ഒരു യുഗം അവസാനിക്കുന്നു
ഐ.എസ്.ആര്‍.ഒ.യില്‍ 42 വര്‍ഷം ശാസ്ത്രജ്ഞനായി സേവനമനുഷ്ഠിച്ചട്ടുള്ള വി.പി ബാലഗംഗാധരന്‍, ബഹിരാകാശ ഗവേഷണരംഗത്തെ ഇന്ത്യന്‍ നേട്ടങ്ങളെ മലയാളികള്‍ക്കായി രേഖപ്പെടുത്തുന്ന പുസ്തകമാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രം. ഇന്ത്യന്‍ ബഹിരാകാശഗവേഷണത്തിന്റെ പിതാവായ ഡോ. വിക്രം സാരാഭായിയുടെ മരണവും ഒരു വ്യാഴവട്ടക്കാലംകൊണ്ട് ബഹിരാകാശ ഗവേഷണരംഗത്ത് അദ്ദേഹം ചെയ്തുതീര്‍ത്ത കാര്യങ്ങളുടെ സംഗ്രഹവും ചര്‍ച്ച ചെയ്യുന്ന ഒരു ഭാഗം പുസ്തകത്തില്‍ നിന്നും
തിരുവിതാംകൂര്‍ റീജന്റായിരുന്ന സേതു ലക്ഷ്മീഭായിയുടെ വേനല്‍ക്കാല വസതിയായിട്ടാണ് 1932 ല്‍ രാമവര്‍മ്മത്തമ്പുരാന്‍ ഹാല്‍സിയോണ്‍ കാസില്‍ എന്ന കോവളം കൊട്ടാരം പണികഴിപ്പിച്ചത്. 1964 ല്‍ അവര്‍ അത് കേരളസര്‍ക്കാരിനു കൈമാറി. പിന്നീട് കോവളം കൊട്ടാരം കോവളത്തെ പ്രസിദ്ധമായ സര്‍ക്കാര്‍ ടൂറിസ്റ്റ് ഹോട്ടലിന്റെ ഭാഗമായി. പില്‍ക്കാലത്ത് ഏറെ അവകാശത്തര്‍ക്കങ്ങള്‍ക്ക് പാത്രമായ ഈ മനോഹര ഹര്‍മ്യത്തിലാണ് തിരുവനന്തപുരത്ത് വന്നാല്‍ വിക്രം സാരാഭായി താമസിച്ചിരുന്നത്.
1971 ഡിസംബര്‍ 28 ന് സാരാഭായി തിരുവനന്തപുരത്ത് വരുന്നത് തുമ്പയിലെ മറ്റൊരു സാധാരണ സന്ദര്‍ശനത്തിനായിരുന്നു. 30 ന് ഉച്ചയ്ക്ക് തിരിച്ചുപോകാനായിരുന്നു പരിപാടി. അതിനിടയില്‍ നിരവധി കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. പല കാര്യങ്ങളും തീരുമാനിച്ചു. തുമ്പയ്ക്കടുത്ത വേളി റെയില്‍വേസ്റ്റേഷന്‍ അല്പം വടക്കോട്ട് മാറ്റി സ്ഥാപിക്കുകയായിരുന്നു. പുതിയ സ്റ്റേഷനു തറക്കല്ലിടുന്ന യോഗത്തില്‍ സ്വാഗതം ആശംസിച്ചു. കേന്ദ്രമന്ത്രി ഹനുമന്തയ്യയായിരുന്നു മുഖ്യാതിഥി. 29 ന് വൈകുന്നേരം തുമ്പയില്‍നിന്നും പുതിയ റോക്കറ്റു വിക്ഷേപണം കണ്ടു. രാത്രി എട്ടുമണി കഴിഞ്ഞിട്ടാണ് ഹോട്ടലിലേക്കു മടങ്ങിയത്. പതിനൊന്നു മണിവരെ അവിടെയും സന്ദര്‍ശകരുണ്ടായിരുന്നു. തുമ്പയിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിന്റെ മേധാവി രാമകൃഷ്ണറാവുവും അഹമ്മദാബാദ് ഫിസിക്കല്‍ റിസര്‍ച്ച് ലാബിലെ എ.ആര്‍. തക്കുവുമായിരുന്നു അവസാനത്തെ സന്ദര്‍ശകര്‍. അവരെ യാത്രയാക്കിയശേഷമാണ് സാരാഭായി ഉറങ്ങാന്‍കിടന്നത്.
സാധാരണപോലെ രാവിലെ ആറുമണിക്ക് ചായയുമായി വെയിറ്റര്‍ കൃഷ്ണന്‍നായര്‍ മുട്ടിവിളിച്ചപ്പോള്‍ മുറി തുറന്നില്ല. ഉറങ്ങട്ടെ എന്നു കരുതി. എട്ടുമണിക്കും എഴുന്നേല്‍ക്കാതായപ്പോള്‍ മുറി തുറപ്പിച്ചു. സാരാഭായി ഉറക്കത്തില്‍ മരിച്ചുപോയിരുന്നു. ഹോട്ടലില്‍ താമസിച്ചിരുന്ന ഒരു ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന്റെ ഡയറക്ടര്‍ എച്ച്.ജി.എസ്. മൂര്‍ത്തിയും കേരളത്തിന്റെ ചീഫ് സെക്രട്ടറി കെ.പി.കെ. മേനോനും സ്ഥലത്തെത്തി. തുമ്പയിലെ ഡോക്ടര്‍ തോമസ് വര്‍ഗീസും പോലീസ് സര്‍ജന്‍ വി. കന്ദസ്വാമിയും മൃതദേഹം പരിശോധിച്ചു. പുലര്‍ച്ചെ രണ്ടുമണിക്കും അഞ്ചുമണിക്കും ഇടയിലായിരിക്കാം മരണം സംഭവിച്ചതെന്നും ഹൃദയസ്തംഭനമായിരിക്കാം മരണകാരണമെന്നുമായിരുന്നു അവരുടെ നിഗമനം. ഉന്നതങ്ങളില്‍നിന്നുള്ള നിര്‍ദ്ദേശപ്രകാരമത്രെ, പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കി. പതിനൊന്നു മണിയോടെ ആ മഹാന്റെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും മേയറും നിരവധി പൗരമുഖ്യന്മാരും തുമ്പയിലെ ജീവനക്കാരും ചേര്‍ന്ന് രാജോചിതമായ അന്ത്യോപചാരത്തോടെ മൃതദേഹം ഉച്ചയ്ക്ക് ബോംബെയിലേക്ക് കൊണ്ടുപോയി. ആഭ്യന്തരമന്ത്രി കെ. കരുണാകരന്‍ മൃതദേഹത്തെ അനുഗമിച്ചു.
ജെ.ആര്‍.ഡി. ടാറ്റയടക്കം നിരവധി പൗരമുഖ്യന്മാരും ഭരണത്തലവന്മാരും ബോംബെയില്‍ കാത്തുനില്പുണ്ടായിരുന്നു. ഉച്ചയ്ക്ക് രണ്ടരമണിക്ക് ബോംബെയിലെത്തിയ സാരാഭായിയുടെ ഭൗതികശരീരം ഒരുമണിക്കൂര്‍ നേരം വിമാനത്താവളത്തില്‍ പൊതുദര്‍ശനത്തിനുവെച്ചശേഷം അഹമ്മദാബാദിലേക്കു കൊണ്ടുപോയി. ബോംബെയിലുണ്ടായിരുന്ന, ഭാര്യ മൃണാളിനി സാരാഭായിയും മകള്‍ മല്ലികയും എച്ച്.എന്‍. സേത്‌നയും ജെ.ആര്‍.ഡി. ടാറ്റയും കേന്ദ്രസെക്രട്ടറി ഐ.ജി. പട്ടേലും മറ്റും മൃതദേഹത്തെ അനുഗമിച്ചു. ഗുജറാത്ത് ഗവര്‍ണ്ണറും ഒരു വലിയ പൗരാവലിയും അഹമ്മദാബാദിലും കാത്തുനില്പുണ്ടായിരുന്നു. വൈകുന്നേരം അഞ്ചുമണിയോടെ മൃതദേഹം സാരാഭായിയുടെ ജന്മഗൃഹമായ റിട്രീറ്റ് എന്ന ഭവനത്തിലേക്കു മാറ്റി. അടുത്ത ദിവസം (ഡിസംബര്‍ 31) രാവിലെ സബര്‍മതിനദിയുടെ തീരത്തൊരുക്കിയ ചിതയ്ക്ക് മകള്‍ മല്ലിക തിരികൊളുത്തി (മകന്‍ കാര്‍ത്തികേയ് അമേരിക്കയില്‍നിന്നും എത്തിയിട്ടുണ്ടായിരുന്നില്ല). ശാസ്ത്രഭാരതത്തിലെ ഒരു അദ്ധ്യായം അവസാനിപ്പിച്ചുകൊണ്ട് സാരാഭായിയുടെ ചിത എരിഞ്ഞടങ്ങി.
ജീവിച്ചിരുന്ന 52 വര്‍ഷംകൊണ്ട് സാരാഭായി ചെയ്തുതീര്‍ത്ത കാര്യങ്ങള്‍ ഓര്‍ത്താല്‍ അതിശയം തോന്നും. ബാലനായിരിക്കെത്തന്നെ ദേശീയപ്രസ്ഥാനത്തിലെ നായകന്മാരെ അടുത്തുകാണാനും അറിയാനും അവസരം ലഭിച്ചു. അഹമ്മദാബാദില്‍ ദേശീയ നേതാക്കളുടെ താവളമായിരുന്നു സാരാഭായിയുടെ ഭവനം. കേംബ്രിഡ്ജില്‍ പഠനത്തിന് ശുപാര്‍ശക്കത്ത് നല്‍കിയത് മഹാകവി രവീന്ദ്രനാഥടാഗോറാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഗവേഷണം പൂര്‍ത്തിയാകാതെ ഇന്ത്യയിലേക്കു തിരിച്ചുവന്നു. ബാംഗ്ലൂരില്‍ സര്‍ സി.വി. രാമന്റെ നേതൃത്വത്തില്‍ ഗവേഷണം തുടര്‍ന്നു. ഡോ. ഹോമി ഭാഭയെ അടുത്ത് പരിചയപ്പെട്ടത് ആ കാലത്താണ്. 23-ാം വയസ്സില്‍ നര്‍ത്തകിയായ മൃണാളിനി സ്വാമിനാഥനെ വിവാഹം കഴിച്ചു. യുദ്ധാനന്തരം കേംബ്രിഡ്ജില്‍ തിരിച്ചെത്തി ഗവേഷണബിരുദം നേടി ഇന്ത്യയിലേക്ക് തിരിച്ചുവന്നു. അഹമ്മദാബാദിലെ സ്വന്തം വീട്ടിലെ ഒരു ചെറുകെട്ടിടത്തില്‍ ചെറിയ ഗവേഷണശാലയുണ്ടാക്കി. 1947 ല്‍ ഉണ്ടാക്കിയ ഈ പരീക്ഷണശാലയാണ് ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി എന്ന മുന്‍നിര ഗവേഷണ സ്ഥാപനത്തിന്റെ തുടക്കം.
Comments are closed.