DCBOOKS
Malayalam News Literature Website

മലബാറിന്റെ ചരിത്രത്തിലേക്കുള്ള സമുദ്രപാതകള്‍

ഇന്ത്യൻ മഹാസമുദ്രവും മലബാറും ‘മഹമൂദ് കൂരിയയും മൈക്കല്‍ എൻ. പിയേഴ്സണും എഡിറ്റ് ചെയ്ത് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച  മലബാർ ഇൻ ദ ഇന്ത്യൻ ഓഷ്യൻ എന്ന ഇംഗ്ലിഷ് കൃതിയുടെ മലയാള പരിഭാഷ 

മഹമൂദ് കൂരിയ

സമീപകാലത്തായി ഇന്ത്യന്‍ മഹാസമുദ്രപഠനങ്ങള്‍ ധാരാളമായി വന്നുകൊണ്ടിരിക്കുന്നുണ്ട്. അക്കാദമിക സമ്മേളനങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും ആ മേഖല വലിയ തോതില്‍ ആശയസമ്പുഷ്ടമാവുകയും ചെയ്തിട്ടുണ്ട്. എന്നാലും രണ്ടു വെല്ലുവിളികള്‍ നിലനില്‍ക്കുന്നു. ഒന്ന്, വ്യത്യസ്ത സമൂഹങ്ങളുമായും ഭാഷകളുമായും ആ ഭാഷകളിലെ ചരിത്രരേഖകളുമായും ബന്ധപ്പെട്ടുകിടക്കുന്നതാണ് ഈ പഠനമേഖല. അതുകൊണ്ടുതന്നെ ഗവേഷകര്‍ക്ക് എല്ലാ ഭാഷകളിലെയും മൂലരേഖകള്‍ പരിശോധിക്കാന്‍ കഴിയാറില്ല. രണ്ട്, ചില പ്രദേശങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കിട്ടിയപ്പോള്‍ മറ്റു ചില ദേശങ്ങള്‍ പാടേ അവഗണിക്കപ്പെടുന്നു. ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരപ്രദേശങ്ങള്‍ സമീപകാലംവരെ ഏറക്കുറേ അവഗണിക്കപ്പെട്ടു കിടക്കുകയായിരുന്നു
Textമലബാറുമായി ബന്ധപ്പെട്ട അറിയപ്പെടാത്തതും അധികം വെളിപ്പെടാത്തതുമായ ചരിത്രസ്രോതസ്സുകളുടെ വിവര്‍ത്തനങ്ങളിലൂടെ ഇത്തരം വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം.

ലഭ്യമായ സാഹിത്യ, ഭൗതിക സ്രോതസ്സുകളനുസരിച്ച്, ഇന്ത്യന്‍ മഹാസമുദ്ര ലോകത്ത് മലബാറിന്റെ സമുദ്രപങ്കാളിത്തത്തിന്റെ സൂചനകള്‍ ബി.സി.ഇ. അവസാന വര്‍ഷങ്ങളിലേക്കെങ്കിലും ചെന്നെത്തുന്നുണ്ട്. ചൈനക്കാര്‍, അറബികള്‍, പേര്‍ഷ്യക്കാര്‍, ആഫ്രിക്കക്കാര്‍, യൂറോപ്യര്‍ തുടങ്ങി അന്താരാഷ്ട്രീയവും ആഭ്യന്തരവുമായ വൈവിധ്യമാര്‍ന്ന വാണിജ്യ സമൂഹങ്ങളുടെ ഗണ്യമായ ഇടപെടലിലൂടെ ആധുനികപൂര്‍വ കാലഘട്ടത്തില്‍ തെക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ തീരമേ ഖലയിലെ വാണിജ്യനീക്കം ശക്തമായിരുന്നുവെന്ന് പല പഠനങ്ങളും കാണിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഈ മേഖലയുടെ കുത്തക ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലാവുകയും ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ അത് തുടരുകയും ചെയ്തു. മനുഷ്യരുടെയും ആശയങ്ങളുടെയും മുഖ്യ സഞ്ചാരപാത എന്ന നിലയില്‍ പ്രസക്തി കുറഞ്ഞിട്ടുണ്ടെങ്കിലും കോളനിയനന്തര കാലത്തും വ്യത്യസ്ത രൂപങ്ങളില്‍ ഈ വാണിജ്യസംക്രമണം തുടരുന്നുണ്ട്. വിശാല ലോകവുമായുള്ളദീര്‍ഘകാല ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ മാത്രമല്ല, സമൂഹം, സംസ്‌കാരം, മതം, രാഷ്ട്രീയം, ലോകവീക്ഷണം തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം പ്രധാനപ്പെട്ട ഒരു സാര്‍വദേശീയ ഇടമാക്കി സമുദ്രബന്ധങ്ങള്‍ മലബാറിനെ പരിവര്‍ത്തിപ്പിച്ചിട്ടുണ്ട്. രണ്ടായിരം വര്‍ഷത്തിലധികം നീണ്ടുകിടക്കുന്ന മലബാര്‍-സമുദ്ര പാരസ്പര്യത്തില്‍ 1500 മുതല്‍ 1800 വരെയുള്ള വര്‍ഷങ്ങള്‍ അപ്രതീക്ഷിത
ചരിത്രപരിണാമങ്ങളുടെയും ഇടര്‍ച്ചകളുടെയും അവിച്ഛിന്നതകളുടെയും കാലമാണ്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ഏതാനും ഗവേഷകര്‍ മലബാറിന്റെ സമുദ്രചരിത്രവുമായി ബന്ധപ്പെട്ട അറിവുകള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. എന്നാലും അറിയപ്പെടാതെയോ പഠിക്കപ്പെടാതെയോ കിടക്കുന്ന നിരവധി പ്രാദേശികമായ തെളിവുകള്‍ ഉപയോഗപ്പെടുത്താതെയുള്ള ഈ പഠനങ്ങളെല്ലാം ഭാഗികമാണ്. യൂറോപ്പില്‍ നിന്നുള്ളതും മിക്കവാറും ഒരു ഭാഷയില്‍നിന്നുള്ളതുമായ പ്രാഥമിക തെളിവുകളേ പരിഗണിക്കപ്പെട്ടുള്ളൂ എന്നതിനാല്‍ ഇവയില്‍ മിക്കവയും ഏകപക്ഷീയവുമാണ്. ചില പഴയ പഠനങ്ങള്‍ തദ്ദേശീയമായ തെളിവുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും ദേശീയത എന്ന വൈകാരികതയാല്‍ പ്രചോദിതമായിരുന്നു അവ. സമീപകാലത്തു നടത്തിയ ഒരു അന്വേഷണത്തില്‍ ഔദ്യോഗികവും അനൗദ്യോഗികവുമായ ഗ്രന്ഥപ്പുരകളും കൈയെഴുത്തുശേഖരവും മലബാറിനകത്തും പുറത്തുമായി ഉപയോഗപ്പെടാതെ കിടക്കുന്നതായി മറ്റൊരിടത്ത് സൂചിപ്പിച്ചിട്ടുണ്ട്. തദ്ദേശീയമായ തെളിവുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സന്തുലിതമല്ലാത്ത രീതിയില്‍ യൂറോപ്യന്‍ രേഖകള്‍ ഉപയോഗിക്കപ്പെട്ടതായി കാണാം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

 

 

 

 

 

 

 

 

 

 

Comments are closed.