DCBOOKS
Malayalam News Literature Website

മലയാളി ചരിത്രകാരന് ഡച്ച് സര്‍ക്കാരിന്റെ രണ്ട് കോടി രൂപയുടെ ഫെല്ലോഷിപ്പ്

ദില്ലി: നെതര്‍ലാന്റ് ലെയ്ഡന്‍ സര്‍വ്വകലാശാലയിലെ മലയാളി ഗവേഷകനും എഴുത്തുകാരനുമായ ഡോ.മഹ്മൂദ് കൂരിയയ്ക്ക് ഡച്ച് സര്‍ക്കാരിന്റെ രണ്ടു കോടി രൂപയുടെ ഗവേഷണ ഫെല്ലോഷിപ്പ്. ഇന്ത്യ, ഇന്തോനേഷ്യ, ശ്രീലങ്ക, മലേഷ്യ, മൊസാംബിക്, കോമറോസ് എന്നീ രാജ്യങ്ങളിലെ മുസ്‌ലിം മരുമക്കത്തായ സമ്പ്രദായവും അതുവഴി സമുദായത്തിലെ സ്ത്രീകള്‍ കൈവരിക്കുന്ന ലിംഗസമത്വവും പഠിക്കുന്നതിനു വേണ്ടിയാണ് ഡച്ച് സര്‍ക്കാരിനു കീഴിലെ നാഷണല്‍ റിസര്‍ച്ച് കൗണ്‍സില്‍ ഫെല്ലോഷിപ്പ് സമ്മാനിച്ചിരിക്കുന്നത്. ഒന്നര വര്‍ഷം മുമ്പ് ഈ വിഷയത്തില്‍ പ്രാഥമിക പഠനത്തിനു യു.എസിലെ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് കൗണ്‍സിലില്‍നിന്നും 30 ലക്ഷം രൂപ ഗ്രാന്റ് ലഭിച്ചിരുന്നു.Netherlands Organisation For Scientific Research എല്ലാ വര്‍ഷവും നല്‍കുന്ന ഈ ഗ്രാന്റ് ഇതുവരെ 25 യുവഗവേഷകര്‍ക്കാണ് ലഭിച്ചിരിക്കുന്നത്.

മലപ്പുറം പനങ്ങാങ്ങര പരേതനായ കൂരിയാടത്തൊടി കുഞ്ഞിമൊയ്തീന്‍ മുസല്യാരുടെയും മാമ്പ്രത്തൊടി മൈമുനയുടെയും മകനായ മഹ്മൂദ് ഗവേഷണ ഗ്രന്ഥങ്ങളും രാജ്യാന്തര ജേര്‍ണലുകളില്‍ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓഷ്യന്‍ സ്റ്റഡീസ്, ഇസ്‌ലാമിക നിയമങ്ങളുടെ ചരിത്രം, ഇസ്‌ലാമിക ധൈഷണിക ചരിത്രം എന്നിവ കൂരിയയുടെ പ്രധാന ഗവേഷണമേഖലകളാണ്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിച്ച Malabar in the Indian Ocean World: Cosmopolitanism in a Maritime Historical Region എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് മഹ്മൂദ് കൂരിയ.

Comments are closed.