അക്ഷരം; രാജ്യത്തെ ആദ്യ ഭാഷ-സാഹിത്യ-സാംസ്കാരിക മ്യൂസിയം കോട്ടയത്ത്
ഭാഷയ്ക്കും സാഹിത്യത്തിനും പ്രാധാന്യം നല്‍കി സഹകരണ വകുപ്പ് നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ഭാഷ-സാഹിത്യ-സാംസ്കാരിക മ്യൂസിയമായ അക്ഷരം മ്യൂസിയത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം 2024 നവംബര്‍ 26 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോട്ടയത്ത് നിര്‍വ്വഹിക്കും. തുറമുഖം-സഹകരണം-ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍.വാസവന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ലെറ്റര്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ പ്രഖ്യാപനവും നിര്‍വഹിക്കും. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ നാട്ടകം ഇന്ത്യാപ്രസ്സ് പുരയിടത്തില്‍ ഉച്ചക്ക് 3നാണ് ചടങ്ങ്.
അന്തര്‍ദേശീയ നിലവാരത്തില്‍ ആധുനികസാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് 15,000 ചതുരശ്രയടിയിലാണ് മ്യൂസിയം നിര്‍മ്മിച്ചിരിക്കുന്നത്. അത്യാധുനിക രീതിയില്‍ സജ്ജീകരിച്ചിരിക്കുന്ന തീയേറ്റര്‍, ഹോളോഗ്രാം സംവിധാനവും മ്യൂസിയത്തിലുണ്ട്.നാലു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുന്ന അക്ഷരം മ്യൂസിയത്തിന്റെ ആദ്യഘട്ടത്തില്‍ ഭാഷയുടെ ഉല്‍പത്തി മുതല്‍ മലയാളഭാഷയുടെ സമകാലികമുഖം വരെ അടയാളപ്പെടുത്തുന്ന വിവിധ ഗ്യാലറികളാണ്.
4 ഗാലറികളിലായാണ് ഒന്നാംഘട്ട ഉള്ളടക്കം പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. മനുഷ്യഭാഷയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട വിഡീയോ പ്രൊജക‍്‍ഷന്‍, വാമൊഴി പാരമ്പര്യം, ഗുഹാചിത്രങ്ങള്‍, ചിത്രലിഖിതങ്ങള്‍ എന്നിവയുടെ വിശദാംശങ്ങളാണ് ഒന്നാം ഗാലറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ലിപികളുടെ പരിണാമചരിത്രത്തെ അടയാളപ്പെടുത്തുന്നതാണ് മ്യൂസിയത്തിന്റെ രണ്ടാം ഗാലറി. അച്ചടി സാങ്കേതികവിദ്യയെക്കുറിച്ചും മലയാളം അച്ചടിയുടെ ചരിത്രത്തെക്കുറിച്ചും പ്രധാന പുസ്തകങ്ങളെക്കുറിച്ചും അറിവു നല്‍കുന്നതാണ് മ്യൂസിയത്തിന്റെ മൂന്നാം ഗാലറി.
കൂടാതെ കേരളത്തിലെ സാക്ഷാരതാപ്രവര്‍ത്തനങ്ങളെക്കുറിച്ചും ദ്രാവിഡഭാഷകളെക്കുറിച്ചും കേരളത്തിലെ 36 ഗോത്രഭാഷകളുടെ വിഡീയോ/ഓഡിയോ ഉള്ളടക്കവും മ്യൂസിയത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തെക്കുറിച്ചുള്ള വിശദാംശങ്ങളാണ് മ്യൂസിയത്തിന്റെ നാലാം ഗാലറി. മ്യൂസിയത്തിന്റെ ഒന്നാം നിലയില്‍ ലോകത്തിലെ ആറായിരത്തോളം ഭാഷകളെക്കുറിച്ച് വിവരം നല്കുന്ന ലോകഭാഷാഗാലറിയും സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ ഇന്ത്യന്‍ ലിപികളുടെ പരിണാമചരിത്രം കാലഘട്ടം തിരിച്ച് അടയാളപ്പെടുത്തുന്ന അക്ഷരമാലാ ചാര്‍ട്ടുകളും പ്രദര്‍ശിപ്പിക്കുന്നു.
കോട്ടയത്തെ പ്രധാന സാംസ്കാരിക-ചരിത്ര-പൈതൃകകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ലെറ്റര്‍ ടൂറിസം സര്‍ക്യൂട്ടും അക്ഷരം മ്യൂസിയത്തിന്റെ ഭാഗമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അക്ഷരം മ്യൂസിയത്തിന്റെ ഭാഗമായി കോട്ടയത്തെ ചില പ്രധാന സാംസ്കാരിക ചരിത്ര-പൈതൃകകേന്ദ്രങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ട് അക്ഷരം ടൂറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പാക്കും. അക്ഷരനഗരിയായ കോട്ടയത്തിന്റെ അക്ഷരം ഭാഷ-ചരിത്രത്തെ നേരിട്ട് മനസ്സിലാക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി അക്കാദമിക താല്‍പര്യങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതായിരിക്കും.
അക്ഷരത്തിനും സാഹിത്യത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് അക്ഷരം ടൂറിസം യാത്രയില്‍ ഇന്ത്യയിലെ ആദ്യത്തെ കോളേജായ സി.എം.എസ്. കോളേജ്, കേരളത്തില്‍ മലയാളം അച്ചടി ആരംഭിച്ച കോട്ടയം സി.എം.എസ്. പ്രസ്സ്, ആദ്യകാലപത്രസ്ഥാപനമായ ദീപിക ദിനപത്രം, പഹ്‍ലവി ഭാഷയിലുള്ള ലിഖിതം കൊത്തിവെച്ച പഹ്‍ലവി കുരിശുള്ള കോട്ടയം വലിയപള്ളി, താളിയോലകളും ഗ്രന്ഥങ്ങളും സൂക്ഷിച്ചിരിക്കുന്ന കുമാരനെല്ലൂര്‍ ദേവീക്ഷേത്രം, ചരിത്ര-സാംസ്കാരിക പ്രാധാന്യം വിളിച്ചോതുന്ന വിവിധ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന ദേവലോകം അരമന, മനോഹരമായ മ്യൂറല്‍ പെയിന്റിംഗുകളുള്ള ചെറിയപള്ളി, തിരുനക്കരക്ഷേത്രം, കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്ന പനച്ചിക്കാട് ദേവീക്ഷേത്രം, കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരകം, താഴത്തങ്ങാടി ജുമാമസ്ജിദ്, കേരളത്തിലെ ആദ്യകാല പ്രസ്സുകളിലൊന്നായ മാന്നാനം സെന്റ് ജോസഫ് പ്രസ്സ് എന്നിവയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സഹകരണവകുപ്പും സാഹിത്യപ്രവര്‍ത്തക സഹകരണസംഘവും സംയുക്തമായി ഏര്‍പ്പെടുത്തിയ അഞ്ചാമത് അക്ഷരപുരസ്കാരം എം. മുകുന്ദന് പ്രസ്തുതയോഗത്തില്‍ പിണറായി വിജയന്‍ സമര്‍പ്പിക്കും.
സാഹിത്യപ്രതിഭകളായ ടി. പദ്മനാഭന്‍, എം. കെ. സാനു, എന്‍. എസ്. മാധവന്‍, പ്രൊഫ. വി. മധുസൂദനന്‍നായര്‍, ഏഴാച്ചേരി രാമചന്ദ്രന്‍, ചരിത്രകാരനായ ഡോ. എം. ആര്‍. രാഘവവാരിയര്‍, തോമസ് ജേക്കബ്, മുരുകന്‍ കാട്ടാക്കട, ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സ്, ഡല്‍ഹി റോക്ക് ആര്‍ട്ട് ഡിവിഷന്‍ മേധാവി ഡോ. റിച്ച നെഗി, നാഷണല്‍ മ്യൂസിയം അസിസ്റ്റന്റ്ക്യൂറേറ്റര്‍ മൗമിത ധര്‍ തുടങ്ങിയവർ പങ്കെടുക്കും.
തിരുവഞ്ചുര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. ഡോ. എം. ജയരാജ് (ഗവ. ചീഫ് വിപ്പ്), അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, ജോസ് കെ. മാണി എം.പി, കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു, ജസ്റ്റീസ് കെ. റ്റി. തോമസ്, മിനി ആന്റണി Add CEO, KIIFB), ജില്ലാകളക്ടര്‍ ജോണ്‍ സാമുവല്‍ IAS, മലയാളമനോരമ ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു, ദീപിക ചീഫ് എഡിറ്റര്‍ ഫാദര്‍ ജോര്‍ജ് കുടിലില്‍, പി. കെ. ജയചന്ദ്രന്‍ (മാതൃഭൂമി), കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.