ഇന്ത്യ സ്വതന്ത്രമാകുന്നു
ആമുഖത്തില്‍ നിന്നും
മൗലാന അബുള്‍ കലാം ആസാദ്
ബാബറിന്റെ കാലത്താണ് എന്റെ പൂര്‍വ്വികര്‍ ഹേറത്തില്‍നിന്ന് ഇന്ത്യയിലെത്തിയത്. ആഗ്രയിലാണ് ആദ്യം താമസിച്ചിരുന്നതെങ്കിലും പിന്നീടവര്‍ ഡല്‍ഹിയിലേക്കു പോവുകയുണ്ടായി. പാണ്ഡിത്യത്തിനു കേള്‍വികേട്ട കുടുംബമായിരുന്നു ഞങ്ങളുടേത്, തന്നെയുമല്ല അക്ബറിന്റെ ഭരണകാലത്ത് മൗലാന ജമാലുദ്ദീന്‍ പ്രശസ്തനായ മതപണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം കുടുംബത്തിലുള്ളവര്‍ മറ്റു പല തൊഴിലുകളിലേക്കു തിരിയുകയും പലരും സമൂഹത്തിലെ വിശിഷ്ടപദവികള്‍ അലങ്കരിക്കുകയും ചെയ്തു. ഷാജഹാന്റെ ഭരണകാലത്ത് മുഹമ്മദ് ഹാദി ആഗ്രയിലെ ഗവര്‍ണറായി നിയമിതനായി.
മുഗള്‍ സാമ്രാജ്യകാലത്തെ അവസാനറുഖ്‌ന്-ഉള്‍ മുദാസ്സിന്‍മാരില്‍ ഒരാളായിരുന്നു
എന്റെ മുത്തച്ഛന്‍ (അമ്മയുടെ അച്ഛന്‍) മൗലാന മുനാവറുദ്ദീന്‍. ഷാജഹാന്റെ ഭരണകാലത്ത്
ആരംഭിച്ച ഈ പദവി രാജ്യത്ത് വിദ്യാഭ്യാസ-വിജ്ഞാന കാര്യങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു
മേല്‍നോട്ടം വഹിക്കാന്‍ ചുമതലയുള്ളവര്‍ക്കുള്ളതായിരുന്നു. പണ്ഡിതര്‍ക്കും അദ്ധ്യാപകര്‍ക്കും സമ്മാനമായി നല്‍കുന്ന ഭൂമി, മറ്റ് ആനുകൂല്യങ്ങള്‍, പെന്‍ഷന്‍ എന്നിവ കണക്കാക്കുക എന്നതായിരുന്നു ഇവരുടെ ചുമതല. ഇന്നത്തെ കാലത്തെ വിദ്യാഭ്യാസ വകുപ്പ് മേധാവികളോട് ഇവരെ താരതമ്യം ചെയ്യാം. അക്കാലമായപ്പോഴേക്കും മുഗള്‍ സാമ്രാജ്യത്തിന്റെ ശക്തിക്ഷയിച്ചു തുടങ്ങിയിരുന്നെങ്കിലും ഇത്തരത്തിലുള്ള പ്രധാനപ്പെട്ട പദവികള്‍ നിലനിര്‍ത്തിയിരുന്നു.
മുത്തച്ഛന്‍ മരിക്കുന്ന സമയത്ത് എന്റെ അച്ഛന്‍ വളരെ ചെറിയ കുട്ടിയായിരുന്നു. അതുകൊണ്ടുതന്നെ പിന്നീട് അദ്ദേഹത്തെ വളര്‍ത്തിയത് അദ്ദേഹത്തിന്റെ അമ്മയുടെ
കുടുംബത്തിലെ മുത്തച്ഛനായിരുന്നു. കലാപം നടക്കുന്നതിന് രണ്ടു വര്‍ഷം മുമ്പ് മൗലാന മുനാവറുദ്ദീന് ഇന്ത്യയിലെ ഭരണകാര്യങ്ങളില്‍ വിരക്തി അനുഭവപ്പെടുകയുംമെക്കയിലേക്ക് കുടിയേറാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഭോപ്പാലില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ നവാബ് സിക്കന്ദര്‍ ജഹാന്‍ ബീഗം തടഞ്ഞു. അദ്ദേഹം ഭോപ്പാലില്‍ ആയിരുന്നപ്പോഴാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. അതിനുശേഷം രണ്ടു
വര്‍ഷത്തേക്ക് അദ്ദേഹത്തിന് അവിടെനിന്നും എങ്ങും പോകാനായില്ല. പിന്നീട് ബോംബെയില്‍
എത്തിച്ചേര്‍ന്നെങ്കിലും മരണം അദ്ദേഹത്തെ കീഴടക്കിയതിനാല്‍ മെക്കയിലേക്ക് പോകാന്‍
സാധിച്ചില്ല.
അപ്പോള്‍ ഇരുപത്തഞ്ച് വയസ്സായിരുന്നു എന്റെ അച്ഛനു പ്രായം. അദ്ദേഹം മെക്കയിലേക്കു
പോയി, ഷേയ്ഖ് മുഹമ്മദ് സാഹെര്‍ വത്രിയുടെ മകളെ വിവാഹം ചെയ്ത് അവിടെ സ്ഥിരതാമസമാക്കി. മെദീനയിലെ പണ്ഡിതശ്രേഷ്ഠനായ മുഹമ്മദ് സാഹെറിന്റെ പ്രശസ്തി അറേബ്യയ്ക്കു പുറത്തും അറിയപ്പെട്ടിരുന്നു. പത്തു വാല്യങ്ങളിലായി അറബിയിലുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥം ഈജിപ്റ്റില്‍ പ്രസിദ്ധീകൃതമായതോടെ ഇസ്‌ലാമിക് നാടുകളിലും അദ്ദേഹം പ്രശസ്തനായി. നിരവധി തവണ ബോംബെയിലേക്കും ഒരിക്കല്‍ കല്‍ക്കട്ടയിലേക്കും അദ്ദേഹം വന്നിട്ടുണ്ട്. രണ്ടിടങ്ങളിലും ആരാധകരും അനുയായികളും അദ്ദേഹത്തിനുണ്ടായി. ഇറാഖ്, തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലും അദ്ദേഹം വളരെയധികം സഞ്ചരിച്ചിട്ടുണ്ട്.
മെക്കയില്‍ സുബൈദ കനാലായിരുന്നു ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ജലശ്രോതസ്സ്. ഖലീഫ ഹാരുണ്‍ അല്‍-റാഷിദിന്റെ പത്‌നിയായ ബീഗം സുബൈദയാണ് ഇതു നിര്‍മ്മിച്ചത്. കാലങ്ങള്‍ കടന്നുപോയപ്പോള്‍ ഈ കനാല്‍ നശിക്കുകയും നഗരത്തില്‍ കടുത്ത ജലക്ഷാമം അനുഭവപ്പെടുകയും ചെയ്തു. ഹജ്ജ് സമയത്ത് വരള്‍ച്ച വളരെ രൂക്ഷമാവുകയും തീര്‍ത്ഥാടകര്‍ക്കു വളരെയധികം ബുദ്ധിമുട്ട് സഹിക്കേണ്ടി വരികയും ചെയ്തു. ഈ കനാല്‍ പുനര്‍നിര്‍മ്മിച്ചത് എന്റെ
അച്ഛനാണ്. ഇന്ത്യ, ഈജിപ്റ്റ്, സിറിയ, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നായി ഇരുപത് ലക്ഷം രൂപ അദ്ദേഹം സമാഹരിക്കുകയും ബെഡ്വിന് ഒരിക്കലും നശിപ്പിക്കാനാവാത്തവിധം അതു പുനര്‍നിര്‍മ്മിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്ക് തുര്‍ക്കി ചക്രവര്‍ത്തിയായ സുല്‍ത്താന്‍ അബ്ദുള്‍
മജീദ് അദ്ദേഹത്തിനു ഫസ്റ്റ് ക്ലാസ് മജീദി മെഡല്‍ സമ്മാനിച്ചു.
1888-ല്‍ മെക്കയിലാണ് ഞാന്‍ ജനിച്ചത്. 1890-ല്‍ എന്റെ പിതാവ് കുടുംബസമേതം
കല്‍ക്കട്ടയിലെത്തി. ഇതിനു കുറച്ചുനാള്‍ മുമ്പ് ജിദ്ദയില്‍വച്ച് അദ്ദേഹത്തിനൊരു വീഴ്ച
പറ്റുകയും അദ്ദേഹത്തിന്റെ കാലിലെ മുട്ടിനുതാഴെയുള്ള അസ്ഥി പൊട്ടുകയും ചെയ്തു.
പൊട്ടല്‍ ഭേദമായിരുന്നെങ്കിലും അതുപൂര്‍ണ്ണമായി സുഖപ്പെട്ടിരുന്നില്ല. കല്‍ക്കട്ടയിലെ
ശസ്ത്രക്രിയാ വിദഗ്ദ്ധര്‍ക്ക് അതു ശരിയാക്കാനാവുമെന്ന് അദ്ദേഹത്തിനു വിവരം ലഭിച്ചു.
വളരെ കുറച്ചുനാള്‍ മാത്രം കല്‍ക്കട്ടയില്‍ താമസിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്.
എന്നാല്‍ അദ്ദേഹത്തിന്റെ അനുയായികളും ആരാധകരും അദ്ദേഹത്തെ പോകാനനുവദിച്ചില്ല. കല്‍ക്കട്ടയിലെത്തി ഒരു വര്‍ഷത്തിനുശേഷം എന്റെ ഉമ്മ മരിക്കുകയും അവിടെത്തന്നെ ഖബറടക്കുകയും ചെയ്തു.
എന്റെ അച്ഛന്‍ പരമ്പരാഗത ജീവിതശൈലിയില്‍ വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിനു പാശ്ചാത്യവിദ്യാഭ്യാസത്തില്‍ വിശ്വാസമില്ലായിരുന്നു. എനിക്ക് ആധുനിക വിദ്യാഭ്യാസരീതി പകര്‍ന്നു നല്‍കുന്നതിനെപ്പറ്റി അദ്ദേഹം ഒരിക്കലും ചിന്തിച്ചിരുന്നില്ല. ആധുനിക വിദ്യാഭ്യാസം മതവിശ്വാസങ്ങളെ നശിപ്പിക്കുമെന്നു ചിന്തിച്ചിരുന്നതിനാല്‍ എനിക്ക് പരമ്പരാഗതരീതിയിലുള്ള വിദ്യാഭ്യാസം നല്‍കാനുള്ളകാര്യങ്ങള്‍ അദ്ദേഹം ഒരുക്കി.
Comments are closed.