‘ഇന്ദുലേഖ ‘ ; ആദ്യ ലക്ഷണമൊത്ത നോവല്‍
1889ല്‍ പുറത്തുവന്ന ഇന്ദുലേഖ അന്നുതൊട്ടിന്നോളം മലയാളിയുടെ പ്രിയപ്പെട്ട പുസ്തകമാണ്. ഈ നോവലിലൂടെ ഒ. ചന്തുമേനോന്‍ മലയാള നോവല്‍ സാഹിത്യത്തില്‍ പുതിയൊരു വഴിവെട്ടിത്തുറക്കുകയായിരുന്നു. ലക്ഷക്കണക്കിന് വായനക്കാര്‍ വായിക്കുകയും വിലയിരുത്തുകയും ചെയ്ത ഇന്ദുലേഖയ്ക്ക് ഭാരതീയ നോവല്‍ സാഹിത്യത്തിലും ചരിത്രത്തിലും വിശിഷ്ടമായ സ്ഥാനമാണുള്ളത്. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവല്‍ എന്ന നിലയില്‍ ചരിത്രത്തില്‍ ഒരു നാഴികക്കല്ല് സൃഷ്ടിക്കുക മാത്രമായിരുന്നില്ല ഇന്ദുലേഖ, ജനഹൃദയങ്ങള്‍ കീഴടക്കുകകൂടിയായിരുന്നു. ഇംഗ്ലിഷ് വിദ്യാഭ്യാസം നേടിയ ഇന്ദുലേഖയും ആഡംബരത്തിന്റെയും വിവരക്കേടിന്റെയും പ്രതീകമായ സൂര്യനമ്പൂതിരിപ്പാടിനെയും സാഹിത്യപ്രേമികള്‍ ഒരിക്കലും മറക്കില്ല.
നോവലിന്റെ ആഖ്യാനസങ്കല്പവും രൂപസങ്കല്പവും ഏറെ മാറിമറിഞ്ഞിട്ടും പുതിയ തലമുറകള്‍ക്ക് ആസ്വാദ്യവും പഠനോത്സുകവുമായ ഒട്ടേറെ ഘടകങ്ങള്‍ ഇപ്പോഴും ഇന്ദുലേഖ സൂക്ഷിക്കുന്നു. എന്നാല്‍ നിലവില്‍ പ്രചരിക്കുന്ന ഇന്ദുലേഖ തന്നെയാണോ ഒ. ചന്തുമേനോന്‍ എഴുതിയത് എന്നത് സംബന്ധിച്ച ചര്‍ച്ച സാഹിത്യ ലോകത്ത് സജ്ജീവമായിരുന്നു.
1889ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച നോവല്‍ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നതിനെത്തുടര്‍ന്ന് 1890ല്‍ അതിന്റെ രണ്ടാം പതിപ്പ് ഇറങ്ങി. ചന്തുമേനോന്‍ അതിസൂക്ഷ്മതയോടെ പരിശോധിച്ച് നവീകരിച്ച പതിപ്പായിരുന്നു ഇത്. 1955ല്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച അമ്പത്തിരണ്ടാം പതിപ്പിനെ ആശ്രയിച്ചാണ് ഇന്ദുലേഖ ഇതുവരെ പ്രസിദ്ധീകരിച്ചിരുന്നത്. ഭാഷാപരമായും ലിപിപരമായും വ്യാകരണപരമായും തിരുത്തലുകള്‍ വരുത്തി ഏറെ അക്ഷരങ്ങളും വാക്യങ്ങളും ഖണ്ഡികകളും വിട്ടുകളഞ്ഞായിരുന്നു അമ്പത്തിരണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ചതെന്ന് പില്‍ക്കാലത്ത് കണ്ടെത്തി.
1890ല്‍ പ്രസിദ്ധീകരിക്കപ്പെട്ട രണ്ടാം പതിപ്പിന് പില്‍ക്കാലങ്ങളില്‍ അനാവശ്യമായ തിരുത്തലുകള്‍ വന്നുപോയിട്ടുണ്ട് എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ നിന്നു കണ്ടെടുത്ത രണ്ടാം പതിപ്പ് വച്ച് പരിശോധിച്ച് കുറവുകള്‍ തീര്‍ത്ത് 2014ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരുന്നു. ഇരുപതാമത് ഡി സി പതിപ്പായാണ് തിരുത്തിയ ഇന്ദുലേഖ പ്രസിദ്ധീകരിച്ചത്. ‘1890ല്‍ പ്രസിദ്ധീകരിച്ച രണ്ടാം പതിപ്പ് പ്രകാരം തിരുത്തിയത്’ എന്ന് കവര്‍ പേജില്‍ വ്യക്തമാക്കിക്കൊണ്ടാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.