DCBOOKS
Malayalam News Literature Website

അംബേദ്കറിലൂടെ ഇന്ത്യാചരിത്രം

ശശി തരൂര്‍ / സൂരജ് യെങ്‌ഡേ

വിവാദങ്ങളൊക്കെയുണ്ടങ്കിലും അംബേദ്ക്കറെക്കുറിച്ച് എടുത്തു പറയാവുന്ന രണ്ടു കാര്യങ്ങള്‍ ഇന്ത്യക്കാരില്‍ പലരും മനസ്സിലാക്കിയിട്ടില്ല എന്നു വേണം കരുതാന്‍. വളരെ ആശ്ചര്യകരമായ ഒരു വസ്തുതയാണ് ഒന്നാമത്തേത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിമകളുള്ള ഇന്ത്യക്കാരനായ വ്യക്തി അംബേദ്കറാണ്. മഹാത്മാഗാന്ധിയുടേതാകും എറ്റവും കൂടുതല്‍ പ്രതിമകളുള്ളതെന്ന് വാദിക്കപ്പെട്ടേക്കാം. പക്ഷേ കൃത്യമായ നിരീക്ഷിച്ചാല്‍ ഇന്ത്യയിലെ ഏതു ഗ്രാമത്തിലും പീഠത്തില്‍ ഉയര്‍ത്തിവച്ച അംബേദ്ക്കറുടെ ഒരു പ്രതിമ കാണാതിരിക്കില്ല.

ഭരണഘടനാശില്പിയായ ഡോ. ഭീം റാവു അംബേദ്കറെപ്പോലെ ദലിത് വിഭാഗത്തില്‍ ജനിച്ചുവളര്‍ന്ന് ലോകപ്രശസ്തമായ വിദേശ സര്‍വകലാശാലകളില്‍ നിന്ന് ഉന്നതവിദ്യാഭ്യാസം നേടിയ യുവപണ്ഡിതനായ സൂരജ് യെങ്‌ഡേ, സ്‌ഫോടനാത്മകമായ ‘കാസ്റ്റ് മാറ്റേഴ്‌സ്’ എന്ന വിഖ്യാതഗ്രന്ഥത്തിന്റെ രചയിതാവാണ്. ഇന്ത്യയിലെ ജാതിവ്യവസ്ഥയെയും അതിലൂടെ ദലിത് സമൂഹത്തിന് അനുഭവിക്കേണ്ടിവരുന്ന നിന്ദകളെയും അപമാനങ്ങളെയും പീഡനങ്ങളെയും കുറിച്ച് ഉള്ളുലയ്ക്കുന്ന മട്ടിലെഴുതിയ യെങ്‌ഡേ, പ്രഭാഷകനും രാഷ്ട്രീയപ്രവര്‍ത്തകനും എഴുത്തുകാരനുമായ ശശി തരൂരുമായി ദലിത് ജീവിതാവസ്ഥകളെക്കുറിച്ചും തരൂര്‍ അടുത്തിടെ രചിച്ച ‘അംബേദ്ക്കര്‍’ എന്ന ജീവചരിത്രഗ്രന്ഥത്തെക്കുറിച്ചും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വച്ച് സംവദിക്കുകയുണ്ടായി. സംവാദത്തില്‍ നിന്ന്.

സൂരജ് യെങ്‌ഡേ: അംബേദ്കറിനെക്കുറിച്ചുള്ള പുതിയ ഒരു ജീവചരിത്രകൃതിയുമായിട്ടാണ് ഡോക്ടര്‍ ശശി തരൂര്‍ വന്നിരിക്കുന്നത്. എങ്ങനെയാണ് ഈയൊരു വിഷയത്തില്‍ താല്‍പര്യമുണ്ടായത്? അത്തരമൊരു താല്‍പര്യത്തെ ഗ്രന്ഥരചന എന്ന തലത്തിലേക്ക് എത്തിച്ചത് എങ്ങനെയാണ്?

ശശി തരൂര്‍: സമകാലിക ഇന്ത്യാചരിത്രത്തിലുള്ള താല്‍പര്യം കൊണ്ടുതന്നെയാണ് ഞാന്‍ ഈ പുസ്തകത്തിന്റെ രചനയിലേക്ക് വരുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യയെക്കുറിച്ച് വായിക്കുമ്പോള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യസമരം, ഭരണഘടനാ നിര്‍മ്മാണസഭയിലെ സംവാദങ്ങള്‍, 1947 കാലഘട്ടത്തില്‍ ഇന്ത്യയെന്ന പുതുരാഷ്ട്രത്തെ രൂപപ്പെടുത്തുന്നതിനുള്ള വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങളൊക്കെ നമ്മുടെ വിചാരമണ്ഡലത്തിലേക്ക് സ്വാഭാവികമായി കടന്നുവരും. ഈ കാലഘട്ടത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ പെട്ടെന്ന് നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന വേറിട്ട ഒരു വ്യക്തിത്വം അംബേദ്കറുടേതു തന്നെയാണ്. സാധാരണഗതിയില്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നു വരുന്ന പേര് ജവഹര്‍ലാല്‍ നെഹ്‌റുവിന്റേത് ആയിരിക്കാം. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് ഹ്രസ്വവും സരളവുമായ ഒരു ജീവചരിത്രം ഞാന്‍ മുന്‍പ് രചിച്ചിട്ടുണ്ട്, 2003 ല്‍. അതേ മാതൃകയില്‍ ഡോക്ടര്‍ അംബേദ്കറെക്കുറിച്ചും ഹ്രസ്വമായ ഒരു ജീവചരിത്രമെഴുതുന്നതിന്റെ സാധ്യതയെക്കുറിച്ച് ഞാനും എന്റെ പബ്ലിഷറും ആലോചിച്ചിരുന്നു. ഇപ്പോഴത്തെ ടിക്ടോക് തലമുറയിലുള്ള വായനക്കാര്‍ക്ക് വിശദാംശങ്ങളിലേക്ക് കടക്കുന്ന കനത്ത പുസ്തകങ്ങളോട് വലിയ താല്‍പര്യമില്ല എന്നു ഞാന്‍ മനസിലാക്കിയിട്ടുണ്ട്. മഹത്തും സംഭവബഹുലവുമായ ജീവിതം ജീവിച്ചനെഹ്‌റുവിനെയും അംബേദ്കറിനെയും പോലെയുള്ളവരെക്കുറിച്ച് കുറേവാല്യങ്ങളുള്ള പുസ്തകങ്ങളാണ് വാസ്തവത്തില്‍ ഉണ്ടാകേണ്ടത്. എങ്കിലും, പുതിയ തലമുറകൂടി സ്വീകരിക്കാനിടയുള്ള ഹ്രസ്വവും സംക്ഷിപ്തവുമായിട്ടുള്ള ഒരു ജീവചരിത്ര ഗ്രന്ഥമുണ്ടാക്കാമെന്ന ഒരു ആശയം രൂപപ്പെട്ടുവന്നു. മഹാനായ ഒരു വ്യക്തിയുടെ ജീവിതത്തിലെ അറിയപ്പെടുന്ന കാര്യങ്ങളെല്ലാം ചേര്‍ത്തുവച്ച് ആ വ്യക്തിയെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതോടൊപ്പം അദ്ദേഹത്തിന്റെ സമഗ്രസംഭാവനകളെ വിലയിരുത്താന്‍ കൂടി ഇത്തരം ജീവചരിത്രഗ്രന്ഥങ്ങളിലൂടെ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അടല്‍ ബിഹാരി വാജ്‌പേയി അധികാരത്തിലിരിക്കുന്ന കാലത്താണ് നെഹ്രുവിനെക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിക്കുന്നത്. നെഹ്രുവിയനിസം ആദ്യമായി ആക്രമിക്കപ്പെടുന്ന ഒരു കാലഘട്ടം കൂടിയാണത്. പിന്നീട് ഇക്കാലം വരെ നെഹ്രുവിയനിസം നേരിട്ട അക്രമണങ്ങളെ പ്രതിരോധിക്കാന്‍ എന്റെ പുസ്തകത്തിന് കഴിഞ്ഞുവെന്നത് അഭിമാനകരമാണ്.

പൂര്‍ണ്ണരൂപം 2023 ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്‌

 

Comments are closed.