DCBOOKS
Malayalam News Literature Website

വരൂ, ഞങ്ങളെ ബലാത്സംഗം ചെയ്യൂ…

എന്‍ കെ ഭൂപേഷിന്റെ ‘ഇന്ത്യയിലെ ആഭ്യന്തര കലാപങ്ങള്‍’ എന്ന പുസ്തകത്തിലെ ‘മണിപ്പൂര്‍ കലാപം’ എന്ന ലേഖനത്തില്‍ നിന്നും രണ്ട് ഭാഗങ്ങള്‍ വായിക്കാം

2004 ജൂലൈ 14. മണിപ്പൂരിലെ മച്ചാ ലൈയ്മ എന്ന വനിതാ സംഘടനയുടെ പ്രവര്‍ത്തകര്‍ അവരുടെ ഓഫീസില്‍ ഒത്തുകൂടിയിരിക്കയാണ്. അവര്‍ പന്ത്രണ്ടോളം പേരുണ്ട്. രാജ്യത്തിന്റെ മനഃസാക്ഷിയെ ഉലച്ചുകളഞ്ഞ ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അവര്‍ അവിടെ യോഗം ചേര്‍ന്നിരിക്കുന്നത്.

വനിതകളുടെ പൊതുവിലുള്ള ആവശ്യങ്ങള്‍ പൊതു സമൂഹത്തില്‍ ഉന്നയിക്കുന്നതിനു വേണ്ടി 1969-ല്‍ രൂപംകൊണ്ട സംഘടനയാണിത്. രാഷ്ട്രീയ സാമൂഹ്യവിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും അവര്‍ പ്രതികരിക്കാറുണ്ട്.

മേല്‍ സൂചിപ്പിച്ച യോഗം ചേരുന്നതിന് രണ്ട് ദിവസം മുമ്പ് കൃത്യമായി പറഞ്ഞാല്‍ ജൂലൈ 11-ന് നടന്ന ഒരു സംഭവമാണ് വിവിധ പ്രായത്തിലുള്ള സ്ത്രീകളെ ഇവിടെ എത്തിച്ചിരിക്കുന്നത്. രാജ്യത്തിന്റെ മനഃസാക്ഷിയെ ഉലച്ചുകളഞ്ഞ സംഭവമായിരുന്നു അത്. അന്നേ ദിവസമാണ് തങ്കജം മനോരമ എന്ന 32-കാരിയായ സ്ത്രീയെ അസം റൈഫിള്‍സിലെ സൈനികര്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം വഴിയില്‍ ഉപേക്ഷിച്ചതായി കണ്ടെത്തിയത്. അതിന് മുമ്പുള്ള ഒരു ദിവസമായിരുന്നു മനോരമയെ വീട്ടില്‍നിന്നും സൈനികര്‍ പിടിച്ചുകൊണ്ടുപോയത്. ഇന്ത്യയില്‍ നടന്ന സൈനിക അതിക്രമങ്ങളില്‍ അന്നുവരെ നടന്നതില്‍ ഏറ്റവും നീചമായ ഒന്നായി ആ സംഭവം വിലയിരുത്തപ്പെട്ടു. വലിയ പ്രതിഷേധവും രോഷവും രാജ്യത്തെമ്പാടും ഉയര്‍ന്നുവന്നു. ഈ സംഭവത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് ആലോചിക്കാനാണ് നേരത്ത പറഞ്ഞ സ്ത്രീകള്‍ യോഗം ചേര്‍ന്നിരിക്കുന്നത്. പല ആലോചനകളും വന്നു. വായ മൂടിക്കെട്ടി പ്രതിഷേധിക്കാമെന്ന് ചിലര്‍, ധര്‍ണ നടത്താമെന്ന് മറ്റു ചിലര്‍. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിഷേധംകൊണ്ടൊന്നും ഒരു പ്രതികരണവും ഉണ്ടാകില്ലെന്ന തീരുമാനത്തിലാണ് അവര്‍ എത്തിയത്. പെട്ടെന്നാണ് അവിടെ ഉണ്ടായിരുന്ന ഒരു സ്ത്രീ ഒരു നിര്‍ദ്ദേശം വെച്ചത്. നഗ്‌നരായി അസം റൈഫിള്‍സിന്റെ ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിക്കുക. ആ നിര്‍ദ്ദേശം സ്വീകരിക്കപ്പെട്ടു. കൊല്ലപ്പെട്ട മനോരമയുടെ അമ്മമാരാണ് തങ്ങളെന്ന ബോധ്യമാണ് ഇത്തരമൊരു പ്രതിഷേധത്തിലേക്ക് നീങ്ങാന്‍ അവരെ പ്രേരിപ്പിച്ചത്. പിന്നെ അതീവരഹസ്യമായി ചെയ്യേണ്ട ആ സമരത്തിന്റെ പദ്ധതി തയ്യാറാക്കലായി. ബാനര്‍ എഴുതുന്നയാളോട് വിവരം അതീവ രഹസ്യമാക്കി വെക്കാന്‍ ആവശ്യപ്പെട്ടു. വീട്ടില്‍ കുടുംബാംഗങ്ങളോടുപോലും ഏത് രീതിയിലുള്ള സമരമാണ് നടക്കുന്നതെന്ന കാര്യം പറയരുതെന്ന Textതീരുമാനമെടുത്തു. കാരണം പുറത്തറിഞ്ഞാല്‍ പ്രതിഷേധം അട്ടിമറിക്കപ്പെടും.

അങ്ങനെ പിറ്റേദിവസം രാവിലെ 10 മണിക്ക് അസം റൈഫിള്‍സിന്റെ ആസ്ഥാനം നിലനില്‍ക്കുന്ന പ്രദേശത്ത് പ്രതിഷേധം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. സൈനിക ആസ്ഥാനത്തിന് മുന്നില്‍ വെച്ച് ആദ്യം വസ്ത്രം വലിച്ചുകീറിയത് സരോജിനി എന്ന സ്ത്രീയായിരുന്നു. ന്ഗാന്‍ബി എന്ന സ്ത്രീ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു, ഞങ്ങളെല്ലാവരും മനോരമയുടെ അമ്മമാരാണ്. വരൂ ഞങ്ങളെ ബലാത്സംഗം ചെയ്യൂ. ഇതോടെ പ്രതിഷേധത്തില്‍ മറ്റുള്ള സ്ത്രീകളും അണിനിരന്നു. ‘ഇന്ത്യന്‍ ആര്‍മി റേപ്പ് അസ്’ എന്ന ബാനറിന് പിറകെ നഗ്‌നരായിക്കൊണ്ട് സ്ത്രീകള്‍ നടത്തുന്ന സമരത്തില്‍ നഗരം ഞെട്ടി.  സൈനിക ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ എന്തുചെയ്യണമെന്നറിയാതെ അസ്വസ്ഥരായി. അരമണിക്കൂറോളം അവര്‍ റോഡില്‍ പ്രതിഷേധിച്ചു. പിന്നീട് അവര്‍ പിരിഞ്ഞുപോയി.

മണിപ്പൂരില്‍ നടക്കുന്ന സമരത്തെക്കുറിച്ച് ലോകത്തിന്റെ ശ്രദ്ധ ഇത്രമേല്‍ ആകര്‍ഷിച്ച പ്രതിഷേധരൂപം മറ്റൊന്നുണ്ടായിരുന്നില്ല. ഇന്ത്യന്‍ ആര്‍മി റേപ്പ് അസ് എന്ന ബാനര്‍ സൈന്യത്തിന്റെ സവിശേഷാധികാരങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പുകളില്‍ സ്ഥിരമായി പരാമര്‍ശിക്കപ്പെട്ടു. മണിപ്പൂരില്‍ നടക്കുന്ന കാര്യങ്ങള്‍ എന്താണെന്നതിലേക്ക് ലോകത്തിന്റെ ശ്രദ്ധ കാര്യമായി തിരഞ്ഞത് ഈ സമരത്തോടെയാണ്. അന്ന് ഇറോം ശര്‍മ്മിളയുടെ സമരത്തിന് പിന്നീട് ലഭിച്ചതുപോലുള്ള വാര്‍ത്താപ്രാധാന്യം കിട്ടിത്തുടങ്ങിയിരുന്നില്ല.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

ദേശീയതാ പ്രസ്ഥാനങ്ങള്‍ എന്ന നിലയ്ക്കപ്പുറം വടക്കുകിഴക്കന്‍ മേഖലയില്‍ പ്രകടമായി നിലനിന്നത് വംശീയതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. അസമിലായാലും മണിപ്പൂരിലായാലും അതുതന്നെ ആയിരുന്നു സ്ഥിതി. ദേശീയതാ പോരാട്ടത്തെക്കാള്‍ മണിപ്പൂരിനെ രക്തത്തില്‍ മുക്കിയത് വംശീയാധിപത്യം കാണിക്കാനുള്ള ചില വിഭാഗങ്ങളുടെ നീക്കങ്ങളാണെന്നു പറയാം.

എന്നാല്‍ സ്വത്വപ്രശ്നവുമായി ബന്ധപ്പെട്ടുള്ള മണിപ്പൂരിന്റെ അവസ്ഥ കുറെ സങ്കീര്‍ണമാണ്. തീര്‍ത്തും ഭിന്നങ്ങളായ നിരവധി വംശീയ വിഭാഗങ്ങളാണ് ഇവിടെ ജീവിക്കുന്നത്. വ്യത്യസ്തങ്ങളായ മുപ്പതോളം വിഭാഗക്കാര്‍ ഇവിടെ ജീവിക്കുന്നുണ്ടെന്നാണ് കരുതുന്നത്. 2011-ലെ സെന്‍സസ് പ്രകാരം 28,55794 ആണ് മണിപ്പൂരിലെ ജനസംഖ്യ. ഇതില്‍ ഭൂരിപക്ഷം വരുന്ന മെയ്തെയി വിഭാഗം ഏകദേശം 57 ശതമാനത്തോളം വരും. വൈഷ്ണ വിശ്വാസികളായ ഇവര്‍ പൊതുവില്‍ താഴ്വരകളിലാണ് ജീവിക്കുന്നത്. ഇവര്‍ക്ക് മറ്റ് ആദിവാസി വിഭാഗങ്ങള്‍ ജീവിക്കുന്ന മലമ്പ്രദേശങ്ങളില്‍ ഭൂമി വാങ്ങാനോ സ്ഥിരമായി താമസിക്കാനോ സാധ്യമല്ല. സംസ്ഥാനത്തെ പത്തില്‍ ഒമ്പത് ഭൂവിഭാഗവും ഇങ്ങനെ സംരക്ഷിക്കപ്പെട്ടതാണ്. സംസ്ഥാനത്തെ ആകെ ആദിവാസി ജനസംഖ്യയെന്നത് ഏഴ് ലക്ഷത്തില്‍ അല്പം അധികമാണ്. 29 ആദിവാസി വിഭാഗങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതിനുപുറമെ മറ്റ് ചില വംശീയ വിഭാഗങ്ങളും ഇവിടെയുണ്ട്. മണിപ്പൂരിന്റെ ദേശീയതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോടൊപ്പംതന്നെ ഈ മേഖലയെ പതിറ്റാണ്ടുകളായി അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നതാണ് വിവിധ വംശീയവിഭാഗങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍.

പല വംശീയ പോരാട്ടങ്ങള്‍ക്കും കാരണം അവികസിതാവസ്ഥ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളാണെന്ന് കരുതുന്നവരുണ്ട്. ഇതിന്റെ ഭാഗമായി ആദിവാസി വിഭാഗങ്ങളും മെയ്തെയി വിഭാഗക്കാരും തമ്മില്‍ അകല്‍ച്ച പലപ്പോഴും ഉണ്ടാകുന്നു. എന്നാല്‍ ഇതൊക്കെ സമീപകാലത്ത് സംഭവിച്ചതാണെന്നും നേരത്തേ ഇത്തരത്തില്‍ വംശീയ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നില്ലെന്ന് കരുതുന്നവരുമുണ്ട്. മലമ്പ്രദേശത്ത് ജീവിക്കുന്ന ആദിവാസി വിഭാഗങ്ങളും താഴ്വരയില്‍ കഴിയുന്ന മെയ്തെയി വിഭാഗങ്ങളും തമ്മിലുള്ള സാംസ്‌കാരികഭിന്നത വംശീയ ലഹളയ്ക്ക് നേരത്തേ കാരണമാകാതിരുന്നതിന് കാരണം രാജഭരണകാലത്തെ സവിശേഷമായ ഇടപെടലുകളാണെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ ഇതില്‍ മാറ്റം വരുന്നത് മെയ്തെയി വിഭാഗത്തില്‍പെട്ടവര്‍ 18-ാം നൂറ്റാണ്ടോടെ വൈഷ്ണവ വിശ്വാസത്തിലേക്ക് മാറിയതോടെയാണെന്ന് ഇവര്‍ കരുതുന്നു. 1800-കളുടെ അവസാനത്തില്‍ ബ്രിട്ടീഷുകാരുടെ വരവോടെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ ക്രൈസ്തവവത്കരണവും ഇത്തരത്തിലുള്ള ഭിന്നതയ്ക്ക് ആക്കം കൂട്ടിയെന്നും ചിലര്‍ കരുതുന്നു.

ഇതിനെക്കാള്‍ സങ്കീര്‍ണമാണ് നാഗാ വിഭാഗക്കാരും കുകികളും തമ്മിലുള്ളത്. നാഗാ ആധിപത്യശ്രമമാണ് ഇവിടെ പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുള്ളത്. അതാണെങ്കില്‍ ദേശീയതയുടെ മറവിലാണ് അവതരിക്കാറുമുള്ളത്. നാഗാലാന്‍ഡിന് പുറത്തുള്ള നാഗാ വിഭാഗക്കാര്‍ താമസിക്കുന്ന പ്രദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തി വിശാല നാഗാലാന്‍ഡ് രാഷ്ട്രം സ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രവര്‍ത്തനങ്ങളാണ് സംഘര്‍ഷം സൃഷ്ടിക്കാറുള്ളത്.

ഇവരുടെ ദേശീയതാ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കുകികള്‍ പലപ്പോഴും ആക്രമിക്കപ്പെട്ടത്. നാഗാ മേഖലയില്‍ കഴിയുന്നതിന് നികുതി നല്‍കണമെന്ന ഇവരുടെ ആവശ്യം പലപ്പോഴും സംഘര്‍ഷത്തിലേക്കും ആസൂത്രിത കൂട്ടക്കൊലകള്‍ക്കും കാരണമായി. കുകി വിഭാഗങ്ങള്‍ താമസിച്ച പല ഗ്രാമങ്ങളും തീവെച്ച് നശിപ്പിക്കപ്പെട്ടു. ഇങ്ങനെ പല രീതിയിലുണ്ടായ ആക്രമണം കുകി വിഭാഗങ്ങളെയും സംഘടിക്കാന്‍ നിര്‍ബന്ധിതമാക്കി. നാഗ വിഭാഗ?ക്കാരുടെ സംഘടിതമായ ആക്രമണമാണ് വിവിധ ഗോത്രങ്ങളായി കഴിഞ്ഞിരുന്ന കുകി വംശജരെ സംഘടിപ്പിക്കുന്നതിലേക്ക് നയിച്ചതെന്ന് കരുതുന്നവരുമുണ്ട്. പിന്നീട് മറ്റ് പല വിഭാഗങ്ങള്‍ തമ്മിലും പോരാട്ടം ശക്തമായി.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.