കേരളത്തിലെ ഉപ്പുസത്യാഗ്രഹം
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പി.എ.വാരിയരുടെ ‘ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും കേരളവും‘ എന്ന പുസ്തകത്തില്‍ നിന്നും
1929 ഡിസംബറില്‍ ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ അധ്യക്ഷതയില്‍ നടന്ന ലാഹോര്‍ കോണ്‍ഗ്രസ്, പൂര്‍ണസ്വാതന്ത്ര്യമെന്ന പരമലക്ഷ്യം അംഗീകരിച്ചു. ഡൊമിനിയന്‍പദവിയല്ല, പൂര്‍ണസ്വാതന്ത്ര്യമാണ് ലക്ഷ്യമെന്ന പ്രഖ്യാപനം അന്തരീക്ഷത്തില്‍ മാറ്റൊലിക്കൊണ്ടു തുടങ്ങിയതോടു കൂടിത്തന്നെ, അത് നേടുന്നതിനുള്ള സിവില്‍ നിയമലംഘനപരിപാടികളുടെ ആസൂത്രണവും ആരംഭിച്ചു. സംഭവങ്ങള്‍ ദ്രുതഗതിയില്‍ വിപ്ലവാത്മകമായി മുന്നോട്ടു നീങ്ങിത്തുടങ്ങി.
1930 ജനുവരി 26-ാം തീയതി ഇന്ത്യയിലുടനീളം പൂര്‍ണസ്വാതന്ത്ര്യദിനം ആചരിക്കണമെന്നു തീരുമാനമായി. നഗരങ്ങളിലെന്നപോലെ ഗ്രാമങ്ങളിലും പതിനായിരക്കണക്കിന് ആളുകള്‍ ഒത്തുചേര്‍ന്നു സ്വാതന്ത്ര്യപ്രതിജ്ഞയെടുത്തു.
ഫെബ്രുവരി 14-ാം തീയതി സബര്‍മതിയില്‍ കൂടിയ എ.ഐ.സി.സി. സമ്മേളനം, സമരത്തിന്റെ സമസ്തചുമതലയും മഹാത്മജിയെ ഏല്പിച്ചു. അദ്ദേഹം മാര്‍ച്ച് 2-ാം തീയതി വൈസ്രോയിക്കയച്ച കുറിപ്പിലെ ചില പ്രധാന ഭാഗങ്ങള്‍ ഇവിടെ നാം ഓര്‍ക്കേണ്ടിയിരിക്കുന്നു.
”….താങ്കളുടെ ശമ്പളക്കാര്യംതന്നെ പരിശോധിക്കാം. മറ്റു പല വക വമ്പിച്ച ചെലവുകള്‍ക്കു പുറമേ 21,000 ക.യാണല്ലോ അത്. ബ്രിട്ടീഷ് പ്രധാന മന്ത്രിക്ക് 5000 പവനാണു ശമ്പളം (ഇന്നത്തെ വിനിമയനിരക്കനുസരിച്ച് 5400 ക.). ഇന്ത്യക്കാരുടെ പ്രതിശീര്‍ഷവരുമാനം ദിവസത്തില്‍ രണ്ടണയാണ്. താങ്കള്‍ക്ക് ഇന്ത്യക്കാര്‍ തരുന്ന ശമ്പളം (താങ്കളുടെ ഒരു ദിവസത്തെ വരവ്) 700 ക.യും. ബ്രിട്ടനിലെ ജനങ്ങളുടെ പ്രതിശീര്‍ഷവരുമാനം രണ്ടു റുപ്പിക. എന്നിട്ടും ബ്രിട്ടീഷ് പ്രധാനമന്ത്രി 180 ക. വീതമേ എടുക്കുന്നുള്ളൂ. അങ്ങനെ ഇന്ത്യക്കാരുടെ പ്രതിശീര്‍ഷവരുമാനത്തിന്റെ അയ്യായിരം ഇരട്ടിയാണ് താങ്കള്‍ അവരില്‍നിന്നു പറ്റുന്നത്; ബ്രിട്ടീഷുകാരുടെ കലമേനിവരവിന്റെ തൊണ്ണൂറ് ഇരട്ടിയേ ബ്രിട്ടീഷ് പ്രധാനമന്ത്രി പറ്റുന്നുള്ളൂ. പ്രത്യക്ഷമായ ഈ അനീതിയെക്കുറിച്ചു താങ്കള്‍ ആലോചിക്കണമെന്ന് സവിനയം അഭ്യര്‍ത്ഥിക്കുന്നു…. താങ്കളുടെ ശമ്പളത്തിന്റെ ഈ സ്ഥിതിതന്നെയാണ് ഭരണസമ്പ്രദായത്തിന്റെ മൊത്തം സ്ഥിതിയും…. ഭരണച്ചെലവുകള്‍ ചുരു ക്കാന്‍ ഗവണ്മെന്റിന്റെ ഘടനയാകെ മാറ്റിയേ പറ്റൂ. പൂര്‍ണസ്വാതന്ത്ര്യം കൂടാതെ ഈ മാറ്റം അസാധ്യമാകുന്നു. സ്വാതന്ത്ര്യം സാക്ഷാത്കരിക്കു ന്നതിനുവേണ്ടിയാണ് ഉള്‍നാടുകളിലെ ആയിരക്കണക്കായ ജനങ്ങള്‍ ജനുവരി 26-ാം തീയതി പൂര്‍ണസ്വാതന്ത്ര്യപ്രതിജ്ഞ കൈക്കൊണ്ടത്.
താങ്കളുടെ വിജ്ഞാപനത്തില്‍ പറയുന്ന വട്ടമേശസമ്മേളനം ഇന്ത്യയുടെ പ്രശ്‌നത്തിന് ഒരു പരിഹാരമേ അല്ല. യുക്തിവാദങ്ങള്‍കൊണ്ട് എതിര്‍ കക്ഷിയെ ബോദ്ധ്യപ്പെടുത്തേണ്ട ഒരു സംഗതിയല്ല ഇത്. ഇന്ത്യയുടെമേല്‍ ഉണ്ടെന്നു പറയുന്ന അവകാശത്തെയും വ്യാപാരക്കുത്തകയെയും സംരക്ഷിക്കാന്‍ ബ്രിട്ടന്‍ ലഭ്യമായ എല്ലാ ശക്തിയും ഉപയോഗിച്ചു ശ്രമിക്കാതിരിക്കയില്ല. അതിനാല്‍ മരണത്തിന്റെ മരവിപ്പിക്കുന്ന ആലിംഗനത്തില്‍ നിന്നു മോചനം നേടാന്‍ മതിയായ ശക്തി ഇന്ത്യ സംഭരിക്കേണ്ടിയിരിക്കുന്നു….”
ഉപ്പുനികുതി എടുത്തുകളയുക തുടങ്ങി പതിനൊന്നു സംഗതികള്‍ ഉടന്‍ നടത്തണമെന്ന് ആവശ്യപ്പെടുന്ന ഈ കത്തിന് മാര്‍ച്ച് 11-ാം തീയതിക്കുമുമ്പ് തൃപ്തികരമായ മറുപടി കിട്ടിയില്ലെങ്കില്‍ 12-ാം തീയതി സത്യഗ്രഹസമരം ആരംഭിക്കുന്നതാണെന്ന് ഒരന്ത്യശാസനവും നല്കപ്പെട്ടു. 12-ാം തീയതി ആയിട്ടും മറുപടി വന്നില്ല. സമരം ആരംഭിച്ചു.
ഉപ്പുനിയമം ലംഘിക്കാന്‍ മഹാത്മജിയുടെ നേതൃത്വത്തില്‍ നടന്ന ദണ്ഡിയാത്രയില്‍ പങ്കെടുത്ത എഴുപതു സത്യഗ്രഹികളില്‍ സി. കൃഷ്ണന്‍ നായര്‍ ഉള്‍പ്പെടെ നാലുപേര്‍ മലയാളികളായിരുന്നു. ദണ്ഡിയിലേക്കു പുറപ്പെടുമ്പോള്‍ മഹാത്മജി പുറപ്പെടുവിച്ച പ്രസ്താവനയിലെ മുഖ്യ
ഭാഗം:
”ഒന്നുകില്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ സാധിച്ച് ആശ്രമത്തില്‍ മടങ്ങിയെത്തും; അല്ലെങ്കില്‍ എന്റെ മൃതശരീരം അറബിക്കടലില്‍ ഒഴുകുന്നതു കാണാം….”
കേരളത്തിലും സമരം ആരംഭിച്ചു. കെ. കേളപ്പന്‍, ടി.ആര്‍. കൃഷ്ണ സ്വാമി അയ്യര്‍ മുതലായ നേതാക്കന്മാര്‍ കൊടുങ്കാറ്റുപോലെ കേരളത്തിലുട നീളം സഞ്ചരിച്ച് സമരത്തിന്റെ സന്ദേശം പ്രചരിപ്പിച്ചു. ഏപ്രില്‍ 13-ാം തീയതി കേളപ്പന്റെ നേതൃത്വത്തില്‍ ഒരു വളന്റിയര്‍സംഘം ഉപ്പുനിയമം ലംഘിക്കാന്‍ വേണ്ടി കോഴിക്കോട്ടുനിന്ന് പയ്യന്നൂരിലേക്കു പുറപ്പെട്ടു; പാലക്കാട്ടുനിന്ന് ഒരു സംഘം കൃഷ്ണസ്വാമി അയ്യരുടെ നേതൃത്വത്തിലും. വളന്റിയര്‍ സംഘങ്ങള്‍ക്ക് വഴിനീളെ ഹൃദ്യവും ആവേശജനകവുമായ സ്വീകരണം ലഭിച്ചു.
Comments are closed.