DCBOOKS
Malayalam News Literature Website

രാഷ്ട്രീയപരമായി ഇന്ദിരയുമായി യോജിക്കാനാവില്ലെന്നു സാഗരിക ഘോഷ്

രാഷ്ട്രീയപരമായി ഇന്ദിരാഗാന്ധിയുമായി യോജിക്കാനാവില്ലെന്നും വ്യക്തിപരമായുളള മതിപ്പു മാത്രമാണ് ‘ഇന്ദിര: ദി മോസ്‌ററ് പവര്‍ഫുള്‍ പ്രൈം മിനിസ്‌ററര്‍’ എന്ന ബുക്കിലേക്ക് തന്നെ നയിച്ചതെന്നും പ്രശസ്ത ജേര്‍ണലിസ്റ്റും എഴുത്തുകാരിയുമായ സാഗരിക ഘോഷ് പറഞ്ഞു. സാഹിത്യോത്സവത്തിലെ അക്ഷരം വേദിയില്‍ ഡോ. ലത നായരുമായുളള സംഭാഷണത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്. ജനാധിപത്യത്തില്‍ ഒരു സാമ്രാജിത്വരാഷ്ട്രീയം പടുത്തുയര്‍ത്താനാണ് ഇന്ദിര ശ്രമിച്ചതെന്നും സാഗരിക പറഞ്ഞു. ഇപ്പോള്‍ ജേര്‍ണലിസത്തിന്റെ അവസ്ഥ അതീവ പരിതാപകരമാണെന്ന് പറയുന്നതിനോടൊപ്പം പത്രസ്വാതന്ത്ര്യത്തിന്റെ ആത്മാവിനു നിത്യശാന്തി നേര്‍ന്നു കൊണ്ട് നര്‍മ്മപരമായി ഭരണത്തോടുളള അമര്‍ഷം സാഗരിക വ്യക്തമാക്കി.

ഇന്ദിരയുടെ സ്വകാര്യജീവിതത്തിലെ പല സംഭവങ്ങളും വിവരിക്കുന്നതുവഴി ഇന്ദിര ഒരു നല്ല ഭാര്യയും മകളുമായിരുന്നെന്ന് വിവരിക്കുന്നതോടൊപ്പം എം ഒ മത്തായിയുമായുളള ബന്ധത്തിലേക്കും ചര്‍ച്ച വഴി തെളിച്ചു. നെഹ്‌റുവിനെ സംബന്ധിച്ച് ഇന്ദിര തീര്‍ത്തും ഒരു പരാജയമായിരുന്നെന്നും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദം നേടാന്‍ കഴിയാത്തതും, ഫിറോസ് ഗാന്ധിയുമായുളള വിവാഹവുമെല്ലാം നെഹ്‌റുവില്‍ കടുത്ത പ്രതിഷേധം സൃഷ്ടിക്കുകയും ആശയപരമായുളള ഭിന്നതകളും മറ്റു അസ്വാസ്യങ്ങളും നെഹ്‌റുവിനും ഇന്ദിരക്കുമിടയില്‍ അകല്‍ച്ച ഉണ്ടാക്കിയിരുന്നെന്നും സാഗരിക പറഞ്ഞു.

അങ്ങനെ സ്വന്തം ഇച്ഛാശക്തിയും ധൈര്യവും കൊണ്ടുമാത്രം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ റാണിയായി മാറിയതാണ് ഇന്ദിരാഗാന്ധി. ഇന്ദിരയുടെ രാഷ്ട്രീയ നീക്കങ്ങളും അജണ്ടകളും കോണ്‍ഗ്രസിന്റെ പതനത്തിനു കാരണമായെങ്കിലും തോല്‍വികളില്‍ നിന്നു ഉയര്‍ത്തെണീക്കാനുളള ഇന്ദിരയുടെ തന്ത്രങ്ങള്‍ പ്രശംസനനീയമാണെന്നു സാഗരിക അഭിപ്രായപ്പെട്ടു. ഇന്ദിരയുടെ ആത്മസമര്‍പ്പണം കാണികള്‍ക്കു ബോധ്യപ്പെടുത്തുന്നതിനായി തന്റെ ബുക്കിലെ ഭാഗങ്ങള്‍ വായിച്ചുകൊണ്ട് സാഗരിക സെഷനു വിരാമമിട്ടു.

ഡിസി കിഴക്കോമുറി ഫൗണ്ടേഷന്‍ ഇന്‍ക്രടിബിള്‍ ഇന്ത്യ, കേരള ടൂറിസം, കേരള സാംസ്‌കാരിക വകുപ്പ് കൂടാതെ കേരള സര്‍ക്കാരിന്റെ മറ്റുവകുപ്പുകളുമായി സഹകരിച്ചാണ് മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്.

Comments are closed.