DCBOOKS
Malayalam News Literature Website

ഇന്ത്യ സ്വതന്ത്രമാകുന്നു

മൗലാന അബുള്‍ കലാം ആസാദിന്റെ ‘ഇന്ത്യ സ്വതന്ത്രമാകുന്നു’  എന്ന പുസ്തകത്തിന്  മുജീബ് എ കെ എഴുതിയ വായനാനുഭവം(കടപ്പാട്-ഫേസ്ബുക്ക്)

മൗലാന അബുള്‍ കലാം ആസാദിന്റെ വിഖ്യാത രചന. ഏറെ കാലമായി വായിക്കണമെന്ന് ആഗ്രഹിച്ച പുസ്തകം.

ഇന്ത്യാ വിഭജനത്തെ ഏറ്റവും ശക്തമായി എതിര്‍ത്ത, ദ്വിരാഷ്ട്ര വാദത്തെ പൂര്‍ണ്ണമായും നിരാകരിച്ച ഏക നേതാവായിരുന്നു മൗലാന ആസാദ്. ഗാന്ധിജിയും നെഹ്റുവും പട്ടേലും പോലും വിഭജനമല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ല എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ചപ്പോഴും മൗലാന ആസാദ് ഒരിക്കല്‍ പോലും ദ്വിരാഷ്ട്ര പദ്ധതിയെ അംഗീകരിക്കാന്‍ തയ്യാറായില്ല.

മക്കയില്‍ ജനിച്ച് വിശുദ്ധ ഖുര്‍ആനിന് വ്യാഖ്യാനം രചിച്ച (തര്‍ജുമാനുല്‍ ഖുര്‍ആന്‍) ഇസ്ലാമിന്റെ നാല് Textകര്‍മ്മശാസ്ത്ര സരണികളിലും (ശാഫിഈ, ഹമ്പലീ, മാലികീ, ഹനഫീ) അഗാധ പാണ്ഡിത്യമുണ്ടായിരുന്ന മൗലാനയാണ് പാക്കിസ്ഥാന്‍ വാദത്തെ ഏറ്റവും നിശിതമായി എതിര്‍ത്തത് എന്നത് ഒരു വിശ്വാസിയുടെ സ്വരാജ്യ സ്‌നേഹത്തിന്റെ മകുടോദാഹരണമാണ്. ആസാദ് എന്നത് അദ്ദേഹത്തിന്റെ തൂലികനാമമാണ്. Sayyid Ghulam Muhiyuddin Ahmed എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നാമം.

മൗലാന ആസാദിന്റെ വീക്ഷണകോണില്‍ നിന്നുള്ള വിഭജനത്തിന്റെയും സ്വാതന്ത്ര്യ പ്രാപ്തിയുടെയും പ്രബുദ്ധമായ വിവരണമാണ് ഇന്ത്യ വിന്‍സ് ഫ്രീഡം. ഇന്ത്യ സ്വതന്ത്രമായപ്പോള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അനുഭവങ്ങളും സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ആശയങ്ങളും ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്.

സംഘടനാപരമായി ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിയ്ക്ക് നേതൃത്വം നല്കിയത് മൗലാനയാണ്. 1940 മുതല്‍ 1946 വരെ അദ്ദേഹമായിരുന്നു കോണ്‍ഗ്രസ് പ്രസിഡണ്ട്. ക്രിപ്‌സ് മിഷന്‍, സിംല ചര്‍ച്ചകള്‍, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം, വേവല്‍ പദ്ധതി, കാബിനറ്റ് മിഷന്‍ തുടങ്ങിയ സ്വാതന്ത്ര്യപ്രാപ്തിയിലേക്കുള്ള ഓരോ ചുവടുകളിലും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കിയത് മൗലാന ആസാദാണ് എന്നത് തന്നെയാണ് ഈ പുസ്തകത്തിന്റെ ആധികാരികതയെ അരക്കിട്ടുറപ്പിക്കുന്നത്.

ഈ പുസ്തകം ഒരു ആത്മകഥാപരമായ വിവരണത്തിന്റെ രൂപത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ വികാസപരിണാമങ്ങളെ ഉള്‍ക്കൊള്ളുന്നു. ഈ പുസ്തകം ആത്യന്തികമായി വിഭജനത്തിലേക്ക് നയിച്ച സംഭവങ്ങളെ വ്യക്തവും അഗാധവുമായ രീതിയില്‍ വിവരിക്കുന്നു. മതത്തേക്കാള്‍ രാഷ്ട്രീയമാണ് വിഭജനത്തിന് കാരണമായതെന്ന് പുസ്തകം പറയുന്നുണ്ട്. സ്വാതന്ത്ര്യം നേടിയപ്പോള്‍ അതിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടുവെന്നും അതില്‍ പറയുന്നു. പുസ്തകം രാഷ്ട്രീയ കാപട്യത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നു. കൂടാതെ നെഹ്റു, ഗാന്ധി, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ സമകാലികരെ സ്പര്‍ശിക്കുകയും അക്കാലത്തെ അവരുടെ മാനസികാവസ്ഥ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നുണ്ട്.

മഹാത്മജിയുടെ നിഷ്ഠൂരമായ കൊലപാതകത്തെ കുറിച്ച് ഏറെ ഖേദത്തോടെയാണ് ആസാദ് വിവരിക്കുന്നത്. രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും ചരിത്രാന്വേഷകര്‍ക്കും യാഥാര്‍ത്യത്തെ ചികഞ്ഞെടുക്കാന്‍ ഏറെ സഹായകമായ ആധികാരികമായ ആഖ്യായികയാണ് India Wins Freedom.

നിമ്മി സൂസന്റെ വിവര്‍ത്തനം ഉന്നത നിലവാരം പുലര്‍ത്തുന്നതാണ്.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.