ഇന്ത്യയെ വീണ്ടെടുക്കല്‍
‘ഇന്ത്യയുടെ വീണ്ടെടുക്കല്‍’ എന്ന ഗ്രന്ഥത്തിന് ബി. രാജീവൻ എഴുതിയ മുഖവുരയിൽ നിന്നും
ലോകമെമ്പാടും വിവിധരീതികളില്‍ അടിമത്തം അനുഭവിക്കുന്ന തൊഴിലാളികളും
കര്‍ഷകരും കറുത്തവരുമടക്കമുള്ള കീഴാള (Subaltern) ജനവിഭാഗങ്ങളുടെ വിമോചന പ്രതീക്ഷകള്‍ക്ക് അര്‍ത്ഥവും ദിശാബോധവും പകര്‍ന്ന ഒരു മഹത്തായ രാഷ്ട്രീയ സിദ്ധാന്തമായാണ് പത്തൊമ്പതാം നൂറ്റാണ്ടില്‍ മാര്‍ക്‌സിസം ഉയര്‍ന്നുവന്നത്. മുതലാളിത്ത വ്യവസ്ഥയില്‍നിന്ന് കീഴാളജനവിഭാഗങ്ങളെ മോചിപ്പിക്കാന്‍ മാര്‍ക്‌സിസത്തെ മുന്‍നിര്‍ത്തി
നടന്ന വിവിധ രാഷ്ട്രീയ പരീക്ഷണങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ പരാജയപ്പെടുന്നതാണ് നാം കണ്ടത്. മേലാള വര്‍ഗ്ഗാധിപത്യത്തിന്റെ ഉപകരണമായ ഭരണകൂടയന്ത്രത്തെത്തന്നെ അപ്രസക്തമാക്കുന്ന കീഴാള രാഷ്ട്രീയശക്തിയുടെ വിമോചനത്തിലൂടെ ഒരു പുതിയ ലോകത്തിന്റെ സൃഷ്ടിക്കായുള്ള പരിശ്രമങ്ങളിലേര്‍പ്പെട്ട മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയ പരീക്ഷണങ്ങള്‍ സമഗ്രാധിപത്യത്തിലും അങ്ങനെ, ഭരണകൂടത്തിന്റെതന്നെ പുതിയൊരു മാതൃകയുടെ നിര്‍മ്മിതിയിലുമാണ് കലാശിച്ചത്. സോവിയറ്റ് മാതൃകയിലുള്ള മാര്‍ക്‌സിസത്തിന്റെ ഈ പരാജയം മുതലാളിത്തലോകം അങ്ങേയറ്റം ആഘോഷപൂര്‍വ്വംതന്നെ ഏറ്റെടുത്തു. സോവിയറ്റുയൂണിയനിലേയും കിഴക്കന്‍ യൂറോപ്പിലേയും ‘സോഷ്യലിസ്റ്റ് സമഗ്രാധിപത്യ’ വ്യവസ്ഥയുടെ തകര്‍ച്ചയോടെ മാര്‍ക്‌സിസം പൂര്‍ണ്ണമായി കാലഹരണപ്പെട്ടു കഴിഞ്ഞ ഒരു രാഷ്ട്രീയ സിദ്ധാന്തമാണെന്ന് സമര്‍ത്ഥിക്കാനുള്ള വാദമുഖങ്ങള്‍ പണ്ടെന്നത്തെക്കാളും ശക്തിയോടെ മുന്നിലേക്ക് വന്നു. അങ്ങനെ സ്വകാര്യസ്വത്തുടമസ്ഥതയിലും അതിന്റെ കര്‍ത്തൃത്വരൂപമായ, സ്വാര്‍ത്ഥതയിലും സ്‌നേഹശൂന്യതയിലും പ്രവര്‍ത്തിക്കുന്ന സ്വകാര്യവ്യക്തി സ്വത്വഭാവനയിലും അധിഷ്ഠിതമായ മുതലാളിത്തവ്യവസ്ഥയും അതിന്റെ അധികാരന്ധങ്ങളെ താങ്ങിനിര്‍ത്തുന്ന രാഷ്ട്രീയരൂപങ്ങളും മനുഷ്യചരിത്രവികാസത്തിന്റെ പൂര്‍ത്തീകരണമാണെന്നു സമര്‍ത്ഥിക്കുന്ന സിദ്ധാന്തങ്ങള്‍ പുതിയ കണ്ടുപിടിത്തങ്ങളെന്നമട്ടില്‍ രംഗത്തു വരാനും തുടങ്ങി. അതിനാല്‍ മാര്‍ക്‌സിസത്തെ തള്ളിക്കളയുന്നതിലൂടെ മുതലാളിത്തവ്യവസ്ഥയെ ശാശ്വതീകരിക്കാന്‍ ശ്രമിക്കുന്ന ഈ കമ്മ്യൂണിസ്റ്റ് വിരുദ്ധ സിദ്ധാന്തങ്ങള്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്നാനാമുഖമായ പാരതന്ത്ര്യങ്ങളില്‍ പെട്ടുഴലുന്ന ലോക കീഴാളജനതയുടെ സ്വാതന്ത്ര്യ
തൃഷ്ണയെത്തന്നെ തള്ളിക്കളയുകയും മുതലാളിത്തത്തിന്റേതല്ലാത്ത മറ്റൊരു ലോകം
അസാദ്ധ്യമാണെന്നു വരുത്തിത്തീര്‍ക്കുകയുമാണ്.
എന്നാല്‍ വിവിധ രീതികളിലുള്ള അടിച്ചമര്‍ത്തലുകളെ നേരിട്ടുകൊണ്ടിരുന്ന കീഴാളവര്‍ഗ്ഗങ്ങള്‍ അതിന്റെ ചെറുത്തുനില്‍പ്പുകളില്‍നിന്ന് പിന്മാറുകയുണ്ടായില്ല. മാത്രമല്ല ആധിപത്യം പുലര്‍ത്തുന്ന മുതലാളിത്തവ്യവസ്ഥയെതന്നെ പ്രതിസന്ധിയിലേക്ക് തള്ളിവീഴ്ത്തിക്കൊണ്ടും അവയെ അതിജീവിക്കാനുള്ള പുതിയ അടവുകള്‍ കൈക്കൊള്ളാന്‍ നിര്‍ബ്ബന്ധിതമാക്കിക്കൊണ്ടും ലോക കീഴാളജനസഞ്ചയം അതിന്റെ രാഷ്ട്രീയ സര്‍ഗ്ഗശക്തിയുടെ പുതിയ ആവിഷ്‌കാരങ്ങളിലൂടെ മുന്നേറുകയും ചെയ്തു. ഇതോടൊപ്പംതന്നെ, ചരിത്രത്തിന്റെ അന്ത്യം മുതലാളിത്തത്തില്‍ കണ്ടെത്തിയ അതിന്റെ സൈദ്ധാന്തികര്‍ തള്ളിക്കളഞ്ഞ മാര്‍ക്‌സിസത്തെ വര്‍ഗ്ഗസമരത്തിന്റെ ഈ പുതിയ രൂപങ്ങള്‍ അവയുടെ സിദ്ധാന്തമായി വീണ്ടെടുക്കാനും വികസിപ്പിക്കാനുമുള്ള പുതിയ അന്വേഷണങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. രണ്ടാം ലോകയുദ്ധത്തിന് ശേഷം, ലോകത്തെ രണ്ടായി പകുത്ത ശീതയുദ്ധത്തിന്റെ കാലത്തുതന്നെ പാശ്ചാത്യ ലിബറല്‍ ജനാധിപത്യത്തിന്റെയും സോവിയറ്റ്
മാര്‍ക്‌സിസത്തിന്റെയും പ്രതിനിധാന രൂപങ്ങളുടെ ചട്ടക്കൂടുകളില്‍നിന്ന് ചൂഷിതരും പീഡിതരുമായ ലോകജനത പുറത്തു കടക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. 1953-ല്‍ കിഴക്കന്‍ ജര്‍മ്മനിയില്‍ സോഷ്യലിസ്റ്റ് ഭരണകൂടത്തിനെതിരെ അണപൊട്ടിയ തൊഴിലാളികളുടെ പ്രതിഷേധം ഇതിന്റെ ആദ്യമാതൃക ആയിരുന്നു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണ് ശരിയെന്നും പ്രതിഷേധിക്കുന്ന തൊഴിലാളികള്‍ തെറ്റായ പാതയിലാണെന്നും പറഞ്ഞ പാര്‍ട്ടി നേതൃത്വത്തിന്റെ ജനാധിപത്യവിരുദ്ധതയെ പരിഹസിക്കാന്‍ വേണ്ടിയാണ് ബര്‍തോള്‍ഡ് ബ്രഹ്ത്, ശരിയായ പാര്‍ട്ടിക്കുവേണ്ടി തെറ്റായ ജനങ്ങളെ പിരിച്ചു വിട്ട് നമുക്ക് ഒരു പുതിയ ജനതയെ തിരഞ്ഞെടുക്കാം എന്നു പറഞ്ഞത്. എന്നാല്‍ സാമ്പത്തിക സമത്വത്തിനുവേണ്ടി സ്വാതന്ത്ര്യം നിഷേധിക്കുന്ന സോവിയറ്റ് സോഷ്യലിസ്റ്റ് മാതൃകയുടെയും സ്വാതന്ത്ര്യത്തിന്റെ പേരില്‍ അസമത്വം വളര്‍ത്തുന്ന ലിബറല്‍ ജനാധിപത്യ മാതൃകയുടെയും ജനാധിപത്യ വിരുദ്ധതയ്‌ക്കെതിരേ കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍തന്നെ ലോക കീഴാളജനത ഒരു ബദല്‍ ജനാധിപത്യമാര്‍ഗ്ഗം തുറക്കുന്നതിനു വേണ്ടിനാനാമുഖമായ പ്രക്ഷോഭങ്ങള്‍ക്ക് തീ കൊളുത്തുകയുണ്ടായി. പാര്‍ട്ടിനിയന്ത്രണത്തിലുള്ള ട്രേഡ് യൂണിയനുകളില്‍നിന്ന് പുറത്തു വന്ന അസംതൃപ്തരായ തൊഴിലാളികളും തൊഴിലില്ലാത്തവരും പീഡിതരായ ദരിദ്ര ജനവിഭാഗങ്ങളും കലാകാരന്മാരും കവികളും ഗായകരും ബുദ്ധിജീവികളുമൊക്കെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ 1968-ല്‍ ഭരണവര്‍ഗ്ഗങ്ങളെ വിറപ്പിച്ചുകൊണ്ട് ഫ്രാന്‍സില്‍ ഉയര്‍ത്തിയ കലാപം ഒരു പ്രാദേശിക സംഭവം മാത്രമായിരുന്നില്ല.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.