ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെ സമഗ്രമായ ചരിത്രം
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണം സംഭവബഹുലമായ കഥയാണ്. ആരെയും വിസ്മയിപ്പിക്കുന്ന ബഹിരാകാശ നേട്ടങ്ങള്‍ ഇന്ത്യയുടെ അഭിമാനമാണ്. ചെലവു കുറഞ്ഞ മംഗള്‍യാനും ഒറ്റ വിക്ഷേപണത്തിലെ 104 ഉപഗ്രഹങ്ങളും മറ്റും ഐ.എസ്.ആര്‍.ഒ.യുടെ ചരിത്രത്തിലെ അവിസ്മരണീയമായ നേട്ടങ്ങളാണ്. ഇല്ലായ്മയുടെയും വല്ലായ്മയുടെയും പരാജയങ്ങളുടെയും നിഷേധങ്ങളുടെയും ഇടയില്‍ ദീര്‍ഘവീക്ഷണവും അതിശയകരമായ സാങ്കേതിക മികവും അശ്രാന്ത പരിശ്രമവും കൊണ്ട് കൈവരിച്ചതാണ് നമ്മുടെ ബഹിരാകാശ നേട്ടങ്ങളെല്ലാം.
ഐ.എസ്.ആര്‍.ഒ.യില്‍ 42 വര്‍ഷം ശാസ്ത്രജ്ഞനായി സേവനമനുഷ്ഠിച്ചട്ടുള്ള വി.പി ബാലഗംഗാധരന്‍, ബഹിരാകാശ ഗവേഷണരംഗത്തെ ഇന്ത്യന്‍ നേട്ടങ്ങളെ മലയാളികള്‍ക്കായി രേഖപ്പെടുത്തുന്ന പുതിയ പുസ്തകമാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രം. 27 അധ്യായത്തില്‍ ഇന്ത്യന്‍ ബഹിരാകാശ ചരിത്രവും അതിലെ പ്രധാന സംഭവങ്ങളും ഹ്രസ്വമായി പ്രതിപാദിക്കുന്ന ഈ പുസ്തകത്തില്‍ കാലത്തിനും സംഭവങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.
ദീര്‍ഘദര്‍ശനത്തോടെ പ്രവര്‍ത്തിച്ച വിക്രം സാരാഭായിയുടെ കാലഘട്ടത്തില്‍ തുടങ്ങി റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന് തുമ്പയില്‍ സ്ഥലം കണ്ടെത്തുന്നതിനെ കുറിച്ചും സൗണ്ടിങ് റോക്കറ്റുകളുടെയും വിക്ഷേപണ വാഹനങ്ങളുടെയും ചരിത്രവും ഉപഗ്രഹ വാര്‍ത്താവിനിമയങ്ങളുടെ സംവിധാനത്തെപ്പറ്റിയും ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തെക്കുറിച്ചും വിവിധ അധ്യായങ്ങളിലായി ഈ കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആകാശ ടെലിസ്‌കോപ്പ്, ചന്ദ്രയാന്‍, മംഗള്‍യാന്‍ തുടങ്ങിയ അഭിമാന പദ്ധതികളെക്കുറിച്ചും ഭാവി പദ്ധതികളായ മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നതിനെക്കുറിച്ചും ചന്ദ്രയാന്‍-2നെപ്പറ്റിയും ആദിത്യ-1 എന്ന എന്ന സൂര്യപര്യവേഷണ പദ്ധതിയെപ്പറ്റിയും വ്യാഴ- ശുക്രപര്യവേഷണ പദ്ധതികളെക്കുറിച്ചും ഇതില്‍ ചര്‍ച്ച ചെയ്യുന്നു.
Comments are closed.