DCBOOKS
Malayalam News Literature Website

വാഗ അതിര്‍ത്തി വഴിയുള്ള വ്യാപാരബന്ധം അവസാനിപ്പിച്ചു, പാക്കിസ്ഥാനെതിരെ കര്‍ശന നിലപാടുമായി ഇന്ത്യ

ദില്ലി: ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് പാക്കിസ്ഥാനെതിരെ ശക്തമായ നടപടികളുമായി ഇന്ത്യ. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വാഗാ അതിര്‍ത്തി വഴിയുള്ള വ്യാപാരബന്ധം ഇന്ത്യ അവസാനിപ്പിച്ചു. കൂടാതെ പാക്കിസ്ഥാന് നല്‍കിയിരുന്ന സൗഹൃദരാഷ്ട്ര പദവി എടുത്ത് മാറ്റിയതായും കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചു. ഇന്ന് ചേര്‍ന്ന അടിയന്തര മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച രാവിലെ 9.15ഓടെയാണ് യോഗം ചേര്‍ന്നത്. കശ്മീരിലെ സുരക്ഷാസാഹചര്യമാണ് യോഗത്തില്‍ ചര്‍ച്ചയായത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ധനകാര്യവകുപ്പ് മന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും മറ്റു സുപ്രധാന സൈനിക തലവന്മാരും പങ്കെടുത്തു.

രാജ്യാന്തര തലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടത്തുമെന്ന് യോഗത്തിന് ശേഷം ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. പാക്കിസ്ഥാന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിക്കും. നയതന്ത്രസമ്മര്‍ദ്ദം കടുപ്പിക്കാനും കേന്ദ്രമന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

അതേസമയം ഭീകരാക്രമണത്തെ ലോകരാഷ്ട്രങ്ങള്‍ ശക്തമായി അപലപിച്ചു. ഭീകരര്‍ക്കുള്ള എല്ലാ പിന്തുണയും പാക്കിസ്ഥാന്‍ ഉടന്‍ നിര്‍ത്തലാക്കണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. ഭീകരതയെ നേരിടാന്‍ ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് യു.എസ് സ്ഥാനപതി കെന്നത്ത് ജസ്റ്റര്‍ അറിയിച്ചു. പൈശാചികമെന്നായിരുന്നു ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ പ്രതികരണം. ഫ്രാന്‍സ്, ബ്രിട്ടന്‍, നേപ്പാള്‍, റഷ്യ, ഭൂട്ടാന്‍, മാലദ്വീപ് എന്നീ രാജ്യങ്ങളും ഇന്ത്യയ്ക്കു പിന്തുണയുമായി രംഗത്തെത്തി.

Comments are closed.