഭരണഘടനയുടെ നിര്‍മ്മാണം, ആഗോളതലത്തില്‍ ഇതിനിടെ നടന്ന രണ്ടു ലോകമഹായുദ്ധങ്ങള്‍, ഇന്ത്യയിലങ്ങോളമിങ്ങോളം നടന്ന സംഭവപരമ്പരകള്‍ ഇവയിലൂടെയൊക്കെ കടന്നുപോന്ന സ്ത്രീയും അധഃസ്ഥിതനും സവര്‍ണനും അവരുടെ മാനസിക വ്യാപാരങ്ങളും ഒക്കെ നോവല്‍ വായിക്കുന്ന നമ്മളിലുണ്ട്. നോവലെഴുതിയ ആളില്‍ അന്നതില്ല.

നോവലെഴുതിയ ചന്തുമേനോന്‍ കൂടുതല്‍ കാലം ജീവിച്ചിരുന്നുവെങ്കില്‍, കഥാപാത്രങ്ങളായ മാധവനും ഇന്ദുലേഖയും സാങ്കല്പിക കഥാപാത്രങ്ങളല്ലായിരുന്നുവെങ്കില്‍ പിന്നീടാ മാറ്റങ്ങളിലൂടെ കടന്നുപോയിക്കാണും. ഇന്ത്യയുടെ സ്വാതന്ത്ര്യകാലമാവുമ്പോഴേക്കും ആ മിഥുനങ്ങള്‍ വാര്‍ദ്ധക്യത്തിലെത്തിയുമിരിക്കും. അവരുടെ മനസ്സുകള്‍ക്കും ജീവിതങ്ങള്‍ക്കും ഏറെ മാറ്റങ്ങളും വന്നുകാണും. അവര്‍ രണ്ടുപേരും എങ്ങനെയായിരിക്കും ഈ മാറ്റങ്ങളെ കണ്ടിരിക്കുക? എങ്ങനെയായിരുന്നിരിക്കും അവരുടെ ജീവിതം? ദാമ്പത്യം? വളരെ അഭിപ്രായസമന്വയത്തിലും ആനന്ദത്തിലുമായിരിക്കുമോ അതു കടന്നുപോയിട്ടുണ്ടാവുക? ഈ കഥാപാത്രങ്ങളുടെ നോവലിലെ സ്വഭാവചിത്രീകരണത്തിന്റെ വെളിച്ചത്തില്‍ അത്തരമൊരു ചിന്തകൂടി ആകുന്നതിലും തെറ്റില്ല. അതൊരു ഫെമിനിസ്റ്റ് നോട്ടത്തിലൂടെ ആകുന്നതും ഉത്തമമായിരിക്കും.

‘ഇന്ദുലേഖ’യുടെ നൃത്താവിഷ്കാരത്തില്‍ ഡോ.ചൈതന്യ ഉണ്ണിയും ഷിജു മേനോനും

അതിനുമുമ്പ്,അക്കാലത്തിറങ്ങിയ മറ്റു പല സാഹിത്യകൃതികളെപ്പോലെ കേരളീയവും ഭാരതീയവുമായ നവോത്ഥാനത്തില്‍ ഇന്ദുലേഖ എന്തു പങ്കുവഹിച്ചു എന്നാലോചിക്കുന്നതായിരിക്കും ഉത്തമം. ഘാതകവധവും പുല്ലേലിക്കുഞ്ചുവും സുകുമാരിയും ഒക്കെ പിറന്നു വീണതിനു പിന്നില്‍ ഒരു സര്‍ഗാവിഷ്‌കാരത്വരയ്ക്കപ്പുറം സര്‍ഗകൃതികളുടെ സാമൂഹിക ദൗത്യനിര്‍വഹണ സാധ്യതയ്ക്കായിരിക്കണം ഊന്നല്‍ കൊടുത്തിട്ടുണ്ടാവുക. ജ്ഞാനവും സാമൂഹികാംഗീകാരങ്ങളും നിഷേധിക്കപ്പെട്ട് അതിദയനീയാവസ്ഥയില്‍ കഴിഞ്ഞിരുന്ന അവര്‍ണര്‍ക്ക് മിഷനറിമാര്‍ വഴി ലഭ്യമായ ഇംഗ്ലിഷ് വിദ്യാഭ്യാസവും മതം മാറിയവര്‍ക്കു ലഭിച്ച മാനസികമായ Textസുരക്ഷിതത്വബോധവും സാമൂഹികപരമായ ഒരുമയും അവരെ പുതിയ ചിന്തകളിലേക്കും ലോകബോധ്യങ്ങളിലേക്കും നയിക്കുന്നതായി നാം ആ നോവലുകളില്‍ കാണുന്നു. വിദ്യാഭ്യാസം, ഭാഷാപഠനം (അതില്‍ മാതൃഭാഷയും ഇംഗ്ലിഷും ഉള്‍പ്പെടും) ഒരു ഭാഷ സ്വായത്തമാക്കലില്‍മാത്രം ഒതുങ്ങിയില്ല. അതവരുടെ സ്വാതന്ത്ര്യവും പുത്തന്‍ ജീവിതവുമായിരുന്നു. മതപരിവര്‍ത്തനം സാമൂഹികപരമായ നീതിയിലേക്കുള്ള പരിവര്‍ത്തനവും. അയിത്തവും, സ്ത്രീവിവേചനവും, പാപമാണെന്നും വിഗ്രഹാരാധനയിലൂന്നിയ മതവിശ്വാസം തങ്ങളുടെ അസ്വാതന്ത്ര്യമാണെന്നും അവരറിയുന്നു. സവര്‍ണനായ ഒരു വ്യക്തി ഇംഗ്ലിഷ് വിദ്യാഭ്യാസം ചെയ്തു നേടിയെടുക്കുന്ന ലോകബോധ്യത്തില്‍നിന്നും ജീവിതവീക്ഷണങ്ങളില്‍നിന്നും വ്യത്യസ്തമാണിത്. ഇന്ദുലേഖയിലെ ഉയര്‍ന്ന ബുദ്ധിശക്തിയും ചിന്തകളുമുള്ള നായകന്‍ മാധവനില്‍ കോണ്‍ഗ്രസുകാരനായിരിക്കുമ്പോള്‍ പോലും കാണുന്ന കൊളോണിയല്‍ വിധേയത്വമല്ല, വിദ്യാഭ്യാസം നേടി പുതുമതത്തിന്റെ സംരക്ഷണയിലെത്തിച്ചേര്‍ന്ന സുകുമാരിയിലെ കഥാപാത്രങ്ങള്‍ക്കുള്ളത്. ഇംഗ്ലിഷുകാരനോടു താരതമ്യം ചെയ്ത് തങ്ങളുടെ ജീവിതത്തിലെ ലജ്ജാകരമായ പരിഷ്‌കരിക്കപ്പെടേണ്ടതായ കാര്യങ്ങളെപ്പറ്റി ബോധവാനാകുന്ന മാധവന്‍ തന്റെ പാരമ്പര്യസമ്പന്നതയിലും ഒരുപോലെ അഭിമാനിയാണ്. ഒരു പക്ഷേ, രാജാറാം മോഹന്‍ റായ്‌യുടെ നവോത്ഥാന ചിന്തകള്‍ക്കു സമാനമായി കണക്കിലെടുക്കാവുന്ന സവര്‍ണ നവോത്ഥാന ചിന്തകള്‍. ബുദ്ധിയും കഴിവുമുള്ള തങ്ങളെപ്പോലുള്ളവരെ കണ്ട് അവര്‍ക്കൊപ്പം കിടപിടിക്കാവുന്നവരെന്നു തിരിച്ചറിഞ്ഞ് ഇംഗ്ലിഷുകാര്‍ക്കു മതിപ്പുണ്ടാവുകയും അങ്ങനെ വളരെ ഉത്തരവാദിത്തമുള്ള രാജ്യഭരണം തങ്ങളെ ഏല്പിക്കാമെന്നു തീരുമാനമെടുക്കുകയും ചെയ്യുമെന്നാണ് മാധവന്റെ ന്യായവാദങ്ങള്‍. അവിടെ അധഃസ്ഥിതരായവര്‍, താന്‍കൂടി ഉള്‍പ്പെടുന്ന ജാത്യാധികാരത്തിന്റെയും ജന്മിത്വത്തിന്റെയും നുകത്തിനടിയില്‍ ഞെരുങ്ങുന്നവര്‍, അവരുടെയൊന്നും ഉന്നമനം കടന്നുവരുന്നതേയില്ല. അങ്ങനെയൊരു അധികാരക്കൈമാറ്റം കൊണ്ട് ഇന്ത്യയിലെ ജനകോടികള്‍ക്ക് അതെങ്ങനെയാണ് ഉപകാരപ്രദമാകുക എന്നതും ആലോചനയാകുന്നതേയില്ല. മറിച്ച് ജാതിഭേദം മാറ്റിക്കളയാനുള്ള സഭ കൂടേണ്ട സമയമായിട്ടില്ല എന്നു മാധവന്‍ അസന്ദിഗ്ദ്ധമായി പറഞ്ഞുവെക്കുന്നുണ്ടു താനും. അതേപോലെ സ്ത്രീകളെ മുഴുവന്‍ ഇംഗ്ലിഷ് പഠിപ്പിച്ചിട്ടേ രാജ്യഭാരം ചോദിച്ചു വാങ്ങാന്‍ തുടങ്ങാവൂ എന്നു മുതലുള്ള വാദങ്ങള്‍ വെറും ഭോഷ്‌ക് ആണെന്നും തന്റെയത്ര വിവരവും പരിഷ്കാരവുമില്ലെന്നു മാധവന്‍ കരുതുന്ന ബന്ധുവായ ഗോവിന്ദന്‍കുട്ടി മേനോന്റെ വിയോജിപ്പുകള്‍ക്ക് മറുപടിയായി അയാള്‍ പറയുന്നുമുണ്ട്.

ഇംഗ്ലീഷുകാരുടെ ബുദ്ധിസാമര്‍ത്ഥ്യം, നീതിജ്ഞത, നിഷ്പക്ഷമതിത്വം, ദയ, ധീരത, ഉത്സാഹം, ക്ഷമ ഇവയെപ്പറ്റിയൊക്കെ മാധവനു വലിയ അഭിപ്രായമാണ്. അവരാല്‍ ഭരിക്കപ്പെടുന്നത് ഇന്ത്യയുടെ മഹാഭാഗ്യമാണെന്നും അയാള്‍ക്കഭിപ്രായമുണ്ട്. എല്ലാ കോണ്‍ഗ്രസുകാര്‍ക്കും ഇതേ അഭിപ്രായമല്ലല്ലോ എന്ന് തന്റെ വായിച്ചറിവില്‍നിന്ന് വാദിക്കുന്ന ഗോവിന്ദന്‍കുട്ടിമേനോനോട്, ന്യൂസ് പേപ്പറുകളും പുസ്തകങ്ങളും വായിച്ച് വഴിതെറ്റിപ്പോകണ്ട എന്നാണു മാധവന്‍ പറയുന്നത് (പത്രങ്ങള്‍ അന്നു കൂടുതല്‍ സത്യം പറഞ്ഞിരുന്നു എന്നതിന് ഹിന്ദുവിലെ എഡിറ്റോറിയലുകള്‍ സാക്ഷ്യം!). ”എന്റെ എല്ലായ്‌പോഴും ഉള്ള വിചാരവും പ്രാര്‍ത്ഥനയും നുമ്മടെ കോണ്‍ഗ്രസ്‌സഭക്കാര്‍ ഇന്ത്യയുടെ ഭാഗ്യവശാല്‍ കിട്ടിയിട്ടുള്ള ഇപ്പോഴത്തെ ഗവണ്‍മെന്റിനെ അനാവശ്യമായും അസത്യമായും ദുഷിക്കാതെ തുടര്‍ന്നു പോകണം” എന്നും അങ്ങനെയല്ലെങ്കില്‍ കോണ്‍ഗ്രസുമായുള്ള ചങ്ങാത്തം താനുപേക്ഷിക്കുമെന്നുംവരെ പറയാന്‍ മടിക്കുന്നില്ല ആ കൊളോണിയല്‍ വിധേയന്‍. വൈദേശിക സ്വാധീനംകൊണ്ട്, വിദ്യാഭ്യാസംകൊണ്ട് ജീവിതംതന്നെ തിരിച്ചുപിടിച്ചുകൊണ്ടിരിക്കുന്ന അവര്‍ണര്‍ക്ക് ഈ കൊളോണിയല്‍ വിധേയത്വം ആ രീതിയില്‍ കാണുന്നില്ല എന്നതിന് ‘സുകുമാരി’ യിലെ തേജോപാലന്റെ വാക്കുകള്‍ ഓര്‍ക്കുക. ”നമ്മുടെ കണ്ണില്‍ പൊടിയിട്ട് പൈസ വിഴുങ്ങുവാന്‍ ബിലാത്തിയിലെ കച്ചവടക്കാര്‍ ഓരോ ചരക്കുകള്‍ കൊടുത്തയയ്ക്കുന്നുണ്ട്… ആദ്യം അവര്‍ നമ്മെ ഇംഗ്ലീഷ് മര്യാദകള്‍ പഠിപ്പിക്കും. നമ്മളാവട്ടെ, അവരുടെ ചീത്ത സമ്പ്രദായങ്ങള്‍ പഠിച്ച് നല്ലതൊക്കെ തള്ളിക്കളയും. അവര്‍ക്കൊത്ത ഉടുപ്പും തീനും കുടിയും വേണമെന്നാകും. അങ്ങനെ അവിടത്തെ കച്ചവടക്കാര്‍ ഈ നാട്ടുകാരുടെ പണമെല്ലാം കൈക്കലാക്കും.” കൊളോണിയല്‍ മൂല്യബോധത്തിനെതിരായ ഈ ജാഗ്രത നാം മാധവനിലോ ഇന്ദുലേഖയിലെ ഉദ്ബുദ്ധരായ മറ്റു കഥാപാത്രങ്ങളിലോ, തന്മൂലം കഥാകാരനിലോ കാണുന്നില്ല. ഇംഗ്ലിഷുകാരെ സംശയത്തോടെ നോക്കുന്ന യാഥാസ്ഥിതികര്‍ ഉണ്ട് നോവലില്‍. അതവരുടെ പാരമ്പര്യത്തെ തകര്‍ക്കുമോ എന്ന ഭയംകൊണ്ടുമാത്രം.

തുടര്‍ന്നു വായിക്കാം

 

Comments are closed.